Tuesday, March 23, 2010

മുസ്ലിം പ്രതിനിധാനത്തിന്റെ രോഗാവസ്ഥകള്‍
ഇന്ത്യയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ഒരു സിനിമയാണ് മൈ നൈം ഈസ് ഖാന്‍. ഐ.പി.എല്‍ ക്രിക്കറ്റില്‍ പാക്ക് കളിക്കാരുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനും സവര്‍ണ സേനാ നേതാവ് ബാല്‍താക്കറയും തമ്മില്‍ പരസ്യമായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. മുസ്ലിം എന്ന നിലക്ക് അസാധാരണമായ അനുഭവങ്ങള്‍ക്ക് ശാരീരികമായി വിധേയമായ ഒരു വ്യക്തി കൂടിയാണ് ഷാറൂഖ് ഖാന്‍. നമ്മുടെ സിനിമ രംഗത്ത് നടക്കുന്ന വിഴുപ്പലക്കല്‍ വിവാദങ്ങളുടെ അര്‍ത്ഥശൂന്യതയില്‍ നിന്നും ഏറെ അകലെയാണ് കൃത്യമായ രാഷ്ട്രീയ ബോധത്തോടെ നടത്തുന്ന ബോളിവുഡ് വിവാദങ്ങള്‍. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മുസ്ലിം ആയതിന്റെ പേരില്‍ മാത്രം അടിവസ്ത്രം അഴിക്കേണ്ടി വന്ന പ്രശസ്തരായ ആളുകളായിരുന്നു എ.പി.ജെ അബ്ദുല്‍ കലാം, ഷാറൂഖ് ഖാന്‍, മമ്മുട്ടി എന്നിവര്‍. കൂട്ടത്തില്‍ പേരിനൊരു അറബി രുചിയുള്ളതിനാല്‍ തമിഴ് ബ്രഹ്മണനായ കമാല്‍ ഹസന്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. ഈ തിക്താനുഭവങ്ങളില്‍ നിന്നും വികസിച്ചെടുത്ത ഒരാശയമായിരുന്നു മൈ നൈം ഈസ് ഖാന്‍. ഒരു വ്യത്യസ്ഥമായ വഴിയെന്ന നിലയില്‍ (ബോളിവുഡില്‍) ചില മാറ്റങ്ങള്‍ക്ക് സംവിധായകന്‍ കരണ്‍ ജൌഹര്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ പരമ്പാരഗതമായ വാര്‍പ്പു മാതൃകകളെ കുടഞ്ഞെറിയാന്‍ കഴിയാത്തവിധം പിടിമുറുക്കിയ ആധിപത്യ പൊതുബോധമെന്ന അടിച്ചേല്‍പ്പിക്കപ്പെട്ട പരിമിതിക്കകത്തുതന്നെയാണ് ഈ സിനിമയും സ്ഥിതിചെയ്യുന്നത്. 'ഞാനൊരു ഭീകരവാദിയല്ല' എന്ന പ്രഖ്യാപനം ഇതിനു തെളിവാണ്. ഇത് നിരന്തരമായി തെളിയിച്ചുകൊണ്ടുമാത്രമാണ് ഒരു മുസ്ലിമിന് പൊതുബോധത്തെ തൃപ്ത്തിപ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന് തന്നെയാണ് ഈ സിനിമ വ്യക്തമാക്കുന്നത്. ഞാന്‍ ഭീകരവാദിയല്ല എന്ന തെളിയിക്കലില്‍ മറ്റുള്ളവര്‍ ആവാമെന്ന ധ്വനിയില്‍ നിന്നാണ് ഈ സിനിമയും പൊതുബോധത്തിലേക്കുള്ള പാലം നിര്‍മിച്ചിട്ടുള്ളത്. സാധാരണ ഒരു മുസ്ലിമിന് ഭീകരവാദിയാകാതിരിക്കാന്‍ കഴിയുകയില്ലെന്നും അഥവാ ഭീകരവാദിയാകാതിരിക്കണമെങ്കില്‍ മാനസിക, ശാരീരികമായ വൈകല്യങ്ങള്‍ക്കോ രോഗാവസ്ഥകള്‍ക്കോ വിധേയമാകണമെന്നുള്ള പൊതുവായ കാഴ്ച്ചപാടു തന്നെയാണ് ഇത് മുന്നോട്ട് വെക്കുന്നത്. റിസ്വാന്‍ ഖാന്‍ (ഷാറൂഖ്) ആസ്പര്‍ഗ്രേസ് സിന്‍ഡ്രം എന്ന രോഗം ബാധിച്ചത്കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് നല്ല മുസ്ലിമാവാന്‍ സാധിച്ചത്. ആരോഗ്യമുള്ള (ചീൃാമഹ) ഒരു മുസ്ലിമിന് നല്ല മുസ്ലിമാവാന്‍കഴിയുകയില്ല. റിസ്വാന്‍ ഖാനെ കുത്തിപ്പരിക്കേല്‍പ്പിക്കുന്നതും പള്ളിയില്‍ 'ത്രീവ്രവാദ ക്ളാസുകള്‍' നടത്തുന്നതും നോര്‍മലായ മുസ്ലിംകളാണ്. സാധാരണ ഗതിയില്‍ മുസ്ലിം/ദലിത് പ്രതിനിധാനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഹിംസാത്മകമായ അപരസ്ഥാനങ്ങളെയാണ്. ജൈവശാസ്ത്രപരമായ ഉന്മൂലനത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയുമാണ് ഈ പ്രതിനിധാനങ്ങള്‍ മെരുക്കപ്പെടുന്നത്. ജൈവശാസ്ത്രപരമായ ബലഹീനതകള്‍ വഹിക്കുന്നതോടൊപ്പം തന്നെ നിരവധി സന്തുലിത (ആമഹമിരല)മായ ഇടപാടുകളിലൂടെയാണ് ഈ കഥാപാത്രം തന്റെ അസാധാരണമായ ജീവിതഗതിയെ നിയന്ത്രിച്ച് നിര്‍ത്തുന്നത്. മന്ദിര (കാജോള്‍) എന്ന ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിക്കുന്നതിലൂടെയാണ് ഈ സെക്യുലര്‍ സന്തുലിതത്വം പാലിക്കപ്പെടുന്നത്. മതപരമായ ജീവിതത്തെ ചിലസമയങ്ങളില്‍ കോമാളിത്തരമായി ചിത്രീകരിച്ചുകൊണ്ടും ഇത് നിലനിര്‍ത്തപ്പെടുന്നുണ്ട്. മുമ്പ് സിനിമയില്‍ നല്ല മുസ്ലിമിന് ആരോഗ്യമുള്ളതോടൊപ്പം ചില സന്തുലിത(പൊതുബോധവുമായി)ങ്ങളും രാജിയാവലുകളും ചേര്‍ത്ത് നേരെയാക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നിരുന്നത്. ഹിന്ദുവായ ഉയര്‍ന്നജാതിയില്‍പെട്ട ഒരു സ്ത്രീയെ വിവാഹം കഴിക്കുക, മുസ്ലിംകളെ ചീത്തപറയുക തുടങ്ങി നിരവധി ചാഞ്ചാട്ടങ്ങളിലൂടെയാണ് മുസ്ലിം കഥാപാത്രത്തിന്റെ 'നന്മ' നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ നല്ല മുസ്ലിമിന് ബയോളജിക്കലായി തന്നെ ന്യൂനതകള്‍ നിര്‍മിക്കുകയും അത്കൊണ്ട് മാത്രം അയാള്‍ക്ക് ആക്രമണോത്സുക സ്വഭാവം പ്രകടിപ്പിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു എന്ന രീതിയിലാണ് മുസ്ലിം/ദലിത് കഥാപാത്രങ്ങളെ ഇപ്പോള്‍ രൂപപ്പെടുത്തുന്നത്. എങ്കില്‍ പോലും ചില സമയങ്ങളില്‍ വയലന്‍സ് ആകാനുള്ള സാധ്യതകള്‍ ഉണ്ടാവുകയും അതിനെയും നിയന്ത്രിച്ച് നിര്‍ത്തുക എന്ന ചിന്തയില്‍ നിന്നാണ് റിസ്വാന്‍ ഖാന്റെ കൂടെ മന്ദിര എന്ന കഥാപാത്രം ജീവിത പങ്കാളിയാവുന്നത്. നമ്മുടെ സിനിമ വളരെയധികം ക്രൂരമായ രീതിയിലാണ് ഇസ്ലാമികമായ രാഷ്ട്രീയ വശങ്ങളെ കയ്യടക്കിവെച്ചിരിക്കുന്നത്. നല്ല (ജൈവശാസ്ത്രപരമായി) മുസ്ലിം ചീത്ത (കഥാപാത്രം) മുസ്ലിമായും ചീത്ത (ജൈവശാസ്ത്രപരമായി) നല്ല മുസ്ലിം കഥാപാത്രവുമായാണ് ഇതിലൂടെ ചിത്രീകരിക്കപ്പെടുന്നത്. വംശീയമായ ഉന്മൂലനത്തിന് പാകപ്പെടുത്തപ്പെട്ട ഒരു പ്രത്യയ ശാസ്ത്രമായിട്ടാണ് ഇത്തരം സിനിമകള്‍ പ്രവര്‍ത്തിക്കുന്നത്.
മുസ്ലിമിന്റെ മൂലധനം
മലയാളത്തില്‍ പുറത്തിറങ്ങിയ രജ്ഞിത്ത് സംവിധാനം ചെയ്ത ടി.പി രാജീവിന്റെ 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന സിനിമയിലും ഈ യുക്തി പ്രവര്‍ത്തിക്കുന്നതായി കാണാന്‍ കഴിയും. നല്ല മുസ്ലിമായി ചിത്രീകരിക്കുന്നത് മന്ത്രവാദ ചികിത്സക്കാരനായ ഒരു മുസ്ലിയാരെയാണ്. ഇദ്ദേഹം ജൈവശാസ്ത്രപരമായി വൈകല്യമുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ 'നല്ല' എന്ന ഇമേജ് ലഭിക്കുന്നത്. അദ്ദേഹമാണ് വേലായുധന്‍ എന്ന കുറ്റവാളിയെ സമര്‍ത്ഥമായി കെണിയില്‍ അകപ്പെടുത്തുന്നത്. എന്നാല്‍ ചീത്ത മുസ്ലിമായി ചിത്രീകരിക്കുന്നത് ജൈവികമായി ദൃഢഗാത്രനായ അഹ്മ്മദ് ഹാജി (മമ്മുട്ടി) എന്ന കഥാപാത്രത്തെയാണ്. മുസ്ലിം കഥാപാത്രത്തിന്റെ രോഗ/ആരോഗ്യ അവസ്ഥകളിലൂടെയാണ് നല്ലയും ചീത്തയുമായ നിര്‍മിതികള്‍ രൂപപ്പെടുന്നത്. മമ്മുട്ടി അവതരിപ്പിക്കുന്ന മൂന്ന് കഥാപാത്രങ്ങളും ആരോഗ്യമുള്ളതായതുകൊണ്ട് അവരില്‍ ചീത്തമുസ്ലിമിന്റെ നിര്‍മിതികള്‍ തന്നെയാണ് നടത്തിയിട്ടുള്ളത്. അഹമ്മദ് ഹാജിയുടെ മകന്‍ ഖാലിദ് അഹമ്മദാണ് മാണിക്യമെന്ന സ്ത്രീയെ കൊലപ്പെടുത്തിയിട്ടുള്ളത്. പാതിമുസ്ലിമായ ഹരിദാസ് അഹമ്മദ് അന്യന്റെ ഭാര്യയെ കൂടെ പൊറുപ്പിക്കുന്നവനാണ്. മൂന്ന് ശക്തരായ മുസ്ലിം കഥാപാത്രങ്ങളിലും നെഗറ്റിവിറ്റിയാണ് സന്നിവേശിപ്പിച്ചിട്ടുള്ളത്. ജൈവികവും സ്വാഭാവികവുമായ ഉണര്‍വുകളെ ക്രൂരമായ ആവിഷ്കാരങ്ങളിലൂടെയാണ് അപരവത്കരണത്തിന് വിധേയമാക്കുന്നത്. പാലേരിമാണിക്യത്തില്‍ തന്നെ ഖാലിദ് അഹമ്മദിന്റെ സ്കോളര്‍ഷിപ്പിനെ (ജ്ഞാനാധികാരം) ചോദ്യംചെയ്യുകയും കുറ്റ്യകൃത്യങ്ങളുടെ തുടര്‍ച്ചകള്‍ മുസ്ലിം സമുദായത്തിന്റെ പുതിയ തലമുറയില്‍ കൂടെ ചാര്‍ത്തുകയും ചെയ്യുന്നുണ്ട്. അലീഗഢില്‍ (മലയാളസിനിമക്ക് അലീഗഢ് ഭീകരവാദത്തിന്റെ കേന്ദ്രമാണ്) പോയി ഉന്നത പഠനം നടത്തിയ പുതിയ മുസ്ലിം തലമുറകളെകൂടി നെഗറ്റിവിറ്റിയുടെ വാര്‍പ്പുമാതൃകകളിലൂടെ വരിഞ്ഞുമുറുക്കുകയും ഇവര്‍ വിവരം കയ്യടക്കുന്നതോടൊപ്പം അപകടകരമായ പ്രവണതകള്‍ വര്‍ദ്ധിക്കുന്നുവെന്നും ഇതിലൂടെ ബോധ്യപ്പെടുത്തുന്നു. അലീഗഢ്മുസ്ലിം സര്‍വ്വകലാശാല (കൂടുതല്‍ ന്യൂനപക്ഷ സമുദായം പഠിക്കുന്ന കലാലയം)യോട് പ്രത്യേക വിരോധം മലയാള സിനിമയില്‍ കാണാന്‍ കഴിയുന്നതാണ്. ദൈവനാമത്തില്‍ എന്ന ആര്യാടന്‍ ശൌക്കത്തിന്റെ സിനിമയിലെ അന്‍വര്‍ എന്ന കഥാപാത്രവും അലീഗഢില്‍ നിന്ന് പഠനം കഴിഞ്ഞെത്തി തീവ്രവാദ ചിന്തയിലേക്ക് നയിക്കപ്പെടുകയും സ്ഫോടന പരമ്പരകള്‍ നടത്തുകയും ചെയ്യുന്ന വ്യക്തിയാണ്. അലീഗഢിന്റെ സെന്റര്‍ മലപ്പുറത്ത് തുടങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ സംഘപരിവാര്‍ അതിനെതിരെ ശക്തമായ പ്രക്ഷേഭവുമായി രംഗത്ത് വന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും കേന്ദ്രം മറ്റൊരു തീവ്രവാദ കേന്ദ്രത്തില്‍ സ്ഥാപിക്കുന്നത് ദേശവിരുദ്ധ പ്രക്രിയയായിട്ടാണ് അവര്‍ മനസ്സിലാക്കിയത്. മുസ്ലിംകളുടെ സാംസ്കാരിക തലസ്ഥാനമായ കോഴിക്കോട് വ്യാവസായിക തലസ്ഥാനമായ കോയമ്പത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളോട് മുഖ്യധാരാ സമീപനം സംഘ്പരിവാര്‍ വീക്ഷണത്തെയാണ് ബലപ്പെടുത്തുന്നത്. മുസ്ലിംകളുടെ/ദലിതുകളുടെ സ്കോളര്‍ഷിപ്പിനോടും പോലും ആളിക്കത്തുന്ന വിരോധമാണ് ഇതിലൂടെ പ്രകടമാവുന്നത്. മുസ്ലിംകളുടെ സാംസ്കാരിക സാമ്പത്തിക വൈജ്ഞാനിക മൂലധനങ്ങളെ സ്വയം നാശത്തിന്റെ ഹേതുവായി നമ്മുടെ പൊതുബോധം രൂപപ്പെടുത്തുന്നത്. പാലേരിമാണിക്യത്തിലെ ഖാലിദ് അഹമ്മദിന്റെ കഥാപാത്രത്തില്‍ നെഗറ്റിവിറ്റി സന്നിവേശിപ്പിക്കന്നതിലൂടെ സംഘപരിവാര്‍ പ്രക്ഷോഭങ്ങളെ സാധൂകരിക്കുക കൂടി ചെയ്യുന്നുണ്ട്. ലൌജിഹാദ് വിവാദവും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടാണ്. മൈ. നയിം. ഈസ് ഖാന്‍, പാലേരിമാണിക്യം എന്നീ സിനിമകളിലെ മുസ്ലിം സ്കോളര്‍ഷിപ്പിനോടും, ആരോഗ്യത്തോടും(ബയോളജിക്കലായി)പുലര്‍ത്തിയ സമീപനം തന്നെയാണ് കേരളത്തില്‍ ശക്തിപെട്ട് ഇന്ത്യയില്‍ ഒട്ടാകെ പടര്‍ന്ന മുസ്ലിം വംശീയ ഉന്മൂലനത്തിന്റെ ഹോളോകാസ്റായ ലൌ ജിഹാദ് വിവാദത്തിലും ഉണ്ടായിരുന്നത്. എം.ടി അന്‍സാരിയുടെ 'മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍' എന്ന പുസ്തകത്തില്‍ ദലിതനില്‍ നിന്നും വിഭിന്നമായി 'മൂലധനം' കൈവശമുള്ള മുസ്ലിമിന്റെ പരിണിതി തകഴിയുടെ 'ചെമ്മീന്‍' എന്ന നോവലിനെ മുന്‍നിര്‍ത്തി പ്രതിപാദിക്കുന്നുണ്ട്. മുസ്ലിമിന്റെ മൂലധനം സ്വയം നാശത്തിലേക്കുള്ള വഴിയായി തീരുന്നു. സമ്പത്തുള്ള പരീകുട്ടിയുടെ അന്ത്യം ഇങ്ങനെയാണ് സംഭവിക്കുന്നത്. പുതിയ സമ്പത്ത് വ്യവസ്ഥ എന്നത് വിജ്ഞാന സമ്പത്ത് വ്യവസ്ഥയാണ്. വിജ്ഞാനമാണ് അധികാരത്തെ നിര്‍ണയിക്കുന്നത്. ഇവിടെ വിജ്ഞാനവും സമ്പത്തും (രണ്ട് കാലങ്ങളിലുള്ള അധികാര നിര്‍ണയത്തിന്റെ മാനദണ്ഡങ്ങള്‍) പാലേരിമണിക്യം എന്ന സിനിമയില്‍ മുസ്ലിമിന്റെ നാശത്തിന് കാരണമാകുന്നു. സമ്പത്ത് വ്യവസ്ഥ എന്ന മൂലധനമുള്ള അഹമ്മദ് ഹാജിയും വിജ്ഞാന മൂലധനമുള്ള ഖാലിദ് അഹമ്മദും സ്വയം നാശം തെരഞ്ഞെടുക്കുന്നു. വിജ്ഞാനത്തിന് മേലുള്ള അധികാരം സവര്‍ണ മേല്‍കോയ്മക്ക് മാത്രം അവകാശപ്പെട്ടിരുന്നിടത്ത് 'നികൃഷ്ടരായ' ജനവിഭാഗങ്ങള്‍ വര്‍ദ്ധിക്കുകയും ജ്ഞാനാധിക്കാരത്തെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് 'ലൌ ജിഹാദ്' ഉടലെടുക്കുന്നത്. മുസ്ലിമിന്റെ പ്രണയ(ബയോളജിക്കല്‍)ത്തെപ്പോലും അകറ്റി നിര്‍ത്തേണ്ട അസാധാരണമായ ഒരിടപാടായിട്ടാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടത്. ജൈവശാസ്ത്രപരമായി ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യുക എന്ന നാസിസ്റ് യുക്തിയുടെ സാധൂകരണമാണ് ഇതിലൂടെ നിര്‍വ്വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. റോമിയോ ജിഹാദ്, ലൌജിഹാദ്, ക്ളിനിക്കല്‍ ജിഹാദ് എന്നിവയിലൂടെയുടെയും നിര്‍വ്വഹിക്കപ്പെട്ടത് സാമൂഹികമായ ഒരു പലേരിമാണിക്യം തന്നെയാണ്. ലൌജിഹാദ് മുസ്ലിമിനെ 'നല്ല മുസ്ലിം' എന്ന കാറ്റഗറിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഉപയോഗിക്കപ്പെട്ടതായിരുന്നു. നല്ല മുസ്ലിം ചീത്ത മുസ്ലിം എന്ന് തരം തിരിച്ചതിന് ശേഷം നല്ലവാനാകാനുള്ള ശ്രമങ്ങള്‍ തന്നെയാണ് മുഴുവന്‍ മുസ്ലിംകളും നിര്‍വഹിക്കേണ്ടത് എന്നാണ് പൊതുസമൂഹം പ്രഖ്യാപിക്കുന്നത്. നന്മ സ്വയം സ്ഥാപിക്കുന്നവരും അടിസ്ഥാനപരമായി നന്മയുള്ളവരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെയാണ് ലൌ ജിഹാദ് വിവാദവും ഈ രണ്ട് സിനിമകളും നിര്‍മിക്കപ്പെട്ടിട്ടുള്ളത്. മുസ്ലിം/ദലിത് എന്നിവരുടെ പ്രണയം, ആരോഗ്യം തുടങ്ങിയ ജൈവാവസ്ഥകളും വിജ്ഞാനം, കഴിവ്, എന്ന അധികാരവസ്ഥകളും ഒരുപോലെ നിര്‍വഹിക്കുന്നത് ഭീകരമായ ഉള്ളടക്കങ്ങളാണ്. ഈ ഭീകരമായ ഉള്ളടക്കങ്ങളെ തേച്ചുമായ്ക്കുന്നതിനാണ് രോഗം, വൈകല്യം, കോമാളി, ദൌര്‍ബല്യം തുടങ്ങിയ വാര്‍പ്പുമാതൃകള്‍ അവരില്‍ സന്നിവേശിപ്പിക്കുന്നത്. കൂടുതല്‍ ആരോഗ്യാവസ്ഥയുള്ള മുസ്ലികളെ, അവര്‍ വസിക്കുന്ന സ്ഥലങ്ങളെ(കഴിവ്, വിദ്യാഭ്യാസം...)ശുദ്ധീകരിക്കുകയോ അല്ലെങ്കില്‍ ചില വൈകല്യങ്ങള്‍ ബോധപൂര്‍വ്വമായി നിര്‍മിച്ചെടുക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്യുന്നു. കേരളം ഭീകരവാദികളുടെ ആസ്ഥാനമെന്ന പ്രചരണം മുസ്ലിം ആരോഗ്യാവസ്ഥക്കെതിരെയുള്ള അസ്വസ്ഥ പൂര്‍ണ്ണമായ ചില പ്രഖ്യാപനങ്ങളാണ്.
മൈ നൈം ഈസ് ഖാന്‍ എന്ന സിനിമയില്‍ റിസ്വാന്‍ഖാന്‍ എന്ന കഥാപാത്രത്തിന്‍മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടരോഗമാണ് ആസ്പര്‍ഗ്രേസ്സിന്‍ഡ്രോം. എങ്കില്‍ പോലും നിരന്തരമായ തെളിയിക്കല്‍ ഇവിടെ നിര്‍വഹിക്കപ്പെട്ടുകൊണ്ടിരിക്കണം. ദേശം, ദേശത്തിന്റെ ആകൃതിയിലുള്ള ശരീര നിര്‍മിതികള്‍ എന്നിവക്കകത്തുനിന്നും പുറത്ത് കടന്ന ഒരു രൂപമായിട്ടാണ് ഇത്തരം കഥാപാത്രങ്ങളെ മുഖ്യധാരാ കൈകാര്യം ചെയ്യാറുള്ളത്. ശരീരത്തിന്റെ ദേശസാമ്യമായ രൂപങ്ങളെല്ലാത്തവയെല്ലാം ഉന്മൂലനം ചെയ്യുക എന്നതായിരുന്നു ഹിറ്റലര്‍ സ്വീകരിച്ചിരുന്നത്. മുസ്ലിമിന്റെ രോഗം വിഭ്രാന്തി, പൊട്ടിത്തെറി, എന്നിവ എങ്ങനെയാണ് ദേശവിരുദ്ധമായതെന്ന് മലബാര്‍ ദേശീയതയുടെ ഇടപാടപകള്‍ എം.ടി അന്‍സാരി സൂചിപ്പിക്കുന്നുണ്ട്. സമരങ്ങള്‍, പോരാട്ടങ്ങള്‍, ഭരണം തുടങ്ങിയവയൊന്നും നോര്‍മലായ ഒരു മുസ്ലിമിനും സ്വാഭാവികമായും ഏറ്റെടുക്കാന്‍ സാധിക്കുകയില്ല. കഴിവ് കുറഞ്ഞവരും കോമാളികളുമായിട്ടാണ് പൊതുസമൂഹം ഇവരെ വിലയിരുത്തുന്നത്. "മാപ്പിളമാര്‍ ദുരിതപൂര്‍ണ്ണമായ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളുടെ ഭാരവും പേറി, ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ സൃഷ്ടിച്ചതിന്, ദേശത്തെ വിഭജിക്കുന്നതിനുതന്നെ, കുറ്റവാളികളായി ചിത്രീകരിക്കപ്പെട്ട്, സമുദായത്തെക്കുറിച്ചുള്ള അവരുടെ ധാരണ തന്നെ 'വര്‍ഗ്ഗീയത'യായി മുദ്രയടിക്കപ്പെട്ട്, സംസാരം/ആഖ്യാനം നിറവേറ്റാനുള്ള ഒരു അവസ്ഥയിലേ ആയിരുന്നില്ല. അവരെ നീതീകരിക്കുന്ന ഒരു യുക്തിയും ഉണ്ടായിരുന്നില്ല, വിശേഷിച്ചും ദേശീയ പുനര്‍നിര്‍മാണത്തിന്റെ നെഹ്രുവിയന്‍ കാലഘട്ടത്തില്‍. ഏകീകൃതമായ രാഷ്ട്രത്തിന് ഭീഷണിയുയര്‍ത്തിക്കൊണ്ടല്ലാതെ തങ്ങളുടെ ജീവിതങ്ങള്‍ കരുപ്പിടിപ്പിക്കുവാന്‍ ഒരുപക്ഷേ, ഇപ്പോള്‍ പോലും മാപ്പിളമാര്‍ക്ക് കഴിയില്ല. അവരെ അതുകൊണ്ട് ന്യൂന-പ്രജകള്‍ (ങശിൌ ടൌയഷലര) ആയി വിവരിക്കാം, സാധാരണ പൌരന്‍മാര്‍(ിീൃാമഹ ഇശശ്വേലി) ആയി പരിഭാഷപ്പെടുത്തേണ്ടവരായി, സ്വതേഭംശ്രം സംഭവിച്ചവരും(ഛൃഴശിമൃശഹ്യ അയലൃൃമി) അതുകൊണ്ട് ഒരിക്കലും സ്വാഭാവിക/സാധാരണ ഇന്ത്യാക്കാരല്ലാതെയും.'' (എം.ടി അന്‍സാരി.)
അവരുടെ ആരോഗ്യമായ അവസ്ഥകളെ, രാഷ്ട്രീയമായ ഉള്ളടക്കങ്ങളെ ചീത്തയാരോപിച്ച് മാറ്റി നിര്‍ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചെങ്ങറ സമരം പരാജയപ്പെടാന്‍ കാരണം ളാഹാ ഗോപാലന്റെ 'കഴിവുകേടും' അശ്രദ്ധയുമൂലമാണ് എന്നാണ് ആരോപിക്കപ്പെട്ടത്. ആധിപത്യപരമായ ഭീകരയുക്തികളാണ് മുസ്ലിം/ദലിത് സമൂഹത്തെ മെരുക്കിയെടുക്കുക എന്ന കര്‍ത്തവ്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ ഷാരൂഖ് തന്നെ നിര്‍മിച്ച സിനിമ ബാല്‍താക്കറയുടെ യുക്തിയെയാണ് അബോധമായിട്ടെങ്കിലും പിന്താങ്ങുന്നത്.

No comments:

Post a Comment