Saturday, January 16, 2010

ചെങ്ങറ: സമരമെഴുത്തിന്റെ മാനിഫെസ്റോ




എങ്ങനെയാണ് ജനാധിപത്യ ഭരണകൂടത്തിന് കീഴില്‍ രണ്ട് തരം പൌരന്‍മാരെ സൃഷ്ടിക്കപ്പെടുന്നത്? പൌരത്വത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവികുന്നവരും, പൌരത്വത്തിന് അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നവരുമായി രണ്ട് തരം വിഭാഗങ്ങള്‍ ഏത് ജനാധിപത്യരാഷ്ട്രത്തിന്റെയും പൊതുസ്വഭാവമാണ്. ഭരണകൂടത്തിന്റെ മുഴുവന്‍ വ്യവഹാരങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ട ജനതയുടെ സമ്പൂര്‍ണ്ണ പൌരത്വത്തിനുവേണ്ടിയുള്ള മാനിഫെസ്റോയാണ് ചെങ്ങറ ഐക്യദാര്‍ഢ്യ പുസ്തകം. ടി.മുഹമ്മദ് എഡിറ്റ് ചെയ്ത ചെങ്ങറ ഐക്യദാര്‍ഡ്യ പുസ്തകം ചേര്‍ത്തുവെക്കലുകള്‍ കൊണ്ട് തന്നെ ശ്രദ്ധേയമാണ്. ലോകത്തുള്ള കിടപ്പാടു സമരങ്ങള്‍ക്ക് വേണ്ടിയാണ് ഈ പുസ്തകം സമര്‍പ്പിച്ചിട്ടുള്ളത്. സമര്‍പ്പണം തന്നെ അതിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ആദ്യഭാഗത്ത് മണ്ണില്ലാത്തവരുടെ താളങ്ങളും ജനങ്ങളുമാണ് കോര്‍ത്തിണക്കിയിട്ടുള്ളത്. സാരാവേശമായിത്തീര്‍ന്ന കവിതയുടെ അകങ്ങള്‍ പുറത്തേക്ക് തന്നെ വിസ്ഫോടനാത്മകമാണ്. സമരഭൂമിയിലെ ജീവതാനുഭവങ്ങളുടെ കൂടികാഴ്ചക്കളിലൂടെയാണ് ഈ ഗ്രന്ഥം പുരോഗമിക്കുന്നത്. മനുഷ്യര്‍ വളര്‍ത്തിയ സമരവും സമരം നിര്‍മ്മിച്ച മനുഷ്യരുടെയും ജീവിതത്തിന്റെ തുടിപ്പുകള്‍, കിതപ്പുകള്‍, നിശ്വാസങ്ങള്‍ വളരെ സൂക്ഷമതയോടെ എന്നാല്‍ അത്യന്തം പ്രകോപനപരമായി കുറിച്ചിട്ടുണ്ട്. സമരഭൂമിയെ പരിഗണിച്ച നിസ്വാര്‍ത്ഥരായ രാഷ്ട്രീയ, സാമൂഹിക നേതാക്കളുടെ ചെറുതെങ്കിലും ചരിത്രത്തെ കൃത്യമായി നിര്‍വചിക്കുമ്പോള്‍ പിഴുതെറിയാന്‍ പറ്റാത്തവിധം ചേര്‍ന്ന് നില്‍ക്കുന്നു. അഭിവാദ്യകുറിപ്പുകള്‍! ഭൂമിയെയും സമരത്തെയും കുറിച്ചുള്ള വിശദമായ വിശകലനങ്ങള്‍ പൌരസമൂഹത്തെയും പ്രതികൂട്ടില്‍ നിര്‍ത്തുന്നു. തീവ്രമായ രാഷ്ട്രീയ ഇടപെടലുകള്‍ തന്നെയാണ് ഈ ഗ്രന്ഥത്തിന്റെ കാമ്പും കാതലും. ഭൂസമരങ്ങളുടെ ചരിത്രമായി രേഖപ്പെടുത്താന്‍ പാകത്തില്‍ ഇതിനെ ചിട്ടയായി ക്രമീകരിച്ചിരിക്കുന്നു. ചെങ്ങറ സമരവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍, കത്തുകള്‍, അധികാരികള്‍ക്ക് നല്‍കിയ നിവേദനങ്ങള്‍ എന്നിവ അവസാന ഭാഗങ്ങളിലും കോറിയിട്ടുണ്ട്. കനിവ് മാത്രമല്ല കനലുകളും സത്യന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഇന്ധനങ്ങളാണ് എന്ന് പ്രഖ്യാപിക്കുന്നിടത്ത് ഈ പുസ്തകത്തിന്റെ പ്രസക്തി വന്‍തോതില്‍ വരദ്ധിക്കുന്നുണ്ട്.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാത്ത സംഘടിത ജനമുന്നേറ്റങ്ങളോടും നവസാമൂഹിക പ്രസ്ഥാനങ്ങളുടെ 'അവ്യവസ്ഥാപിത' സമര രീതികളോടും പുറം തിരിഞ്ഞ് നില്‍ക്കാന്‍ സാമൂഹിക പ്രതിബദ്ധതയുള്ള പ്രക്ഷോഭകാരികള്‍ക്ക് സാധ്യമല്ല എന്നതിന്റെ തുറന്ന പ്രഖ്യാപനമാണ് ഈ എഴുത്തുകുത്തുകള്‍. ഭൂസമരത്തിന്റെ നേരും നെറിയും വരയും വരിയും രേഖപ്പെടുത്തപെടേണ്ടതുണ്ട്. ചരിത്ര സത്യങ്ങളുടെ വലിച്ചു കൂട്ടിയിട്ടുള്ള മണ്ണും ചപ്പുചവറും തോണ്ടി മാറ്റിക്കൊണ്ട് അഗാധതയില്‍ മറഞ്ഞ് കിടക്കുന്നതോ അല്ലെങ്കില്‍ കുഴിച്ചു മൂടപ്പെട്ടതോ ആയ അധസ്ഥിതരുടെ ചരിത്രം ചികഞ്ഞെടുത്ത് അതിനെ വിശകലനം ചെയ്യാന്‍ തയ്യാറാവേണ്ടതുണ്ട്. ഇന്ത്യന്‍ ചരിത്രമെന്ന് പറയുന്നത്, ബ്രഹ്മണ മതം രാഷ്ട്രയാധികാരത്തിനും മേല്‍ക്കോയ്മയക്കും വേണ്ടി നടത്തിയ വിനാശകരണങ്ങളായ സമരങ്ങളുടെതാണ്. പുരോഗമനം/ഇടതുപക്ഷം എന്ന വ്യവഹാരങ്ങളില്‍ ആരെയാണ് കൂടുതല്‍ കേന്ദ്രീകരിച്ചതെന്ന് നമുക്ക് ബോധ്യപ്പെടും. അധസ്ഥിതര്‍ക്ക് തെളിമയുള്ളതും അഭിമാനാര്‍ഹവുമായ ഒരു ഭാവികാലമുണ്ട്. അവര്‍ക്ക് ഇന്ത്യയില്‍ പലയിടങ്ങളിലും രാജ്യസ്ഥാനങ്ങളുണ്ടായിരുന്ന അവര്‍ സംഘടിതരും ശക്തരുമായിരുന്നു. ആ വര്‍ഗ്ഗക്കാര്‍ എന്നെന്നും അപരിഷ്കൃതരും അജ്ഞരും അടിമകളും പെറുക്കിത്തിന്നു ജീവിച്ചവരായിരുന്നുവെന്ന് ചരിത്രത്തിന്റെ തുമ്പില്‍ കോറി വെക്കാന്‍ തയ്യാറായത് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും, ഇടതുപക്ഷ പുരോഗമന ചരിത്രമെഴുത്തുകളാണ്. ഭൂമിയുടെ അധികാരം വര്‍ഗ്ഗ ഘടനയുടെ യുക്തികളിലൂടെയല്ല ജാതിയുക്തികളിലൂടെ വിശകലനം ചെയ്യാന്‍ തയ്യാറാവാതിരുന്നത് കൊണ്ടാണ് ഏറെ കൊട്ടിഘോഷിച്ച ഭൂപരിഷ്ക്കരണം ഒരു വഞ്ചനയുടെ പര്യായമായിത്തീര്‍ന്നത്. ക്രയവിക്രയം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ മൂല്യത്തിന് നിദാനമാക്കുന്ന വസ്തുവെന്ന നിലയ്ക്കുളള ഭൂമിയുടെ മാറ്റവും അതിനനസൃതമായി കാര്‍ഷിക സാമൂഹ്യഘടനയിലുണ്ടായ മാറ്റവും പരിഗണിക്കപ്പെടേണ്ടതുണ്ട്.ഈ പ്രക്രിയ കാര്‍ഷിക മേഖലയില്‍ അധീശത്വത്തെ ശക്തിപ്പെടുത്തുകയും ജാതിശ്രേണി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്തു.പൊതുവെ കാര്‍ഷികമേഖലയില്‍ ജോലിചെയ്തിരുന്നവര്‍ ജാതീയമായി താഴ്ന്ന നിലയില്‍ ഉള്ളവരായിരുന്നു. ഇന്ത്യയിലെ ഏതു പ്രദേശങ്ങള്‍ എടുത്തു നോക്കിയാല്‍ ജാതിശ്രേണിയും ഭൂമിയുടെ മേലുള്ള അധികാരവും തമ്മില്‍ ഒരു ബന്ധമുണ്ടായിരുന്നു. മധ്യജാതിക്കാര്‍ക്ക് ഭൂമിയുടെമേല്‍ ഏറെ നിയന്ത്രണമുണ്ടായിരുന്നു എന്നു കാണാം. അത് പോലെ തന്നെ കര്‍ഷകതൊഴിലാളി വിഭാഗത്തെ പരിശോധിച്ചാല്‍ അതില്‍ മഹാഭൂരിപക്ഷവും ജാതിയില്‍ ഏറ്റവും താഴെക്കിടയിലുള്ളവരാണ്.
കേരള വികസന മാതൃകയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ജാതീയമായിട്ടള്ള പ്രശ്നങ്ങളുടെ അപഗ്രഥനം ഒരിക്കലും കടന്നുവന്നിട്ടില്ലത്തതു കൊണ്ട് ഇന്ന് പൊതുവെ നമുക്ക് ബോധ്യമായിട്ടുള്ളത് വളരെയെറെ വികാസം പ്രാപിച്ചു കേരളത്തിന്റെ ചിത്രമാണ്. എന്നാല്‍ ദലിത് പിന്നാക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന സാമൂഹിക പ്രശ്നങ്ങളെ അത് മൂടിവെക്കുന്നില്ലെയെന്ന് ഭൂമിയുടെ ഉടമസ്ഥാവകാശമായി ബന്ധപ്പെടുത്തി നമുക്ക് ചോദിക്കാവുന്നതാണ്. ഇന്ത്യയുടെ ഇന്നത്തെ സാമൂഹിക സ്ഥിതിവെച്ച് നോക്കിയാല്‍ നമ്മളെന്തായാലും വളരെപ്പെട്ടെന്ന് സാങ്കേതിക വിക്രയില്‍ അടിസ്ഥാനപ്പെടുത്തിയ കാര്‍ഷിക രീതിയിലേക്ക് മാറാനിടയില്ലയെന്നതുകൊണ്ട് ഭൂമിയുടെ മേലുള്ള അധികാരം ഒരു പ്രശ്നമായി തുടരുന്നതില്‍ തെറ്റില്ല. വിഭവങ്ങളുടെ മേലുള്ള നിയന്ത്രണവുമയി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യാവുന്ന മറ്റൊരു കാര്യം മൂലധന സമാഹാരണത്തിന്റെ സവിഷേശതകളാണ്. അതുപോലെ തന്നെ വ്യവസായിക മൂലധന സമഹാരണവും ജാതിജന്യമായ സാമൂഹിക ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് നടന്നിട്ടുള്ളത്. എന്നാല്‍ ഇത് ആഴത്തില്‍ അപഗ്രഥിക്കപ്പെട്ടിട്ടുള്ളതല്ല. ദേശീയ ബര്‍ഷ്വാസിക് ജാതി പശ്ചാത്തലം ഉള്ളതായി പൊതുവെ ചരിത്രപഠനങ്ങളില്‍ സൂചിപ്പിക്കുന്നില്ല. കെ. വേണുവിന്റെ ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് നിരീക്ഷണം ഇത് സൂചിപിക്കുന്നുണ്ട്. കമ്മ്യൂണിസ്റുകാരുടെ കേവലവര്‍ഗ സമീപനം സൃഷ്ടിച്ച മറ്റൊരു വിനയായിരുന്നു മതലാളിത്ത സംരംഭങ്ങളെന്ന നിലക്ക് നേട്ടങ്ങളെല്ലാം ഭൂപരിഷ്ക്കരണത്തില്‍ നിന്നും ഒഴിവാക്കിയത്. ജന്മിത്ത ബന്ധങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ പകരം വരുന്നത് മുതലാളിത്ത ബന്ധങ്ങളാണ്. മുതലാളിത്ത ബന്ധങ്ങള്‍ തകര്‍ക്കുന്നത് സോഷ്യലിസ്റ് വിപ്ളവത്തിന് പാകമാവുന്ന ഘട്ടത്തിലാണ്. ജന്മി ബന്ധങ്ങള്‍ക്കെതിരായ ഭൂപരിഷ്ക്കരണത്തിന്റെ ഘട്ടത്തില്‍ മുതലാളിത്ത സംരംഭങ്ങളായ നേട്ടങ്ങളെ ഒഴിവാക്കിയത് ആ അര്‍ത്ഥത്തില്‍ ന്യായം തന്നെയാണ്. പക്ഷേ കേരളത്തിലെ സാഹചര്യത്തില്‍ വലിയൊരു വിഭാഗം ജന്മിമാര്‍ക്ക് തങ്ങളുടെ വന്‍തോതിലുള്ള മിച്ചഭൂമി സംരക്ഷിക്കുന്നതിനുള്ള ഒരു ഉപാധിയായി ഈ ഒഴിവാക്കല്‍ മാറുകയുണ്ടായി (ചെങ്ങറ: ഐക്യദാര്‍ഢ്യ പുസ്തകം: പേജ് 105). തൊഴിലാളി വര്‍ഗ്ഗത്തിന്റെ കൂട്ടായ്മകളെ സഹായിച്ചിരുന്ന അടിസ്ഥാന വര്‍ഗ്ഗങ്ങളെ അതേ രീതിയിലല്ല വ്യവസ്ഥാപിത തൊഴിലാളി വര്‍ഗ്ഗങ്ങള്‍ പരിഗണിച്ചിരുന്നത്. ചരിത്രപരമായ വിശകലന രീതികളില്‍ മാത്രമല്ല, പ്രയോഗിക സമീപനങ്ങളിലും ദലിത് പിന്നാക്ക വിഭാഗങ്ങളോട് തൊട്ടുകൂടായ്മ സ്ഥാപിക്കാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്, നന്ദിഗ്രാമും സിംഗൂരും ചെങ്ങറയും മൂലമ്പിള്ളിയും മുക്കാല്‍സെന്റ് കോളനിയുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ഭൂയുടമസ്ഥതയില്‍ നിന്നും ദലിതര്‍ പുറത്താക്കപ്പെടിരിക്കുന്നു എന്നതുമാത്രമല്ല ജാതിവിവേജനങ്ങളുടെ പുതിയ ഇടങ്ങളായി ദലിതരുടെ അധിവാസ കേന്ദ്രങ്ങള്‍ മാറ്റപ്പെട്ടിരിക്കുന്നുവെന്നതും വളരെ ഗൌരവപ്പെട്ട കാര്യമാണ്. ‘കോളനി’കളാക്കി വെച്ചിരിക്കുകയാണ് ഇവരുടെ അധിവാസ കേന്ദ്രങ്ങള്‍.!
എഴായിരം കുടുംബങ്ങള്‍ ചെങ്ങറയില്‍ വര്‍ഷങ്ങളായി കൃഷിഭൂമിക്ക് വേണ്ടിയുള്ള സമരത്തിലാണ്. ഭൂരഹിത സമരക്കാരെ ചെങ്ങറയില്‍ കുടിവെള്ളവും ഭക്ഷണവും ഗതാഗതവും വിലക്കി ഉപരോധിക്കുകയാണ് തൊഴിലാളി വര്‍ഗ്ഗം.! അവരുടെ രാഷ്ട്രീയമായ ഒരിടപാടിനെ മതില്‍ക്കെട്ടി കോളനികളാക്കി ചിത്രീകരിക്കാനാണ് വീണ്ടും ഇവിടത്തെ മധ്യവര്‍ഗ്ഗസമൂഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ എക്കാലവും മധ്യ-ഉന്നത-മധ്യവര്‍ഗ്ഗ പ്രസ്ഥാനങ്ങളാണ്. ആവര്‍ഗ്ഗങ്ങളോടനുബന്ധിച്ച പരിഗണനകള്‍ക്കും ആവശ്യങ്ങള്‍ക്കും പുറത്ത്കിടക്കുന്ന മേഖലകള്‍ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം വിദൂരങ്ങളായ ഒരുതരം വര്‍ത്താ വൃഷ്ടി പ്രദേശങ്ങള്‍ മാത്രമാണ്. ആദിവാസി ദളിത് പിന്നാക്ക മേഖല പ്രത്യേകിച്ചും മാധ്യമ ശ്രദ്ധയില്‍ നിന്ന് തിരസ്ക്കരിക്കപ്പെടുന്നതിന്റെ കാരണങ്ങളിലൊന്ന് അവര്‍ പത്രങ്ങളുടെ വരിക്കാരോ ചാനലുകളുടെ കാണികളോ അല്ല എന്നതാണ്. അതിനാല്‍ ആ വൃഷ്ടി പ്രദേശത്ത് നിന്ന് വല്ലപ്പോഴും ഒരു തുള്ളി വാര്‍ത്ത അല്ലെങ്കില്‍ വിരസതയകറ്റാന്‍ ഒരു കദനകഥ മാത്രമാണ് മാധ്യമങ്ങള്‍ ശേഖരിച്ച് പോന്നത്. ശരാശരി മാധ്യാമ പ്രവര്‍ത്തകന്റെ മധ്യാവര്‍ഗ്ഗ താല്‍പര്യങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഈ സമീപനം ഭീകരമായ തമസ്ക്കരണമായി മറുന്നു.
ഭൂമി മൌലികവും പരിമിതവുമായ ഉല്‍പാദന ഘടകമാണ്. അതിന്റെ ഉടമസ്ഥത ഉപജീവനത്തിന് ശക്തി പകരുന്നു. അതീശശക്തികള്‍ നിയന്ത്രിക്കുന്ന ഭൂമി അധികാരത്തിന്റെ സ്രോതസ്സ് കൂടിയാണ്. ഭൂമിയുടെ മേലുള്ള അവകാശവും ഉല്‍പാദന വിതരണ ശൃഖലയും പരമ്പരാഗതമായി ജാതി വ്യവസ്ഥയ്ക്ക് അനുസൃതമായാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ അവക്ക് വ്യവസ്ഥാപിത സ്വഭാവമുണ്ട്. ഭൂമിയുമായി ഇവര്‍ക്ക് അഭേദ്യബന്ധമുണ്ടെങ്കിലും ആ അവകാശം നിഷേധിക്കപ്പെട്ട് സ്വന്തം മണ്ണില്‍ ഇവര്‍ക്ക് അന്യരായി കഴിയേണ്ടി വന്നു. ഇത്തരം വ്യവസ്ഥാപിതമായ അരികുവല്‍ക്കരണത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളാണ് കേരളത്തില്‍ ശക്തിപ്പെട്ടുകൊണ്ടരിക്കുന്നത്. ചേരികളുടെയും തുരുത്തുകളുടെയും രാഷ്ട്രീയ ഉര്‍ജ്ജം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അവ്യവസ്ഥാപിതമായ കലാപങ്ങളില്‍ വ്യവസ്ഥാപിത സംഘടന കൈകോര്‍ക്കുക എന്ന ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഈ പുസ്തകം നിര്‍വഹിക്കുന്നത്. അത്ര സൂക്ഷ്മതയോടെയാണ് കവിതയും, വിശകലനവും, ചരിത്രവും, അഭിപ്രായങ്ങളും ഇതില്‍ ചേര്‍ത്ത് വെച്ചിട്ടുള്ളത്. ഇതിന്റെ ചരിത്രപരമായ അനിവാര്യത ഇതിന്റെ മുഴുവന്‍ പരിമിതികളെയും മറികടക്കുന്നുണ്ട്. കേവല ഐക്യദാര്‍ഢ്യ പുസ്തകമെന്നതിലുപരി സമരമെഴുത്തിന്റെ ചരിത്ര പ്രക്രിയകളില്‍ ഇത് അഭിമാനപൂര്‍വ്വം ഇടപെടുകയും ചെയ്യുന്നു. ഭാവിയില്‍ വലിയ ഒരു രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും ഈ രേഖ ഒരു ആധാരമായിത്തീരും, തീര്‍ച്ച.!

No comments:

Post a Comment