Saturday, January 16, 2010

ആത്മ സമരങ്ങളായി പഠന ക്യാമ്പുകള്‍

പഠിക്കുക, വായിക്കുക, കണ്ടെത്തുക, ദൈവത്തെ എന്നതാണ് ഖുര്‍ആനിന്റെ പൊതുസ്വഭാവം. മനുഷ്യന്റെ ബുദ്ധിക്ക് വലിയ പ്രാധാന്യം നല്‍കാന്‍ തയ്യാറായതും അത് കൊണ്ടാണ്. സ്വന്തം ആത്മാവിനെ സംസ്കരിക്കാനും മലിനപ്പെടുത്താനും കഴിവുള്ളവനായി മനുഷ്യന്റെ ബുദ്ധി സ്വാതന്ത്യ്രത്തെ മാനിക്കുവാനും വേദഗ്രന്ഥം തയ്യാറായിട്ടുണ്ട്. ആത്മനിഷ്ഠകളും അനുഷ്ഠാനങ്ങളും അറിവുകളും ചേരുമ്പോഴാണ് മനുഷ്യന്‍ ഒരു വിദ്യാര്‍ത്ഥിയാവുന്നത്. അറിവിന്റെ അനന്തതയിലേക്കും അനുഷ്ഠാനങ്ങളുടെ കൃത്യതയിലേക്കും ചുവട്വെക്കാന്‍ അവന് സാധിക്കേണ്ടതുണ്ട്. നിരുപാധികമായ അറിവുകളാണ് ഒരു വിദ്യാര്‍ത്ഥിക്ക് കരുത്തുപകരുന്നത്. ആര്‍ഭാടപൂര്‍വ്വമായി അറിവുകള്‍ അണിയാന്‍ കഴിയുന്ന വ്യക്തികള്‍ക്ക് വിശ്വാസവും സമരവും ധ്യാനവും കരുത്തും കാമ്പുമുള്ളതായി മാറും. സമാഗ്രാധിപത്യത്തിന്റെ ബുദ്ധി ശൂന്യതകള്‍ക്കും പിടിവാശികള്‍ക്കും വഴങ്ങാതെ കീഴടങ്ങടാതെ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും സ്വാതന്ത്യ്രം ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടിയുള്ള ആത്മസമരങ്ങളാണ് പഠനങ്ങള്‍. ഒന്നിന്റെയും അരുമയോ അടിമയോ ശത്രുവോ ആകാനുള്ളതല്ല ആത്മനിഷ്ഠമായ അറിവുകള്‍. വിവരം ഉല്‍പ്പാദിപ്പിക്കുന്നത് ലാഭനഷ്ടങ്ങള്‍ സാധ്യതയുള്ള കമ്പോളത്തെയല്ല ത്യാഗത്തിനു തയ്യാറുള്ള ഒരു ലോകത്തെയാണ്. കാലുറപ്പിച്ച മണ്ണിനെയും കണ്ണയക്കുന്ന ലോകത്തെയും കുറിച്ച് ബോധ്യമില്ലെങ്കില്‍ മുന്നോട്ട് പോകും വഴികാലിടറിവീഴും. പ്രവാചകത്വത്തെയും കൂടുതല്‍ ഉറപ്പുള്ളതാകുന്നത് വിജ്ഞാനംതന്നെയാണ്. 'നാഥാ എനിക്ക് അറിവ് വര്‍ദ്ധിപ്പിച്ച് തരണമേ' എന്ന പ്രവാചക പ്രാര്‍ത്ഥന സൂചിപ്പിക്കുന്നത് അതാണ്. 'വിജ്ഞാനം വിശ്വാസിയുടെ നഷ്ടപ്പെട്ടുപോയ സമ്പാദ്യമാണ് അതെവിടെ കണ്ടാലും എടുത്ത് കൊള്‍ക' എന്ന വചനത്തിലൂടെ വിശ്വാസത്തിന്റെ കരുത്തിനും നിലനില്‍പ്പിനും വിവരം ആവശ്യമാണ് എന്നാണ് പ്രവാചകന്‍ വ്യക്തമാക്കുന്നത്. ഏതൊരു പ്രസ്ഥാനത്തിന്റെയും കരുതിവെപ്പുകള്‍ അതിന്റെ കരുത്തുള്ള പ്രവര്‍ത്തകരാണ്. ഏതൊരു സംഘടനയുടെയും ചരിത്രത്തില്‍ ആവേശങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കുമല്ല ഉള്‍കനമുള്ള എഴുത്തിനും പഠനത്തിനുമാണ് സ്ഥാനം ഉള്ളത്. ഉള്‍തെളിച്ചമുണ്ടാകുന്നതിനും കാഴ്ച പാടുകള്‍ രൂപീകരിക്കുന്നതിനും സംഘടനയുടെ പ്രതിനിധിയാകുന്നതിനും പഠനക്യാമ്പുകളും വൈജ്ഞാനിക പരിപാടികളും ആവശ്യമാണ്. ഉറച്ച വിവരങ്ങളില്ലെങ്കില്‍ തെറിച്ച് വീഴുന്നത് മാലിന്യകൂമ്പാരങ്ങളിലേക്കായിരിക്കും. അത് കൊണ്ടാണ് എസ്.ഐ.ഒ അതിന്റെ മുദ്രാവാക്യത്തില്‍ പഠനത്തിന് ഒന്നാം സ്ഥാനം നല്‍കിയിരിയിരിക്കുന്നത്. സേവനത്തിന് കൂടുതല്‍ ആര്‍ദ്രതയുണ്ടാവാനും സമരത്തിന് തീക്ഷണത വര്‍ദ്ധിക്കാനും അതുപകരിക്കുന്നതാണ്. സമര സേവന പ്രവര്‍ത്തനങ്ങളോടൊപ്പം പഠനസംസ്ക്കാരത്തിനും അതിന്റെ പ്രവര്‍ത്തന കാലയളവില്‍ വലിയൊരു സമയം മാറ്റിവെക്കുന്നുണ്ട്. കാഡര്‍ക്യാമ്പുകള്‍ അതിന്റെ ഭാഗമാണ്. മുഴുവന്‍ ജില്ലാ ഘടകങ്ങള്‍ക്ക് കീഴിലും ഈ മാസക്കാലയളവില്‍ കാഡര്‍ക്യാമ്പുകള്‍ സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ തര്‍ക്കിച്ചും തിരുത്തിയും ഉള്‍ക്കൊണ്ടും സംഘടനയെ ആഴത്തില്‍ മനസ്സിലാക്കി. വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ക്ക് വേണ്ടി നീണ്ട ദിവസങ്ങള്‍ തപസ്സിരുന്നു. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നയവികാസങ്ങള്‍, മുസ്ലിം വിരുദ്ധതയുടെ മാധ്യമചരിത്രം, ദലിത് മുസ്ലിം രാഷ്ട്രീയം, ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യം, ആദര്‍ശം, നേതൃത്വശേഷി വര്‍ദ്ധിപ്പിക്കാനാവിശ്യമായ ട്രൈയിനിംഗുകള്‍, പുസ്തകചര്‍ച്ചകള്‍, വ്യക്തി പരിചയങ്ങള്‍, കാമ്പസ് ആക്റ്റിവിസം, മൌദൂദി സാഹിത്യങ്ങളിലെ ഇസ്ലാം. ബഹുസ്വരതയും ഇസ്ലാം വിദ്യാര്‍ത്ഥി രാഷ്ട്രീയം, വിദ്യാഭ്യാസ വിഷയങ്ങള്‍, ഇസ്ലാമിക നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങളിലുള്ള ആഴത്തിലുള്ള അവതരണങ്ങളും ചര്‍ച്ചകളും കാഡര്‍ക്യാമ്പുകളെ ശ്രദ്ധേയമാക്കി. പ്രവര്‍ത്തന പഥങ്ങളിലേക്ക് ഉള്‍ക്കരുത്തോടെ പ്രവേശിക്കാന്‍ അവര്‍ക്ക് സാധിക്കുന്ന രീതിയിലായിരുന്നു ഏറെക്കുറെ വിഷയങ്ങള്‍ ക്രമീകരിച്ചിരുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ആഴത്തില്‍ പരിശോധിക്കാനും, ഇസ്ലാമിക് അക്കാദമിക് ആക്റ്റിവിസത്തിന്റെ രീതിശാസ്ത്രങ്ങള്‍ പരിചയപ്പെടാനും ഇതിലൂടെ ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. വിവിധ ക്യാമ്പുകളിലായി നിരവധി സെഷനുകളില്‍ ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി. ആരിഫലി, അസി: അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ.ടി അബ്ദുറഹീം, ഖാലിദ്മൂസാ നദ്വി, ടി.പി. മുഹമ്മദ് ശമീം, ടി.കെ.മുഹമ്മദലി, ബിശ്റുദ്ധീന്‍ ശര്‍ഖി, യൂസഫ് ഉമരി, പി.പി അബ്ദുറഹമാന്‍, പി.ഐ നൌഷാദ്, എം സാജിദ്, സണ്ണി.എം കപിക്കാട്,മഹമൂദ് ശിഹാബ്, പി.എം സാലിഹ്, കെ.എ ഷഫീഖ്, സമീര്‍ വടുതല, വി.എ അബൂബക്കര്‍, കെ.വി അബ്ദുല്ല, എസ്.ഇര്‍ഷാദ്, ശിഹാബ് പൂക്കോട്ടൂര്‍, സലീം പൂപ്പലം, സാദിഖ് മമ്പാട്, ഹബീബ് റഹമാന്‍.സി.പി, ടി.ശാക്കിര്‍, ഫര്‍മീസ്, കെ.എസ് നിസാര്‍, യു.ഷൈജു, മുഹമ്മദ് അസ്ലം, അബ്ദുള്‍ഖാദര്‍, ടി.എ ഫയാസ്, മുനീഷ് എ.സി തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment