Tuesday, March 9, 2010

നമ്മളെപ്പോഴും നന്മ നിറഞ്ഞവരായിരിക്കണമെന്നു വിചാരിക്കുന്നത് എന്തുകൊണ്ട്?


സിവില്‍ സമൂഹത്തിന്റ നിരന്തരമായ സമരങ്ങളാണ് ജനാധിപത്യത്തെ കൂടുതല്‍ വിപുലമാക്കുന്നത്. ആളും അര്‍ത്ഥവുമുള്ളവരുടെ ആഘോഷമായി മാറിയ അതിസമര്‍ത്ഥരായ ചിലയാളുകള്‍ 'അസമര്‍ത്ഥരായ' അനേകമാളുകളെ നിയന്ത്രിച്ചു നിര്‍ത്തുന്ന ഒരു സംവിധാനമാണ് ജനാധിപത്യം. കേന്ദ്രീകൃതമായ അധികാരഘടനയും അതിനെതന്നെ ശക്തമായി നിലനിര്‍ത്തുന്ന രക്ഷാകര്‍തൃബോധത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ ഇടപെടലുകളാണ് മുഖ്യധാര എന്നവിളിപ്പേരില്‍ അറിയപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇവിടത്തെ അധികാരകേന്ദ്രത്തില്‍ പ്രതിഷ്ഠിച്ച രക്ഷാകര്‍തൃത്വത്തെ കേന്ദ്രമാക്കി വികസിച്ചുവന്നവയോ അല്ലെങ്കില്‍ അവയെ പ്രതിഫലിപ്പിക്കുന്നതോ അല്ലാത്ത എല്ലാ ഇടപെടലുകളും അശുദ്ധമാകുന്നു. ഇവിടത്തെ പൊതുബോധത്തെയും പൊതുമണ്ഡലത്തെയും വേലിക്കെട്ടി സംരക്ഷിക്കുന്ന രാഷ്ട്രവ്യവഹാരങ്ങള്‍ക്കകത്ത് സ്ഥിതിചെയ്യുന്നവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരുന്നത്. ശുദ്ധവും മാന്യവും വിവേകമുള്ളതുമായ ഒരു ഏര്‍പ്പാടായിട്ടാണ് രാഷ്ട്രീയപ്രവര്‍ത്തനത്തെ വിലയിരുത്തുന്നത്. ഇവിടെ സംരക്ഷിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന മൂല്യങ്ങള്‍ക്ക് പുറത്തുനിന്നുയരുന്നതിനെ അശുദ്ധമാക്കി ചിത്രീകരിക്കുകയും ചെയ്യുന്നു. വേലിക്കകത്ത് സ്ഥിതിചെയ്യുന്ന എഴുത്ത്, വിശകലനരീതി, ഇടപെടലുകള്‍, സമരങ്ങള്‍ തുടങ്ങിയവയെ മുഖ്യധാരാ രാഷ്ട്രീയ ഇടപാടുകളായി കാണുന്നു. മലബാര്‍ സ്വാതന്ത്യ്ര പോരാട്ടങ്ങളെ മതഭ്രാന്ത്, ലഹള, പൊട്ടിത്തെറി തുടങ്ങിയ പദാവലികളിലൂടെയാണ് കോളോണിയല്‍ കോളോണിയലാനന്തര ദേശീയ ചരിത്രമെഴുത്തുകളിലും വിശകലനരീതികളിലും നിരീക്ഷിക്കപ്പെടുന്നതെന്ന് എം.ടി അന്‍സാരി സൂചിപ്പിക്കുന്നുണ്ട്. ലഹളയും പൊട്ടിത്തെറിയമായിരുന്നില്ലെന്ന് പ്രഖ്യാപിച്ച് പാപമുക്തമായി ശുദ്ധീകരിക്കപ്പെട്ടതിനു ശേഷമാണ് മുഖ്യധാരയുടെ അംഗീകാര മുസ്ലിം വിഭാഗങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. മുസ്ലിംകളുടെ പ്രസക്തമായ ചെറുത്തുനില്‍പ്പുകളെ എടുത്തുച്ചാട്ടമായും വിഢിത്തമായും പിന്നീട് തീവ്രവാദവും ഭീകരവാദവുമായി ചിത്രീകരിക്കാനും പൊതുരാഷ്ട്രീയ മാധ്യമങ്ങളും തയ്യാറായിട്ടുണ്ട് (ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിക്കുക). സാമ്പ്രദായിക ഇടതുപക്ഷത്തിന്റെ ചരിത്ര വിശകലന രീതികളെ നോക്കുകുത്തികളാക്കി കൊണ്ടായിരുന്നു ചെങ്ങറയിലെ ജാതിഅധിഷ്ഠിത സമരങ്ങള്‍. വര്‍ഗ്ഗ വിശകലന രീതികള്‍ക്ക് പുറത്തു നടന്ന ഈ സമര രീതിയെ തുടക്കത്തില്‍ തന്നെ മാറ്റിനിര്‍ത്തുവാന്‍ പൊതുസമൂഹം വളരെയധികം ശ്രദ്ധിച്ചിരുന്നു. ചെങ്ങറയിലെ ജനങ്ങലെ ഉപരോധത്തിലൂടെ പീഡിപ്പിക്കുന്നതിന് ഈ അകറ്റി നിര്‍ത്തല്‍ ബോധം സഹായകമായിട്ടുണ്ട്. ളാഹാ ഗോപാലന്റെ 'പിടിപ്പുകേട്', 'അശ്രദ്ധ' എന്നിവയാണ് ചെങ്ങറസമരം വേണ്ടത്ര വിജയംവരിക്കാതെ പോയതെന്നാണ് സാമ്പ്രദായിക വിശകലനം. ഇത്തരം ജനകീയമായ വിപ്ളവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കാനുള്ള ശേഷിയില്ലാത്തവരായിട്ടാണ് കീഴാള ജനതയെ വിലയിരുത്തപ്പെടുന്നത്. അഥവാ ഇപ്രകാരമുള്ള സമരങ്ങള്‍ മുന്നോട്ടു കൊണ്ടുപോയാല്‍ അശ്രദ്ധയും പിടിപ്പുകേടും കാരണം പരാജയപ്പെടുകയും ചെയ്യും. സാമ്പ്രദായിക സമരരീതികള്‍ എത്രതന്നെ പരാജയപ്പെട്ടാലും അതുപിടിപ്പുകേടുകൊണ്ടും അശ്രദ്ധകൊണ്ടുമായിരുന്നുവെന്ന് ആരോപിക്കപ്പെടാറില്ല. കേസുകളില്‍ ളാഹാഗോപാലന്‍ കൃത്യമായി ഹാജരാവാത്തത് അശ്രദ്ധമൂലമായിരുന്നുവെന്നാ (അങ്ങാടിയിലിറങ്ങിയാല്‍ തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയവരാണ് ഇത് പറയുന്നത്)ണ് പ്രചരിപ്പിക്കപ്പെടുന്നത്. ഈ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള കഴിവ് തൊലികറുത്തവനും, മാപ്പിളക്കും, കീഴാള ജനവിഭാഗങ്ങള്‍ക്കും ഇല്ലായെന്നാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്വന്തം കാര്യം നോക്കാന്‍ കഴിയുന്ന യോഗ്യത (മെറിറ്റ്) ഇല്ലാത്തവരാണ് കീഴാള ജാതിക്കാരും മാപ്പിളമാരുമെന്ന കോളോണിയലാനന്തര ചരിത്രത്തിന്റെ കൈകാര്യ കര്‍ത്താക്കളും മീഡിയകളും പറഞ്ഞുകൊണ്ടിരിക്കുന്നത്. കീഴാള/മുസ്ലിം ഇടപെടലുകള്‍ക്ക് വിജയിക്കാന്‍ കഴിവില്ലാത്തവരും, അവരുടെമേല്‍ നേരത്തെ ആരോപിക്കപ്പെട്ട അശുദ്ധിവാദങ്ങളെ നിരന്തരം തെളിയിക്കേണ്ടവരുമായിട്ടാണ് പൊതുവേ വിലയിരുത്തുന്നത്. എന്‍.എസ് മാധവന്റെ 'മുബൈ'യിലെ അസീസിന്റെതുപോലത്തെ അവസ്ഥകളാണ് മുസ്ലിം രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍.
'മിസ്റര്‍ അസീസ് അല്ലേ'? പ്രമീള പതുക്കെ വളരെ പതുക്കെ പ്രേമത്തുടക്കത്തിലെ കാമുകിയെപോലെ മന്ത്രിച്ചു.
'അതേ'
'അച്ഛന്റെ പേര്'?
'ബീരാന്‍ കുഞ്ഞ്'
അമ്മ?
'ഫാത്തിമ'
രണ്ടുപേരും ഇപ്പോഴുമുണ്ടോ?
'ഇല്ല, കഴിഞ്ഞതിന്റെ മുമ്പത്തെ കൊല്ലം ഒരുമാസം ഇടവിട്ട് രണ്ടുപേരും മരിച്ചു'
സ്വന്തമായി ഭൂസ്വത്ത്?
'ഇല്ല, എന്നെ ഐ.ടിയില്‍ പഠിപ്പിക്കുവാനും പിന്നെ അനിയന് അബൂദാബിയിലേക്ക് വിസയെടുക്കാനും വേണ്ടി പറമ്പുകളെല്ലാം വില്‍ക്കേണ്ടിവന്നു.'
അപ്പോള്‍ കരം അടച്ച രസീതുകള്‍ കയ്യില്‍ കാണില്ലേ?
'ഇല്ല'
നിങ്ങള്‍ക്ക് ഇന്ത്യയില്‍ ഭൂമിയുള്ളതായി യാതൊരു തെളിവുമില്ല, അല്ലേ?
'ഇല്ല, എന്റെ റേഷന്‍ കാര്‍ഡ്'
ഈ അന്വേഷണം അതിനെക്കുറിച്ചാണ്. ആദ്യം നിങ്ങള്‍ ഇന്ത്യക്കാരനാണെന്ന് ബോധ്യമാകണമല്ലോ, പിന്നെയല്ലേ റേഷന്‍ കാര്‍ഡ്?
ഇതുനല്ല കളി, ഒരു ദിവസം ഉറക്കത്തില്‍ നിന്നും നിങ്ങളെ വിളിച്ചുണര്‍ത്തി ഇന്ത്യക്കാരിയാണെന്ന് തെളിയിക്കുവാന്‍ പറഞ്ഞാല്‍ സഹോദരി എന്ത് ചെയ്യും.?
'.... ഞാനെന്റെ പേരുപറയും. അത്രതന്നെ, എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റ് പേരുതന്നെയാണ്. പ്രമീള ഗോഖ്ലെ മഹാരാഷ്ട്രക്കാരി, ഹിന്ദു, ചിത്പവന്‍ ബ്രഹ്മണന്‍, മനസ്സിലായോ'? (മുംബെയ്, എന്‍.എസ് മാധവന്‍)
സ്വയം തെളിയിക്കാന്‍ ബാധ്യതയുള്ള ഒരു സമൂഹം എങ്ങനെയാണ് സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. നിരന്തരം തെളിയിക്കുക എന്നതുതന്നെയാണ് ഇസ്ലാമിക രാഷ്ട്രീയത്തിനകത്ത് പ്രവര്‍ത്തിക്കുന്നത്. ആസൂത്രിതമായ ഭീകരവേട്ട സന്ദര്‍ഭങ്ങളിലെല്ലാം മുസ്ലിം ലീഗ് അടക്കമുള്ള മുസ്ലിം സംഘടനകള്‍ നടത്തുന്ന കാമ്പയിനുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും. 'മതം തീവ്രവാദമല്ല, സമാധാനമാണ്' 'ഇസ്ലാം സമാധാനത്തിന്റെ മതം' തുടങ്ങിയ കാമ്പയിനുകളിലൂടെ തെളിയിക്കല്‍ പ്രക്രിയയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ എന്താണ് എന്ന് നിരന്തരം സ്ഥാപിച്ച് കൊണ്ടിരിക്കുന്ന ഈ രാഷ്ട്രീയ ശൈലി ആത്യന്തികമായി സവര്‍ണ്ണബോധത്തെയാണ് തൃപ്തിപ്പെടുത്തുന്നത്. പുരോഗമന ഇടതുപക്ഷ സംഘടനകള്‍ പോലും മതത്തെക്കുറിച്ച് നിരന്തരം 'തെളിവ്' ആവശ്യപ്പെടുന്നതായി അവരുടെ കാമ്പയിനുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും. ശുദ്ധി സമൂഹത്തില്‍ നിലനില്‍ക്കുന്ന ബോധത്തിന്റെ നിര്‍മിതിയാണ്. നിലനില്‍ക്കുന്ന അധികാര രൂപങ്ങളുടെ നിഴല്‍ അവയില്‍ വീണ് കിടപ്പുണ്ട്. എല്ലാ സമൂഹങ്ങളിലും ഇത്തരം ശുദ്ധിവാദങ്ങളെ സനാതനമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കും. അവ ലംഘിക്കാനുള്ള നീക്കങ്ങളെ വളരെ ആസൂത്രതിമായി മാറ്റിമറിക്കാനും 'യോഗ്യത' തെളിയിക്കാന്‍ ആവശ്യപ്പെട്ട് വിലക്ക് കല്‍പ്പിക്കാനും മുഖ്യധാര തയ്യാറാവും. കള്ളം പറയുക എന്നതാണ് കീഴാള രാഷ്ട്രീയത്തിന്റെ അടിത്തറയായി ഇവിടത്തെ രക്ഷാകര്‍തൃത്വ ബോധം കാത്തുസൂക്ഷിക്കുന്ന മുഖ്യധാരാ വിഭാഗങ്ങള്‍ കാണുന്നത്. ഭര്‍ത്താവ് ജയിലില്‍ അകപ്പെടുമ്പോള്‍ വീട്ടില്‍ കുത്തിയിരുന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കേണ്ട ഒരു മുസ്ലിം സ്ത്രീ (സൂഫിയാ മഅ്ദനി) പൊതുഇടത്തിലേക്ക് ഇറങ്ങിയതിനെ സദാചാര വിരുദ്ധവും എടുത്തുച്ചാട്ടവുമായിട്ടാണ് നിരീക്ഷിക്കപ്പെട്ടത്. അവള്‍ക്ക് സത്യതന്തത തെളിയിക്കാനുള്ള ബാധ്യതയുണ്ട്. ആധുനികമായ ടെക്നോളജി (മൊബൈല്‍) പോലും ഉപയോഗിക്കുന്നതില്‍ കള്ളമില്ലെന്ന് തെളിയിക്കേണ്ടതുണ്ട്. കളമശ്ശേരി ബസ്സ് കത്തിക്കലിലെ പ്രതി കളുമായി ഫോണിലൂടെ ബന്ധപ്പെട്ടുവെന്ന തെളിവ് സത്യസന്ധതയില്ലായ്മയുടെ ഉദാഹരണമായി ചൂണ്ടിക്കാട്ടാന്‍ മാധ്യമങ്ങളും മുഖ്യധാരാ ചിഹ്നങ്ങളും തയ്യാറായി. പൊതുമണ്ഡലത്തെ അശുദ്ധമാക്കാനുള്ള ഒരു മുസ്ലിം സ്ത്രീയുടെ രാഷ്ട്രീയമായ നീക്കങ്ങളെ എടുത്തുച്ചാട്ടമായും കള്ളത്തരമായും വ്യഖ്യാനിക്കപ്പെടുന്നതിലെ സവര്‍ണ്ണ ശുദ്ധിവാദങ്ങളുടെ യുക്തി വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. ആദ്യം അസ്ഥിത്വം തെളിയിക്കണം പിന്നീട് സത്യസന്തതയും സദാചാര വിശുദ്ധിയും ആവശ്യമാവുന്നത് ഒരു പ്രത്യേക വിഭാഗത്തിന് മാത്രമാണ്. കേരളത്തില്‍ അനേകം സ്ത്രീകള്‍ പൊതുരംഗത്തിറങ്ങിയപ്പോള്‍ ഇല്ലാതിരുന്ന ആരോപണങ്ങള്‍ സൂഫിയയുടെയും (മുസ്ലിം സ്ത്രീ) സി.കെ ജാനുവിന്റെയും (ആദിവാസി) രംഗപ്രവേശത്തോടെ സജീവമാവുകയുണ്ടായി. ആദിവാസികള്‍ക്ക് ഗവണ്‍മെന്റ് സഹായധനം നല്‍കിയാല്‍ അവര്‍ മദ്യപിക്കുമെന്നും വൃത്തിയുള്ളവീടുകള്‍ അവര്‍ അശുദ്ധിയാക്കുമെന്നുമായിരുന്നു പൊതുസമൂഹം അവരെക്കുറിച്ച് വിലയിരുത്തിയത്. മധ്യവര്‍ഗ്ഗം ഏറ്റവും കൂടുതല്‍ മദ്യപിക്കുന്ന (റേഷനരിയേക്കാള്‍) ഒരുനാട്ടിലാണ് ഈ ആരോപണമെന്ന് നാം ഓര്‍ക്കണം. അവരുടെ അവകാശ പോരാട്ടങ്ങളെ ഹിംസാത്മകമായി ഭരണകൂടത്തിന് നേരിടാന്‍ സാധിച്ചത് രക്ഷാകര്‍തൃത്വത്തിന് പുറത്തുള്ള ഒരു സമരരീതിക്കും വിജയിക്കാന്‍ യോഗ്യതയില്ലെന്ന യുക്തി ശക്തിപ്പെട്ടതുകൊണ്ടാണ്. ഇവിടെ പിടിമുറുക്കിയിട്ടുള്ള കര്‍തൃബോധങ്ങള്‍ക്കപ്പുറത്ത് വികസിച്ചുവരുന്ന ഉയര്‍ത്തേഴ്നേല്‍പ്പുകളെ സനാതന ശുദ്ധിവാദങ്ങള്‍കൊണ്ടാണ് സവര്‍ണ്ണര്‍ നേരിട്ടുവരുന്നത്. യു.പി ഭരിക്കുന്ന മായാവതിയെ അഴിമതിക്കാരിയായും ഭരിക്കാന്‍ കഴിയാത്തവളുമായ ഭരണാധികാരിയായിട്ടാണ് പൊതുവേ ചിത്രീകരിക്കപ്പെടാറുള്ളത്. ഇവിടത്തെ മുഖ്യധാരപാര്‍ട്ടികളുടെ ജില്ലാകമ്മറ്റികള്‍ക്കുള്ള ആസ്തിപോലും ബി.എസ്.പി ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ മായാവതിക്ക് ഭരിക്കാന്‍ യോഗ്യതയില്ല. ഉത്തരേന്ത്യയില്‍ ഏറെ വികസിച്ചുവന്ന വര്‍ഗ്ഗീയകലാപങ്ങള്‍ ഒരു പരിധിവരെ തടയിടാന്‍ മായാവതിക്കും മൂലായംസിംഗ് യാദവിനെപോലുള്ള ഭരണാധികാരികള്‍ക്കും സാധിച്ചിട്ടുണ്ട്. പക്ഷേ, ഇവര്‍ക്ക് 'പിടിപ്പുകേടും' 'കഴിവില്ലായ്മയും' ധാരാളമുള്ളവരായിട്ടാണ് വിലയിരുത്തുന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ ധാരാളം ഭരണാധികാരികള്‍ ഇന്ത്യയിലുണ്ട്. പക്ഷേ അവരെ ടാര്‍ഗറ്റ് ചെയ്യുന്നതിനുപകകരം മായാവതിയിലും ലാലുപ്രസാദിലും കേന്ദ്രീകരിക്കുന്നത് എന്തുകൊണ്ടാണ്?. വളരെ നന്നായി ഇന്ത്യന്റയില്‍വയെ ലാഭത്തിലേക്ക് നയിച്ച അഡ്മിനിസ്ട്രേറ്ററു കൂടിയായ ലാലുപ്രസാദ് യാദവിനെ കോമാളിയായി കാണുവാനായിരുന്നു പൊതുസമൂഹത്തിന് താല്‍പര്യം. ഭരിക്കാന്‍ കൊള്ളാത്തവര്‍ നികൃഷ്ടജാതികള്‍ എന്ന മനുസ്മൃതികള്‍ തന്നെയാണ് നമ്മുടെ പൊതുബോധത്തില്‍ ഓളം വെട്ടിക്കൊണ്ടിരിക്കുന്നത്. ദലിത് സംഘടനകളെക്കുറിച്ചും പൊതുവായി രൂപപ്പെട്ടുവന്ന ബോധം അവര്‍ തമ്മില്‍ തല്ലുന്നവരും നിരവധി ഗ്രൂപ്പുകളും ഐക്യമില്ലാത്തവരും, ഒന്നിച്ചുനില്‍ക്കാന്‍ കഴിവില്ലാത്തവരുമാണ് എന്നാണ്. ഇവിടെ ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നതുമായ എല്ലാ പാര്‍ട്ടികളിലും നിരവധി ഗ്രൂപ്പുകളും അവര്‍ തമ്മില്‍ വടംവലികളും ധാരാളമുണ്ട്. മതസംഘടനകള്‍ക്കിടയിലും ഈ സ്പധ നിലനില്‍ക്കുന്നുണ്ട്. പക്ഷേ ദലിതരെ മാത്രം തമ്മില്‍ തല്ലുന്നവരും, യോഗ്യതയില്ലാത്തവരുമായി ചിത്രീകരിക്കുന്നത് എന്ത്കൊണ്ടാണ്. സംഘടിക്കാനുള്ള കഴിവ് അവര്‍ക്കില്ലെന്ന് വിധിച്ചത് കൊണ്ടാണ് കണ്ണൂരിലെ പയ്യന്നൂരില്‍ ഓട്ടോ ഡ്രൈവറായ ചിത്രലേഖയെ കൈകാര്യം ചെയ്തതിന് ഇടതുപക്ഷപാര്‍ട്ടികള്‍ പറഞ്ഞത് അവര്‍ സദാചാരമില്ലാത്തവരും മദ്യപിക്കുന്നവരുമാണ് എന്നാണ്. ദലിത് സത്രീ വിട്ടിലിരിക്കുകയാണ് വേണ്ടത്, ഓട്ടോ ഓടിക്കാന്‍ സ്ത്രീക്ക് അവകാശമില്ല. സി.ഐ.ടിയുവില്‍ ചേര്‍ന്നാല്‍ പോലും ഈ ശുദ്ധിവീണ്ടെടുക്കാന്‍ കഴിയുന്നില്ല. അത്കൊണ്ടാണ് സി.ഐ.ടിയുവില്‍ അംഗമായിരിക്കുമ്പോഴും അവര്‍ മര്‍ദ്ദിക്കപ്പെട്ടതും ഓട്ടോ അഗ്നിക്കിരയാക്കിയതും. മദ്യപിച്ച് പോലീസിനെ അടിച്ചുവെന്നതാണ് അവര്‍ക്കുമേലുള്ള മറ്റൊരാരോപണം. (കേരളത്തിലെ ഏറ്റവും വലിയ ചെത്തുതൊഴിലാളി സംഘടനയുള്ള പാര്‍ട്ടിയാണിത് പറയുന്നത്). മദ്യപിക്കുക എന്നത് മുഴുവന്‍ ആളുകള്‍ ചെയ്യുമ്പോഴും ഒരുപോലെ തെറ്റാവണം. അത് ദലിത് സ്ത്രീ ചെയ്യുമ്പോള്‍ മാത്രമെങ്ങനെയാണ് കൈകാര്യം ചെയ്യപ്പേടേണ്ട തിന്മയാവുന്നത്. മുസ്ലിംകളുടെ സ്നേഹത്തില്‍ കളങ്കമുണ്ട്. അവര്‍ ചതിയന്‍മാരാണ്. അവരുടെ സ്നേഹത്തില്‍ ചോരയുടെയും കളവിന്റെയും മിശ്രിതങ്ങളുണ്ട്. ലൌജിഹാദ് വാദം ഉയര്‍ത്തപ്പെടുന്നത് ഇങ്ങനെയാണ്. കളങ്കമുള്ള സ്നേഹനാട്യങ്ങളാണ് മുസ്ലിംകളുടേതെന്ന പ്രചാരണമാണ് ഇതിലൂടെ മുന്നേറിയത്. പൊതുസമൂഹത്തില്‍ രക്ഷാകര്‍തൃ കേന്ദ്രത്തിലൂടെ വികസിച്ചുവന്ന അധികാരഘടനകള്‍ക്കപ്പുറത്തുള്ള എല്ലാ ചെറുതും വലുതുമായ ശ്രമങ്ങളെ, ചെറുത്തുനില്‍പ്പുകളെ അശുദ്ധമാക്കി, പൊട്ടിത്തെറികള്‍, എടുത്തുച്ചാട്ടം, കളങ്കം, കളവ്, മദ്യപാനം, സദാചാരമില്ലായ്മ, യോഗ്യതക്കുറവ്, കോമാളി തുടങ്ങിയ പദനിര്‍മിതികളിലൂടെ നേരിടുമ്പോള്‍ ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി ഇവയെ വിലയിരുത്തേണ്ടിവരും. അധസ്ഥിതരുടെ ഈ 'കളങ്കം' ഒരു രാഷ്ട്രീയ പ്രതിരോധം കൂടിയാണ്. ഇവിടെ വികസിച്ചുനില്‍ക്കുന്ന ക്രൂരമായ അധികാരഘടനയെ ദുര്‍ബലപ്പെടുത്താന്‍ ഈ അശുദ്ധവാദികള്‍ക്കാണ് കഴിയുക.

No comments:

Post a Comment