Saturday, January 16, 2010

മങ്ങിയ നക്ഷത്രങ്ങള്‍



അഹമ്മദ് അല്‍ അസ്കരി

വിലങ്ങുകള്‍
നിന്റെ കൈകളില്‍
തോക്കുകള്‍
നിന്റെ അതിര്‍ത്തികളില്‍
നിലവിളികള്‍
നിന്റെ മാറിടങ്ങളില്‍
നക്ഷത്രങ്ങള്‍ ഭയക്കുന്നു
കാറ്റുകള്‍ സംശയിക്കുന്നു
നിന്നെ തലോടാന്‍
ഹൃദയത്തില്‍
കുടിയേറിയ പാപങ്ങള്‍
വെളുത്ത് തിളങ്ങുന്നു
പുണ്യങ്ങള്‍ ഓടിയൊളിക്കും
നയിക്കാന്‍
ആരുമില്ല, നശിപ്പിക്കാന്‍
ഒരുപറ്റമുണ്ട്
നീ ഭീരുവായ സ്ത്രീയെ പോലെ
അലമുറയിടുന്നു
ആരുകേള്‍ക്കും?
ഈ വിധവയുടെ സങ്കടങ്ങള്‍
നിന്റെ പാറിപ്പറന്ന തലമുടികള്‍
ചുവന്ന് കലങ്ങിയ കണ്ണുകള്‍
ക്രമം തെറ്റിയെഴുതുന്ന കണ്ണുനീര്‍
ഏത് കാലത്തായിരുന്നു
നീ പുഞ്ചിരിച്ചത്
ഞങ്ങള്‍ക്ക്
അതൊരു കഥയാണ്
നിന്റെ സന്തോഷങ്ങള്‍
പിച്ചിചീന്തിയ നിന്റെ
തുടുത്ത ഭാഗങ്ങള്‍
കടിച്ച് കീറി വിശപ്പടക്കുന്ന
പേപ്പട്ടികള്‍
അതാണ് ഞങ്ങള്‍ക്ക്
അറിയാവുന്നത്
നിന്റെ പഴയ വേരുകളില്‍
തളിര്‍ത്തത് ദുര്‍ഗന്ധം
പുഷ്പങ്ങള്‍ക്ക്
തലയോട്ടികളുടെ ആഹാരം
ഞാന്‍ ഭയപ്പെടുന്നു
അല്ല, ഭീതി
എന്നിലേക്ക് തുളച്ച് കയറുന്നു
നീ നഷ്ടപ്പെടുമെന്ന.
പരിഭാഷ: ശിഹാബ് പൂക്കോട്ടൂര്‍
(യുവ കവി, പത്രപ്രവര്‍ത്തകന്‍ ഫലസ്ഥീന്‍ വംശജന്‍. 1971ല്‍ യു.എ.ഇല്‍ ജനനം. )

No comments:

Post a Comment