Saturday, January 16, 2010

മരമുട്ടികളും സൈക്കിള്‍ ചെയ്നുകളും വാഴുന്ന കാലം!




വ്യാജ വാദങ്ങളും വ്യാജ പരിവേഷങ്ങളും ഫാഷിസ്റ് പ്രചരണത്തിന്റെ പൊതുസവിശേഷതകളാണ്. ചില പ്രത്യേക വിഭാഗങ്ങളെ ചൂണ്ടിക്കാട്ടി വിഭ്രാന്തി ജനിപ്പിക്കല്‍ ഇതിന്റെ ഭാഗമാണ്. ജനാധിപത്യത്തിന്റെ കിടപ്പറയില്‍ തന്നെയാണ് ഫാഷിസം മണിയറ ഒരുക്കുന്നത്. ജനാധിപത്യത്തിന്റെ സവിശേഷമായ വൈവിധ്യങ്ങളെ ഉപയോഗപ്പെടുത്തി വളര്‍ന്ന് പന്തലിച്ച് മസില്‍പവറും കുറുവടിയും സൈക്കിള്‍ ചെയ്നും ഉപയോഗിച്ച് അവനിലനിര്‍ത്താനുമാണ് എല്ലാ സമഗ്രാധിപത്യ രാഷ്ട്രീയ സംഘടനകളും ശ്രമിച്ചിട്ടുള്ളത്. മുസ്സോളനിയും ഹിറ്റ്ലറും മോഡിയും ജനാധിപത്യത്തിന്റെ പുറത്ത് കുടില്‍കെട്ടി കാത്തിരുന്നവരായിരുന്നില്ല.
'ഞങ്ങള്‍ ആരെയും തടയുന്നില്ല' എന്ന് ഒറ്റവാക്യത്തില്‍ പ്രയോഗിച്ച് സായൂജ്യമടയുന്നവര്‍ സമഗ്രാധിപത്യ പ്രവണതകളുടെ പ്രായോഗിക വല്‍കരണമാണ് ഞങ്ങള്‍ ഉദ്ദേശ്യച്ചതെന്ന് ഉറക്കെ പറയേണ്ടിവരും. ജനാധിപത്യ രീതിയില്‍ സംവദിക്കാനുള്ള, സര്‍ഗത്മക ഇടപെടലിനുള്ള അവസരങ്ങള്‍ മുഴുവന്‍ ആളുകള്‍ക്കും തടയുന്നില്ല എന്നാണ് ഉദ്ദേശ്യക്കുന്നതെങ്കില്‍ ഗൌരവമായി അതിനോട് വിയോജിക്കേണ്ടിവരും. വെല്ലുവിളി വെടിക്കെട്ട് നടത്തുന്നതിന് മുമ്പ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കാമ്പസുകളില്‍ 'ഏറ്റവും വലിയ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ' മുഷ്ക്കും ഹുങ്കും കണ്ടറിയണമായിരുന്നു. അല്ലെങ്കില്‍ വ്യാജ ബോധ്യങ്ങള്‍ പ്രത്യയ ശാസ്ത്രങ്ങളായി മാറും. പ്രതിലോമപരമായ വിദ്യാര്‍ഥി ഇടപെടലിന്റെ രാഷ്ട്രീയ ജിംഗാലാലകള്‍ കേരളത്തിലെ കാമ്പസുകളില്‍ പരിചയപ്പെടുത്തിയത് സ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് (സെക്കുലര്‍ ഫാഷിസം ഓഫ് ഇന്ത്യ). ജനാധിപത്യം, സോഷ്യലിസം തുടങ്ങി പ്രത്യക്ഷത്തില്‍ പുരോഗമനപരമായ മുദ്രാവാക്യങ്ങളുടെ മുഖമൂടിയണിഞ്ഞാണ് ഇവര്‍ സ്വാതന്ത്യ്ര സേവനം നടത്തുന്നത്. സോഷ്യലിസം തന്നെയാണ് സിംഗൂരും, നന്ദിഗ്രാമും, ചെങ്ങറയും സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.
വലതുപക്ഷം, പിന്തിരിപ്പന്‍, വര്‍ഗീയം എന്നിങ്ങനെ തരം തിരിച്ച് അന്യവല്‍കരണം നടത്തി തങ്ങളുടെ 'കോളര്‍പിടിക്കല്‍' യജ്ഞത്തിന് മാറ്റ് കൂട്ടുന്നവര്‍ ചെരിഞ്ഞ് കിടന്ന് വിശ്രമിക്കുന്നത് സര്‍ഗാത്മകതയുടെ അന്തരീക്ഷം വിളഞ്ഞ് നിന്ന പ്രക്ഷുബ്ദ്ധ യൌവ്വനത്തിന്റ മടിത്തട്ടിലല്ല, മതേതര ഭീകരതയുടെ മാറിലാണ്. മതത്തിന് ഇടപെടാന്‍ അവകാശമില്ലെന്ന് പറയുന്നവര്‍ മതത്തിന് ചരിത്രഘട്ടങ്ങളില്‍ സംഭവിച്ച വികാസങ്ങള്‍ക്കുനേരെ കണ്ണടക്കുകയാണ്. മത്തിന്റെ ഭാഗത്ത് നിന്നുതന്നെ ഇടപെടാനുള്ള അവസരം ജനാധിപത്യ സമൂഹത്തിന് സ്ഥാപിക്കപ്പെട്ടതാണ്. അതിനെ എതിര്‍ക്കുന്നവര്‍ ജനാധിപത്യപരമായ സംവാദങ്ങളെ ഭയക്കുന്നവരാണണ്. ഇടതുപാര്‍ട്ടികളുടെയോ മതേതരത്വത്തിന്റെയോ ഔദാര്യമാണ് ജനാധിപത്യ അവകാശങ്ങളുടെ ശരിയായ വശം. എന്ന ധാര്‍ഷ്ഠ്യമാണ് ഇടതുപാര്‍ട്ടികളുടെ ആകെതുക. പാര്‍ട്ടിയുടെ തന്നെ ദൌര്‍ബല്യമാണ് ഈ അനാവശ്യമായ കൈക്കരുത്ത് അവരെ പ്രേരിപ്പിക്കുന്നത്. മതേതരത്വമെന്ന പ്രശ്നവല്‍കൃത സംജ്ഞയില്‍ കുടില്‍കെട്ടി മോചന മുദ്രാവാക്യം മുഴക്കുന്നത് മിതമായി പറഞ്ഞാല്‍ നെറികേടാണ്. മതമെന്നാല്‍ വര്‍ഗ്ഗീയം മതേതരമെന്നാല്‍ വിശുദ്ധവും എന്ന മുന്‍വിധികളുടെ പ്രഖ്യാപനങ്ങള്‍ എസ്.എഫ്.ഐയുടെ ഭീകരതയെ ലാഘവത്തോടെ കഴുകിക്കളയാനാണ്. മതേതരഭീകരത, മതേതരഫാഷിസം, മതേതരസയണിസം തുടങ്ങിയ പ്രയോഗങ്ങളോട് അസാമാന്യമായ ചേര്‍ച്ചയാണ് ഈ വിദ്യാര്‍ഥി സംഘടന പ്രകടിപ്പിച്ചിട്ടുള്ളത്. 'ഗ്വോണ്ടനമോ അടച്ചു പൂട്ടുക' എന്ന പ്രമേയവുമായി അന്തര്‍ദേശീയ മനുഷ്യാവകാശ പോരാട്ടങ്ങളോട് എസ്.ഐ.ഒ ഐക്യദാര്‍ഢ്യം നടത്തിയപ്പെള്‍ അതിനെതിരെ മസില്‍പവറും, പട്ടികയും, കുറുവടിയും ഉപയോഗിച്ച് കേരളത്തിലെ കലാലയങ്ങളെ ഗ്വോണ്ടനാമോകളാക്കിയത് ആരായിരുന്നു. നിരന്തരമായി തങ്ങളുടെ ആധിപത്യത്തിനുകീഴിലുള്ള ഓരോകലാലയങ്ങളെയും അബുഗുറൈബും, ഗ്വോണ്ടനാമോകളും,തോറാബോറകളുമാക്കി മാറ്റി തീര്‍ക്കാനാണ് ജനാധിപത്യ, മതേതരത്വ, സോഷ്യലിസ പിന്‍ബലമുള്ളര്‍ ശ്രമിച്ചത്. ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ഥികളുടെ ഹിരോഷിമ നാഗസാക്കിി ഐക്യദാര്‍ഡ്യ പരിപാടികളോട് വരെ എസ്.എഫ്.ഐ, സി.ഐ.ടി.യു ഗുണ്ടകള്‍ പെരുമാറിയത് ഭീഭത്സകമായ അസഹിഷ്ണുതയോടെയായിരുന്നു. ഹിരോഷിമയും നാഗസാക്കിയും സൃഷ്ടിച്ചവരോട് കൂടെ നില്‍ക്കാനായിരുന്നു അവരോട് അനുഭാവം പ്രകടിപ്പിക്കുന്നതിനേക്കാള്‍ എസ്.എഫ്.ഐക്ക് താല്‍പര്യം. ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ ബാനറുകള്‍ കീറിയെറിഞ്ഞ് പോസ്ററുകള്‍ വലിച്ച് ചീന്തി ഞങ്ങള്‍ മുഴുവന്‍ കാമ്പസുകളിലും ജനാധിപത്യമനുവദിക്കുന്നവരാണ്. സംവാദാത്മകത അന്തരീക്ഷത്തിന്റെ വക്താക്കളാണ് എന്നാണയിടുമ്പോള്‍ 'സഖാവേ അപ്പോള്‍ ജനാധിപത്യമെന്നാലെന്താണ്'? സയണിസത്തിന്റെ ടാങ്കുകള്‍ ഫലസ്ഥീനെ ലക്ഷ്യം വെച്ച് നിങ്ങിയ സന്ദര്‍ഭത്തില്‍ ലോകം മുഴുവന്‍ കത്തി നില്‍ക്കുന്ന ഫ്രീ ഗാസ പ്രതിഷേധ പ്രകടനങ്ങള്‍, തീക്ഷ്ണമായ സമരങ്ങള്‍ എന്നിവയോടനുബന്ധിച്ച് എസ്.ഐ.ഒ ഫ്രീ ഗാസാ വാരമാചരിച്ചപ്പോള്‍ എറണാകുളം കുസാറ്റിലെ (ഈമെ)വിദ്യാര്‍ഥികളുടെ ഗാസ ഐക്യദാര്‍ഢ്യ പ്രകടനം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. കോളര്‍പിടിച്ചും കണ്ണുരുട്ടിയും മസില്‍ വീര്‍പ്പിച്ചും തങ്ങള്‍ ഇസ്രേയലിന്റെ കൂടെയാണ് എന്നവര്‍ തെളിയിച്ചു. ജനാധിപത്യം ചവിട്ടിയരക്കുമ്പോള്‍ നടക്കുന്ന കൂട്ട നിലവിളികളെ അപശബ്ദങ്ങളായി കണക്കാകുന്നവര്‍ ഫാഷിസത്തിന്റെ പുസ്തകത്തിലാണ് വരവ് വെക്കുന്നത്. എസ്.ഐ.ഒ എസ്.എഫ്.ഐ സംഘര്‍ഷത്തിന്റെ പൊതുതലം ജനാധിപത്യ സംരക്ഷണവുമായി ബന്ധപ്പെ സമരങ്ങളാണ്. ഗ്വോണ്ടനാമോ അടച്ചുപൂട്ടുക, ഫ്രീ ഗാസ, ഹിരോഷിമ, നാഗസാക്കി, ഫ്രീ ബിനായക് സെന്‍ പ്രതിഷേധ പരിപാടികള്‍ തുടങ്ങിയ മനുഷ്യവകാശ പ്രശ്നങ്ങളിലും ജനാധിപത്യ സ്വാതന്ത്യ്ര സംഘര്‍ഷങ്ങളിലും എസ്.ഐ.ഒ വ്യക്തമായ നിലപാടെടുത്തപ്പോള്‍ മറുചേരിയില്‍ അണിനിരന്നത് എസ്.എഫ്.ഐ ആയിരുന്നു. എസ്.ഐ.ഒവിന്റെ പ്രവര്‍ത്തകരെ ശാരീരികമായി നേരിട്ടവര്‍ ദലിത് സ്റുഡന്റിസ്നോട് മറിച്ചൊരു സമീപനം കൈക്കൊള്ളുമെന്ന് കരുതാന്‍ ന്യായമില്ല.
വിദ്യാര്‍ഥി പ്രശ്നങ്ങള്‍ 'സ്വന്തം അജണ്ട'കളായി ഏറ്റെടുത്ത് കൊണ്ടും, വിദ്യാഭ്യാസ മേഖലയിലെ നെറികേടുകള്‍ക്കെതിരെ അറസ്റ് വരിച്ചും മര്‍ദ്ദനമേറ്റും ചോരപ്പുഴകളൊഴുക്കിയുമാണ് എസ്.എഫ്.ഐ ഗ്രൌണ്ട് ഗ്രിപ്പ് തയ്യാറാക്കിയത്. സ്വാശ്രയ വിദ്യാഭ്യാസസമരമാണ് കുട്ടിസഖാക്കളുടെ പുന്നപ്രയും വയലാറും. ഈ ചോരപ്പുഴയൊഴുക്കിയതില്‍ മുഴുവനും പിന്നാക്ക ദലിത് വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികളായിരുന്നു. കേളികേട്ട സ്വാശ്രയ സമരത്തില്‍ പങ്കെടുത്ത ദലിതരല്ലാത്ത വിദ്യാര്‍ഥികള്‍ എത്രയാണ്. സംഘടനക്ക് വേണ്ടി വെയിലും മഴയും കൊണ്ട് പ്രവര്‍ത്തിച്ചവരും അടിയും ഇടിയും ഏറ്റവരും പിന്നീട് സംഘടനയുടെ ഭാഗവാക്കായി നിന്നില്ല. എന്നുമാത്രമല്ല എസ്.എഫ്.ഐ വിരുദ്ധപക്ഷത്ത് നില്‍ക്കുകയും ചെയ്തത് എന്തുകൊണ്ടായിരുന്നു എന്ന് ആത്മവിചാരണ ചെയ്യാന്‍ എസ്.എഫ്.ഐ തയ്യാറാവണ. ദലിത്/മുസ്ലിം പ്രാതിനിധ്യങ്ങളെ രാഷ്ട്രീയപരമായി എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്ന കണക്കുകള്‍ പരിശോധിച്ചാല്‍ ആത്യന്തം ഗുരുതരമായ വീഴ്ച്ചകള്‍ കാണാന്‍ സാധിക്കും.
വ്യജപരിവേഷങ്ങളില്‍ ഊതി വീര്‍പ്പിച്ച് അധിക ദൂരം സഞ്ചരിക്കാമെന്ന് എസ്.എഫ്.ഐ കിനാവിനാണ് തുടര്‍ച്ചയായി വിള്ളലേറ്റുകൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കെതിരെ ഒന്നായി തിരിയുന്നവരെ 'അരാഷ്ട്രീയ സഖ്യം' എന്ന് വിളിച്ച് കൊഞ്ഞനംകുത്തുന്നതും തികഞ്ഞ ജനാധിപത്യ സഖ്യങ്ങള്‍ പിന്തിരിപ്പനും വര്‍ഗ്ഗീയവുമായി തീരുന്നതും സമഗ്രാധിപത്യ പ്രവണതകള്‍ക്ക് പൊട്ടലും ചീറ്റലും സംഭവിക്കുമ്പോഴാണ്. എസ്.എഫ്.ഐക്ക് ആധിപത്യവും ജനാധിപത്യത്തിന്റെ സുന്ദരാഭിലാഷങ്ങള്‍ക്ക് ചിറക് വിരിയുന്നതും ഒരുമിച്ച് സംഭവിക്കുന്ന ഒരു കാമ്പസെങ്കിലും കേരളത്തില്‍ കാണിച്ച് തരാന്‍ ഒരുസഖാവിനും കഴിയില്ല. അത് വിദ്യാര്‍ഥി ലോകത്തിന്റെ പൊതു ബോധ്യവുമാണ്. തിരിച്ചുള്ള വെല്ലുവിളികള്‍ തെരുവില്‍ അലമുറയിട്ട് മുഴുവന്‍ നേട്ടങ്ങളും തങ്ങളുടെ പട്ടികയിലാക്കുന്ന നാലാംകിട രാഷ്ട്രീയ തൊഴിലാളിയുടെ വിടുവായത്തങ്ങളാണ് യാതാര്‍ഥ്യവുമായി അണുബന്ധംപോലുമില്ല. കാമ്പസുകളില്‍ കളഞ്ഞുപോയ സര്‍ഗാത്മകതയെ തപ്പിയെടുക്കുന്നപണി ഞങ്ങള്‍ മാത്രമാണ് നിര്‍വഹിക്കുന്നതെന്ന ധരണ മറ്റുള്ളവരെയൊന്നും അംഗീകരിക്കാന്‍ സന്നദ്ധമല്ലെന്ന ധാര്‍ഷ്ട്യമാണ്. സംവാദങ്ങള്‍ കൊട്ടിയടച്ച് കലാലയങ്ങളുടെ ഗെയ്റ്റടക്കുന്നവര്‍ പഴയകാലസ്മരണകളുടെ പേറ്റേന്റെടുക്കാന്‍ തുനിയുന്നത് മൌഢ്യമാണ്. മുഴുവന്‍ വിദ്യാര്‍ഥികളും ഓടിയടുക്കുന്നതും കെട്ടിപിടിക്കുന്നതും തങ്ങളുടെ ഉയര്‍ന്ന ജനാധിപത്യബോധത്തിന്റെ അടയാളമല്ല. വിദ്യാര്‍ഥി സമൂഹത്തിന്റെ നെഞ്ചിടുപ്പുകളില്‍ നിന്ന് രക്ഷനേടാനാണ്. കൂടെ ചേരാത്തവരെ കായികമായി നേരിടുകയെന്ന ഫാഷിസ്റ് മനോഭാവമാണ് സ്റുഡന്റസ്് ഫെഡറേഷന്റെ സര്‍ഗ്ഗാത്മകത. എതിര്‍നോമിനേഷനുകളെ, സ്ഥാനാര്‍ഥികളെ നിറം മാറിയ, കൊടിക്കെട്ടുന്നവരെ, വ്യത്യസ്ത പോസ്ററൊട്ടിക്കുന്നവരെ ക്വട്ടേഷനടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുന്നവരാണ് ആധുനിക ജനാധിപത്യ സോഷ്യലിസ്റ് വാദികള്‍. നാട്ടിലെത്തിയാല്‍ സജീവമായി എം.എസ്.എഫില്‍ പ്രര്‍ത്തിക്കുന്നവര്‍പോലും കാമ്പസുകളില്‍ എസ്.എഫ്.ഐക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ഏതടിസ്ഥാനത്തിലാണ്. കേരളത്തിലെ പല കലാലയങ്ങളിലും എതിരാളികളെ നേരിടാന്‍ എസ്.എഫ്.ഐക്ക് ചില കോര്‍ണറുകളുണ്ട്. വിദ്യാര്‍ഥികള്‍ 'ഇടിമൂല' എന്നാണ് ഇതിനെ വിളിക്കുന്നത്. മടപ്പള്ളി ഗവണ്‍മെന്റ് കോളേജും മീഞ്ചന്ത ആട്സ്കോളേജും കേരള യൂനിവേഴ്സിറ്റി കാമ്പസും തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജും എം.ജി യൂനിവേഴ്സിറ്റി കാമ്പസും എസ്.എഫ്.ഐയുടെ അബുഗുറൈബുകളാണ്. മിടുക്കരായ പത്രപ്രവര്‍ത്തകര്‍ക്ക് ധാരാളം ഫീച്ചര്‍ ലഭിക്കുന്ന നിരവധി ഇരകളാക്കപ്പെട്ട വിദ്യാര്‍ഥി സമൂഹം ഈ 'ജയിലറ'കളിലുണ്ട്. സി.പി.എമ്മിനുവേണ്ടി പത്ര ഓഫീസുകള്‍ കയ്യേറുന്നവര്‍, ജനാധിപത്യത്തിന്റെ ഒരു അടയാളത്തോടുപോലും മാന്യമായി പെരുമാറാന്‍ തങ്ങള്‍ക്കാവില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്.
ഞങ്ങളുടെ കൊടിയും പ്രകടനവും പോസ്ററുമുള്ളപ്പോള്‍ നിങ്ങള്‍ ആരാ എന്ന ആക്രോശമാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കലാലയങ്ങളില്‍ എസ്.എഫ്.ഐയുടെ പൊതുപോളിസി. നിസ്സാരപ്രശ്നങ്ങള്‍ക്ക് ഹോസ്റല്‍ റൂമുകളില്‍വരെ വന്ന് വിദ്യാര്‍ഥികളെ നിഷ്ഠൂരമായി നേരിടുന്നു. വളഞ്ഞിട്ട് പൊതിരെതല്ലി സ്വാതന്ത്യ്രം സിന്ദാബാദ് എന്ന് വിളിക്കുന്നതിലെ വൈരുദ്ധ്യാത്മകത സാക്ഷാല്‍ കാറല്‍മാക്സിന് പോലും തിരിഞ്ഞിട്ടുണ്ടാവില്ല. കേരളത്തിലെ കാമ്പസിലെ ഫാഷിസത്തിന്റെ നിറം ചുവപ്പ് തന്നെയാണ് എന്ന് പ്രഖ്യാപിക്കുന്നതാണ് ഈ വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍. സമരത്തിന്റെ ധാര്‍മ്മികത അധികാരമാണ് നിശ്ചയിക്കുന്നതെന്ന ഫ്യൂഡല്‍ പ്രവണതകള്‍ തന്നെയാണ് എസ്.എഫ്.ഐയുടെ പ്രത്യയശാസ്ത്രമായി വര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ ഫോര്‍മുല, വിദ്യാഭ്യാസ പ്രശ്നങ്ങളില്‍ നയരൂപീകരണങ്ങള്‍ തുടങ്ങിയ ക്രിയാത്മക സമീപനങ്ങള്‍ എസ്.എഫ്.ഐ പ്രവര്‍ത്തനങ്ങളില്‍ മരീചികയാണ്. തീക്ഷ്ണമായ വിദ്യാര്‍ഥി സമരങ്ങളിലൂടെ നിരവധി രക്തസാക്ഷികളെ സംഭാവനചെയ്തവരെന്ന് മേനി നടിക്കുന്നതിന് മുമ്പ് തങ്ങള്‍ മറ്റുള്ള സംഘടനകള്‍ക്ക് നല്‍കിയ രക്തസാക്ഷികളുടെ പട്ടിക തുറന്ന് നോക്കിയാല്‍ ഇരട്ടിയിലധികം വരും. എസ്.എഫ്.ഐ ആക്രമണത്തില്‍ ഇരയായവരെ മാത്രം സംഘടിപ്പിച്ചാല്‍ മറ്റൊരു വിദ്യാര്‍ഥി സംഘടന കേരളത്തില്‍ രൂപികരിക്കാന്‍ സാധിക്കും. മതേതരത്വത്തന്റെ ഭൂമിയില്‍ ഗുണ്ടാപിരിവ് നടത്താന്‍ അണികള്‍ക്ക് അവസരം നല്‍കിയാല്‍ പല ചെങ്കോട്ടകളും അണപൊട്ടിയൊഴുകും. സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കാനും ഉയര്‍ന്ന ബൌദ്ധിക സംവാദങ്ങളെ ആദരിക്കാനും കഴിയാത്ത ഏത് സംഘടനയും അധികം ദൂരം സഞ്ചരിക്കാന്‍ കിതക്കേണ്ടി വരും. മെയിന്‍ കാംഫ് വായിച്ച് ഹിറ്റ്ലറെ സ്വപ്നം കണ്ട് മുസ്സോളിനിയെ ധ്യാനിച്ച് സ്റാലിന്റെ പടവും തൂക്കി മോഡിയുടെ കുറുവടിയും പിടിച്ച് സ്വാതന്ത്യ്രം, ജനാധിപത്യം, സോഷ്യലിസം എന്ന് പറയുമ്പോള്‍ ചിരിക്കുകയല്ലാതെ നാമെന്ത് ചെയ്യും

No comments:

Post a Comment