Friday, January 15, 2010

ചരിത്രമെഴുത്തിന്റെ കലഹ രീതികള്‍





'മലബാര്‍' രാഷ്ട്രീയ, സാമുദായിക, വിദ്യാഭ്യാസ ഭൂപടത്തില്‍ ശോഷിച്ച് പോവുകയും കേരളത്തിലെ പലപ്രദേശങ്ങളും അസാമാന്യമാകുംവിധം തടിച്ച് കൊഴുക്കുകയും ചെയ്തതിന്റെ ചരിത്രപരമായ കാരണങ്ങള്‍ വിശകലനം ചെയ്യുകയാണ് 'മലബാര്‍-ദേശീയതയുടെ ഇടപാടുകള്‍' എന്ന എം.ടി അന്‍സാരിയുടെ കൃതി. വൈദേശിക, ആഭ്യന്തര (സവര്‍ണ) കൊളോണിയലിസങ്ങള്‍ക്കെതിരെയുള്ള കലഹമാണ് ഈ പുസ്തകം. കേരളത്തില്‍ നടന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒരു സമുദായത്തെ അധിനിവേശാനന്തര ചരിത്രം വിലയിരുത്തിയത് എങ്ങനെയാണെന്ന അന്വേഷണമാണ് ഇത് നിര്‍വ്വഹിക്കുന്നത്. കൊളോണിയല്‍ ചരിത്രമെഴുത്തും ഫ്യൂഡല്‍ ഗൃഹാതുരത്വവും ഞെട്ടിപ്പിക്കും വിധമുള്ള ചേര്‍ച്ചകളാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഇന്ത്യന്‍ ബ്രാഹ്മണിസം എല്ലായിപ്പോഴും കോളോണിയലിസവുമായി ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ഇന്ത്യയില്‍ മുതലാളിത്തവും ഫ്യൂഡലിസവും ബ്രാഹ്മണിസത്തിന്റെ ജാതി-വര്‍ഗ്ഗ ഘടനയുമായി സംയോജിക്കപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ദലിത്/മുസ്ലിം വിഭാഗങ്ങള്‍ക്ക് കിട്ടിയിരുന്ന വിദ്യാഭ്യാസ-തൊഴില്‍ അവസരങ്ങള്‍ക്കൂടി ബ്രാഹ്മണിസത്തിന് ആധിപത്യമുള്ള ഇന്ത്യന്‍ ഭരണകൂടം കൊട്ടിയടക്കപ്പെട്ടിട്ടുണ്ട്. റാം മോഹന്‍ റോയ്, ബാലഗംഗാധര തിലക്, ഗോള്‍വാര്‍ക്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയവര്‍ ഹൈന്ദവ ബ്രാഹ്മണ ചിന്താധാരയെ വിവിധ ഘട്ടങ്ങളിലായി പ്രതിനിധീകരിച്ചിട്ടുണ്ട്. അവരുടെ മാര്‍ഗങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കിലും അടിസ്ഥാനപരമായി അവയൊന്നു തന്നെയായിരുന്നു. ആധുനിക ഇന്ത്യയില്‍ ബ്രാഹ്മാണാധീശത്വം ഉറപ്പിക്കുന്നതില്‍ ഇവര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
'മലബാര്‍' പോരാട്ടത്തിന്റെ ചരിത്രമെഴുത്തില്‍ കൊളോണിയല്‍ ചരിത്രകാരന്‍മാരുടെ (മാപ്പിളമാരെ അടയാളപ്പെടുത്തുന്നതിന്) പാടുകള്‍ 'മതഭ്രാന്ത്', 'ലഹള', 'പൊട്ടിത്തെറി', 'അതിക്രമം' എന്നിവ മേനോന്‍, നായര്‍, നമ്പൂതിരി, പണിക്കര്‍ ചരിത്രമെഴുത്തിലും കാണാവുന്നതാണ്. സാഹിത്യം, ചരിത്രം, സിനിമ തുടങ്ങിയവയില്‍ ഇടപെടാനും പറയാനുമുള്ള അവകാശം ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു. എഴുപതുകളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കൂടെ നില്‍ക്കുക എന്ന മഹത്തായ കര്‍മ്മം നിര്‍വഹിച്ച ബ്രാഹ്മണിക്കല്‍ ലോജിക്കിനെ നാം സെക്യൂലര്‍ (മതനിരപേക്ഷത) സമരങ്ങളുടെ ആളിക്കത്തലുകളായി വിശേഷിപ്പിച്ചു. നിങ്ങളുടെ പ്രശ്നങ്ങള്‍ 'ഞങ്ങള്‍ പറയും' എന്ന ഫ്യൂഡല്‍ ആധിപത്യത്തെയാണ് മതേത്വരത്വ വ്യവഹാരങ്ങളുടെ സുവര്‍ണ്ണ കാലമായി ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുന്നത്. സ്വത്വരാഷ്ട്രീയ വീക്ഷണത്തിലൂടെ ചരിത്രം, സാഹിത്യം, സിനിമ എന്നിവയെ സമീപിക്കാന്‍ തുനിഞ്ഞപ്പോള്‍ അതിനെ മതേതര വ്യവഹാരങ്ങളുടെ പുറത്തുള്ള പ്രക്രിയയാക്കി ചിത്രീകരിക്കാനും 'മതഭ്രാന്തായി' അടയാളപ്പെടുത്താനും ശ്രമിച്ചു. മതേതരമെന്ന സംജ്ഞയില്‍ കയറിക്കിടക്കാന്‍ അവകാശമുള്ളുവര്‍ ബ്രാഹ്മണിസ്റുകളായിരുന്നു. നമ്മള്‍ എത്രയൊക്കെ ചേര്‍ത്തുനിര്‍ത്തിയാലും 'മതേതരം' മുഴച്ചു നില്‍ക്കും. അവനവന്റെ പ്രശ്നങ്ങള്‍ വിളിച്ചുപറയാനുള്ള അവകാശം നേടിയെടുത്ത കാലഘട്ടത്തിലും സമാന്തരം, പാര്‍ശ്വവല്‍കൃതം എന്ന പദാവലികള്‍ കൊണ്ട് മുഖ്യധാര വ്യവഹാരങ്ങളില്‍ നിന്നും കീഴാള രാഷട്രീയ പ്രവര്‍ത്തനത്തെ അകറ്റി നിര്‍ത്തി.
ചരിത്രമെന്നാല്‍ പൂണൂല്‍ക്കെട്ടി ചമ്രം പടിഞ്ഞിരുന്ന് വിസ്തരിച്ച് എഴുതുന്നത് മാത്രമല്ല അടിച്ചമര്‍ത്തപ്പെട്ടവര്‍ തെരുവില്‍ വിളിച്ചു പറയുന്നതുമാണ് എന്നാണീകൃതി സ്ഥാപിക്കുന്നത്. സ്വത്വരാഷ്ട്രീയ കാലഘട്ടത്തിലെ ചരിത്ര വായനയുടെ മാനിഫെസ്റോ ആയി ഇതിനെ വിശേഷിപ്പിക്കാം. പാരമ്പര്യവാദത്തെ തലോടല്‍ മാത്രമല്ല, മുറിവേല്‍പ്പിക്കലും ചോദ്യംചെയ്യലും ചരിത്രമെഴുത്തിന്റെ ഏറ്റവും വലിയ രാഷട്രീയമാണ്. സാഹിത്യ ചരിത്ര ഇടപാടുകളില്‍ മതേതര പ്രതിനിധാനം ഫ്യൂഡല്‍ യുക്തികളുടെ സാധൂകരണമാണ്. മാറുമറക്കരുത് എന്ന വിജ്ഞാപനത്തെ ശരീരം മറക്കണമെന്ന പ്രതിരോധ യുക്തികൊണ്ടാണ് സമൂഹം നേരിട്ടത്. ശരീരം മറക്കുക എന്ന സമര രീതിയെ യാഥാസ്തികം, മൌലികവാദം എന്നീ വാര്‍പ്പുമാതൃകകളിലൂടെ ആക്ഷേപിക്കുന്ന പുരോഗമന മതേതര പുറംചട്ടയണിഞ്ഞവര്‍ സവര്‍ണ യുക്തികളെ തന്നെയാണ് സാധൂകരിക്കുന്നത്.
ചരിത്രം എഴുത്തില്‍ മാത്രമല്ല, പഴഞ്ചൊല്ലുകളില്‍ വരെ അധീശപ്രതിനിധാനങ്ങള്‍ വിശ്രമിക്കുന്നതായി കാണാം. 'മാപ്പിളയുടെ വാക്കും കീറിയ ചാക്കും' 'തോറ്റു തൊപ്പിയിട്ടു' തുടങ്ങിയ പ്രയോഗങ്ങളില്‍ തോറ്റാല്‍ ധരിക്കേണ്ടതാണ് തൊപ്പിയെന്നും കീറിയ ചാക്കിന് സമാനമാണ് മാപ്പിളമാര്‍ എന്ന വിലയിരുത്തലും മതഭ്രാന്ത് എന്ന ചരിത്രപരമായ നിര്‍മ്മിതിയുടെ തുടര്‍ച്ചയായി തന്നെയാണ് ഇവിടത്തെ പൊതുബോധം വിലയിരുത്തുന്നത്. 'ബോംബാണെങ്കില്‍ മലപ്പുറത്ത് കിട്ടും' എന്ന സിനിമയിലെ ഡയലോഗ് ലഹള, പൊട്ടിത്തെറി തുടങ്ങിയ ചരിത്രമെഴുത്തിന്റെ കൊളോണിയല്‍/കൊളോണിയലാനന്തര യുക്തികളുടെ അതിജീവന പ്രയോഗങ്ങളാണ്. സവര്‍ണ പൈതൃകങ്ങള്‍ അതിജീവിക്കുന്നത് മുഖ്യധാര ചിഹ്നങ്ങളിലൂടെ തന്നെയാണ്. മതത്തിന്റെ പിന്‍ബലത്തില്‍ ദേശസമരത്തിലേര്‍പ്പെടുമ്പോള്‍ ദേശീയ ചരിത്രത്തില്‍ അധിനിവേശ യുക്തികളുടെ ഇടപെടലുകള്‍ അതിനെ മതഭ്രാന്തായി ചിത്രീകരിക്കുന്നു. ഇസ്ലാമിന്റെ പ്രത്യയശാസ്ത്ര ഉള്‍ക്കരുത്തായിരുന്നു അധിനിവേശ വിരുദ്ധ പോരാട്ടങ്ങളില്‍ മുസ്ലിംകളെ മുന്‍പന്തിയിലാക്കിയത്. എന്നാല്‍ കേരളത്തിലെ പിന്നാക്ക ജനസംഖ്യയിലധികവും താമസിക്കുന്ന മലബാര്‍ പ്രദേശത്തെ രണ്ട് തരം അധിനിവേശ യുക്തികളും വിലയിരുത്തിയത് യജമാനഭാവത്തോടെയാണ്. മണ്ണും ചേറും കറുപ്പും ഈ ദേശത്തിന്റെ പൈതൃകങ്ങളെല്ലെന്ന പ്രസ്താവന സംഘര്‍ഷങ്ങളില്‍ ഏകാധിപത്യം നേടിയവരുടെതായിരുന്നു. നൂറ്റാണ്ടുകളായി നാവ് നഷ്ട്ടപ്പെട്ട ദലിത്-ആദിവാസി-മുസ്ലിംകള്‍ രാഷ്ട്രീയമായ പ്രതിരോധങ്ങളിലേക്കും സ്വത്വ നിര്‍ണ്ണയത്തിലേക്കും തിരിച്ചെത്തിയിരിക്കുകയാണ്. കീഴാള ജനതയുടെ രാഷ്ട്രീയാവബോധം രൂപപ്പെടുന്നത് അടിമാനുഭവത്തിന്റെ ഓര്‍മകളെ ചരിത്രവല്‍ക്കരിക്കുമ്പോഴാണ്. അവനവന്റെ ചരിത്രം ഓരോരുത്തും വിളിച്ചു പറയുന്നത് രാഷ്ട്രീയ പ്രതിരോധമാണ്. മാപ്പിള ചരിത്രം മാപ്പിളമാരുടെ എഴുത്തുകളില്‍ നിന്ന് വായിച്ചെടുക്കുകയെന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നാവുകള്‍ക്ക് കരുത്ത് നല്‍കുക എന്ന ചരിത്ര ദൌത്യം കൂടി ഈ കൃതി മനോഹരമായി നിര്‍വഹിക്കുന്നുണ്ട്.
മാര്‍ക്സിസ്റ് ചരിത്രമെഴുത്ത് മതബോധമുള്ള സമരപോരാട്ടങ്ങളെ വര്‍ഗ്ഗാടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനാണ് ശ്രമിച്ചത്. ദേശീയപ്രസ്ഥാനത്തിന്റെ ഹിന്ദുത്വ താല്‍പര്യങ്ങളോടും കൊളോണിയല്‍ വിധേയത്വത്തോടും പോരാടിയ മലബാര്‍ കലാപത്തിന് മുതലാളിത്താനന്തര സമുദായത്തില്‍ ഒരു വര്‍ഗ്ഗ നേതൃത്വം സൃഷ്ടിക്കുക അസാധ്യമായിരിന്നു. രാഷ്ട്രീയവും മതവും കൃത്യമായ വേര്‍തിരിവില്ലാത്ത വിധം കെട്ടുപിണഞ്ഞാണ് മലബാര്‍ കലാപത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പോര്‍ച്ചുഗീസുകാരോടുള്ള ഏറ്റുമുട്ടല്‍ മുതല്‍ ബ്രിട്ടീഷ് വിരുദ്ധസമരം വരെ കൃത്യമായ മതവേദ ഗ്രന്ഥങ്ങളുടെ പിന്‍ബലങ്ങളില്‍ തന്നെയായിരുന്നു. അധിനിവേശ വിരുദ്ധ പോരാട്ടം മതപരമായ ബാധ്യതയായിരുന്നു എന്നതിന്റെ തെളിവാണ് കൊളോണിയല്‍ രാഷട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സെക്യുലര്‍ വര്‍ഗാടിസ്ഥാനങ്ങില്‍ നിന്നല്ല മതാടിസ്ഥാനങ്ങളില്‍ ഊന്നി നിന്നു കൊണ്ടായിരുന്നു. അക്കാലത്തെ മതവിധികള്‍ (ഫത്വ) പരിശോധിച്ചാല്‍ അധിനിവേശ വിരുദ്ധ ന്യായങ്ങളില്‍ നിന്നാണ് അവ നിര്‍മ്മിച്ചെടുത്തതെന്ന് കാണാം. മൈസൂര്‍ സുല്‍ത്താന്‍മാരായ ഹൈദറലിയുടെയും ടിപ്പുവിന്റെയും ഹ്രസ്വ ഭരണത്തിന് ശേഷം ബ്രിട്ടീഷ് കൊളോണിയലിസവും അവര്‍ താങ്ങി നിര്‍ത്തിയ സവര്‍ണ ജന്മിത്തവും മലബാറിലെ ജനങ്ങളുടെ ജീവിതത്തെ മുഴുവന്‍ മണ്ഡലങ്ങളിലും പിടിമുറുക്കിയ ചരിത്ര ഘട്ടത്തില്‍ അതിനെതിരായ രാഷ്ട്രീയ ചെറുത്തു നില്‍പ്പുകളുടെയും സമുദായപരിഷ്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയും കേരള മുസ്ലിം സ്വത്വത്തെ സംരക്ഷിക്കുകയും ബലപ്പെടുത്തുകയും ചെയ്ത വിപ്ളവകാരികളായിരുന്നു മുസ്ലിം മതപണ്ഡിതന്‍മാര്‍. മമ്പുറം തങ്ങന്‍മാര്‍, സൈനുദ്ധീന്‍ മഖ്ദൂം, ഉമര്‍ഖാദി, ആലി മുസ്ലിയാര്‍ തുടങ്ങിയവര്‍ അതിന് ഉദാഹരണമാണ്. വര്‍ഗ വിശകലന രീതികളിലൂടെ ഫ്യൂഡല്‍ ബന്ധങ്ങളുടെ കെട്ടുകളറുക്കുകയും ചരിത്രത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് മാപ്പിളമാര്‍ പ്രവേശിക്കുകയും ചെയ്യുന്നുവെന്ന മാര്‍ക്സിസ്റ് നിരീക്ഷണം മലബാര്‍ സമരങ്ങളെ കുറിച്ച് പൊതുവില്‍ തന്നെ പരാജിതമായിരുന്നു. അന്‍സാരിയുടെ നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്. "ഫ്യൂഡല്‍, ബൂര്‍ഷ്വാ അവബോധങ്ങളുടെ രംഗപ്രവേശത്തോടെ സാമൂദായികമായത് അനിവാര്യമായും അപ്രത്യക്ഷമാവും എന്നതാണ്. ഇവിടെ ഞാന്‍ വാദിച്ചിട്ടുള്ളത് പോലെ ഇസ്ലാം ഒരു വ്യത്യസ്ത ചിത്രമാണ് നല്‍കുന്നത്. ഇസ്ലാമിന്റെ നിലപാടില്‍ നിന്നുകൊണ്ട് തന്നെ ഒരാള്‍ക്ക് അധിനിവേശാനന്തര (ജീ ഇീഹീിശമഹ) ലോകത്തും ഒരു ബൂര്‍ഷ്വാധികാര സമ്പ്രദായത്തിനൊപ്പവും സാമുദായിക അവബോധത്തോടെ നിലനില്‍ക്കാന്‍ കഴിയും എന്ന് വാദിക്കാം. ബൂര്‍ഷ്വാ മതേതര ആധുനികതയുടെ സ്വകര്യ/പൊതു വിഭജനത്തെ അംഗീകരിക്കാത്ത ഒരു വിമര്‍ശനമാണ് സാമുദായിക രീതിയുടേത്. വിശേഷിച്ചും ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം എന്ന് വാദിക്കാവുന്നതാണ്. സമുദായത്തെക്കുറിച്ചുള്ള ഈ ബോധമാവണം ഒരു പക്ഷേ തങ്ങളുടെ പ്രദേശിക സാഹചര്യത്തെ ദേശീയവും ആഗോളവുമായ പശ്ചാതലവുമായി ബന്ധപ്പെടുത്തി കാണാന്‍ മാപ്പിള കലാപകാരികളെ പ്രാപ്തരാക്കിയത്''.
മാര്‍ക്സിസ്റ് ചരിത്ര രചനകളുടെ ബര്‍ലിന്‍ മതിലായിരുന്നു മലബാര്‍ സ്വാതന്ത്യ്ര പോരാട്ടങ്ങള്‍. പില്‍ക്കാല മലബാറിലെ സമൂഹരൂപീകരണം തങ്ങളുടെ വര്‍ഗ യുക്തികളിലൂടെയല്ല മതയുക്തികളിലൂടെ തന്നെയായിരുന്നുവെന്ന് മലബാര്‍ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. മലബാര്‍ കലാപത്തില്‍ നേരിട്ട് പങ്കെടുത്ത പ്രദേശങ്ങളില്‍ സാമുദായിക ഘടന ശക്തിപ്പെടുകയും സവര്‍ണ യുക്തികളുടെ സെക്യുലര്‍ ബോധങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. ഈ പൊതുബോധത്തിന്റെ അപരവല്‍ക്കരണ പ്രക്രിയയില്‍ ദേശീയതയൊടൊപ്പം മാര്‍ക്സിസവും പങ്കു ചേരുകയാണ് ചെയ്തത്. അത് കൊണ്ടാണ് ചരിത്രമെഴുത്തില്‍ സമാനമായ പദപ്രയോഗങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നതും.
സാഹിത്യത്തിലെ മുസ്ലിം പ്രതിനിധാനങ്ങള്‍
ഞാന്‍ വായിച്ച സമുദായവും, കണ്ട സമുദായവും തമ്മിലുള്ള വലിയ അന്തരമാണ് വൈക്കം മുഹമ്മദ് ബഷീറിനെ എഴുതാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. സാഹിത്യങ്ങളില്‍ കണ്ട ദ്രംഷ്ടകളും നഖങ്ങളും ക്രൂരതയും താന്‍ ഇടപഴകിയ മാപ്പിളമാര്‍ക്കില്ല എന്ന പ്രഖ്യാപനമായിരുന്നു ബഷീര്‍ കൃതികള്‍. ആധുനികതയുമായി ബഷീര്‍ സമുദായത്തെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും മാപ്പിളമാരുടെ സ്വത്വ നിര്‍ണ്ണയത്തിന് വലിയ ഇടം നല്‍കാന്‍ ബഷീര്‍ സൂക്ഷമമായി ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
ആധുനികതയുടെ വിഘടനം ചൂണ്ടികാട്ടുന്നത് മുസ്ലിംകളെ മനുഷ്യരായി കണ്ടെത്താന്‍ നമ്മുടെ സാഹിത്യത്തിന് കഴിഞ്ഞിട്ടില്ല എന്നുതന്നെയാണ്. പോകനിടമില്ലാത്ത മേത്തനായ അപരാധം ചെയ്യുന്ന 'നികൃഷ്ടനായ ഒരു പുഴുവായ' ചെമ്മീനിലെ പരീകുട്ടിയും കൊമ്പുകളുള്ള ക്രൂരരായ/സ്ത്രീകളോട് നിര്‍ദ്ദയമായി പെരുമാറുന്ന/ശുദ്ധിയില്ലാത്ത മലയാള ഭാഷയില്‍ സംസാരിക്കുന്ന/മദംപൊട്ടിയ/കലിയാര്‍ന്ന 'ദുരവസ്ഥയിലെ' മുഹമ്മദീയരുമാണ് മലയാള സാഹിത്യത്തിലെ മുസ്ലിം പ്രതിനിധാനങ്ങള്‍. 'ഹിന്ദി സിനിമയിലെ വില്ലനെപ്പോലെ' ക്രൂരനായ 'ഹിഗ്വിറ്റ'യിലെ ജബ്ബാറും, തിരുത്താനും കല്‍പ്പിക്കാനും അധികാരമുള്ള 'മുംബൈ'യിലെ ചിത്പവന്‍ ബ്രാഹ്മണയായ പ്രമീള ദേവിയും/നുഴഞ്ഞു കയറ്റക്കാരനായ അസീസും മലയാള സാഹിത്യത്തിന്റെ ദ്വന്ദ്വ വ്യവഹാരങ്ങളാകുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ ഏകകങ്ങള്‍ തന്നെയായിരുന്നു ഓരോ വ്യക്തിയിലും മാപ്പിളമാരെക്കുറിച്ചെഴുതിയപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ആധുനിക ജനാധിപത്യ പൌരനായി ഇന്ന് ഇന്ത്യയില്‍ വിശേഷിപ്പിക്കപ്പെടുന്നത് സവര്‍ണ-മധ്യവര്‍ഗ-ഹിന്ദു പുരുഷനാണ്. ലിംഗ, വംശ, മതപരവുമായ കീഴാളത്തത്തെ (ടൌയമഹലൃിേശ്യ) അനുഭാവപൂര്‍വ്വം എഴുതുന്നതില്‍/ആവിഷ്ക്കരിക്കുന്നതില്‍ കര്‍തൃ സ്ഥാനങ്ങളുടെ വൈവിധ്യ വിന്യാസം ദൃശ്യവല്‍ക്കരിക്കുന്നതില്‍ സാഹിത്യ കലാരൂപങ്ങള്‍ ഏകപക്ഷീയമായ നിലപാടുകളാണ് ഏറെയും സ്വീകരിച്ചിട്ടുള്ളത്. മുസ്ലിമിനെ/ദലിതനെ മെരുക്കിയെടുക്കുന്ന സവര്‍ണ പ്രത്യയ ശാസ്ത്ര പിന്‍ബലമുള്ള മുഖ്യധാര കലാരൂപങ്ങള്‍ അപവാദങ്ങളല്ലാതായി മാറിയിരിക്കുന്നു. ഭീകരവാദ പ്രവണതകളോട് അനിവാര്യമായും വികസിച്ചുവരേണ്ട വിമര്‍ശനം മുസ്ലിം വിദ്വേഷമായി മാറുന്നു. ദേശസ്നേഹം എഴുന്നള്ളിക്കുന്ന നിരവധി അപരവല്‍ക്കരണങ്ങളുടെ സങ്കേതമായ ഉന്മാദദേശീയത (ഇവമ്ൌമിശാ) കലാരൂപങ്ങളുടെ മുഖ്യ പ്രമേയമായി തീര്‍ന്നിരിക്കുന്നു. മതേതരത്വമെന്ന വ്യവഹാരം പ്രിതിനിധാനങ്ങളില്‍ പ്രബല സമൂഹത്തിന്റെ സാംസ്കാരിക വിനിമയങ്ങളോട് കൂട്ടുകൂടുന്നു. അതിനായി കീഴാള ചരിത്രമെഴുത്തിനെയും അവരുടെ വംശ മുദ്രകളെയും അനുഷ്ഠാനങ്ങളെയും ഇകഴ്ത്തി കാണിക്കുന്ന ദൃശ്യപ്രചരണ രീതി ഇന്ത്യന്‍/മലയാള സിനിമ സാഹിത്യങ്ങളില്‍ സമര്‍ഥമായി ആസൂത്രണം ചെയ്തിട്ടുണ്ട്. സവര്‍ണ ഘടനകളുടെ സങ്കീര്‍ണ്ണമായ ഏകാത്മകതക്കെതിരെയുള്ള ഒരു കടന്നാക്രമണമാണ് 'മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍- ചരിത്ര സാഹിത്യ പാഠങ്ങള്‍' എന്ന എം.ടി അന്‍സാരിയുടെ ഈ കൃതി.
ശിഹാബ് പൂക്കോട്ടൂര്‍
വിദ്യാര്‍ഥി ഭവനം
കോഴിക്കോട്-1
9946816996

No comments:

Post a Comment