Wednesday, February 3, 2010

ലൌ ജിഹാദ്‌: ചെറുത്തുനില്‍പ്പിന്റെ വിദ്യാര്‍ഥി രാഷ്ട്രീയം



ഭരണകൂട(ടമേലേ)ത്തിന്റെ മുഴുവന്‍ ഉപകരണങ്ങളും ഉപയോഗിച്ച് ഒരു സമുദായത്തെ ഭീകരമായ രീതിയില്‍ വേട്ടയാടിയ സന്ദര്‍ഭമായിരുന്നു 'ലൌ ജിഹാദ്' വിവാദം. രാഷ്ട്ര(ചമശീിേ)ത്തെയും ഭരണകൂട(ടമേലേ)ത്തെയും നിയന്ത്രിക്കുന്ന യുക്തിയെ ശക്തിപ്പെടുത്താന്‍ അധികാരികള്‍ക്ക് ഇത്തരം പദങ്ങള്‍ ആവശ്യമാണ്. ഹിന്ദുവെന്ന, വിഘടിതമായി നില്‍ക്കുന്ന സത്തയെ എകീകരിക്കുവാന്‍ ഭരണകൂടത്തിന് ഒരു അപരനെ ആവശ്യമാണ്. ഇന്ത്യയില്‍ മുസ്ലിം/ദലിത് അപരസ്വത്വങ്ങളെയാണ് അതിനായി സൃഷ്ടിച്ചെടുത്തിട്ടുള്ളത്. അപരത്വം ഉറപ്പിച്ച് നിര്‍ത്തുന്നതിനാവശ്യമായ ഹിംസാത്മകവും വിഷലിപ്തവുമായ സംഭവങ്ങള്‍ ഇവിടത്തെ സവര്‍ണ്ണകേന്ദ്രീകൃത പൊതുണ്ഡലം ആസൂത്രണം ചെയ്യാറുണ്ട്. രാമരാജ്യ വിവാദം, ബാബരി മസ്ജിദ് തകര്‍ച്ച, ഗുജറാത്ത് കലാപം, മാലോഗാവ് സ്ഫോടനം, 'ലൌ ജിഹാദ്' വിവാദം, വ്യാജ ഏറ്റുമുട്ടലുകള്‍, സൂഫിയാ മഅ്ദനിയുടെ അറസ്റ് തുടങ്ങിയ നിരവധി സംഭവങ്ങള്‍ സവര്‍ണാധിപത്യത്തെ നിലനിര്‍ത്തുന്നതിനും അതിന്റെ അപരത്വത്തെ കൂടുതല്‍ ഭീകരമായി ചിത്രീകരിക്കുന്നതിനും വേണ്ടിയായിരുന്നു. ചില സമയങ്ങളില്‍ മുസ്ലിം/ദലിത് വംശങ്ങള്‍ അധികാരവുമായി രമ്യതയിലെത്തി, സദാ ഭീതിയില്‍ ജീവിക്കാനും തയ്യാറായിട്ടുണ്ട് എന്നും കാണാം. ഏറ്റവും വലിയ സമുദായികപാര്‍ട്ടിയുടെ രാഷ്ട്രീയനീക്കങ്ങള്‍ ഇതിനുദാഹരണമാണ്. പൊതുമണ്ഡലത്തിന്റെ ഏജന്‍സികളായാണ് അവരും സാമുദായികവേരുകളുള്ള ബുദ്ധിജീവികളും വര്‍ത്തിക്കുന്നത്. സമുദായത്തിന് ആത്മവിശ്വാസവും രാഷ്ട്രീയബോധങ്ങളും നല്‍കേണ്ട സന്ദര്‍ഭങ്ങളിലും ഇവര്‍ മറിച്ച് ചിന്തിക്കുന്നില്ല.
ഉത്തരേന്ത്യയെ അപേക്ഷിച്ച് ജാതിബോധം വളരെ പരോക്ഷമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് കേരളം. ചില സന്ദര്‍ഭങ്ങളില്‍ ഈ ജാതിബോധം കൊത്താന്‍ പാകത്തില്‍ പത്തിവിടര്‍ത്തി നൃത്തം ചെയ്യുന്നത് നമുക്ക് കാണാം. ചെങ്ങറ സമരം, സംവരണപ്രശ്നങ്ങള്‍, നരേന്ദ്രന്‍ കമ്മീഷന്‍, ലൌ ജിഹാദ് വിവാദം, സൂഫിയാ മഅ്ദനിയുടെ അറസ്റ് തുടങ്ങിയ വിഷയങ്ങളില്‍ വളരെ പ്രത്യക്ഷമായ ജാതിമേല്‍ക്കോയ്മകളെയായിരുന്നു ഭരണകൂടവും കോടതിയും മാധ്യമങ്ങളും പ്രകടമാക്കിയത്. വളര്‍ന്നു വരുന്ന തലമുറകള്‍ക്കിടയില്‍ സാംസ്ക്കാരികമായ വിടവുകളും രാഷ്ട്രീയമായ ഇരുമ്പുമറകളും സൃഷ്ടിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയതായിരുന്നു 'ലൌ ജിഹാദ്' വിവാദം. കേരളീയ സമുദായത്തിന്റെ പൊതുബോധം ഈ വിവാദത്തെ ആര്‍ഭാടമായി ആഘോഷിക്കുകയും ഇത്തരമൊരു സന്ദര്‍ഭത്തിന്റെ സാധ്യതകളെ ഉപയോഗിച്ച് ഒരു സമുദായത്തെ ഉന്മൂലനവിധേയമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുസ്ലിം വിദ്യാര്‍ഥികളുടെ പഠനമേഖലയിലെ മുന്നേറ്റത്തിലും രാഷ്ട്രീയ ഉയിര്‍ത്തേഴുന്നേല്‍പ്പിനുമെതിരെയുള്ള വംശവെറിയായിരുന്നു ഇതിലൂടെ പ്രകടമായത്. ഇടതുപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍വരെ, അവരുടെ ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന സവര്‍ണബോധം ഉണര്‍ന്നെഴുന്നേറ്റ് അതില്‍ കക്ഷിചേര്‍ന്നു. സമുദായിക സംഘടനകള്‍ ജാതിതട്ടുകള്‍ മറന്ന് ഹിന്ദുഏകാത്മകതയില്‍ ഒന്നിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തന ഗ്രൂപ്പുകളുള്ള കത്തോലിക്ക് സഭ 'മതപരിവര്‍ത്തന ജിഹാദി'നെതിരെ കുര്‍ബാന നടത്തി. സമൂഹം വളരെ പ്രകടമായി വിഭജിതരായി. മുസ്ലിമായ വിദ്യാര്‍ഥിയെ വളരെ സംശയത്തോടെ മധ്യവര്‍ഗ്ഗ ഹിന്ദുകുടുംബങ്ങള്‍ വീക്ഷിക്കാന്‍ തുടങ്ങി. മുസ്ലിംകളായ സുഹൃത്തുക്കളെ ഫോണ്‍ വിളിക്കുന്നതില്‍നിന്ന് മാതാപിതാക്കള്‍ അവരെ വിലക്കി. ധ്രുവീകരണത്തിന്റെ ഗുജറാത്തിമോഡല്‍ വളരെ ആസൂത്രിതമായി ഇവിടെ അരങ്ങേറി. മുസ്ലിം സംഘടനകള്‍ ബാബരി ബാലന്‍സ് രാഷട്രീയത്തിലേക്കും ഉള്‍വലിയലുകളിലേക്കും നീങ്ങി. വിഷലിപ്തമായ ലഘുലേഖകളും ചാനല്‍ ബൈറ്റുകളും പോസ്ററുകളും കേരളത്തില്‍ നിറഞ്ഞുതുളുമ്പാന്‍ തുടങ്ങി. മുഖ്യധാരാപാര്‍ട്ടികള്‍ അര്‍ത്ഥഗര്‍ഭമായ മൌനം അവലംബിച്ചു. ഇത്തരമൊരു ഭീകരമായ സന്ദര്‍ഭത്തില്‍ കേരളത്തിലാദ്യമായി, മാധ്യമങ്ങളും കോടതിയും പൊട്ടിച്ചനുണയാണ് ലൌ ജിഹാദെന്ന് കോളമെഴുതാനും കാമ്പസുകളില്‍ മുഴുവന്‍ 'ലൌ ജിഹാദ്: വര്‍ഗ്ഗീയ ഫാഷിസത്തിന്റെ ഉച്ചക്കിറുക്ക്' എന്ന ലഘുലേഖ അടിച്ച് വിതരണം ചെയ്യാനും ആത്മവിശ്വാസമുണ്ടായത് എസ്.ഐ.ഒവിന് മാത്രമാണ്. ഈ വിഷയത്തില്‍ കേരളത്തിലാദ്യമായി ഒരു പൊതുപരിപാടി മലപ്പുറത്ത് സംഘടിപ്പിച്ചതും എസ്.ഐ.ഒ ആയിരുന്നു. അതിനുശേഷമാണ് മുസ്ലിം സമുദായത്തില്‍ നിന്ന് ചെറുത്തുനില്‍പ്പിന്റെ സ്വരം ഉയര്‍ന്നുവന്നത്.
ലൌ ജിഹാദ് വിവാദം കൊടുമ്പിരികൊള്ളുന്ന വേളയില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പത്രലേഖകരുടെ ചോദ്യത്തിന് മറുപടി പറത്തത് നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. കൃത്യമായും സംഘ്പരിവാര്‍ അനുകൂലവിഭാഗങ്ങള്‍ സൃഷ്ടിച്ച പ്രസ്തുത ഇഷ്യുവിനെ അഭിമുഖീകരിക്കുന്നതിന് പകരം, മതമൌലികവാദികള്‍ കേരളത്തിലെ കാമ്പസുകളിലുണ്ട് എന്ന മറുപടിയാണ് എസ്.എഫ്.ഐയുടെ സെക്രട്ടറി അറിയിച്ചത്. സംഘ്പരിവാര്‍രാഷ്ട്രീയത്തെ നേരിട്ടഭിമുഖീകരിക്കുന്നതിന് പകരം സവര്‍ണ ഉദാര നിലപാടിലൂടെ വെളിവാക്കപ്പെട്ടത് എസ്.എഫ്.ഐയുടെ മൃദുഹിന്ദുത്വത്തിലധിഷ്ടിതമായ മതേതരത്വത്തിന്റെ രാഷട്രീയം തന്നെയാണ്. പിന്നീട് ഒരു മാസത്തിനുശേഷമാണ് ലൌ ജിഹാദിനു പിന്നില്‍ സംഘ്പരിവാറാണ് എന്ന് ഉറക്കെ പറയാന്‍ അവര്‍ക്ക് സാധിച്ചത്. മതേതരരാഷട്രീയമെന്നത് സവര്‍ണ്ണ ഉദാരതയുടെ നിര്‍ണയങ്ങളെയാണ് നിരന്തരം പുനരുല്‍പാദിപ്പിക്കുന്നതെന്ന പാഠം എസ്.എഫ്.ഐയുടെ നിലപാടിലൂടെ പുറത്തുവന്നിരിക്കുന്നു. മതേതരത്വത്തിന്റെ നിര്‍വചനം മുസ്ലിമിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം സവര്‍ണ്ണവല്‍ക്കരിക്കപ്പെട്ടിരിക്കുന്നതിനാല്‍, എസ്.എഫ്.ഐയുടെ മതേതര കാമ്പസ് എന്ന സങ്കല്പം തന്നെ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. മുസ്ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ നിശബ്ദരാക്കുന്ന മര്‍ദ്ദക സംവിധാനമായി മതേതരത്വം മാറിയിരിക്കുന്നു. അതിനാല്‍ കാമ്പസിന്റെ ബഹുസ്വരതയെക്കുറിച്ച പുതിയ നിലപാടിലേക്കും ചര്‍ച്ചകളിലേക്കും നാം ഉടന്‍ പ്രവേശിക്കേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തിലായിരുന്നു എസ്.ഐ.ഒ കേരളത്തിലുടനീളം ശ്രദ്ധേയമായ പരിപാടികള്‍ സംഘടിപ്പിച്ചത്. കോട്ടയത്തും തിരുവനന്തപുരത്തും സെമിനാറുകള്‍ നടത്തി. സാംസ്കാരിക നായകന്‍മാര്‍ ഒപ്പുവെച്ച പൊതുപ്രസ്താവന പുറത്തിറക്കാന്‍ സാധിച്ചു. ഈ ധീരമായ ചുവടുവെപ്പിനുശേഷം സമുദായത്തിനകത്തും പുറത്തും പ്രതിഷേധത്തിന്റെയും സംവാദത്തിന്റെയും അന്തരീക്ഷം രൂപപ്പെട്ടു. ഈ നിര്‍ണായകമായ രാഷ്ട്രീയ ഉള്‍പിരിവുകളിലും ഇടഞ്ഞുനില്‍ക്കാനുള്ള ആര്‍ജവം സമൂഹത്തില്‍ സൃഷ്ടിച്ചതിനു നിമിത്തമായത് എസ്.ഐ.ഒവിന്റെ ധീരമായ ഇടപെടലുകളായിരുന്നു. ലൌജിഹാദാനന്തര കീഴാളരാഷ്ട്രീയത്തിന്റെ ഉയര്‍ത്തേഴുന്നേല്‍പ്പുകൂടിയായിരുന്നു ഇതിലൂടെ സാധിച്ചത്. എസ്.ഐ.ഒവിന്റെ പരിപാടികളില്‍ പങ്കെടുത്തവരിലധികവും ഈ രാഷ്ട്രീയ മാറ്റത്തിനുവേണ്ടി ജാഗ്രത പുലര്‍ത്തുന്നവരായിരുന്നു. നിരവധി പരിപാടികളിലായി വിവിധ സ്ട്രീമുകളില്‍ ധാരാളം ആളുകള്‍ സംസാരിക്കുകയുണ്ടായി. കെ.കെ കൊച്ച്, ജെ. രഘു, ബി.ആര്‍.പി ഭാസ്കര്‍, ഗൌരിദാസ് നായര്‍, അശ്റഫ് കടക്കല്‍, കെ.എം സലീം കുമാര്‍, എം.എം നാരായണന്‍, അഡ്വ കെ.എന്‍.എ ഖാദര്‍ സുന്ദര്‍ രാജ്, ഡോ. കൂട്ടില്‍ മുമ്മദലി, പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, ശിഹാബ് പൂക്കോട്ടൂര്‍, കെ.പി സല്‍വ, എസ്.ഇര്‍ഷാദ്, ടി. മുഹമ്മദ്, ടി. ശാക്കിര്‍, കെ.കെ ബാബുരാജ്, എംബി മനോജ്, സണ്ണി എം കവിക്കാട് തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്.
കേരളത്തിലെ സംഘ്പരിവാര്‍ ഗ്രൂപ്പുകളും അവരില്‍ നിന്ന് ഓശാരംപറ്റി ജീവിക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് നിര്‍മ്മിച്ചെടുത്ത ഒരു കള്ളക്കഥ മാത്രമായിരുന്നു ലൌ ജിഹാദ് വിവാദമെന്ന് ഏറെക്കുറെ തെളിഞ്ഞുകഴിഞ്ഞു. കേരളത്തിന്റെ പൊതുബോധം അപകടകരമാംവിധം സവര്‍ണ്ണബോധത്തിലധിഷ്ഠിതമാണെന്നും അതിനെ ചെറുക്കാന്‍ വലിയ ജാഗ്രത ആവശ്യമാണെന്നും തന്നെയാണ് ഈ സംഭവം ഒരിക്കല്‍കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

No comments:

Post a Comment