Thursday, April 1, 2010

കേരളാ മോഡല്‍ വികസനവും സാഗര്‍ ഹോട്ടലും



അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ആശ്വാസങ്ങളോട് അസാമാന്യമായ അസഹിഷ്ണുതകളോടുകൂടിയാണ് ഇവിടത്തെ സംഘ്ശക്തികളും അവരുടെ പിന്‍ബലമായ സമൂഹങ്ങളും പെരുമാറിക്കൊണ്ടിരിക്കുന്നത്. 'കേരളാ മോഡല്‍' എന്നറിയപ്പെടുന്ന വികസന സങ്കല്‍പങ്ങള്‍ ബന്ധപ്പെട്ട് കിടക്കുന്ന കര്‍തൃത്വമാതൃകകളില്‍ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ട അധസ്ഥിതരായ ആള്‍ക്കൂട്ടങ്ങള്‍ തൊഴില്‍ തേടിയും ജീവിതം മുന്നോട്ടുകൊണ്ടുപോകുവാനും കണ്ടെത്തിയ വഴിയാണ് പ്രവാസം. ഭരണകൂടത്തിന്റെ ഉദ്യോഗങ്ങള്‍ മുഴുവന്‍ മേല്‍ജാതിക്കാരായവര്‍ പിടിച്ചടക്കുകയും ഭരണകൂടത്തിന്റെ അവഗണനയ്ക്ക് കൂടുതല്‍ പാത്രമാവുകയും ചെയ്തപ്പോഴാണ് ന്യൂനപക്ഷ സമൂഹങ്ങള്‍ പ്രവാസം ഒരു തൊഴിലായി തെരഞ്ഞെടുക്കുന്നത്. അപരിഷ്കൃതരായവരുടെ തൊഴിലിടം എന്ന നിലയില്‍ ഗള്‍ഫിനോട് പരിഹാസം നിറഞ്ഞ സമീപനമായിരുന്നു നമ്മുടെ സിനിമകള്‍ അടക്കമുള്ള മാധ്യമങ്ങള്‍ പുലര്‍ത്തിയിരുന്നത്. ഗള്‍ഫില്‍ നിന്നും വന്നവര്‍ കോമാളികളായും തങ്ങളുടെ 'തനിമ'കളോട് ചേരാത്തവരുമായിട്ടായിരുന്നു അവരെ ചിത്രീകരിച്ചിരുന്നത്. മേല്‍ജാതിക്കാരായ യുവാക്കള്‍ ഗള്‍ഫിലും, പുതുതായി രൂപപ്പെട്ടുവരുന്ന മറ്റുതൊഴിലിടങ്ങളിലും, നിര്‍മാണ പ്രക്രിയകകളിലും സജീവമായതോടെയാണ് പ്രവാസവും ഗള്‍ഫും ഒരു മാന്യമായ സ്ഥലമായി മാറിയത്. ജോലി തേടി ഗള്‍ഫിലെത്തുന്നവരുടെ ദുരന്തഭൂമിയായും ജോലിയോടെ ഗള്‍ഫിലെത്തുന്നവരുടെ വാഗ്ദത്ത ഭൂമിയായും ഇന്നത് മാറിക്കഴിഞ്ഞിരിക്കുന്നു. 'കേരളാ മോഡല്‍' വികസനത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പൊതുവെ സാമ്പത്തിക ചരിത്രത്തിന്റെ മൂല്യനിര്‍ണ്ണയത്തെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ കുടുങ്ങികിടക്കുമ്പോള്‍ ചോദിക്കപ്പെടാതെ പോകുന്നത് ഇത്തരമൊരു മോഡല്‍ ആരെ അഭിസംബോധന ചെയ്യുന്നു/ചെയ്തിരുന്നു എന്നാണ്. സിനിമകള്‍ മാത്രമല്ല ഇത്തരം സാമ്പത്തിക/രാഷ്ട്രീയ വ്യവഹാരങ്ങളും ആരൊക്കെയോ നിരന്തരം അഭിസംബോധന ചെയ്യുന്നുണ്ട്. ആരുടെയോക്കെയോ വികസനത്തില്‍, സ്വപ്നങ്ങളില്‍, ഈ മാതൃകയ്ക്ക് ഒരു റോളുണ്ടായിരിക്കണം. 'കേരളാ മോഡല്‍' ആരെയെല്ലാം പ്രതിനിധാനം ചെയ്തിരുന്നില്ല എന്നത് ധാരാളമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ആദിവാസികള്‍, ദലിതര്‍, തീരദേശമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍, മലബാറിലെ മാപ്പിളമാര്‍, തുടങ്ങിയ അരിക് ജീവിതങ്ങളെ ഈ മാതൃകയുടെ പുറം ലോകമായി നാം കണ്ടെത്തിയിട്ടുണ്ട്. വിജ്ഞാനം, സാമ്പത്തികം തുടങ്ങിയ മൂലധനങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്നും നിരന്തരമായി അവരെ തടയുന്നതുകൂടിയായിരുന്നു ഏറെ കൊട്ടിഘോഷിക്കപ്പെട്ട 'കേരളാ മോഡല്‍'. ഈ കൂട്ടിക്കിഴിക്കല്‍ എന്താണ് കാണിച്ചുതരുന്നത്? നമ്മുടെ സിനിമകളും സാഹിത്യങ്ങളും, വരേണ്യ നിരൂപണങ്ങളും നിര്‍മിക്കുന്ന ഉദാത്തകര്‍തൃത്വങ്ങള്‍ തന്നെയാണ് കേരളമാതൃകയുടെയും ഉദാത്തകര്‍തൃത്വങ്ങള്‍ എന്നതുതന്നെയാണ്. സേവനമേഖലയുടെ അധീശത്വവുമായി ബന്ധപ്പെട്ടാണ് 'കേരളാ മോഡലി'ന്റെ വിജയം നിലനിന്നിരുന്നത് എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ 'കേരളാ മോഡല്‍' എന്നു നാം പേരിട്ടുവിളിക്കുന്ന വികസന പദ്ധതികള്‍ കേരളത്തിലെ ഒരു വലിയ ജനവിഭാഗത്തിന്റെ അധികാരത്തെയും അധീശ്വത്വത്തെയും നിലനിര്‍ത്താന്‍ സഹായിച്ചുവെന്നര്‍ത്ഥം. ഇതേ വിഭാഗത്തിന്റെ സൌന്ദര്യചട്ടകൂടുകള്‍ക്കകത്താണ് നമ്മുടെ സിനിമകളുടെയും സാഹിത്യങ്ങളുടെയും സംസ്കാരത്തിന്റെയും നന്മതിന്മകള്‍ നിര്‍വചിക്കപ്പെട്ടതും.
നിര്‍മാണമേഖലയുടെ അഭാവത്തില്‍ നിര്‍മിക്കപ്പെട്ട 'കേരളാ മോഡലി'നെ നിലനിര്‍ത്തുന്നത് തൊഴിലിന്റെ കയറ്റുമതി/ഇറക്കുമതിയിലൂടെയാണ്. കേരളത്തിന്റെ വരുമാനത്തിന്റെ ഏറിയപങ്കും കേരളത്തിനു പുറത്ത് ജോലിചെയ്യുന്ന മലയാളിയുടേതാണ്. കേരളത്തിനകത്താകട്ടെ രണ്ടുതരത്തില്‍ തൊഴില്‍ അദൃശ്യമാകുന്നു. ഒന്ന് അസംഘടിത മേഖലയില്‍ എന്ന നിലയില്‍. രണ്ട് പുറത്തു നിന്നും ഇറക്കുമതി ചെയ്യുന്ന തൊഴിലാളികള്‍ ഏര്‍പ്പെടുന്നവ എന്ന തരത്തില്‍. ഈ അദൃശ്യതയാണ് തൊഴില്‍ മേഖലയെ എളുപ്പത്തില്‍ സംഘടിതമേഖലയാക്കി മാറ്റുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അദൃശ്യമായ ഒരു വലിയ ലോകം താങ്ങി നിര്‍ത്തിയ ഒരു ജനവിഭാഗത്തിന്റെ വികസനത്തെയും സ്വപ്നങ്ങളെയുമാണ് നാം 'കേരളാ മോഡല്‍' എന്നുവിളിച്ചത്. ഈയൊരു ലോകത്തിനോടുള്ള സേവനമേഖലാ മധ്യവര്‍ഗ്ഗത്തിന്റെ മാറിമാറിവരുന്ന നിലപാടുകളെ അടയാളപ്പെടുത്താന്‍ ഗള്‍ഫ് കുടിയേറ്റം ഉദാഹരണമാക്കാവുന്നതാണ്. പുറലോകവുമായിബന്ധപ്പെട്ട് മുഖ്യധാരയില്‍ നിന്ന് അകന്ന് പുറംലോകത്തായവര്‍ കൂടിച്ചേര്‍ന്നാണ് സമാന്തരമായ സംസ്കാരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനവും രൂപീകരിച്ചത്. അവരുടെ ചരിത്രം നിര്‍മിച്ചതും എഴുതിയതും സാംസ്കാരികമായ മൂലധനങ്ങള്‍ വളരെ കാലത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം ആര്‍ജിച്ചെടുത്തതും, സമ്പത്തും, വിജ്ഞാനവും അവരിലേക്ക് നീങ്ങാന്‍ തുടങ്ങിയതും സമാന്തരമായ അധ്വാനങ്ങളിലൂടെയാണ്. കേരളത്തിലെ മുസ്ലിംകളുടെ സാമ്പത്തികവും വൈജ്ഞാനികവുമായ പുരോഗതിക്ക് പിന്നില്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത പുറംലോകബന്ധവും 'പുറംലോകത്തു' നിന്നുള്ള ചെറുത്തുനില്‍പ്പുകളിലൂടെയുമാണ്. മറ്റേത് രാഷ്ട്രീയ പാര്‍ട്ടിയുടെയും അവകാശവാദങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ലാത്ത വിധം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതസംഘടനകള്‍, സമാന്തരമായ മതവിദ്യാഭ്യാസ സംവിധാനങ്ങള്‍, ആരാധനാലയങ്ങള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പുറംലോകത്തുള്ളവരുടെ സ്വപ്രയത്നങ്ങളിലൂടെയാണ് രൂപീകരിക്കപ്പെട്ടത്.മുസ്ലിം നഗരങ്ങള്‍ക്കും ഈ പ്രത്യേകതയുള്ളതായി നമുക്ക് ബോധ്യപ്പെടും. കേരളത്തിലെ ഭൂരിപക്ഷം നഗരങ്ങളും ഗ്രാമങ്ങളും സ്റേറ്റിന്റെ അപ്പാരറ്റസുകളായി നിലനില്‍ക്കുമ്പോള്‍ 'കേരളാ മോഡല്‍' എന്നതിനകത്ത് പ്രബലമായി കഴിയുമ്പോള്‍ മുസ്ലിം/ന്യൂനപക്ഷ പ്രദേശങ്ങള്‍, നഗരങ്ങള്‍ എന്നിവ ഇതിനുപുറത്തു നിന്നും വികസിച്ചതായിരുന്നു.
തിരുവനന്തപുരവും, എറണാകുളവും മറ്റു പ്രധാന നഗരങ്ങളും 'കേരളാ മോഡല്‍' എന്നതില്‍ ഉള്‍പ്പെടുകയും അതിന്റെ അദൃശ്യ യുക്തിയെ പിന്താങ്ങുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ കോഴിക്കോട് നഗരം ഇതില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു. കോഴിക്കോടിനെ 'കേരളാ മോഡലി'ല്‍ ഉള്‍പ്പെടുത്തുക എന്ന പൊതുഅജണ്ടകളുടെ ഭാഗമായി ഇതിന്റെ അദൃശ്യ സാന്നിദ്ധ്യമായ വാരേണ്യ ജനവിഭാഗം നിരവധി എഴുത്തുകളും ഇടപെടലുകളും നടത്തിയിട്ടുണ്ട്. കോഴിക്കോട് ഒരു നഗരമെന്നതിലുപരി ഒരു ജനവിഭാഗത്തിന്റെ നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്ര നിര്‍മിതിയുടെയും അതിലൂടെ നേടിയെടുത്ത കച്ചവടമെന്ന പൌരാണിക (അറബികളുമായി) ഇടപാടുകളിലൂടെയും പിന്നീട് അധസ്ഥിതരുടെ അഭയകേന്ദ്രമായ ഗള്‍ഫ് എന്ന തൊഴിലിടങ്ങളില്‍ നിന്നും നേടിയെടുത്ത സമ്പത്തും കൂടിച്ചേര്‍ന്ന ഒരു പ്രതീകമാണ് ഈ നഗരം. കോഴിക്കോട് നഗരം 'കേരളാ മോഡലി'ന് പുറത്ത് നില്‍ക്കുന്നത് കൊണ്ട് അത് അപകടവും അപരിഷ്കൃതവുമാണ്. അത്കൊണ്ട് പൊതുധാരയില്‍ ലയിച്ചുചേരാന്‍ അതിന് സാധിക്കേണ്ടതുണ്ട് എന്നാണ് സംഘപരിവാര്‍ അടക്കമുള്ള മുഖ്യധാര ആര്‍ത്തുവിളിക്കുന്നത്. മലബാര്‍ വിദ്യാഭ്യാസ മേഖലയില്‍ അനുഭവിക്കുന്ന പിന്നാക്കാവസ്ഥയ്ക്ക് കാരണം മാറിമാറി വരുന്ന സര്‍ക്കാറുകള്‍ സീറ്റ് വര്‍ദ്ധിപ്പിക്കാത്തതിന്റെ കാരണം 'കേരളാ മോഡല്‍' എന്ന വികസന സംജ്ഞയില്‍ അത് ഉള്‍പ്പെടുകയില്ലെന്ന് പൊതുധാരയുടെ വിശ്വാസമായിരുന്നു. ഈ വിഷയത്തില്‍ എസ്.ഐ.ഒ അടക്കമുള്ള സംഘടനകള്‍ പ്രതിഷേധങ്ങള്‍ നടത്തിയതിനോട് മുഖ്യധാര പ്രതികരിക്കാത്തത് രണ്ട് കാരണങ്ങള്‍ കൊണ്ടായിരുന്നു. വികസനങ്ങളില്‍ വേണ്ടത്ര ശീലിച്ചിട്ടില്ലാത്ത പാര്‍ശ്വവല്‍കൃതരുടെ ഉന്നമനമാണിത് കൊണ്ട് ലക്ഷ്യംവെക്കുന്നതെന്നും, നിലനില്‍ക്കുന്ന മൂലധന (വിജ്ഞാനം/സമ്പത്ത്) ഉടമകളോട് കലഹിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ശക്തിവരുമെന്നുമുള്ള കാരണങ്ങള്‍കൊണ്ടാണ്, ഒരു സാംസ്കാരിക/രാഷ്ട്രീയ ധാരയും ഇതിനോട് ക്രിയാത്മകമായി പ്രിതികരിക്കാതിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ഈ കാരണങ്ങള്‍ പരോക്ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്.
മാപ്പിള അനുഭവങ്ങളോടും ആശ്വാസങ്ങളോടും സമൂഹം പുലര്‍ത്തിവന്ന നിസ്സംഗതകളാണ് കോഴിക്കോടിനെ കേന്ദ്രീകരിച്ച് സംഘ്പരിവാര്‍ തുടങ്ങിയ ആക്രമണങ്ങളില്‍ പ്രതിഫലിക്കുന്നത്. കോഴിക്കോട് പരിപാടികള്‍ക്ക് വന്നാല്‍ ഇവിടെ അപകടമൊന്നുമില്ലെന്ന് ഇടക്കിടെ വീട്ടിലേക്ക് വിളിച്ച് പറയുന്നവരാണ് കേരളത്തിലെ മുഖ്യ സാംസ്കാരിക നായകരിലധികവും പട്ടാളം പള്ളിയിലേക്ക് കല്ലെറിഞ്ഞപ്പോഴും, തര്‍ബ്ബിയത്ത് (പുതുമുസ്ലിംകളുടെ പഠനകേന്ദ്രം)ലേക്ക് മാര്‍ച്ച് നടത്തിയപ്പോഴും (കേരളത്തില്‍ കൂടുതല്‍ മതപരിവര്‍ത്തന കേന്ദ്രം ഔദ്യോഗികമായി ആര്യസമാജ്യത്തിനാണ് ഉള്ളത്) സംഘ്പരിവാര്‍ തിട്ടൂരങ്ങളെ അപലപിക്കാന്‍ നമ്മുടെ സാംസ്കാരിക മുനിയാണ്ടികളിലധികവും തയ്യാറായിട്ടില്ല. കോഴിക്കോട് ജീവിക്കുന്ന പ്രമുഖനായ എഴുത്തുകാരനെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് ക്ഷണിച്ചപ്പോള്‍ ഹമാസ് ഭീകരവാദികളാണെന്നും, മുസ്ലിംകള്‍ മധ്യനൂറ്റാണ്ടില്‍ ചെയ്ത പാതകങ്ങള്‍ക്ക് അര്‍ഹിച്ച ശിക്ഷയാണ് ഇസ്രായേല്‍ ഇപ്പോള്‍ നല്‍കുന്നതെന്നും പറഞ്ഞ് പരിപാടിയില്‍ നിന്ന് ഒഴിഞ്ഞു നിന്നു. മറ്റൊരു മതേതര നാട്യമുള്ള ചരിത്രകാരന്‍ ലൌ ജിഹാദിനെതിരെ ഒപ്പുശേഖരണത്തിനു വിളിച്ചപ്പോള്‍ അതില്‍ വാസ്തവമുണ്ടെന്ന ചരിത്രപരമായ നിഗമനത്തിലാണ് അദ്ദേഹമെത്തിയത്. ഇതാണ് കോഴിക്കോടിന്റെ പൊതുവായ സാംസ്കാരിക വൃത്തങ്ങളുടെ സ്വഭാവം. സ്വാഭാവികമായ അദ്ധ്വാനം കൊണ്ട് നിര്‍മിച്ചെടുത്ത മുസ്ലിം/സാംസ്കാരിക/രാഷ്ട്രീയ/സാമ്പത്തിക/വൈജ്ഞാനിക പ്രദേശങ്ങളെയും സമൂഹത്തെയും ഒറ്റതിരിച്ച് വേട്ടയാടുകായെന്ന ഉത്തരേന്ത്യന്‍ സംഘ് അജണ്ടകളാണ് കോഴിക്കോട് കേന്ദ്രീകരിച്ചും നടന്നുകൊണ്ടിരിക്കുന്നത്. കോഴിക്കോട് മാവൂര്‍ റോഡിലെ സാഗര്‍ ഹോട്ടല്‍ ജീവനക്കാരന്‍ ബാത്ത്റൂമില്‍ മൊബൈല്‍വെച്ച് സ്ത്രീകളുടെ നഗ്നത പകര്‍ത്താന്‍ ശ്രമിച്ചു എന്ന കാരണത്താല്‍വലിയ ഒച്ചപ്പാടുകളും വിവാദങ്ങളും നടക്കുകയുണ്ടായി. കുറ്റവാളിയെ പിടികൂടിയിട്ടും, ഹോട്ടല്‍ ഉടമ പരസ്യമായി മാപ്പ് പറഞ്ഞിട്ടും സംഘ്പരിവാര്‍ ഹോട്ടല്‍ തുറക്കാന്‍ (മറ്റു സംഘടനകള്‍ മുഴുവന്‍ പ്രതിഷേധങ്ങഷളില്‍ നിന്ന് പിന്മാറി) അനുവദിക്കുന്നില്ല. (ഒടുവില്‍ ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു)കോഴിക്കോടിന്റെ സാംസ്കാരിക മേല്‍ക്കോയ്മയെ നിരന്തരമായ പ്രകോപനങ്ങളിലൂടെ കീഴ്പ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുക (തൊഗാഡിയയെ കോഴിക്കോടില്‍ കൊണ്ടുവരികയും അത്യന്തം പ്രകോപനപരമായ പ്രസംഗം നടത്തിക്കുകയും) എന്നത് ഒരു ഗൂഢോദ്ദേശ്യത്തിന്റെ ഭാഗം തന്നെയാണ്. എസ്.ഐ.ഒ നടത്തുന്ന എരിഞ്ഞിപ്പാലത്തുള്ള വിദ്യാര്‍ഥി ഹോസ്റലിനെതിരെയും ആര്‍.എസ്.എസുകാര്‍ ഭീഷണിയുമായി രംഗത്ത് വന്നിട്ടുണ്ട്. 'നീയൊക്കെ ആദ്യം ഇവിടെ ഹോസ്റല്‍ പണിയും പിന്നെ പള്ളിയും പണിയും അതൊന്നും ഇവിടെ നടക്കില്ല' എന്നു പറഞ്ഞുകൊണ്ടാണ് ഹോസ്റലിനെതിരെ സംഘ്പരിവാര്‍ രംഗത്ത് വന്നിരിക്കുന്നത്. ഞങ്ങള്‍ ഇവിടെയുള്ള ക്രിസ്ത്യന്‍ ധ്യാനകേന്ദ്രം പൂട്ടിച്ചവരാണ് പിന്നെയാണോ നിങ്ങളുടെ ഹോസ്റല്‍ എന്നാണ് ആക്രോശിച്ചുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ ക്രമപ്രവൃദ്ധമായ വളര്‍ച്ചയെ ഹിംസാത്മകമായി നേരിടുന്ന (അഹമ്മദാബാദ്, ബാംഗ്ളൂരില്‍ അരങ്ങേറിയ കലാപങ്ങള്‍, ഇവിടെ മുസ്ലിംകള്‍ക്ക് നേരിയ മേല്‍ക്കോയ്മ ഉണ്ടായിരുന്നു) രീതിതന്നെയാണ് ഇവിടെയും പുലര്‍ത്തിയത്. മാവൂര്‍റോഡിലെ ആളുകളെ ഞങ്ങള്‍ക്ക് പേടിയാണ് അത്കൊണ്ട് ചില ഒരുക്കങ്ങള്‍ (സായുധമായ) നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട് എന്നാണ് പ്രദേശത്തുകാരനായ ആര്‍.എസ്.എസ് നേതാവ് ഫോണില്‍ വിളിച്ച് പറഞ്ഞത്. മാവൂര്‍ റോഡ് കോഴിക്കോട് നഗരത്തിലെ തന്നെ സുപ്രധാനമായ ഒരു സ്ഥലമാണ്. മുസ്ലിം ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, സുഗന്ധവ്യാപാരങ്ങള്‍, പുസ്തക ശാലകള്‍, മതസംഘടനകളുടെ കാര്യാലയങ്ങള്‍ തുടങ്ങി ഏതൊരു മുസ്ലിം പ്രദേശങ്ങളെപോലെയും (ഡല്‍ഹി ജുമാമസ്ജിദിനു സമീപം, ഹൈദരാബാദ് മക്കാ മസ്ജിദിനു സമീപം) സമാനതപുലര്‍ത്തന്ന രീതിയാണ് കോഴിക്കോടിലെ മാവൂര്‍റോഡിനുള്ളത്. ഇതിനെയാണ് പേടിപ്പെടുത്തുന്നവരുടെ കേന്ദ്രമായി കാണുന്നതും. തടിയന്റെവിട നസീറിനെ ബാംഗ്ളൂരില്‍ ചോദ്യം ചെയ്തപ്പോള്‍ ഒരു ദേശീയ ചാനല്‍ (കോഴിക്കോട് സ്ഫോടനത്തിന്റെ ഉത്തരവാദികള്‍ എന്ന് സംശയം ജനിപ്പിക്കുന്ന രീതിയില്‍) മാവൂര്‍ റോഡിലുള്ള പള്ളികളും മതസംഘടനാ കേന്ദ്രങ്ങളുമാണ് കാണിച്ചിരുന്നത്. ഈ ഭീകരമായ കാഴ്ച്ചപ്പാടുകളിലൂടെയും, ഉപരോധങ്ങളിലൂടെയും, ഭീഷണികളിലൂടെയും വികസിച്ചുവന്ന സങ്കീര്‍ണ്ണമായ ഒരവസ്ഥയുടെ വക്കിലാണ് ഈ മുസ്ലിം സാംസ്കാരിക കേന്ദ്രം നിലനില്‍ക്കുന്നത്. ഒളവണ്ണയില്‍ കന്യസ്ത്രീകളെ ആക്രമിച്ചതും ക്രിസ്ത്യന്‍ മതകേന്ദ്രങ്ങള്‍ക്കെതിരെ ഭീഷണിയുയര്‍ത്തിയതും ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. കോഴിക്കോടിന്റെ ചിലഭാഗങ്ങളില്‍ മുസ്ലിം ആരാധനാലയങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും പ്രഖ്യാപിത വിലക്കുകള്‍ ഉണ്ട്. കൃത്യമായ രാഷ്ട്രീയ/സാംസ്കാരിക പ്രതിരോധങ്ങള്‍ രൂപപ്പെട്ടുവന്നിട്ടില്ലെങ്കില്‍ ഭീതിതമായ ഒരന്ത്യത്തിലേക്ക് ഈ നഗരവും അതിലുള്ളടങ്ങിയ സംസ്കാരങ്ങളും ചെന്നുചേരുമെന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.