Friday, January 15, 2010

ഇന്ത്യന്‍ മാര്‍ക്സിസത്തിന്റെ ജാതിപ്പൊരുളുകള്‍



സാഹിത്യത്തിലും ചരിത്രത്തിലും മാത്രമല്ല ബ്രാഹ്മണിസം കിടപ്പറയൊരുക്കിയത്. അധ:സ്ഥിതുരുടെ അധികാരവഴികളില്‍ വഴിയമ്പലങ്ങളവാനും സവര്‍ണര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിന്റെ പാര്‍ട്ടി കാഡറുകളില്‍ പ്രതേകിച്ച് സി.പി.ഐ(എം) ല്‍ സവര്‍ണ മേധാവിത്തം ഹൈജാക്ക് ചെയ്തതിന്റെ അകംപൊരുളുകളുടെ ഇരുളിലേക്കുള്ള ഒരു വെളിച്ചമാണ് കെ ബിശ്വാസിന്റെ ബ്രാഹ്മണ മാക്കിസം എന്ന കൃതി.
നരേന്ദ്രനാഥ് ഭട്ടാചാര്യ(എം.ന്‍.റോയ്) മുതല്‍ പ്രകാശ്കാരാട്ട് വരെയുള്ള പാര്‍ട്ടി സെക്രട്ടറിമാരും പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ മഹാഭൂരിഭാഗവും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ജാതി വിശകലന രീതിയെ സമര്‍ഥമായി തടഞ്ഞവരായിരുന്നു. പശ്ചിമബംഗാള്‍, ത്രിപുര, ആന്ധ്രപ്രദേശ് കേരളം എന്നിവിടങ്ങളിലെ സവര്‍ണയുക്തികളായിരുന്നു പാര്‍ട്ടിയുടെ മാനിഫെസ്റ്റോ.
തന്റെ കൌമാരപ്രായത്തില്‍ ഭീകരഗ്രൂപ്പായ (ഹിന്ദുബ്രാഹ്മണര്‍ക്കുമാത്രം പ്രവേശനമുള്ള) അനുശീലന്‍ സമിതിയില്‍ അംഗമായിരുന്നു എം.എന്‍ റോയ്. അദ്ദേഹം മാര്‍ക്സിസ്റായത് ആ പ്രത്യയശാസ്ത്രത്തോടുള്ള സ്നേഹംകൊണ്ടല്ല മറിച്ച് ബ്രാഹ്മണരുടെ ആത്മീയ ബന്ധനത്തിന്‍ നിന്നുള്ള അയിത്ത ജാതിക്കാരുടെയും ശൂദ്രന്‍മാരുടെയും വിമോചനത്തിന്റെ പാതകള്‍ തുറന്നുവിട്ട, അങ്ങനെ ഇന്ത്യിലെ ആദ്യത്തെ സാമൂഹികവിപ്ളവം സൃഷ്ടിക്കാന്‍ സഹാച് കൊണ്ടിരുന്ന ബ്രിട്ടീഷുകാരെ എത്രയും വേഗത്തില്‍ ഇന്ത്യവിടാന്‍ നിര്‍ബന്ധിക്കുന്നതിനുള്ള ഭീകര ദൌത്യം സാക്ഷാല്‍കരിക്കാനായിരുന്നു. ഏതൊരു ബ്രഹ്മണ്യത്തോടുള്ളത് പോലെ തുല്ല്യ അളവില്‍ യഥാസ്ഥികനും പരിവര്‍ത്തന വിമുഖനും ആയിരുന്നു അദ്ദേഹമെന്ന് ബിശ്വാസ് നിരീക്ഷിക്കുന്നു.
നഗരപ്രദേശങ്ങളിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് കൊണ്ടായിരുന്നു പാര്‍ട്ടിയുടെ മാര്‍ഗ്ഗരേഖകള്‍ വികസിച്ചിരുന്നത്. നഗരപ്രദേശങ്ങളിലെ മുഴുവന്‍ തൊഴിലാളികളും പ്രാഥമികമായി ബ്രാഹ്മണരും ജാതിഹിന്ദുക്കളും ചേര്‍ന്നതാണ്. ഗ്രാമപ്രദേശങ്ങളിലെ അസംഘിടിത മേഖലയിലെ ഉല്‍പ്പാദക വര്‍ഗങ്ങള്‍, കൃഷിപ്പണിക്കര്‍, കൈതൊഴിലുകാര്‍ എന്നിങ്ങനെ ഏറ്റവും താഴെ തട്ടിലുള്ള മഹാ ഭൂരിപക്ഷം വരുന്നവര്‍ അയിത്ത ജാതിക്കാരും ശൂദ്രന്‍മാരും മുസ്ലിംകളും ഗോത്രവര്‍ഗക്കാരും ചേര്‍ന്നതാണ്. മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ജാതിഹിന്ദുക്കളുടെ തൊഴിലും തൊഴില്‍ പ്രശ്നങ്ങളുമാണ് ചര്‍ച്ചക്കെടുത്തത്. ഭൂപരിഷ്കരണം എന്ന രാഷ്ട്രീയ വായാടിത്തം ഭീബത്സമായ രീതിയിലായിരുന്നു ദലിത്/ആദിവാസികളെ ഭൂരഹിതരാക്കിയത്. കര്‍ഷകതൊഴിലാളികള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നതിലൂടെ ഭൂമിയുടെ അധികാരത്തിന് സവര്‍ണ്ണ ഇല്ലങ്ങള്‍ തന്നെയാണ് അര്‍ഹര്‍ എന്ന ചെങ്കൊടി മുദ്രയായിരുന്നു ഭൂപരിഷ്കരണം. അടിസ്ഥാന ജാതി വിശകലനരീതികളില്‍ നിന്ന് മാറി ഇംഗ്ളണ്ടിലെ വിക്ടോറിയന്‍ വ്യവസായ യുഗത്തിലെ വര്‍ഗ്ഗവിശകലന രീതിക്ക് തന്നെയാണ് കമ്മ്യൂണിസം ഇന്ത്യയില്‍ അച്ചുനിരത്തിയത്. ദലിത്/പിന്നാക്ക വിഭാഗങ്ങളുടെ തീക്ഷ്ണമായ മുന്നേറ്റം മണത്തറിഞ്ഞ ഫ്യൂഡല്‍ ഗൃഹാതുരത്വങ്ങളുടെ തകര്‍ന്നടിയല്‍ പ്രതീക്ഷിച്ച മനുവാദി മാര്‍ക്സിസ്റുകളായിരുന്നു വര്‍ഗ്ഗവിശകലനരീതിയില്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയെ പിടിച്ചിരുത്തിയത്. കമ്മ്യൂണിസ്റ് നേതവായ സഖാവ് മുസഫര്‍ അഹമ്മദിന്റെ 'ഇന്ത്യന്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയും എന്റെ ജീവിതവും' എന്ന ഗ്രന്ഥത്തിലും ജാതിഹിന്ദുക്കളുടെ ആധിപത്യം എങ്ങനെ വിപ്ളവപാര്‍ട്ടിയെ വിഴുങ്ങിയതെന്ന് വിലയിരുത്തുന്നുണ്ട്. സഖാവ് ലെനിനില്‍ നിന്ന് ഫണ്ട് വാങ്ങി ധൂര്‍ത്തടിച്ച് തന്റെ 'അനുശീലന്‍' ബ്രാഹ്മണ പാര്‍ട്ടിയുടെ അധികാരത്തെ തൊഴിലാളിപാര്‍ട്ടിയുടെ ചെലവില്‍ ഇന്ത്യയില്‍ അരക്കെട്ടുറപ്പിക്കാന്‍ സാധിച്ചപ്പോള്‍ എം.എന്‍ റോയ് മാര്‍ക്സിസ്സത്തില്‍ നിന്ന് വിട്ടുനിന്നു.
നരേന്ദ്രനാഥ് ഭട്ടാചാര്യ എന്ന ബംഗാളി ബ്രഹ്മണനില്‍ നിന്ന് അധികം മുന്നോട്ട് പോകാന്‍ പാര്‍ട്ടക്ക് സാധിച്ചിട്ടില്ല. 1952ലെ കൊല്ലം ലോകസഭ മണ്ഡലം സംവരണ സീറ്റായിരുന്നു. മാര്‍കിസ്റ് പാര്‍ട്ടി (സിപിഐ) ആ സീറ്റ് ഒഴിച്ചിട്ടു. കൂടെയുള്ള ദലിതരും പിന്നാക്കക്കാരമൊന്നും പാര്‍ലമെന്റിലെത്താന്‍ യോഗ്യതയുള്ളവരായി നേതാക്കന്‍മാര്‍ കണ്ടിരുന്നില്ല. കമ്മ്യൂണിസ്റ് മാര്‍കിസിസ്റ് പാര്‍ട്ടിയിലെ ഓരോ നേതാക്കളുടെയും സാമൂഹിക പശ്ചാതലം വിശകലനം ചെയ്യിന്നതില്‍ അസാമന്യ മികവ് എസ്.കെ ബിശ്വാസ് കാണിച്ചിട്ടുണ്ട്. അധിനിവേശ ചരിത്രം മുതല്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സങ്കീര്‍ണ്ണമായ ഇഴയെടുപ്പുകളെപാടുകളെ ചേര്‍ത്തുനിര്‍ത്തി പരിശോധിക്കാന്‍ ഗ്രന്ഥകര്‍ത്താവ് വലിയ ത്യാഗം ചെയ്തിട്ടുണ്ട്.
ആദ്യത്തെ വിദേശ നുഴഞ്ഞുകയറ്റക്കാര്‍ ശൂദ്രരെന്നും അയിത്ത ജാതിക്കാരെന്നും വിളിച്ചിരുന്ന ഈ തരത്തില്‍പെട്ട കൂലി തൊഴിലാളികള്‍ തങ്ങളുടെ ഉല്‍പാദനോപാധികളില്‍ നിന്നും പിഴുതെറിയപ്പെട്ടിരുന്നു. അവര്‍ ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും താഴെ തട്ടുകാരും/കീഴാള ജനതയുമാണ്. അവര്‍ ഇന്ത്യന്‍ ജനസംഖ്യയില്‍ മഹാ ഭൂരിപക്ഷവുമാണ്. സാമൂഹിക വ്യവസ്ഥിതിയുടെ ഇരകളായ ചൂഷിത ജനസാമാന്യമായതിനാല്‍ സാമൂഹിക വ്യവസ്ഥിതിക്കെതിരെ കലാപം ചെയ്യാനുള്ള ശക്തമായ ത്വര ജന്മസിദ്ധമായി തന്നെ അവര്‍ക്കുണ്ട്. നേരെ മറിച്ച് ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും മേല്‍ത്തട്ട് അതിസൂക്ഷ്മ ന്യനപക്ഷം മാത്രമായ ബ്രാഹ്മണരാണ്. ഏഷ്യയില്‍ ഏറ്റവും അധികം കോടീശ്വരന്മാരും ലക്ഷപ്രഭുക്കളും ഇവിടെയാണുള്ളത്. ലോകബാങ്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ പത്താമത്തെ രാഷ്ട്രമാണ് ഇന്ത്യ. ദാരിദ്ര രേഖകക്ക് താഴെ കൂടുതല്‍ ആളുകളുള്ള ഒരു രാഷ്ട്രം കൂടിയാണിത്. ലോകത്തെ നിരക്ഷരായ ആളുകളില്‍ ബഹുഭൂരിപക്ഷവും ഇന്ത്യയിലാണ് താമസിക്കുന്നത്. ഇത്തരം ആളുകളില്‍ 95ശതമാനവും ശുദ്രന്മാരും അയിത്തജാതിക്കാരും ഗോത്രവര്‍ഗക്കാരും മുസ്ലിംകളുമാണ്. അസംഘടിത തൊഴിലാളികള്‍ 79%പേരും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ 88%പേരും മറ്റു പിന്നോക്ക (ഒ.ബി.സി) സമുദായങ്ങളില്‍ 80%പേരും മുസ്ളിംകളില്‍ 84% പേരും ദരിദ്രരും പീഡിതരുമാണ് 77% ഇന്ത്യന്‍ ജനതയും ഇത്തരത്തില്‍ ദരിദ്രരും യാതൊരു സാമൂഹിക സുരക്ഷതയുമില്ലാതെ അതിദാരുണവും അനാരോഗ്യകരവും ദയനീയവുമായ സാഹചര്യത്തില്‍ ജീവിക്കുന്നവരാണ്. അതേ സമയം 170ബില്യണ്‍ ടോളറിന്റെ മൊത്തം ആസക്തിയുള്ള 40 അതിസമ്പന്ന ബിസ്നസുകാരുമായി ഇന്ത്യ ഏഷ്യയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നു. 2004-ല്‍ ലക്ഷം കോടി ആസ്തിയുള്ള 9 പേരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. പതിനായിരം കോടി ആസ്തിയുള്ളവരുടെ ലോക ലിസ്റില്‍ യഥാക്രമം 5,14,18,21 സ്ഥനങ്ങള്‍ ഇന്ത്യക്കാര്‍ കരസ്ഥമാക്കിയിട്ടുണ്ട്. സമ്പന്ന വര്‍ഗ്ഗം മുഴുവന്‍ ജാതിപരമായി സവര്‍ണരായിരുന്നു. ഇവിടെ മാര്‍ക്സിസത്തിന്റെ ലക്ഷ്യമാവേണ്ടിരുന്നത് ചൂഷകരായ ഭരണവര്‍ഗ്ഗത്തെ (ബ്രഹ്മണരെ) അധികാരസ്ഥാനത്തില്‍ നിന്നും താഴെയിറക്കി ശൂദ്രരരെയും അയിത്ത ജാതിക്കാരെയും പിന്നാക്ക് ന്യൂനപക്ഷങ്ങളെയും അധികാത്തിലെത്തിക്കലായിരുന്നു.
മാര്‍കിസ്റ് ആധിപത്യമുള്ള പ്രദേശങ്ങളില്‍ പോലും തങ്ങളെ രാഷ്ട്രീയമായി കൂടുതല്‍ സഹായിക്കുകയും ചെയ്ത ദലിത്/പിന്നോക്ക/മുസ്ലിം വിഭാഗങ്ങളുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളെ തികഞ്ഞയളവില്‍ അവഗണിക്കാനാണ് പാര്‍ട്ടി ശ്രമിച്ചത്. റോഡ്/വൈദ്യുതി സൌകര്യങ്ങളുടെ കാര്യം പാര്‍ട്ടി ഗ്രാമങ്ങളും ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള ഗ്രാമങ്ങളും (കേരളത്തില്‍) പരിശോധിച്ചാല്‍ മൂന്നാക്ക പൌരോഹിത്ത്യത്തിന്റെ ജാതിപൂജകള്‍ തന്നെയാണ് കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ ആധിപത്യം നേടിയതെന്ന് മനസ്സിലാകും. സിങ്കൂര്‍/നന്ദിഗ്രാം കര്‍ഷകരെകുടിയൊയിപ്പിക്കല്‍ രാഷ്ട്രീയ പ്രശ്നം മാത്രമായി വിലയിരുത്തുന്നത് അപകടമായിരിക്കും. ചെങ്ങറ, സിംഗൂര്‍, നന്ദിഗ്രാം, മൂലമ്പള്ളി തുടങ്ങിയ പ്രദേശങ്ങളോട് മാര്‍കിസ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാട് പാര്‍ട്ടിയുടെ ആരംഭം മുതല്‍ തുടങ്ങിയതാണ്. സവര്‍ണ യുക്തികളുടെ വികസന സംരംഭത്തിന് പിഴുതെറിയേണ്ട പാഴ്ച്ചെടികള്‍ ദലിത്/പിന്നോക്ക/മുസ്ലിം കീഴാള പക്ഷമാണെന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ടഭിപ്രായമുണ്ടായിരുന്നില്ല. മാര്‍ക്കിസ്റ് പാര്‍ട്ടിയിലെ നേതൃപദവിവഹിക്കാനുള്ള യോഗ്യത ആധുനിക ജനാധിപത്യ പൌരനാവുകയെന്നതാണ്. ഇന്ത്യല്‍ സവര്‍ണ മധ്യവര്‍ഗ്ഗ ഹിന്ദു പക്ഷമാണ് ആധുനിക ജനാധിപത്യവാദി. ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതികളോട് മാര്‍കിസ്റ് പാര്‍ട്ടി ഇടനിന്നതിന്റെ സാമൂഹിക പശ്ചാത്തലം പുനര്‍വായനക്ക് വിധേയമാക്കേണ്ടതുണ്ട്. ഇന്ത്യന്‍ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലം മുഴുവന്‍ പരിശുദ്ധമാണെന്നല്ല മറിച്ച് അധസ്ഥിതരുടെ കൂട്ടായ്മകളെങ്ങനെയാണ് ചരിത്രപരമായ അട്ടിമറിക്ക് വിധേയമായെതെന്ന നിരീക്ഷണമാണിത്.
മതേതരം എന്ന വ്യവഹാരത്തിന്റെ മറപറ്റിയാണ് ജാതീയ വേര്‍തിരുവുകള്‍ പൊതുബോധത്തെ കടന്നാക്രമിക്കാറുള്ളത്. മതനിരപേക്ഷമെന്ന പാര്‍ട്ടിയുടെ പ്രാഖ്യാപിത നിലപാട് പ്രിതിനിധാനങ്ങളില്‍ പ്രബല സമൂഹത്തിന്റെ സാംസ്കാരിക വിനിമയങ്ങളോട് കൂട്ടുകൂടുന്നു. അപരവത്കരണമെന്ന ഇന്ത്യന്‍ ദേശീയതയുടെ സാംസ്കാരിക ചുറ്റുവട്ടങ്ങളില്‍ തന്നെയാണ് കമ്മ്യൂണിസ്റ് പാര്‍ട്ടിയും കുടില്‍ക്കെട്ടി താമസിക്കുന്നത്.
ആന്ധ്ര, ബീഹാര്‍, യൂപി. ബംഗാള്‍, മഹാരാഷ്ട്ര മുതലായ സ്ഥലങ്ങളില്‍ ഹൈന്ദവീകരിക്കപ്പെട്ട മാര്‍കിസം ഉപയോഗിച്ച് ദിലിത് ബഹുജന്‍ വിഭാഗത്തിന്റെ ഇസ്ലാം/ബുദ്ധ മതപരിവര്‍ത്തന ശ്രമങ്ങളില്‍ നിന്ന് അവരുടെ ശ്രദ്ധ ഒരു ഉട്ടോപ്യന്‍ ലോകത്തേക്ക് തിരിച്ചിവിട്ടു. ഹിന്ദുമതത്തെ, അതാതായത് ജാതീയതയെ രക്ഷിക്കാനായി ശ്രീ ചൈതന്യ 16ാം നൂറ്റാണ്ടിലും, രാജാറാം മോഹന്‍ റോയ് 19ാം നൂറ്റാണ്ടിലും നിര്‍വഹിച്ച അത്ര പങ്കുതന്നെയാണ് യഥാര്‍ത്ഥത്തില്‍ മാര്‍കിസം നിര്‍വഹിച്ചത്. വര്‍ഗ്ഗസമരം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസങ്ങളും അസമത്വവും ഇല്ലാതാക്കുമെന്ന വങ്കത്തം പ്രചരിപ്പിച്ച് കൊണ്ട്, അറിവില്ലാത്തവരും നരക്ഷരരും നിരാലമ്പരുമായ ജനതയെ സ്വതന്ത്യ്രത്തിന്റെ യഥാര്‍ത്ഥ പാദയില്‍ നിന്ന് വ്യതിചലിപ്പിക്കുന്നതില്‍ പാര്‍ട്ടി വിജയിച്ചു. സമൂഹത്തില്‍ വര്‍ഗ്ഗങ്ങളില്ലാതിരിക്കെ വര്‍ഗ്ഗസമരം ആരംഭിക്കുന്നതിന്റെ പ്രശ്നം തന്നെ അര്‍ഥശൂന്യമാണെന്നു തിരിച്ചറിയാന്‍ ജനങ്ങളെ ഒരിക്കലും അവര്‍ അനുവദിച്ചില്ല. ജാതിയിലല്ല വര്‍ഗത്തിലാണവര്‍ വിശ്വാസമര്‍പ്പിച്ചത്. ദാരിദ്യ്രം, കഷ്ടപാട്, ചൂഷണം എന്നിവക്കെതിരെ പോരാട്ടത്തില്‍ ജാതി ഒരു പ്രധാനപ്പെട്ട ഘടകമേയെല്ലന്നാണ് കീഴ്ജാതി ജനവിഭാഗങ്ങളെ ബ്രഹ്മണ കമ്മ്യൂണിസ്റുകള്‍ പഠിപ്പിച്ചത്. ഹിന്ദുമതത്തിനും ജാതികള്‍ക്കും പറ്റിയ സര്‍വ്വരോഗസംഹാരിയാണ് ഇസ്ലാം എന്ന ദലിത് നേതാവ് ഇ.വി.ആര്‍ പെരിയോറിന്റെ പ്രസ്താവനയെ ജാതിയെ അവഗണിക്കണം, മതപരിവര്‍ത്തനം ഒരു പരിഹാരമല്ല എന്ന പ്രചാരണത്തിലൂടെയാണ് മനുവാദി കമ്മ്യൂണിസ്റുകള്‍ നേരിട്ടത്. സവര്‍ണ്ണ ജനാധിപത്യത്തിന്റെ ശാശ്വതീകരണമാണ് യൂറോപ്യന്‍ ഘടനയില്‍ ഈ പ്രസ്ഥാനം ഇവിടെ നിര്‍വഹിച്ചത്. ത്രിപുര ഒരു മുസ്ലിം ഗോത്രവര്‍ഗ്ഗ ഭൂരിപക്ഷ സംസ്ഥാനാമായിരുന്നു. അവിടത്തെ മുസ്ലിം ഗോത്രവര്‍ഗ്ഗ ശ്രുദ്രരുടെ പ്രാധിനിധ്യം പോലും പാര്‍ട്ടിയനുവദിച്ചില്ല. ബ്രഹ്മണ ജാതിയില്‍പ്പെട്ടവര്‍ക്കാണ് ഗോത്ര വര്‍ഗ്ഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടി ഭരണചുമതല നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ നിരവധി പാര്‍ട്ടികള്‍ നിര്‍വഹിച്ചത് കുറച്ചു കൂടി ഘടനപരമായി നിര്‍വഹിച്ചുവെന്നതിലപ്പുറം ഒരു കീഴാള വിപ്ളവത്തിന് കമ്മ്യൂണിസ്റ് പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല.

No comments:

Post a Comment