Wednesday, February 3, 2010

ദേശീയത : അപരവല്‍ക്കരണത്തിന്റെ സങ്കേതങ്ങള്‍


ദേശീയത നിരവധി അപരവല്‍ക്കരണങ്ങളുടെ സങ്കേതമാണ്. പ്രശ്ന വല്‍കൃതമായ പ്രത്യയശാസ്ത്രവുമാണ്. അയല്‍രാജ്യങ്ങളെ മാത്രമല്ല ഓരോ രാഷ്ട്രത്തിലെയും പ്രബലരല്ലാത്ത ജനസമൂഹത്തെയും ദേശീയത അന്യവല്‍ക്കരിക്കുന്നുണ്ട്. ഇന്ത്യയില്‍ മുസ്ലിം, സിഖ്, ശ്രീലങ്കയില്‍ തമിഴ് ജനത തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. ഇന്ത്യയില്‍ സമീപകാലത്ത് നടന്ന ഭീകരവേട്ട, മുസ്ലിം വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊല്ലല്‍, യുവാക്കളെ അറസ്റു ചെയ്യല്‍ മുഴുവന്‍ ഈ അന്യവല്‍ക്കരണത്തിന്റെ തുടര്‍ച്ചകള്‍ തന്നെയാണ്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാവുന്ന പ്രദേശങ്ങളും ദേശീയതയുടെ കീഴില്‍ അപരവല്‍ക്കരണത്തിനും/ ദേശദ്രോഹമെന്ന വിളിപ്പേരുകള്‍ക്കും വിധേയമാവാറുണ്ട്. ജമ്മു കാശ്മീര്‍ (മുസ്ലിം ഭൂരിപക്ഷം) നാഗാലാന്റ് (ക്രിസ്ത്യന്‍ ഭൂരിപക്ഷം) പഞ്ചാബ് (സിഖ് ഭൂരിപക്ഷം) തുടങ്ങിയവയുടെ പ്രശ്നങ്ങളെ നമ്മുടെ പൊതുബോധം വിലയിരുത്തുന്നത് ദേശീയ വിരുദ്ധ സമീപനങ്ങളായിട്ടാണ്.
ദേശീയത ആധുനിക ലോകത്തിന്റെ സൃഷ്ടിയാണ്. ദേശീയതയും സ്വരാജ്യസ്നേഹവും പതിനെട്ടാം നൂറ്റാണ്ടിന്റെ സംഭാവനയാണ്. പതിനെട്ടാം നൂറ്റാണ്ടിന് മുമ്പ് ജനങ്ങള്‍ തങ്ങളുടെ കൂറ് പ്രഖ്യാപിച്ചിരുന്നത് സ്വസമുദായത്തോടോ, വംശത്തോടോ, ജന്മിമാരാടോ, രാജാക്കന്മാരാടോ മതങ്ങളോടോ ആയിരുന്നു. 1789 ലെ ഫ്രഞ്ച് വിപ്ളവത്തോട് കൂടിയാണ് ദേശീയത ശക്തി പ്രാപിക്കുന്നത്. സ്വാതന്ത്യ്രം, സമത്വം, സാഹോദര്യം, എന്ന മുദ്രാവാക്യവുമായി ലൂയി പതിനാറാമന്റെ സ്വേഛാധിപത്യ ഭരണത്തിനെതിരെ നടന്ന ദേശീയ പ്രക്ഷോഭമാണ് ഫ്രഞ്ച് വിപ്ളവം. ഈ ആവേശത്തില്‍ നിന്നാണ് യൂറോപ്പില്‍ ദേശീയ ബോധം ഉയര്‍ന്നു വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലാണു ദേശീയാടിസ്ഥാനത്തിലുള്ള ഏകീകരണത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ രൂപം കൊണ്ടത്. ഇങ്ങനെ ദേശീയ വികാരത്തില്‍ നിന്ന് രൂപം കൊണ്ട രണ്ടു രാഷ്ട്രങ്ങളാണു ഇറ്റലിയും ജര്‍മ്മിനിയും. ജോസഫ് മസീനിയും ഗ്യാരിബാള്‍ഡിയും ചേര്‍ന്ന് നയിച്ച യംഗ് ഇറ്റലി എന്ന പ്രസ്ഥാനം ഇറ്റലിയെ വിദേശാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച് ഏകീകരിച്ചു. പോപ്പിന്റെ ഭരണം വത്തിക്കാന്‍ സിറ്റിയില്‍ മാത്രമാക്കി. നാസിസത്തിന്റെയും ഫാസിസത്തിന്റെയും ദേശീയതയിലധിഷ്ഠിതമായ അതിക്രമങ്ങള്‍ ലോകചരിത്രത്തില്‍ തുല്യതയല്ലാത്തതാണ്. സോഷ്യലിസവും ഇത് തന്നെ തുടര്‍ന്നു. 1914 ല്‍ യുദ്ധം തുടങ്ങിയപ്പോള്‍ യൂറോപ്യന്‍ സോഷ്യലിസ്റുകള്‍ സാര്‍വ്വ ദേശീയത കൈവെടിയുകയും ദേശീയത പുണരുകയും ചെയ്തു. 1917 ല്‍ ഒക്ടോബര്‍ വിപ്ളവ കാലത്ത് കമ്മ്യൂണിസ്റുകാര്‍ അന്തര്‍ ദേശീയ തൊഴിലാളി ഐക്യത്തെ പറ്റി സംസാരിച്ചിരുന്നുവെങ്കിലും പിന്നീട് അതിര്‍ത്തിക്കുള്ളിലെ ദേശീയവാദികളായി മാറുകയും ചെയ്തു. ചൈന, ക്യൂബ, വിയറ്റ്നാം എന്നിവിടങ്ങളിലും പാര്‍ട്ടി സ്വന്തം ദേശീയത കെട്ടിപ്പടുത്തു. ഏഷ്യയിലും ആഫ്രിക്കയിലും ദേശീയത പടര്‍ന്നതു സാമ്രാജ്യത്വ വിരുദ്ധ സമരത്തോട് കൂടിയാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇന്ത്യയിലും ഈജിപ്തിലും ദേശീയ സമരങ്ങള്‍ വിജയം കണ്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ 66 പുതിയ രാഷ്ട്രങ്ങള്‍ രൂപം കൊണ്ടു. അങ്ങനെ ദേശീയത അന്താരാഷ്ട്ര രാഷ്ട്രീയ രംഗത്ത് പ്രബല ഘടകമായി നിലകൊണ്ടു.
ദേശീയത എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഭൂപടത്തിലെ അതിര്‍ത്തി രേഖക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തോടുള്ള സ്വരാജ്യ സ്നേഹമാണ്. ഈ പ്രദേശം ഏകവും അഖണ്ഡവുമായ ഒരു രാഷ്ട്രമാണെന്നും അതിനോടുള്ള ജാതിമത പ്രാദേശിക ഭേദമന്യേയുള്ള സ്നേഹം സംഘടിപ്പിക്കലാണു ദേശീയത. ഇതൊരു സാമൂഹിക ബോധമാണ്. ഒരു രാജ്യത്തെ ജനതയെ കൂട്ടിയിണക്കുന്ന വൈകാരിക ഭാവമാണ് ദേശീയത. ഇതിനു പലമാനങ്ങളുണ്ട്. പലരും ഇതിനെ പല രൂപത്തിലാണു കാണുന്നത്. വ്യക്തി, കുടുംബം, സമൂഹം, ദേശം, സാര്‍വ്വ ദേശീയത ഇവ മാനവ രാശിയുടെ ഔന്നത്യത്തിലേക്കുള്ള വളര്‍ച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളാണ്. അവ പരസ്പരം ഏറ്റുമുട്ടുന്നില്ല. ഒരു ഘട്ടത്തില്‍ നിന്നാണ് അടുത്ത ഘട്ടം രൂപം കൊള്ളുന്നത്. വ്യക്തിയും കുടുംബവും, കുടുംബവും സമൂഹവും പോലെ. കടുംബസൃഷ്ടിക്ക് അനിവാര്യമായത് പോലെ സമൂഹ സൃഷ്ടിക്ക് കുടുംബങ്ങളും സാര്‍വ്വദേശീയതയുടെ രൂപീകരണത്തിന് ദേശീയതയും സന്ധി ചെയ്യുന്നു.
ദേശീയതയുടെ മറുവശം സങ്കുചിതമാണ്. ഇന്ത്യയിലെ സവര്‍ണ ദേശീയത പ്രതിനിധീകരിക്കുന്നത് ഉന്മാദ ദേശീയ വികാരത്തെയാണ്. പ്രാദേശികതയെ നിരന്തരം ചെറുത്തു തോല്‍പ്പിക്കാന്‍ ദേശീയ വികാരം എപ്പോഴും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കണം. വൈദേശിക ശക്തികളുടെ എതിര്‍പ്പിനെ വിജയപൂര്‍വ്വം നേരിടാന്‍ വേണ്ടിയുള്ള മനോഭാവവും സൈനിക സജ്ജീകരണവും അനിവാര്യമാണ്. ഒരു സംസ്കാരം, ഒരു ദേശം ഇതാണ് ഇന്ത്യയിലെ ദേശീയവാദികളുടെ കാഴ്ചപ്പാട്. ദേശീയതയും വംശീയതയും ചേര്‍ന്ന് അപകടകരമായ കൂട്ടുകെട്ട് ഉണ്ടാവുന്നു. ഇരുപതാം നൂറ്റാണ്ടിലെ ദുരന്തങ്ങളായ വംശഹത്യകള്‍ നടത്തിയത് വംശീയതയിലധിഷ്ഠിതമായ ദേശീയതയാണ്. വംശത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ദേശീയത അപകടകരവും ജനാധിപത്യ വിരുദ്ധവും ഫാസിസ്റ് മുഖവുമുള്ളതുമാവുന്നു. ഇത്തരം ദേശീയത ഒരു പൊതുവീക്ഷണത്തോടു കൂടിയല്ല മറിച്ച് സമൂഹത്തിലെ പ്രബലായവരുടെ വീക്ഷണകോണിലൂന്നിയതാണ്. തങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരും ഉന്നതരമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇത്തരം ദേശീയത അതിന്റെ തീവ്രരൂപത്തില്‍ വംശഹത്യയെയും കൂട്ടക്കുരുതിയെയും അംഗീകരിക്കുന്നു. ഇതിനു ഉദാഹരണങ്ങളാണ് ജൂതന്മാര്‍ക്കെതിരെ നടന്ന നാസിക്കൂട്ടക്കൊല. മുസ്ലിംകള്‍ക്കെതിരായ സെര്‍ബ് കുരുതി, ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശം എന്നിവ. വംശ ദേശീയത വളരെ അപകടകരമാണെന്നു പറയുന്നത് മിക്ക രാജ്യങ്ങളിലും വ്യത്യസ്ത വംശങ്ങള്‍ ഇടകലര്‍ന്നാണ് ജീവിക്കുന്നത് എന്നതുകൊണ്ടാണ്. ഇംഗ്ളണ്ടില്‍ സ്കോട്സ്, വെല്‍ഷ്, ഐറിഷ്, ഇംഗ്ളീഷുകാര്‍ എന്നിവരുണ്ട്. ഇന്ത്യ മത, ഭാഷ ദേശ വൈജാത്യമുള്ള വിവിധ ജനവിഭാഗങ്ങളെയും സംസ്കാരത്തെയും ഉള്‍ക്കൊള്ളുന്നു. മറ്റു രാജ്യങ്ങളിലെല്ലാം പല വിഭാഗം ജനങ്ങള്‍ ഇടകലര്‍ന്നു വസിക്കുന്നു. ശ്രീലങ്ക, മലേഷ്യ എന്നീ രാജ്യങ്ങള്‍ സിംഹളരുടെയും മലായ് നിവാസികളുടെയും മാതൃരാജ്യമായാണ് അറിയപ്പെടുന്നതെങ്കിലും ഈ രാജ്യങ്ങള്‍ കുടിയേറ്റം മൂലമുള്ള വൈവിധ്യ സമൂഹത്തെ ഉള്‍ക്കൊള്ളുന്നു. ഇന്ത്യ, നൈജീരിയ എന്നിവ നാനാജാതി മതസ്ഥരുടെ ദേശമാണ്. കരീബിയന്‍ നാടുകളുടെ കാര്യവും വിത്യസ്തമല്ല. വടക്കെ അമേരിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ കുടിയേറിയ യൂറോപ്യരുടെയും അമേരിക്കന്‍ ഇന്ത്യക്കാരുടെയും സങ്കര സമൂഹം വസിക്കുന്നു.
ഒരു രാഷ്ട്രം ജനിച്ച് കഴിഞ്ഞാല്‍ ഉടന്‍ അവിടത്തെ ഭരണകൂടത്തിന്റെ പ്രധാന ചുമതല ജനങ്ങളില്‍ ദേശീയ ബോധം വളര്‍ത്തുകയാണ്. എങ്കിലെ സൈനികവും രാഷ്ട്രീയവുമായ ശക്തി കൈവരിക്കാന്‍ പറ്റുകയുള്ളൂ. ലാത്വിയ, ഉക്രൈന്‍, ചെച്നിയ എന്നിവിടങ്ങളിലെ ദേശീയ പ്രക്ഷോഭം സോവിയറ്റ് റഷ്യയുടെ ആധിപത്യത്തിനെതിരായിരുന്നു. സെര്‍ബ്, സ്കോട്സ്, വെല്‍ഷ് എന്നിവിടങ്ങളിലെ ദേശീയ സമരങ്ങള്‍ വലിയൊരു രാഷ്ട്രത്തില്‍ ലയിക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരായിരുന്നു. ദേശീയത ശക്തിയാര്‍ജിക്കുന്നത് മറ്റൊരു ദേശീയതക്കുള്ള പ്രതികരണമായാണ്. ഓരോ രാഷ്ട്രത്തിലും മത, ജാതി, ഭാഷ, ദേശഉപദേശീയതകളുണ്ടാവും. പ്രബല സമൂഹത്തിന്റെ ദേശവികാരങ്ങളെയാണ് പൊതുവെ ദേശീയതയെന്നത് കൊണ്ട് വിവക്ഷിക്കുന്നത്. പ്രബല സമൂഹത്തിന്റെ ദേശതാല്‍പര്യങ്ങള്‍ ഉപദേശീയതക്കെതിരെ വരുമ്പോള്‍ സമാന്തരമായ ദേശീയ സംസ്കാരങ്ങള്‍ രൂപപ്പെടുന്നു. പ്രബല ദേശീയത ഉപദേശീയതകളുടെ സര്‍വ്വ ചിഹ്നങ്ങളെയും (മതം, ഭാഷ, ജാതി) അപരവല്‍കരിക്കുകയും സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുന്നു. ഇന്ത്യയില്‍ ദലിത്/മുസ്ലിം/പിന്നക്ക ന്യൂനപക്ഷങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങള്‍ ഭൂരിപക്ഷ ഹൈന്ദവ ദേശീയത ചവിട്ടിയരക്കുന്നു. ന്യൂനപക്ഷങ്ങളുടെ അധികാരചിഹ്നങ്ങളെയും പ്രദേശങ്ങളെയും വേലിക്കെട്ടി ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. 'അവരെ നാം വകവരുത്തിയില്ലെങ്കില്‍ അവര്‍ നമ്മെ വകവരുത്തും' ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് രാഷ്ട്രദേശീയതകളും, ഒരു രാഷ്ട്രത്തിലെ പ്രബല ദേശീയതയും പരസ്പരം ആയുധങ്ങള്‍ ശേഖരിക്കുന്നത്.
ദേശീയത കുറെ തത്വങ്ങളില്‍ വിശ്വസിക്കുന്നു. സ്വയം സമര്‍പ്പണം, രാജ്യത്തിനു വേണ്ടിയുള്ള ത്യാഗം, അഭിമാനം, വിദ്വേഷം, പ്രതികാരവാഞ്ഛ എന്നിവ മഹത്വല്‍ക്കരിക്കപ്പെടുന്നു. യുദ്ധഭ്രമമുള്ള രാജ്യസ്നേഹി തന്റെ രാജ്യത്തിനു വേണ്ടി കൊല നടത്താന്‍ തയ്യാറാവുന്നു. ദേശീയത ക്രൂരമായ ആദര്‍ശങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നു. അയല്‍രാജ്യങ്ങളെ ആക്രമിക്കുകയും അവരുടെ സംസ്കാരങ്ങള്‍ തകര്‍ക്കുകയും ചെയ്തവരെ വീരനായകന്മാരായി ചിത്രീകരിക്കുന്നത് കുട്ടികളില്‍ തെറ്റായ വിശ്വാസങ്ങള്‍ വളര്‍ത്തുന്നു. പ്രബല ദേശീയതയാണ് ഒരു രാഷ്ട്രത്തിന്റെ സംസ്കാരം, വിദ്യാഭ്യാസം, വികസനം എന്നിവ നിശ്ചയിക്കുന്നത്.അപര ദേശീയതകളോടുള്ള അതേ സമീപനം തന്നെയായിരിക്കും ഉപദേശീയതകളോട് പുലര്‍ത്തുക. ദേശീയവാദികള്‍ ഒരു കൂട്ടം വിശ്വാസങ്ങള്‍ ജനങ്ങളില്‍ കുത്തിവെച്ച് കൊണ്ടാണ് തങ്ങളുടെ സ്വാധീനം ഉറപ്പിക്കുക. ഹിറ്റ്ലര്‍ ജര്‍മ്മിനിയിലും മുസ്സോളിനി ഇറ്റലിയിലും ഇതാണ് നടപ്പിലാക്കിയത്. നിരന്തരമായും ശക്തമായും ഈ പാഠങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി ഇതില്‍ നിന്നും മോചനം അസാധ്യമാകുന്നു. ഇവര്‍ ഒരു വിഭാഗം ജനങ്ങളുടെ കാര്യം മാത്രം സംസ്കരിക്കുന്നു. ഇത്തരം വിഭാഗീയ വിശ്വാസങ്ങള്‍ കൂട്ട ഉന്മാദത്തിലേക്കും അന്യവല്‍ക്കരണ പ്രക്രിയകളിലേക്കും നയിക്കുന്നു.
ദേശീയ പരമാധികാരം മധ്യകാല യൂറോപ്പിലെ നാടുവാഴിത്തവ്യവസ്ഥയില്‍ നിന്നുണ്ടായ അരാജകത്വത്തിന്റെ ഉത്തരമായി ഉരുത്തിരിഞ്ഞതാണ്. ദേശീയതയുടെ ഒരു പ്രത്യേകത അധികാരികള്‍ പൌരന്മാര്‍ക്കിടയില്‍ തങ്ങളുടെ ദേശത്തോട് തീക്ഷ്ണമായ കൂറ് വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുന്നുവെന്നതാണ്. ദേശീയത അധികാര ഭാവത്തിന്റെ സംരക്ഷണ ചുമതലയാണ് നിര്‍വ്വഹിച്ച് കൊണ്ടിരിക്കുന്നത്. ദേശദ്രോഹം എന്ന പദാവലി പോലും അധികാരത്തിന് വിരുദ്ധമായത് എന്ന പ്രത്യയശാസ്ത്രത്തിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു. അധികാരത്തോടും/അധികാര സമൂഹത്തോടുമുള്ള വിധേയത്വത്തെചോദ്യം ചെയ്യുന്നത് ദേശ വിരുദ്ധ പ്രവര്‍ത്തനമായി വിലയിരുത്തപ്പെടുന്നു. ഇതിന്റെ ഫലമായി ദേശീയത പൌരന്മാരുടെ സ്വാതന്ത്യ്രം, അവകാശം, അന്തസ്സ്, എന്നിവ അവഗണിക്കുന്നു. പൌരന്മാര്‍ക്കിടയില്‍ അധികാര സമൂഹത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നവരുടെ സ്വാതന്ത്യ്രം കൂടുതല്‍ ദേശസംരക്ഷണത്തിന്റെ പേരില്‍ പരിഗണിക്കപ്പെടുന്നു. ഒരു പരമാധികാര രാഷ്ട്രത്തിന്റെ പ്രത്യേകത അത് പുറത്തു നിന്നുള്ള ഇടപെടലുകളില്‍ നിന്ന് സ്വതന്ത്രമാണ് എന്നുള്ളതാണ് സ്വാതന്ത്യ്ര ലബ്ധി പ്രാപിച്ച പല രാഷ്ട്രങ്ങള്‍ക്കും തങ്ങളുടെ പൌരന്മാരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥ സംജാതമായി. ആഫ്രിക്കന്‍ രാജ്യങ്ങളുടെ കാര്യത്തില്‍ ഈ പ്രശ്നം വളരെ രൂക്ഷമായിരുന്നു. ആഫ്രിക്കന്‍ ജനത വ്യത്യസ്ത സംസ്കാരങ്ങള്‍ പേറുന്ന അനേകം ചെറുവിഭാഗങ്ങളായി ജീവിക്കുന്നു. 800 ല്‍ പരം വംശീയ വിഭാഗങ്ങളായി ആഫ്രിക്കന്‍ ജനത വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ വംശത്തിനും അവരവരുടെ ഭാഷയും, മതവും ജീവിത രീതികളുമുണ്ട്. ഈ വംശീയ വിഭാഗങ്ങളുടെ ആധിക്യമാണ് ആഫ്രിക്കന്‍ ജനതയുടെ പുരോഗതിക്കുള്ള ഒരു പ്രധാന തടസ്സം. ചില വംശങ്ങള്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും വ്യാപിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ തങ്ങളുടെ രാജ്യത്തിനോടുള്ളതിനേക്കാള്‍ കൂറ് അയല്‍ രാജ്യത്തെ സ്വന്തം വംശങ്ങളുമായിട്ടാവും. ഈ വംശീയ വ്യത്യാസം പല രാജ്യങ്ങളിലും ആഭ്യന്തര കലഹങ്ങള്‍ക്ക് കാരണമാവുന്നു. ദേശീയത, വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ പരിഹാരമെന്നതിലുപരി പ്രശ്നങ്ങള്‍ക്കാണ് കൂടുതല്‍ വളമിട്ടിട്ടുള്ളത്.
പതിനഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്പുകാര്‍ തങ്ങളുടെ കച്ചവട കേന്ദ്രങ്ങള്‍ ആഫ്രിക്കയില്‍ തുടങ്ങി. സ്വര്‍ണ്ണവും അടിമകളെയുമായിരുന്നു അവര്‍ക്ക് ആവശ്യം. 1900 ഓടെ ആഫ്രിക്ക മുഴുവന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പങ്കുവെച്ചെടുത്തു. തുടര്‍ന്ന് അധിനിവേശത്തിനെതിരെ ചെറുത്തു നില്‍പ്പ് ആരംഭിച്ചു. 1957 ല്‍ ഗോള്‍ഡ് കോസ്റ്(ഘാന) സ്വാതന്ത്യ്രം നേടുന്ന ആദ്യത്തെ അഫ്രിക്കന്‍ രാജ്യമായി മാറി. 1990 മാര്‍ച്ച് 21 ന് നമീബിയ സ്വതന്ത്രമായതോടെ ആഫ്രിക്കയിലെ സാമ്രാജ്യത്വ അധിനിവേശം അവസാനിച്ചു. തങ്ങള്‍ നേടിയെടുത്ത സ്വാതന്ത്യ്രത്തില്‍ ആഫ്രിക്കന്‍ ജനത അതിയായി ആഹ്ളാദിച്ചു. വൈകാതെ അവര്‍ക്ക് ബോധ്യമായി സ്വാതന്ത്യ്രം തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നില്ല. അധിനിവേശ ഭരണം ആഫ്രിക്കയുടെ ഭൂമിശാസ്ത്രം തന്നെ മാറ്റി വരച്ചിരുന്നു. ഒരു വംശീയ വിഭാഗത്തിന്റെ മാതൃരാജ്യം പലരാജ്യാതിര്‍ത്തികള്‍ക്കിയില്‍ വ്യാപിച്ചു കിടക്കുന്ന അവസ്ഥയുണ്ടായി. അധിനിവേശത്തോടൊപ്പമെത്തയ ക്രിസ്ത്യന്‍ മിഷണറിമാരുടെ മതാധിനിവേശ ഭരണം ആഫ്രിക്കയുടെ സമ്പദ് വ്യവസ്ഥയെ പാശ്ചാത്യ കമ്പോളത്തെ ആശ്രയിക്കേണ്ട രീതിയിലാണ് സംവിധാനിച്ചത്. ഇതിന്റെ ഫലമായി ആഫ്രക്കയിലെ കര്‍ഷകരും ഖനി ഉടമകളും ആഗോള വിപണികളും .യൂറോപ്യന്‍ ആവശ്യങ്ങള്‍ക്കും അനുസൃതമായി ഉല്പാദനം നടത്തേണ്ടി വന്നു.പ്രാദേശികമായി ഇവ ഉപയോഗപ്പെടുത്താനുള്ള അടിസ്ഥാന സൌകര്യങ്ങളോ സാങ്കേതിക ജ്ഞാനമോ അവിടെ ഇല്ലായിരുന്നു. രാഷ്ട്രീയ സാമ്പത്തിക, സാമൂഹിക മേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങല്‍ ആഫ്രിക്കന്‍ നേതാക്കള്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാതായി പല രാജ്യങ്ങളിലും സൈന്യം ജനകീയ ഭരണങ്ങളെ അട്ടിമറിച്ചു. ആഭ്യന്തര ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു. ദാരിദ്യ്രം, നിരക്ഷരത, രോഗങ്ങള്‍, ക്ഷാമം, വരള്‍ച്ച എന്നിവ ഇന്നും ആഫ്രിക്കയുടെ മുഖമുദ്രയാണ് ചുരുങ്ങിയ വിലയ്ക്ക് അസംസ്കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുകയും ഉയര്‍ന്ന വിലയ്ക്ക് ഉപഭോഗവസ്തുക്കള്‍ ഇറക്കുമതി ചെയ്യുകയും ചെയ്യുന്നത് രാഷ്ട്രങ്ങളെ പാപ്പരാക്കി.
വംശീയ ഏറ്റുമുട്ടലുകളും അതിര്‍ത്തി തര്‍ക്കങ്ങളും പലരാജ്യങ്ങളെയും തകര്‍ത്തുകൊണ്ടിരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനം 1992 ല്‍ മാത്രമാണ് നിയമത്തില്‍ ഇല്ലാതായത്. വംശീയ പരമാധികാരം ലഭിക്കുന്നതിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നില്ല എന്നതാണ് ആഫ്രിക്ക നല്‍കുന്ന പാഠം. ആഫ്രിക്കന്‍ ജനത നേരിടുന്ന പ്രശ്നം ലോകമെമ്പാടുമുള്ള ദരിദ്ര രാഷ്ട്രങ്ങളുടെ പ്രശ്നമാണ്. ദേശീയതയിലൂടെയും ദേശസ്നേഹത്തിലൂടെയും അന്തിമമായി ലക്ഷ്യമാക്കുന്നത് മനുഷ്യന്റെ മഹത്വവും ക്ഷേമമും ആകണം. രാജ്യത്തിന്റെ ചിത്രം ശക്തിയും യശ്ശസ്സുമാകരുത് നാം പാടുപെട്ട് കൃത്യമായ അളവും അതിരും നിശ്ചയിച്ച് ഭൂപടത്തില്‍ ചായം കൊടുത്ത് തന്റെ രാജ്യത്തെ മാറ്റി നിര്‍ത്തുന്നതിന്റെ പിന്നിലുള്ളത് മനസ്സിനുള്ളിലെ നിഷ്കൃഷ്ടതയും സ്വര്‍ത്ഥതയും മാത്രമാണ്. അതിരുകള്‍ നിശ്ചയിച്ച് മനുഷ്യനെ വേര്‍തിരിക്കുന്ന തത്വശാസ്ത്രം അവരുടെ സൃഷ്ടിയല്ല. മതങ്ങളെല്ലാം മനുഷ്യസാഹോദര്യത്തെപ്പറ്റിയാണ് പറയുന്നത്.
മതേതരമെന്ന വ്യവഹാരമാണ് ദേശീയതക്ക് കാതല്‍ നല്‍കിയത്. മനുഷ്യനെ ഒന്നിച്ച് അഭിമുഖീകരിക്കാന്‍ കഴിയാത്ത സങ്കുചിതത്വത്തിലും മനുഷ്യ നിരാസത്തിലും, അധിഷ്ഠിതമായ മതേതരത്വത്തിന് മാത്രമേ പാരതന്ത്യ്രത്തിന്റെ അതിരുകള്‍ അംഗീകരിക്കാന്‍ പറ്റുകയുള്ളൂ.
ഓരോ സമൂഹവും കടന്നുപോകണ്ട ചരിത്രപരമായ ഘട്ടമായാണ് ദേശീയതയെ കാണേണ്ടത്. അധിനിവേശ കാലഘട്ടത്തില്‍ ദേശീയത ഒരാവശ്യമായിരുന്നു. അധിനിവേശാനന്തര ജീവിതത്തില്‍ ദേശീയത ഒരു പാഴ് വാക്ക്മാത്രമാണ്. ഇന്ത്യന്‍ ദേശീയതയുടെ വക്താക്കള്‍ ദേശീയതയില്‍ തന്നെ തുടരുവാനും പ്രാചീന കാലത്തേക്ക് ചാതുര്‍ വര്‍ണ്യത്തിന്റെ വംശമേലാള അധികാരഘടനയിലേക്ക് തിരിച്ചു പോവണമെന്നാണ് ആയുധങ്ങളുടെയും, മീഡിയകളുടെയും സഹായത്തോടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രത്തിന് മറ്റൊരു ദേശീയത കനത്ത വിഘാതമായി ഭവിക്കും. ദേശരാഷ്ട്രങ്ങള്‍ക്ക് നാമമാത്രമായ അസ്ഥിത്വം മാത്രമുള്ള ഒരവസ്ഥയില്‍ സാര്‍വ്വദേശീയതയെ അംഗീകരിക്കാന്‍ ഓരോ രാഷ്ട്രവും തയ്യാറാകേണ്ടതുണ്ട്.
ഹിംസാത്മക ദേശീയതയും, സങ്കുചിത ദേശീയതയും സാര്‍വ്വദേശീയതയ്ക്ക് വിഘാതമാണ്. ധാര്‍മ്മിക മൂല്യങ്ങളാകണം ഇതിന്റെ അടിസ്ഥാനം. ദേശീയതയുടെ കൈവഴികളില്‍ സംഭവിക്കുന്ന മറ്റൊരു അനിവാര്യതയാണ് ഉപദേശീയതകളുടെ ക്രിയാത്മകമായ ഉപയോഗമെന്നത്. മത, ജാതി ഭാഷകളുടെ പുരോഗതികളിലൂടെ നിരവധി ദേശീയതകളുള്ള ഇന്ത്യ പോലുള്ള രാഷ്ട്രങ്ങള്‍ വികസിക്കേണ്ടത്. ഏകദേശീയത മാത്രമാണ് രാഷ്ട്രത്തിനാവശ്യം മറ്റുള്ളതെല്ലാം ആപത്താണെന്ന അലറിവിളികള്‍ പൌരാണിക രാജാധിപത്യന്റെ അവശിഷ്ടങ്ങളാണ്.
ദേശരാഷ്ട്രങ്ങള്‍ എന്ന മതേരത. യുക്തിയെ തല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ ഇസ്ലാമും അംഗീകരിക്കുന്നുണ്ട്. ദേശീയത ലക്ഷ്യമായി കാണാന്‍ ഇസ്ലാമിന് സാധിക്കുകയില്ല. എല്ലാ ജനങ്ങളും സ്നേഹത്തോടും, പരസ്പര സഹകരണത്തോടും കഴിയുന്നതും ചൂഷണരഹിതവും അവസരസമത്വം ഉറപ്പു നല്‍കുന്നതുമായ നീതിപൂര്‍വ്വകമായ ഒരു ലോകമാണ് ഇസ്ലാമിന്റെ ആത്യന്തിക ലക്ഷ്യം. ഇസ്ലാമിന്റെ സാര്‍വ്വദേശിയത എന്ന കാഴ്ച്ചപ്പാട് ഏക വഴിയിലൂടെ മൂര്‍ത്തമാവേണ്ടതല്ല. ദേശീയത, ഉപദേശിയത എന്നിവയുടെ പുതിയ വായനകള്‍ക്ക് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സന്നദ്ധമാവുമ്പോള്‍ ഉണ്ടാകുന്ന ഉള്‍ത്തെളിച്ചമാണ് ഇതിനു സഹായകമാവുക.

No comments:

Post a Comment