Sunday, February 7, 2010

സൂഫിയയും നസീറും ആരാന്റവിട സമുദായവും



2001 സെപ്റ്റംബര്‍ 11-നു ശേഷം ലോകത്തെ ഏറ്റവും വലിയ ഫാഷനായി മാറിയിരിക്കുകയാണ് ഭീകരവിരുദ്ധ പോരാട്ടങ്ങളും ഭീകരവാദ ആരോപണങ്ങളും. ഏതു രാജ്യവും മറ്റൊരു രാജ്യവുമായി കരാറിലേര്‍പ്പെടുമ്പോള്‍ അതിലൊരു വിഷയം ഭീകരവിരുദ്ധ പോരാട്ടത്തില്‍ സഹകരിക്കുമെന്നതായിരിക്കും. കമ്യൂണിസത്തിനു ശേഷം 'ഭീകരവാദം' ഒരു ബദല്‍ പ്രത്യയശാസ്ത്രമായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍, അമേരിക്കന്‍, റഷ്യന്‍ കരാറുകളെല്ലാം ഈ 'ഫാഷനെ' അടിസ്ഥാനപ്പെടുത്തി നിലവില്‍ വന്നതാണ്. ഇന്ത്യയില്‍ നിരവധി സ്ഫോടന പരമ്പരകള്‍ അരങ്ങേറിയിട്ടുണ്ട്. ഇന്ത്യന്‍ സേനയും പോലീസും ലശ്കറേ ത്വയ്യിബയുമായും ജയ്ശെ മുഹമ്മദുമായും മുഖാമുഖം ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. പലതും ഒറിജിനലിനെ വെല്ലുന്ന വ്യാജനായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാലേഗാവ് സ്ഫോടന പരമ്പരയുടെ പിന്നില്‍ വര്‍ത്തിച്ചത് ഇന്ത്യക്ക് ഇതുവരെ പരിചയമില്ലാത്ത ഭീകരവാദ മസാലകൂട്ടുകളായിരുന്നു. ഭീകരരുടെ നിറവും രുചിയും ഭാഷയും വസ്ത്രവും മണവും നേരത്തെ നിശ്ചയിക്കപ്പെട്ടതില്‍നിന്ന് വിരുദ്ധമായിരുന്നു മാലേഗാവ് സ്ഫോടനത്തില്‍ അറസ്റിലായ സംഘ്പരിവാര്‍ പൂജാരികള്‍! ഇത് അന്വേഷിച്ച് പുറത്തുകൊണ്ടുവന്ന ഹേമന്ദ് കര്‍ക്കരെ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. ഹേമന്ദ് കര്‍ക്കരെയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് രാജ്യം ഭരിക്കുന്ന മന്ത്രിമാര്‍ വരെ പറഞ്ഞു തുടങ്ങിയതാണ്. ഹൂ കില്‍ഡ് കര്‍ക്കരെ? എന്ന പുസ്തകത്തില്‍ മുശ്രിഫ് പ്രതിപാദിക്കുന്നതും നിരവധി സംശയങ്ങളുടെ ഒരു പട്ടിക തന്നെയാണ്. ആരാണ് ഭീകരര്‍ എന്ന ചോദ്യത്തിന് നിങ്ങള്‍ ഒരുത്തരമേ പറയാവൂ എന്ന് ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മീഡിയയും നിഷ്കര്‍ഷിച്ചിരിക്കുന്നു. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ മൂവായിരത്തോളം വര്‍ഗീയ കലാപങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ കൊല്ലപ്പെട്ടവരും അറസ്റ് ചെയ്യപ്പെട്ടവരും ഒരേ സമുദായത്തില്‍ പെട്ടവരാണ്.
ശരീഅത്ത് വിവാദവും മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭവും ബാബരി മസ്ജിദ് തകര്‍ച്ചയും ഇന്ത്യയിലെ പൊതുബോധത്തെ സംശയിക്കുന്നതിന് മുസ്ലിം സമുദായത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. വളരെ പുരോഗമനാത്മകമായ മുഖംമൂടികളണിഞ്ഞവരുടെയുള്ളിലും കൊത്താന്‍ പാകത്തില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്നത് സവര്‍ണതയുടെ വിഷസര്‍പ്പങ്ങളാണ്. മണ്ഡല്‍വിരുദ്ധ പ്രക്ഷോഭത്തിന് ദല്‍ഹി യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളെ തെരുവിലിറക്കി ഹിംസാത്മകമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് മാര്‍ക്സിസ്റ് ചരിത്രകാരനായ ബിപിന്‍ ചന്ദ്രയായിരുന്നു. ഇവിടത്തെ ഭൂരിപക്ഷസമുദായത്തെ കൂടെ നിര്‍ത്താന്‍ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി കൂടിയാലോചിച്ച് നടപ്പിലാക്കിയതായിരുന്നു ശരീഅത്ത് വിവാദം. ഇവിടത്തെ പൊതുമണ്ഡലവും മതേതരത്വവും അധിനിവേശം ചെയ്യപ്പെട്ടവയാണ്. മതേതരത്വത്തിന്റെ മതം ഏതാണെന്നും പൊതുമുഖത്തെ കൈയടക്കിയ ജാതിയേതാണെന്നും തിരിച്ചറിയുമ്പോഴാണ് ന്യൂനപക്ഷ/കീഴാള രാഷ്ട്രീയത്തിന് നിലനില്‍പുണ്ടാവുകയുള്ളൂ. ഇവിടത്തെ പൊതുമണ്ഡലത്തിന്റെ മത/ജാതി മൂല്യങ്ങള്‍ തന്നെയാണ് കമ്യൂണിസ്റ് പാര്‍ട്ടിയും പിന്തുടരുന്നത് എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളില്‍ ചിലത് മാത്രമാണ് മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭവും ശരീഅത്ത് വിവാദവും. ബാബരിയുടെ തകര്‍ച്ചയോടെ പൊതുമണ്ഡലത്തെ ആശ്രയിച്ചു നിന്നിരുന്ന ന്യൂനപക്ഷസമുദായം അക്ഷരാര്‍ഥത്തില്‍ അരക്ഷിതരായി. ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന ബോധം ഇതോടെ വ്യക്തമായി. അങ്ങനെ ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പുതുതായി രൂപീകൃതമായി. മുസ്ലിം പ്രസിദ്ധീകരണങ്ങള്‍, മത സ്ഥാപനങ്ങള്‍, പര്‍ദ തുടങ്ങിയവ വര്‍ധിക്കാന്‍ തുടങ്ങി. മുസ്ലിം മാനേജ്മെന്റുകള്‍ നടത്തുന്ന പത്രങ്ങളുടെ സര്‍ക്കുലേഷന്‍ കൂടി. മുസ്ലിം സ്ത്രീകള്‍ ധാരാളമായി പര്‍ദ ഉപയോഗിച്ചു. മത വസ്ത്രമെന്നതിലുപരി ഇവിടത്തെ പൊതുബോധവുമായി കലഹിക്കുന്ന വസ്ത്രമായി പര്‍ദ.
ബാബരിയുടെ തകര്‍ച്ചക്കു ശേഷം മുസ്ലിംകളില്‍ രാഷ്ട്രീയ ബോധം സ്വത്വാടിസ്ഥാനത്തില്‍ തന്നെ ശക്തിപ്പെട്ട രണ്ടു സംഭവങ്ങളായിരുന്നു ബട്ല ഹൌസ് ഏറ്റുമുട്ടലും ലൌ ജിഹാദ് വിവാദവും. ലൌ ജിഹാദുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന പരിപാടികളില്‍ പങ്കെടുത്തവരെയും അതിനെതിരെ പൊതു പ്രസ്താവന നടത്തിയവരെയും ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്നത്, കേരളത്തില്‍ ശക്തിപ്പെട്ടുവരുന്ന കീഴാള രാഷ്ട്രീയത്തിന്റെ ശക്തമായ അടയാളങ്ങളാണ്. മുസ്ലിം സമുദായവും വളരെ ക്രിയാത്മകമായ സമീപനമാണ് ഈ വിഷയങ്ങളോട് സ്വീകരിച്ചിരുന്നത്. മനോരമക്കെതിരെ പ്രസംഗിക്കാനും അവരുടെ പത്രമാപ്പീസുകള്‍ക്കു മുന്നില്‍ പോസ്റര്‍ ഒട്ടിക്കാനും വരെ സമുദായം തയാറായി. ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളെയും മീഡിയയെയും പ്രതിരോധത്തിലാക്കാന്‍ ഈ ക്രിയാത്മകമായ സമീപനങ്ങള്‍ കൊണ്ട് സാധിച്ചുവെന്നതാണ് ലൌ ജിഹാദാനന്തര കീഴാള രാഷ്ട്രീയത്തിന്റെ പ്രസക്തി. അത്രമേല്‍ സുഖകരമല്ലാത്ത പൊതുബോധമാണ് കേരളത്തില്‍ നിലവിലുള്ളത്.
നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ സന്ദര്‍ഭത്തില്‍ ഇതു വളരെ വ്യക്തമായി ബോധ്യപ്പെട്ടതാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമരത്തിരിക്കുന്ന വ്യക്തി, 'നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ഞങ്ങള്‍ക്ക് എന്തു കിട്ടു'മെന്നായിരുന്നു അന്ന് ചോദിച്ചത്. 'ഞങ്ങള്‍' എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് സ്വന്തം ജാതിയെയായിരുന്നു. സവര്‍ണമൂല്യങ്ങള്‍ അരിച്ചിറങ്ങുന്ന ഈഴവ വാര്‍പ്പുമാതൃകയാണ് എസ്.എന്‍.ഡി.പി. ശ്രീനാരായണഗുരുവിനെ സംബന്ധിച്ചുള്ള വിമര്‍ശനം, അദ്ദേഹം സവര്‍ണ മാതൃകയില്‍ കീഴാള നവോത്ഥാനം നടപ്പിലാക്കിയെന്നതാണ്. കേരള കൌമുദി പരിശോധിച്ചാല്‍ ഈ പകര്‍ന്നാട്ടം വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ലൌ ജിഹാദ് വിവാദം കത്തിപ്പടരുമ്പോള്‍ എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി സഖ്യം യാദൃഛികമായിരുന്നില്ല, ചരിത്രപരമായ ഒരനിവാര്യതയായിരുന്നു. കമ്യൂണിസ്റ് പ്രസ്ഥാനങ്ങള്‍ വരെ ഈ ഭാഗത്ത് ചേര്‍ന്നതും പൊതുബോധത്തിന്റെ ഏക മതം വീര്‍പ്പുമുട്ടി പുറത്തു ചാടിയപ്പോഴായിരുന്നു. ശരീഅത്ത് വിവാദകാലത്ത് പരലോകത്തെയും മതത്തെയും നാലു കെട്ടുന്നതിനെയും തലേകെട്ടിനെയും ചീത്ത വിളിച്ചു നടന്നിരുന്ന ആള്‍ ഇസ്ലാമിക സ്വത്വപ്രശ്നങ്ങള്‍ കൈകാര്യം ചെയ്തപ്പോള്‍ വെറും കുഞ്ഞമ്മദായി മാറിയത് നാം കണ്ടതാണ്. മതേതരനായ 'കെ.ഇ.എന്നി'നും മുസ്ലിമായ 'കുഞ്ഞമ്മദിനും' ഒത്തുതീര്‍പ്പുകള്‍ പാടില്ല. എന്നാല്‍ കെ.എന്‍ പണിക്കര്‍ക്കതാവാം. എത്ര ഉറക്കെ പ്രഖ്യാപിച്ചാലും കെ.ഇ.എന്‍ അവസാന വിശകലനത്തില്‍ പൊതുമണ്ഡലത്തിനകത്ത് കുഞ്ഞമ്മദാവുന്നതിന്റെ രാഷ്ട്രീയധ്വനി വളരെ വ്യക്തമാണ്. കാരണം കുഞ്ഞമ്മദ് പൊതുമണ്ഡലത്തിനു പുറത്താണ്. അകത്തുകയറാന്‍ കുഞ്ഞമ്മദിന് കെ.ഇ.എന്നായാല്‍ മാത്രമേ കഴിയൂ എന്നതാണ് പ്രശ്നം. മുസ്ലിംകളെ പൊതുമണ്ഡലത്തിലേക്ക് ശുദ്ധീകരണം നടത്തി എടുക്കാനുള്ള നിയോഗമേറ്റടുത്ത എം.എന്‍ കാരശ്ശേരിക്കും പൊതുമണ്ഡലത്തിന്റെ അംഗീകാരം കിട്ടാന്‍ മുഹ്യിദ്ദീന്‍ നടുക്കണ്ടി എന്നതിന് പകരം 'എം.എന്‍' എന്നു തന്നെ ഉപയോഗിക്കണം. കെ.എന്‍ പണിക്കര്‍ക്കും ഇ.എം.എസ് നമ്പൂതിരിപ്പാടിനും എം.ടി വാസുദേവന്‍ നായര്‍ക്കും അതിന്റെ പ്രശ്നമില്ല. കാരണം പ്രത്യേക ജാതിക്കും മതത്തിനുമാണ് നമ്മള്‍ പൊതുമണ്ഡലം, മതേതരത്വം എന്നൊക്കെ പറഞ്ഞുവരുന്നത്. കെ.എന്‍ പണിക്കര്‍ 'മതം പൊതുമണ്ഡലത്തിലേക്ക് പ്രവേശിക്കുന്നു' (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്ന് പറയുമ്പോഴും പൊതുമണ്ഡലത്തിലേക്ക് പ്രവേശിക്കുന്ന മതം സോളിഡാരിറ്റി പോലുള്ള സംഘടനകളാണെന്ന് വ്യക്തമാണ്. ഇവിടെ പൊതു മണ്ഡലത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കാത്ത മത, ജാതി സ്വത്വങ്ങള്‍ ഏതെന്ന് നാം നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. അതായത് പരിശുദ്ധ 'പൊതു'മണ്ഡലത്തെ സോളിഡാരിറ്റി പിടിച്ചുകുലുക്കുന്നു. സവര്‍ണ അധീശ വ്യവസ്ഥ സെക്യുലര്‍ മോഡേണിസത്തിന്റെ മറവില്‍ (എം.എന്‍ കാരശ്ശേരി) സോളിഡാരിറ്റിയെ വിമര്‍ശിക്കുന്നു. അപ്പോള്‍ പണിക്കര്‍ വ്യക്തമാക്കുന്നത് നമ്മുടെ സാമ്പ്രാദായിക മാര്‍ക്സിസത്തിന്റെ പരിമിതിയാണ്. പൊതുമണ്ഡലത്തെക്കുറിച്ച് പണിക്കര്‍ പുലര്‍ത്തുന്ന ധാരണകള്‍ ഇവിടെ ഊട്ടിയുറപ്പിക്കുന്നത് ബ്രാഹ്മണിക്കല്‍ ആധിപത്യത്തെയാണ്. വ്യത്യസ്ത മതങ്ങള്‍, മത രഹിതര്‍ തുടങ്ങിയവ നിലനില്‍ക്കുന്ന വളരെ ബഹുസ്വര സ്വഭാവമുള്ള ഇടത്തെയാണ് പൊതുമണ്ഡലം എന്ന സങ്കല്‍പം നിര്‍മിക്കുന്നത്. അവിടെയാണ് വ്യത്യസ്തതകള്‍ തമ്മില്‍ പരസ്പരം സംവദിക്കുന്ന ജനാധിപത്യം നിലനില്‍ക്കുന്നത്. ഇവിടെയാണ് മതേതര ആധുനിക മതത്തിന്റെ അടിത്തറയിലുള്ള വിമോചന വഴികളെക്കുറിച്ച് സംസാരിക്കുന്നവരെ ഉള്‍ക്കൊള്ളണം എന്നൊക്കെ പറയാനാവുക. പര്‍ദ ധരിക്കുന്ന പെണ്‍കുട്ടിക്ക് ജനാധിപത്യ ബോധത്തിനകത്ത് ഇടം നല്‍കണം എന്നു പ്രഖ്യാപിക്കാന്‍ പാകത്തില്‍ വിശാലമായ പൊതുസംവാദാന്തരീക്ഷം നിലനില്‍ക്കണം. അപ്പോള്‍ നമുക്ക് ബഹുസ്വരതയുടെ താളലയങ്ങള്‍ അനുഭവപ്പെടും. ബഹുസ്വരതയുടെ താളലയങ്ങള്‍ ആര്‍ക്കാണ് ഏകപക്ഷീയമായി ലഭ്യമായിക്കൊണ്ടിരുന്നത്? ഈ കൊട്ടിഘോഷിക്കപ്പെടുന്ന 'മതേതര ബഹുസ്വര പൊതുമണ്ഡലം' എത്രമേല്‍ പൊതുവാണ് എന്നതാണ് ഇവിടത്തെ ന്യൂനപക്ഷ, കീഴാള രാഷ്ട്രീയത്തിന്റെ പ്രശ്നം. യഥാര്‍ഥത്തില്‍ സര്‍വര്‍ക്കും സര്‍വവും സാധ്യമാവുന്ന 'പൊതുമണ്ഡലം' കേരള ചരിത്രത്തില്‍ മാര്‍ക്സിയന്‍ നവോത്ഥാനത്തിനു ശേഷവും മരീചികയായി തുടരുന്നു.
ഇന്ത്യയിലെ തീവ്രവാദത്തിന്റെ ഹോള്‍സെയില്‍ നടക്കുന്നത് കേരളത്തിലാണെന്നാണ് ഇവിടെ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 'ഉമ്മ കാണാത്ത മയ്യിത്ത്' മുതല്‍ നിരവധി ഭീകരവേട്ട കേസുകള്‍ എവിടെയെത്തി, കശ്മീര്‍ റിക്രൂട്ട്മെന്റ് നിലച്ചോ തുടങ്ങിയ തുടര്‍ ചോദ്യങ്ങള്‍ പോലും ചോദിക്കാന്‍ പറ്റാത്ത വിധത്തില്‍ ഇവിടത്തെ 'പൊതുബോധ'ത്തെ മറവി ബാധിച്ചിരിക്കുന്നു. ഈ ആരോപണങ്ങള്‍ ശക്തിപ്പെട്ടു വരുമ്പോള്‍ സമുദായം ആരാന്റെ വീട്ടിലെ അനാഥ മക്കളെപ്പോലെ അന്തംവിട്ട് നില്‍ക്കുകയാണ്. നസീറിനെ അറസ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തിലാക്കി അവിടന്ന് ലഭിക്കുന്ന വെളിപാടുകള്‍ നമ്മുടെ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. കിട്ടിയ അളവില്‍ നസീറിനെയും അദ്ദേഹത്തിന്റെ പിതാവിനെയും, പിതാവ് പോകുന്ന പള്ളിയെയും പള്ളി പരിപാലിക്കുന്ന സമുദായത്തെയും ചീത്ത വിളിക്കാനും നമ്മുടെ പത്രമാധ്യമങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തെ ചോദ്യം ചെയ്യുമ്പോള്‍ കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മുസ്ലിം സംഘടനകളുടെയും ഓഫീസുകള്‍ കാട്ടി ഇതില്‍നിന്ന് എവിടെനിന്നാണ് ആര്‍.ഡി.എക്സ് ചെന്നതെന്ന ചര്‍ച്ചകളിലായിരുന്നു നമ്മുടെ ദൃശ്യ മാധ്യമങ്ങള്‍. ഇന്ത്യയിലെ മുഴുവന്‍ സ്ഫോടനങ്ങളുടെയും പിന്നില്‍ നസീറാണെന്നതിന് തെളിവുകള്‍ ലഭിച്ചുകഴിഞ്ഞതായി ഓരോ ചാനലും അഭിമാനത്തോടെ പറയാന്‍ തുടങ്ങി. ഇതിനിടയില്‍ ഹൈക്കോടതി ലൌ ജിഹാദ് ഭൂതത്തെ തുറന്നുവിട്ടു. കോടതിക്ക് സമര്‍പ്പിച്ച 14 റിപ്പോര്‍ട്ടുകളും വ്യാജമാണെന്ന് പ്രഖ്യാപിക്കാനും ഹൈക്കോടതി സന്നദ്ധമായി.
കളമശ്ശേരി ബസ് കത്തല്‍ കേസിലും നസീറിന്റെ പങ്കും സൂഫിയ മഅ്ദനിയെ പ്രതിചേര്‍ത്ത പട്ടികയും പോലീസ് പുറത്തുവിട്ടു. ഇതിലെ ഒന്നും രണ്ടും പ്രതികളെവിടെയാണ്? കളമശ്ശേരി ബസ് കത്തിക്കലിലെ പത്താം പ്രതിക്കെന്താണ് ഇത്ര പ്രത്യേകത? അവിടെയാണ് പൊതുമണ്ഡലത്തിന്റെ യുക്തി പ്രവര്‍ത്തിക്കുന്നത്. പര്‍ദ ധരിച്ച മുസ്ലിം സ്ത്രീ ബസ് കത്തിക്കലിലെ മാത്രം പ്രതിയല്ല, ഒരു സമുദായത്തിന്റെ പ്രതീകമാണ്. മാതൃഭൂമിയില്‍ വന്ന ഒരു കാര്‍ട്ടൂണ്‍ ഇതിനുദാഹരണമാണ്. പര്‍ദ ധരിച്ച കേരളത്തിന്റെ മാപ്പ് അതിനു നേരെ 'അന്ധകാരത്തിലേക്ക്' എന്ന വാചകവും ചേര്‍ത്തു വെച്ചിരിക്കുന്നു. സൂഫിയയിലൂടെയും നസീറിലൂടെയും എന്താണ് നടക്കുന്നതെന്നതിന്റെ മറയില്ലാത്ത പ്രഖ്യാനമായിരുന്നു ആ ചിത്രം. ഇവിടത്തെ ഇടതുപക്ഷത്തിനു പോലും (രാഷ്ട്രീയമായി) മഅ്ദനിയെ സഹായിക്കാന്‍ സാധിക്കാതെ വന്നതില്‍നിന്നും പൊതുബോധത്തിന്റെ പ്രത്യയശാസ്ത്രം എത്ര രൂക്ഷവും സങ്കീര്‍ണവുമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യമാവുന്നു. നമ്മുടെ രാഷ്ട്രീയത്തെയും സാഹിത്യത്തെയും സിനിമയെയും പാഠപുസ്തകങ്ങളെയും നിര്‍ണയിക്കുന്ന വലിയ ജ്ഞാനപദ്ധതിയെ തിരിച്ചറിയുകയും അതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കുകയും വേണം. ബ്രാഹ്മണിക്കല്‍ ജ്ഞാനാധികാരത്തിന്റെ നിര്‍ണയങ്ങളെ വെല്ലുവിളിക്കാന്‍ ശക്തിയുണ്ടാവുമ്പോഴാണ് ന്യൂനപക്ഷ കീഴാള രാഷ്ട്രീയത്തിന് നിലനില്‍പ്പുണ്ടാവുക.

2 comments:

  1. നമ്മുടെ പൊതുബോധം തീര്‍ത്തും സവര്‍ണമാണെന്നു മാത്രമല്ല, പൂര്‍ണമായും മുസ്‌്‌ലിംവിരുദ്ധമാണ്‌. വൃന്ദാകാരാട്ടിന്റെയും തിരഞ്ഞെടുപ്പു കമ്മീഷനറായിരുന്ന എന്‍ ഗോപാലസ്വാമിയുടെയും വലിയ പൊട്ടും മന്‍മോഹന്റെയും ആലുവാലിയയുടെയും വലിയ തലപ്പാവും കന്യാസ്‌ത്രീകളുടെ വസ്‌ത്രങ്ങളും എന്നും പൊതുബോധത്തിനുള്ളിലാണ്‌. കാന്തപുരം മുസ്‌്‌ല്യാരുടെ തലപ്പാവും (സത്യപ്രതിജ്ഞ ചൊല്ലുമ്പോള്‍ മാത്രം) ലീഗ്‌ നേതാക്കള്‍ ധരിക്കുന്ന തൊപ്പിയും പൊതുബോധത്തിനു വെളിയിലാണ്‌. സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങുകള്‍ പോലും പൂര്‍ണമായ സവര്‍ണ ആചാരമായ തേങ്ങയുടച്ചും വിളക്കു കത്തിച്ചുമാണ്‌ തുടങ്ങുന്നത്‌.

    ReplyDelete