Tuesday, January 26, 2010

സക്കറിയയും സഖാക്കളും ചില ജനാധിപത്യ വിചാരങ്ങളും


ജനാധിപത്യം ഒരാഘോഷമാണ്. അധികാരവും ആളും അര്‍ത്ഥവുമുള്ളവരുടെ. ഭൂരിപക്ഷത്തിന്റെ ഫാഷിസത്തിനാണ് ഡേമോക്രസി എന്ന് പറയുന്നത്. ജനങ്ങളാല്‍ നിയുക്തമാക്കുന്നതെന്ന് ഒരു അധികപറ്റായും ആശ്വാസത്തിനായും നമുക്ക് വിളിക്കാം. ജനാധിപത്യത്തിന്റെ അധികം നീളമില്ലാത്ത ചരിത്രത്തില്‍ അത്രമേല്‍ ജനായത്തപരമായ ഒരു ഏടും നമുക്കുകാണാന്‍ കഴിയില്ല. ഉള്ളു തുരന്നുനോക്കിയാല്‍ പച്ചയായ വംശീയതയുടെയും ഹിംസയുടെയും പ്രകടമല്ലാത്ത ഒരു ലോകം പുറത്തുചാടാന്‍ വിധത്തില്‍ കയ്യടക്കി വെച്ചിരിക്കുന്നതായി നമുക്ക് ബോധ്യപ്പെടും. പ്രകടമായ ചില ആശ്വാസങ്ങള്‍ കൊണ്ടാണ് ജനാധിപത്യം ഏറെ സ്വീകരിക്കപ്പെട്ടത്. ഭൂരിപക്ഷം അവരുടെ ഹിംസയെ വളരെ സമര്‍ത്ഥവും ആസൂത്രിതവുമായി ഉപയോഗിക്കുന്നത് ജനാധിപത്യക്രമങ്ങളിലൂടെ തന്നെയാണ്. അഡോള്‍ഫ് ഹിറ്റലറും നരേന്ദ്രമോഡിയും ബെനിറ്റോമുസോളിനിയും അധികാരത്തിലെത്തിയത് ഭൂരിപക്ഷത്തിന്റെ പിന്തുണയോടെയാണ്. ഹിംസാത്മകമായ ഫാഷിസ്റ് മൂല്യങ്ങള്‍ കുടില്‍കെട്ടിതാമസിക്കുന്നത് ജനാധിപത്യത്തിന്റെ തെരുവുകളില്‍ തന്നെയാണ്. ന്യൂനപക്ഷമെന്ന് പറയുന്ന സകലവ്യവഹാരങ്ങളെയും ഒതുക്കിനിര്‍ത്താനും അടക്കിഭരിക്കാനും അപരവത്കരിക്കാനും ഔദ്യോഗികമായി നാം ഇതിനെത്തന്നെയാണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. മതന്യൂനപക്ഷം, ഭാഷാ ന്യൂനപക്ഷം, ജാതി ന്യൂനപക്ഷം മറ്റു പൊതുവ്യവഹാരത്തോട് കലഹിക്കുന്ന രാഷ്ട്രീയ പ്രവണതകള്‍, സ്ത്രീവാദം, പരിസ്ഥിതി രാഷ്ട്രീയം, മനുഷ്യവകാശ ഇടപെടലുകള്‍ എന്നിവയെല്ലാം അന്യവത്കരണത്തിന് വിധേയമാകുന്നത് ഭൂരിപക്ഷത്തിന്റെ ഹിതം എന്നുപറയുന്ന രാഷ്ട്രീയ ഹിംസയിലൂടെയാണ്. ജനാധിപത്യം സുഗമമായ ഒരു പോംവഴിയാകുന്നത് അധികാര രാഷ്ട്രീയത്തിനും സ്റേറ്റിനുമാണ്. ഭൂരിപക്ഷത്തിന്റെ വികാരം മാനിക്കുക എന്ന ഫാഷിസ്റ് മാനിഫെസ്റോ തന്നെയാണ് ജനാധിപത്യത്തിന്റെ പേരില്‍ നിര്‍വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരാള്‍ക്കൂട്ടത്തില്‍ എതിരഭിപ്രായം പറയുന്നതിനെയും ഈ യുക്തിവച്ചാണ് വിലയിരുത്തപ്പെടാറുള്ളത്. ഞങ്ങള്‍ക്കെതിരെ നീ എന്താണു പറയുന്നത് എന്നാക്രോശത്തിന്റെ വികസിതരൂപമാണ് രാഷ്ട്രത്തിന്റെ മുഴുവന്‍ വ്യവഹാരങ്ങളും. ഞങ്ങള്‍, നിങ്ങള്‍, അവന്‍, ഞാന്‍ തുടങ്ങിയ വേര്‍തിരിവുകളില്ലാത്ത അധികാര പ്രയോഗങ്ങള്‍ രൂപപ്പെടുന്നില്ല. സര്‍വ്വരും ഞങ്ങളും നിങ്ങളുമാകുന്ന സര്‍വ്വവും സാധ്യമാകുന്ന ഒരു ജനാധിപത്യം പുരോഗമന പരിഷ്കരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷവും സ്വപ്നമായി അവശേഷിക്കുന്നു. ഓരോ അഭിപ്രായ പ്രകടനങ്ങളും ഭൂരിപക്ഷത്തെ തലോടുമ്പോഴാണ് ജനാധിപത്യപരമാകുന്നത്. രാജ്യം ഭരിക്കുന്നവര്‍ മുതല്‍ വാര്‍ഡ് ഭരിക്കുന്നവര്‍ വരെ പ്രയോഗത്തിലാക്കുന്നത് ഈ കാഴ്ച്ചപ്പാടിനെയാണ്. സാധാരണ (ചീൃാമഹ) മായതിനെയാണ് നമ്മള്‍ എപ്പോഴും സ്വീകരിക്കാന്‍ തയ്യാറാവുന്നത്. അസാധാരണമായിതിനെ(ൌയിീൃാമഹ) അയുക്തി ആരോപിച്ചുമാറ്റിനിര്‍ത്താനും വേണമെങ്കില്‍ ബലം പ്രയോഗിച്ച് എടുത്തെറിയാനും ജനാധിപത്യസമൂഹം തയ്യാറാവുന്നു. ഒരു വ്യക്തിയുടെ എഴുത്ത്, പ്രഭാഷണം എന്നിവ കൂടിനില്‍ക്കുന്നവരില്‍ ഭൂരിഭാഗത്തിനും വായിക്കാവുന്ന അല്ലെങ്കില്‍ മുഴുവന്‍ ആളുകള്‍ക്കും ഇഷ്ടപ്പെടുന്നതായിരിക്കണം എന്നാണ് ഇതിന്റെ നേരായ വഴക്കം. വാക്കിനും വരക്കും കലഹിക്കാനും മാറ്റാനും ശക്തിയുണ്ടാകുന്നത് നിലനില്‍ക്കുന്നവ്യവസ്ഥയോട് സര്‍ഗാത്മാകമായി സംവദിക്കുമ്പോഴാണ്. അത്തരത്തിലുള്ള ഒരു മാറ്റത്തിന്റെ സാധ്യതയും അവശേഷിക്കാത്ത വിധം കുഴിച്ചുമൂടാന്‍ മണ്‍വെട്ടിയുമായി പ്രകടനം നടത്തുന്നവരാണ് നമ്മുടെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍. പയ്യന്നൂരില്‍ സക്കറിയയുടെ പ്രസംഗം വിവാദത്തിലാകുന്നത് ഈ ജനാധിപത്യയുക്തിയിലൂടെ പരിണാമം സംഭവിച്ച ഭൂരിപക്ഷമൂല്യങ്ങളെ മാനിച്ചില്ല എന്ന കാരണം കൊണ്ടാണ്. കമ്മ്യൂണിസ്റ് നേതാക്കളുടെ ഒളിവുജീവിതത്തിലെ ചില ഏടുകള്‍ തുറന്നിടാനാണ് അദ്ദേഹം ആ സമയം വിനിയോഗിച്ചത്. ലൈഗിക അരാജകത്വത്തിന്റെ ജീവിതകഥകള്‍ കേരളത്തിലെ ഒളിവില്‍ താമസിച്ച സഖാക്കള്‍ക്ക് മാത്രമല്ല സാക്ഷാല്‍ കാറല്‍മാര്‍ക്സും ചെഗുവേരയും ടിറ്റോയും സ്റാലിനുമൊക്കെയുണ്ടായിരുന്നു. ഏറെ വിസ്തരിച്ചഴുതാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. ജീവിക്കുന്നവരും ഒളിവില്‍ താമസിക്കാത്തവരുമായ സഖാക്കള്‍ക്കും പറയാനുള്ളത് മറ്റൊരു ചരിത്രവുമല്ല. സക്കറിയ ന്യായീകരിച്ച ഉണ്ണിത്താന്‍ ഉദാര ലൈംഗികതയെ അംഗീകരിക്കുന്ന വ്യക്തിയെല്ലെന്നുമാത്രമല്ല വളരെയധികം സദാചാരനാട്യം പുലര്‍ത്തുന്നയാളുമാണ്. സൂഫിയയെ കണ്ടിട്ടാണ് പിണറായി വിജയന്‍ മഅ്ദനിയുമായി കൂട്ടുകെട്ടുണ്ടാക്കിയതെന്ന വായില്‍ കൊള്ളാത്ത അസഭ്യം ചാനലിലൂടെ ചര്‍ദ്ദിച്ച 'വിശുദ്ധ ദേഹ'മാണ് ഉണ്ണിത്താന്‍. അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയും വരേണ്യ രാഷ്ട്രീയ മൂല്യങ്ങളുടെ കൂടാരമാണ്. എന്നാല്‍ പോലും നവലൈഗികവാദത്തിന്റെ വക്താവാണ് സക്കറിയ എന്നപറഞ്ഞൊഴിയുന്നതിനു പകരം ഇതിന്റെ കൃത്യമായ രാഷ്ട്രീയവും നമുക്ക് പരിശോധിക്കേണ്ടിവരും. പയ്യന്നൂരിലെ ചിത്രലേഖ എന്ന വനിത ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ സി.ഐ.ടി.യുവില്‍ ചേരാത്തതിന് പ്രവര്‍ത്തകര്‍ ആക്രമണവും ബഹിഷ്കരണവും അഴിച്ചിവിട്ടതും, എസ്.ഐ.ഒ നടത്തിയ പ്രക്ഷോഭ യാത്രയെ ഭീകരമായി പയ്യന്നൂരില്‍ വെച്ച് കൈകാര്യം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തനവും നമ്മള്‍ കൂട്ടി വായിക്കേണ്ടതുണ്ട്. തങ്ങള്‍ക്കാധിപത്യമുള്ള സ്ഥലങ്ങളില്‍ ആരാണ് എതിരഭിപ്രായം പറയുന്നതെന്ന വിഷലിപ്തമായ ആക്രോശങ്ങള്‍ക്ക് ഇവിടെ സ്വീകാര്യത ലഭിച്ച് കൊണ്ടിരിക്കുന്നു. ഭൂരിപക്ഷത്തിന് ഹിതകരമല്ലാത്ത ജീവിതരീതിവെച്ച് പുലര്‍ത്തുന്നവരെ ഭീകരവാദികളും തീവ്രവാദികളുമാക്കുന്ന രാഷ്ട്രീയം ഇവിടെ ആധിപത്യമുറപ്പിച്ചിരിക്കുകയാണ്. വര്‍ഗ്ഗസമരത്തിന്റെ ആവശ്യകതയെക്കുറിച്ച് ജന്മിമാരുടെ മുന്നില്‍ വീറോടെ വാദിച്ച് ജയിച്ചുകയറിയ ഒരു കാലഘട്ടത്തില്‍ കമ്മ്യൂണിസ്റുകാരും ഈ യുക്തിയുടെ അടിസ്ഥാനത്തിലായിരുന്നു കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. മര്‍ദ്ദനവും ഭ്രഷ്ടും തെറിയും ഏറ്റുവാങ്ങിയാണ് മാര്‍ക്സിസ്റ് പാര്‍ട്ടിയും വളര്‍ന്നുവന്നത്. ലോകാടിസ്ഥാനത്തില്‍ ജൂതരും ഈയര്‍ത്ഥത്തിലായിരുന്നു ജീവിച്ചിരുന്നത്. നിന്ദിതരും പീഡിതരുമായിരുന്ന ജൂതന്മാരും കമ്മ്യൂണിസ്റുകാരും പില്‍കാലത്ത് അവരുടെ അധികാര ജീവിതങ്ങള്‍ ആഘോഷിച്ചത്, പരനിന്ദയിലൂടെയും പീഡനത്തിലൂടെയുമാണ്. അനുഭവങ്ങളെ തെറ്റായി വായിച്ചെടുക്കുകയും ആ തെറ്റിനെ പ്രത്യയശാസ്ത്രപരമായ ബാധ്യതയായും അവര്‍ മനസ്സിലാക്കിതുടങ്ങി. കമ്മ്യൂണിസ്റ് രാഷ്ട്രങ്ങളുടെ അതിവേഗതകര്‍ച്ചയില്‍ ഈ അടിച്ചമര്‍ത്തല്‍ നയത്തിന് വലിയ പങ്കുണ്ടായിരുന്നു. പ്രഗത്ഭരായ ശാസ്ത്രജ്ഞരെ നാടുകടത്തിയും എഴുത്തുകാരെ തൂക്കിലേറ്റിയും മതസ്ഥാപനങ്ങളെ തച്ചുതകര്‍ത്തും അവര്‍ നിലനിര്‍ത്തിയ ഏക പ്രത്യയശാസ്ത്രത്തിന്റെ അടിപതറിയത് മനുഷ്യസാതന്ത്യ്രത്തിന് അവര്‍ കല്പിച്ച നിഷ്ഠൂരമായ വിലക്കുകളിലൂടെയായിരുന്നു. മനുഷ്യന്റെ സ്വകാരസ്വത്ത് നിഷേധിച്ചത് പോലെ വികസനോമുഖമായ അവന്റെ ഇച്ഛകളെയും ഏകീകരിക്കാനുള്ള സംഘര്‍ഷാത്മകമായ ശ്രമങ്ങളാണ് സോവിയറ്റ് യൂനിയന്റെ ചരിത്രത്തില്‍ കമ്മ്യൂണിസത്തെ ഒരു പുരാവസ്തുവാക്കി മാറ്റിയത്. ഇസ്ലാമിക രാജ്യങ്ങളിലും ചില കാലയളവുകളില്‍ ഏകാധിപത്യം നിലനിന്നപ്പോഴും അവര്‍ നല്‍കിയ ആവിഷ്കാര സ്വാതന്ത്യ്രങ്ങളാണ് ആ രാജ്യങ്ങളുടെ വികാസത്തിന് വഴിവെച്ചത്. ആവിഷ്കാര സ്വാതന്ത്രത്തിന് വിലങ്ങുകള്‍ വെക്കാന്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പ്രശോഭിതമായ അതിന്റെ ഏടുകളും അപത്യക്ഷമാവാന്‍ തുടങ്ങിയിരുന്നു. ഒരു പ്രത്യയ ശാസ്ത്രത്തിന്റെ ഈടുകൊണ്ടും കനം കൊണ്ടുമാത്രമതിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയില്ലെന്നു മാത്രമല്ല, മറിച്ച് മനുഷ്യന്‍ ഇടപെടുന്ന സര്‍വ്വമേഖലകളിലും അതിന്റെ മുഴുവന്‍ സ്വാതന്ത്യ്രത്തോടെയും തലയുയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുമ്പോള്‍ കൂടിയാണ് അതിന് നിലനില്‍പ് സാധ്യമാവുന്നത്. ഒരു വ്യക്തിയുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് നേരെ സമൂഹം അസാധാരണമാം വിധം ജാഗ്രതപുലര്‍ത്തുമ്പോള്‍ സംഭവിക്കുന്നത് ഫാഷിസത്തിന്റെ വളര്‍ച്ച തന്നെയാണ്. സക്കറിയയുടെ അഭിപ്രായ പ്രകടനങ്ങള്‍ സി.പി.എമ്മിന് ഇഷ്ടകരമായില്ലെയെന്നതിനെ അവര്‍ നേരിട്ടതും ജനാധിപത്യമെന്ന ഭൂരിപക്ഷത്തിന്റെ വ്യവഹാരത്തിലൂടെയാണ്. നമ്മുടെ ഡെമോക്രസിയും ഏകാധിപത്യവും തമ്മിലുള്ള അത്ഭുതകരമാംവിധമുള്ള ചേര്‍ച്ചകളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഞങ്ങളല്ല നാട്ടുക്കാരാണ് അദ്ദേഹത്തെ കൈകാര്യം ചെയ്തതെന്ന ന്യായത്തിലും ഈ ബോധം പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ കേരളത്തിന്റെ അധികം ദൂരമില്ലാത്ത ചരിത്രത്തിലും വര്‍ത്തമാനകാലത്തെ കലാലയങ്ങളിലും ഇടതുപക്ഷം പുലര്‍ത്തിപോരുന്ന ജനാധിപത്യജാഗ്രതയും സംവാദാത്മക തിളക്കവും സംശയിക്കപ്പെടേണ്ടതാകുന്നു. 'ഞങ്ങള്‍ ആരെയും തടയുന്നില്ല' എന്ന് ഒറ്റവാക്യത്തില്‍ പ്രയോഗിച്ച് സായൂജ്യമടയുന്ന ഡിഫിക്കാരും എസ്.എഫ്.ഐക്കാരും സമഗ്രാധിപത്യ പ്രവണതകളുടെ ഭീഭത്സമായ പ്രായോഗിക വല്‍ക്കരണമാണ് ഞങ്ങള്‍ ഉദ്ദേശിച്ചെതെന്ന് ഉറക്കെ പറയേണ്ടിവരും. കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ മാത്രമാണ് ഹിംസയുടെയും ആക്രമണങ്ങളുടെയും സംഭവങ്ങളുള്ളതെന്ന് ഇതിനര്‍ത്ഥമില്ല. കമ്മ്യൂണിസ്റ്, സിഖ്, മുസ്ലിം വിരുദ്ധതയിലൂടെ ബി.ജെ.പിയും കോണ്‍ഗ്രസ്സും മലപ്പുറം ജില്ലയിലെ ചില സ്ഥലങ്ങളില്‍ എ.പി. വിഭാഗക്കാരായ സുന്നികള്‍ക്കെതിരെ ലീഗുക്കാരും നിഷ്ഠൂരമായ മര്‍ദ്ദനങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്. പക്ഷെ പുരോഗമനമെന്നും നവോത്ഥാനമെന്നും പറയുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന സര്‍ഗാത്മകജനാധിപത്യ വിരുദ്ധവവികാരങ്ങളെ മറ്റുള്ളവയില്‍ നിന്നും വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ നമ്മുടെ ജനാധിപത്യമെന്ന വ്യവഹാരത്തിനുമാത്രമല്ല 'പുരോഗമനം' 'നവോത്ഥാനം' എന്നീ പദങ്ങള്‍ക്കും ചില നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്ന് നാം സമ്മതിക്കേണ്ടിവരും.
വ്യാജവാദങ്ങളും വ്യാജപരിവേഷങ്ങളും ഫാഷിസ്റ് പ്രചാരണത്തിന്റെ പൊതുസവിശേഷതകളാണ്. ചില പ്രത്യേക വിഭാഗങ്ങളെയും അഭിപ്രായപ്രകടനങ്ങളെയും ചൂണ്ടിക്കാട്ടി വിഭ്രാന്തിജനിപ്പിക്കല്‍ ഇതിന്റെ ഭാഗമാണ്. ജനാധിപത്യത്തിന്റെ കിടപ്പറയില്‍ തന്നെയാണ് ഫാഷിസം മണിയറയൊരുക്കുന്നത്. ജനാധിപത്യത്തിനുണ്ടെന്ന് പറയപ്പെടുന്ന സവിശേഷമായ വൈവിധ്യങ്ങളെ ഉപയോഗപ്പെടുത്തി വളര്‍ന്ന് പന്തലിച്ച് മസില്‍പവറും കുറുവടിയും, സൈക്കിള്‍ചെയിനും ഉപയോഗിച്ച് അവനിലനിര്‍ത്താനുമാണ് എല്ലാ സമഗ്രാധിപത്യ രാഷ്ട്രീയസംഘടനകളും ശ്രമിച്ചിട്ടുള്ളത്. മുസോളിനിയും ഹിറ്റ്ലറും മോഡിയും ജനാധിപത്യത്തിന് പുറത്ത് കുടില്‍ കെട്ടി കാത്തിരുന്നവരായിരുന്നില്ല. സാംസ്ക്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കാനും ഉയര്‍ന്ന ബൌദ്ധിക സംവാദങ്ങളെ ആദരിക്കാനും കഴിയാത്ത ഏത് സംഘടനയും അധികം ദൂരം സഞ്ചരിക്കാന്‍ കിതക്കേണ്ടി വരും. കേരളത്തിലെ കലാലയങ്ങളില്‍ എസ്.ഐ.ഒ അടക്കമുള്ള വിദ്യാര്‍ഥി കൂട്ടായ്മകളോട് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന പുലര്‍ത്തുന്ന സമീപനവും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. വലതുപക്ഷം പിന്തിരിപ്പന്‍, വര്‍ഗീയം എന്നിങ്ങനെ തരം തിരിച്ച് അന്യവല്‍കരണം നടത്തി തങ്ങളുടെ 'കോളര്‍പിടിക്കല്‍' യജ്ഞനത്തിന് മാറ്റുകൂട്ടുന്നവര്‍ ചെരിഞ്ഞ് കിടന്ന് വിശ്രമിക്കുന്നത് സര്‍ഗാത്മകതയുടെ അന്തരീക്ഷം വിളഞ്ഞ് നിന്ന പ്രക്ഷുബ്ധ യൌവ്വനത്തിന്റെ മടിത്തട്ടിലല്ല. പുരോഗമനഭീകരതയുടെ മാറിലാണ്. മതത്തിന് പൊതുപ്രശ്നങ്ങളിലും പൊതുസമൂഹത്തിലും ഇടപെടാന്‍ പാടില്ലെന്ന പുരോഗമനയുക്തി എത്രമേല്‍ മുസ്ലിം/ കീഴാളവിരുദ്ധമാണെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. മതത്തിന് ചരിത്രഘട്ടത്തില്‍ സംഭവിച്ച വികാസങ്ങള്‍ക്ക് നേരെ കണ്ണടച്ച് മതത്തിന് സാധ്യമാകുന്ന ഒരു ജനാധിപത്യ ക്രമത്തെ വീണ്ടെടുക്കാനുള്ള എസ്.ഐ.ഒവിന്റെ ശ്രമങ്ങളെ അതിനിഷ്ഠൂരമായ രീതിയിലായിരുന്നു ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന കൈകാര്യം ചെയ്തത്. ജനാധിപത്യ സമൂഹത്തില്‍ സ്ഥാപിതമാവേണ്ട സംവാദാത്മകവും സര്‍ഗാത്മകവുമായ ഒരിടത്തെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പുരോഗമനസോഷ്യലിസ്റ് വ്യവഹാരങ്ങള്‍ കൈകാര്യംചെയ്തത് ഫാഷിസ്റ് ദ്രംഷ്ടകളിലൂടെയാണ്. പൊതുമണ്ഡലത്തെ അശുദ്ധമാക്കുന്ന മതം ഏതാണെന്ന ഉറക്കെയുള്ള പ്രഖ്യാപനം കൂടിയാണ് ഇതിലൂടെ നിര്‍വഹിക്കപ്പെടുന്നത്. ഏകാധിപത്യപ്രവണതകള്‍ നിലനിര്‍ത്തുന്നത് കൈകരുത്ത് കൊണ്ടുമാത്രമാണ്. പ്രത്യയശാസ്ത്രപരമായ ദൌര്‍ബല്യമാണ് ഈ അനാവശ്യമായ കൈകരുത്തിന് അവരെ പ്രേരിപ്പിക്കുന്നത്. മതമെന്നാല്‍ വര്‍ഗീയം മതേതരമെന്നാല്‍ വിശുദ്ധം എന്ന മുന്‍വിധികള്‍ എസ്.എഫ്.ഐ പോലത്ത സംഘടനകളുടെ ഭീകരതയെ ലാഘവത്തോടെ കഴുകിക്കളയാന്‍ സാധിക്കുന്നത്. കാമ്പസുകളില്‍ എസ്.ഐ.ഒ ഉയര്‍ത്തിയ മനുഷ്യവകാശ പ്രശ്നങ്ങളോട് ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ കഴുമരമൊരുക്കിയായിരുന്നു അവര്‍ പ്രതികരിച്ചത്. ഗ്വാണ്ടനാമോ അടച്ചുപൂട്ടുക, എന്ന പ്രമേയവുമായി അന്തര്‍ദേശീയ മനുഷ്യവകാശ പോരാട്ടങ്ങളോട് എസ്.ഐ.ഒ ഐക്യദാര്‍ഢ്യം നടത്തിയപ്പോള്‍ അതിനെതിരെ മസില്‍പവറും പട്ടികയും കുറുവടിയും ഉപയോഗിച്ച് കേരളത്തിലെ കലാലയങ്ങളെ അബൂഗുറൈബും, ഗ്വാണ്ടനാമോകളുമാക്കി മാറ്റി തീര്‍ക്കാനാണ് ജനാധിപത്യ മതേതര, സോഷ്യലിസ്റ് പിന്‍ബലമുള്ളവര്‍ ശ്രമിച്ചത്. ഹിരോഷിമ, നാഗസാക്കി, ഐക്യദാര്‍ഢ്യപരിപാടികള്‍ വരെ കൈ കരുത്ത് കൊണ്ട് നേരിട്ട് സി.ഐ.ടി.യും, ഡി.വൈ.എഫ്.ഐയും ഹിരോഷിമയും നാഗസാക്കിയും സൃഷ്ടിച്ചവരുടെ കൂടെ നില്‍ക്കാനാണ് താല്‍പര്യപ്പെടുന്നത്. സയണിസത്തിന്റെ ടാങ്കുകള്‍ ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളുടെ നെഞ്ചകം പിളര്‍ത്തി മുന്നേറുമ്പോള്‍ ലോകം മുഴുവന്‍ കത്തി നില്‍ക്കുന്ന ഫ്രീഗാസ പ്രതിഷേധ പ്രകടനങ്ങള്‍, തീഷ്ണമായ സമരങ്ങള്‍ എന്നിവയോടനുബന്ധിച്ച കാമ്പസുകളില്‍ ഫ്രീ ഗാസാ വരമാചരിച്ചപ്പോള്‍ അതിന്റെ പ്രകടനങ്ങള്‍ കണ്ണുരുട്ടി തടയാനും പോസ്റുകളും ബാനറുകളും കീറിയെറിഞ്ഞ് സ്വാതന്ത്യ്രം, ജനാധിപത്യം, സോഷ്യലിസം, സിന്ദാബാദ് എന്നൊക്കൊ മുദ്രാവാക്യം വിളിക്കാനും തയ്യാറായത് ആരായിരുന്നു?. ജനാധിപത്യം ചവിട്ടിയരക്കുമ്പോള്‍ നടക്കുന്ന കൂട്ട നിലവിളികളെ അബശബ്ദങ്ങളായി കണക്കാക്കുന്നവര്‍ ഫാഷിസത്തിന്റെ അക്കൌണ്ടിലാണ് വരവുവെക്കുന്നത്. എസ്.ഐ.ഒ-എസ്.എഫ്.ഐ സംഘര്‍ഷത്തിന്റെ പൊതുതലം ജനാധിപത്യ സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളാണ്. ഗ്വാണ്ടനാമോ അടച്ച് പൂട്ടുക, ഫ്രീഗാസ, ഹിരോഷിമ, നാഗസാക്കി, ഫ്രീ ബിനായക് സെന്‍, പ്രതിഷേധ പരിപാടികള്‍ തുടങ്ങിയ മനുഷ്യവകാശ പ്രശ്നങ്ങളിലും ജനാധിപത്യസ്വാതന്ത്യ്ര സംഘര്‍ഷങ്ങളിലും എസ്.ഐ.ഒ വ്യക്തമായ നിലപാടെടുത്തപ്പോള്‍ മറുചേരിയില്‍ അണിനിരന്നത് എസ്.എഫ്.ഐ ആയിരുന്നു. സ്വാശ്രയ വിദ്യാഭ്യാസസമരമാണ് കുട്ടിസഖാക്കളുടെ പുന്നപ്രയും വയലാറും. ഈ സമരങ്ങളില്‍ ചോരയൊഴിക്കിയവരില്‍ മുഴുവന്‍ പിന്നാക്ക ദലിത് വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളായിരുന്നു. കേളികേട്ട സ്വാശ്രയ സമരത്തില്‍ പങ്കെടുത്ത ദലിതരല്ലാത്ത വിദ്യാര്‍ഥികള്‍ എത്രയാണ്? സംഘടനക്ക് വേണ്ടി വെയിലും മഴയും കൊണ്ട് പ്രവര്‍ത്തിച്ചവരും അടിയും ഇടിയും ഏറ്റവരും പിന്നീട് സംഘടനയുടെയോ പാര്‍ട്ടിയുടെയോ ഭാഗവാക്കായി നിന്നില്ല. എന്നുമാത്രമല്ല എസ്.എഫ്.ഐ വിരുദ്ധപക്ഷത്ത് നില്‍ക്കുകയും ചെയ്തത് എന്ത് കൊണ്ടായിരുന്നു. അവരുടെ അഭിപ്രായപ്രകടനങ്ങളെ എങ്ങനെയാണ് സി.പി.എം അടക്കമുള്ള സംഘടനകള്‍ കൈകാര്യം ചെയ്യുന്നത്. കൂടെ ചേരാത്തവരെ കായികമായി നേരിടുകയെന്ന മനോഭാവമാണ് പുരോഗമനവ്യവഹാരത്തിന്റെ പേറ്റന്റെടുത്തവരിലും ഉള്ളടങ്ങിയിട്ടുള്ളത്. എതിര്‍നോമിനേഷനുകളെ സ്ഥാനാര്‍ഥികളെ, നിറം മാറിയ കൊടികെട്ടുന്നവരെ, തങ്ങളുടേതല്ലാത്ത ആശയം പ്രകടിപ്പിക്കുന്നവരെ എതിരഭിപ്രായം പറയുന്നവരെ, വ്യത്യസ്ത പോസ്ററൊട്ടിക്കുന്നവരെ കൊട്ട്വേഷനടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുന്നവരാണ് ആധുനിക ജനാധിപത്യസോഷിലിസ്റ് വാദികള്‍! സമരത്തിന്റെ ധാര്‍മികത അധികാരമാണ് നിശ്ചയിക്കുന്നതെന്ന ഫ്യൂഡല്‍ പ്രവണതകള്‍ തന്നെയാണ് ഇടതുപാര്‍ട്ടികളുടെയും പ്രത്യയശാസ്ത്രമായി വര്‍ത്തിക്കുന്നത്. സക്കറിയക്ക് കിട്ടിയ അടി നാട്ടുക്കാര്‍ കൊടുത്തതാണെന്ന് ആയിരം വേദികളില്‍ ആയിരം സഖാക്കള്‍ ഒന്നിച്ചിരുന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ആരെകിട്ടിയാലും കേരളത്തിലെ കാമ്പസുകളില്‍ നിന്ന് ഒരാളെയും കിട്ടുകയില്ല. സക്കറിയക്ക് ലഭിച്ച മര്‍ദ്ദനത്തിന്റെ സമയത്തെങ്കിലും ജനാധിപത്യത്തെക്കുറിച്ചും പുരോഗമന നവോത്ഥാന ജാഡകളെക്കുറിച്ചും അല്പം വിസ്തരിച്ചെഴുതാന്‍ നമ്മുടെ സാംസ്കാരിക ബുജികള്‍ തയ്യാറാവണം. നമ്മുടെ പാര്‍ട്ടിയുടെ ഹുങ്കിന്റെയും മുഷ്കിന്റെയും വീരഗാഥകളാണ് കേരളചരിത്രമെന്ന മിഥ്യയില്‍ അഭിരമിച്ചിരുന്നാല്‍ പയ്യന്നൂര് വീണ്ടും ആവര്‍ത്തിക്കപ്പെടും. മെയിന്‍ കാഫ് വായിച്ച് ഹിറ്റ്ലറെ സ്വപ്നം കണ്ട് മുസോളിനിയെ ധ്യാനിച്ച് സ്റാലിന്റെ പടവും തൂക്കി മോഡിയുടെ കുറുവടിയും പിടിച്ച് സ്വാതന്ത്യ്രം, ജനാധിപത്യം, സോഷ്യലിസം, പുരോഗമനം, നവോത്ഥാനം എന്ന് പറയുമ്പോള്‍ ചിരിക്കുകയല്ലാതെ നാമെന്ത് ചെയ്യും.

No comments:

Post a Comment