Thursday, June 10, 2010

പര്‍ദപ്പേടിയുടെ രാഷ്ട്രീയം


'കേരളത്തിലെ കാമ്പസുകള്‍ക്ക് അതിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു. മതനിരപേക്ഷ മൂല്യങ്ങള്‍ ഏറെ മാനിച്ചിരുന്ന സ്ഥലങ്ങളില്‍ മതചിഹ്നങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മഫ്തകള്‍ വ്യാപിക്കുകയും അതിനെ അഭിമാനത്തിന്റെ ചിഹ്നമായി അണിയുകയും ചെയ്യുന്നു.' ഒരു പ്രമുഖ ഇടതുപക്ഷ ബുദ്ധിജീവിയുടെ നിരീക്ഷണമാണിത്. അപരവത്കരണത്തിന്റെ മതവും ജാതിയും എന്ന വിഷയത്തില്‍ തിരൂരില്‍ സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ പങ്കെടുത്ത് ഒരു ബി.ജെ.പി നേതാവ് പറഞ്ഞതിങ്ങനെയാണ്: 'കേരളത്തിലെ വളര്‍ന്നുവരുന്ന തലമുറയില്‍ അഭ്യസ്ത വിദ്യരായ വര്‍ഗീയവാദികളെ സൃഷ്ടിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്'. ഈ രണ്ട് നിരീക്ഷണങ്ങളും കേന്ദ്രീകരിക്കുന്ന ഒരു ബിന്ദുവുണ്ട്. വിജ്ഞാന മൂലധനം കരസ്ഥമാക്കാന്‍ ശ്രമിക്കുന്ന ന്യൂനപക്ഷ, പിന്നാക്ക സമുദായത്തിനെതിരെയുള്ള മതനിരപേക്ഷതയുടെയും അതില്‍ ഉള്ളടങ്ങിയിട്ടുള്ള 'മത'ത്തിന്റെയും അസഹിഷ്ണുതയാണ് ഇതിലൂടെ മറനീക്കി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇത് പുതുതലമുറയുടെ ഭീതിദമായ ഒരു മാറ്റമായിട്ടാണ് ഇവിടെ നിരീക്ഷിക്കപ്പെടുന്നത്. പുരോഗമന നാട്യവും സംഘ്പരിവാര്‍ മൂല്യങ്ങളും ചേര്‍ന്ന് അഴിഞ്ഞാടിയ നിരവധി സന്ദര്‍ഭങ്ങള്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അതിലേറ്റവും വലിയ രണ്ട് ഉദാഹരണങ്ങളായിരുന്നു ശരീഅത്ത് വിവാദവും മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭവും. എത്രമേല്‍ പിന്നാക്ക വിരുദ്ധമാണ് ഹിന്ദുത്വവും അതിന്റെ അനുബന്ധ ദേശ നിര്‍മിത വ്യവഹാരങ്ങളുമെന്ന് അതിലൂടെ ബോധ്യപ്പെട്ടതാണ്. കേരളത്തില്‍ ലൌ ജിഹാദ് വര്‍ഗീയ ഫാഷിസ്റുകള്‍ വ്യാപകമായി പ്രചരിപ്പിച്ചപ്പോള്‍ എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞത്, ലൌ ജിഹാദ് കേരളത്തിലെ കലാലയങ്ങളിലില്ല എന്നല്ല മറിച്ച്, കാമ്പസുകളില്‍ മത മൌലികവാദികള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ്. ഇവിടെയും ഈ ഐക്യപ്പെടലുകള്‍ നമുക്ക് കാണാന്‍ കഴിയും.
പര്‍ദയെയും ശിരോവസ്ത്രത്തെയും പാശ്ചാത്യര്‍ അപരചിഹ്നങ്ങളായിട്ടാണ് കാണുന്നത്. ഇത്തരം വസ്ത്രങ്ങളോട് വംശീയമായൊരു വെറുപ്പ് വ്യാപകമായി അവിടങ്ങളില്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. ടോയ്ലറ്റിന്റെ ആകൃതി വരെ മഫ്തയിട്ട പെണ്‍കുട്ടിയുടേത് പോലെ ഇമേജ് ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചതും ഈ വികാരം തന്നെയാണ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതും ഈ ഇമേജുകളെയായിരുന്നു. കൊളോണിയല്‍ ഇമേജുകളാണ് ഇവിടത്തെ മുസ്ലിംകളെയും അവരുടെ ചിഹ്നങ്ങളെയും അപരവത്കരിക്കാന്‍ തുടങ്ങിയത്. മലയാള മാധ്യമങ്ങളുടെ ജാതി വളരെ വ്യക്തമായ സന്ദര്‍ഭമായിരുന്നു സൂഫിയാ മഅ്ദനിക്കെതിരെയുള്ള മുറവിളികള്‍. ഇത് സൂഫിയാ എന്ന വ്യക്തിയില്‍ ഒതുങ്ങിനില്‍ക്കാതെ അവര്‍ ധരിക്കുന്ന പര്‍ദക്കെതിരെ നെഗറ്റീവ് ഇമേജ് വളര്‍ത്താനും ശ്രമിച്ചു. ഇതിന്റെ അനുരണനങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ പോലും മഫ്തക്കെതിരെയും പര്‍ദക്കെതിരെയും ഹിംസാത്മകമായ നടപടികളെടുക്കാന്‍ വളരെയെളുപ്പത്തില്‍ സാധിക്കുന്നത്. ആലപ്പുഴയിലെ ബിലിവേഴ്സ് സ്കൂളില്‍ മഫ്തയിട്ട പെണ്‍കുട്ടിയെ പുറത്താക്കിയതും തൊടുപുഴയില്‍ പ്രവാചകനിന്ദ നടത്തിയതും മഫ്ത ധരിച്ച അധ്യാപികയുടെ നേരെ രോഷത്തോടെ പ്രതികരിക്കുന്നതും അത് പിടിച്ച് വലിച്ചെറിയുന്നതും നേരത്തെ തന്നെ സമൂഹത്തില്‍ നിര്‍മിച്ചെടുത്ത വാര്‍പ്പു മാതൃകകള്‍ വളര്‍ന്നു വികസിക്കുമ്പോഴാണ്.
പൊതുമണ്ഡലത്തില്‍ ദാസ്യപ്പണി ചെയ്യുന്ന എഴുത്തുകാരും ഈ മൂല്യങ്ങളില്‍ ഒന്നിക്കുന്നതായി കാണാന്‍ സാധിക്കും. ഹമീദ് ചേന്ദമംഗല്ലൂരിന്റെയും എം.എന്‍ കാരശ്ശേരിയുടെയും പര്‍ദയെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ സംഘ്പരിവാര്‍/ പുരോഗമന നാട്യങ്ങളില്‍നിന്ന് ഭിന്നമാകുന്നില്ല. 'പര്‍ദ ധരിക്കുന്നത് മതതീവ്രവാദമായും' (ഹമീദ് ചേന്ദമംഗല്ലൂര്‍, പര്‍ദയുടെ മനഃശാസ്ത്രം) 'ആകെ മൂടിപ്പുതച്ച് കൊണ്ട് കൂടെ നടക്കുന്നത് സ്വന്തം ഭാര്യയാണോ മറ്റു വല്ലവന്റെയും ഭാര്യയാണോ എന്നറിയാന്‍ മറ്റുള്ളവര്‍ക്ക് വഴിയുണ്ടാവില്ല' (ഉമ്മമാര്‍ക്ക് വേണ്ടി ഒരു സങ്കട ഹരജി, എം.എന്‍ കാരശ്ശേരി) തുടങ്ങിയ നിരീക്ഷണങ്ങള്‍ മതേതര മൂല്യങ്ങളെ ശരിവെക്കുന്നുവെന്ന് മാത്രമല്ല, അതിനകത്ത് ഒതുങ്ങിയിരിക്കുന്ന മതത്തെയും തൃപ്തിപ്പെടുത്തുന്നുണ്ട്. മതേതരമെന്നാല്‍ സര്‍വരും അവരുടെ വിശ്വാസാചാരങ്ങള്‍ ഏറ്റവും ശക്തമായി പാലിക്കുമ്പോള്‍ നിലനില്‍ക്കുന്നതാണെന്ന് ഏറെ ആഘോഷപൂര്‍വം നമ്മള്‍ പറയാറുണ്ട്. പക്ഷേ, ചില പ്രത്യേക വിഭാഗങ്ങള്‍ ഇതില്‍നിന്ന്പുറത്താണെന്ന് അബോധമായിട്ടെങ്കിലും നമ്മള്‍ സമ്മതിക്കുകയാണ്.
എസ്.ഐ.ഒ നടത്തിയ ഫിലിം സ്റഡീ ക്യാമ്പില്‍, ക്യാമ്പംഗങ്ങളോട് മതേതരയായ ഒരു പെണ്‍കുട്ടിയുടെ വസ്ത്രവും പേരും ഡിസൈന്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ മുഴുവനാളുകളും ശിരോവസ്ത്രമില്ലാത്ത പെണ്‍കുട്ടിയെയാണ് ഡിസൈന്‍ ചെയ്തത്. സെക്യുലറായ ഒരു വ്യക്തിയുടെ രൂപം നമ്മുടെ മുന്നില്‍ വളരെ നേരത്തെ തന്നെ നിര്‍മിക്കപ്പെട്ടിട്ടുണ്ട് എന്നതുകൊണ്ടാണ് ഈ രൂപ കല്‍പനകള്‍ ഉണ്ടായത്. ഒരു സുഹൃത്തിന്റെ കുഞ്ഞിന് പേരിടുന്നതിനെക്കുറിച്ച് കാമ്പസിലെ കുറെയാളുകളെ വിളിച്ചുകൂട്ടി അഭിപ്രായം ചോദിച്ചു. അദ്ദേഹം കുട്ടിക്ക് നല്‍കാന്‍ ആഗ്രഹിച്ച് പേര് ശേബയാണെന്ന് പറഞ്ഞപ്പോള്‍ ഉടനെ വിദ്യാര്‍ഥികള്‍ അഭിപ്രായം പറഞ്ഞു: കുറച്ചുകൂടി മതേതരമായ പേരാകുന്നതാണ് നല്ലത്. മതേതരമായ പേര് നിര്‍ദേശിക്കാന്‍ പറഞ്ഞപ്പോള്‍ 'ദുര്‍ഗ' എന്നായിരുന്നു മറുപടി. ഈ സംഭവത്തിലൂടെയും പുറത്ത് വരുന്നത് ഇമേജ് ചെയ്യപ്പെട്ട മതേതരത്വത്തിന്റെ രൂപങ്ങള്‍ തന്നെയാണ്. ആരാണ് മതേതരമാവുന്നത്, ആര്‍ക്കാണ് മതേതരമാവാന്‍ സാധിക്കാത്തത് എന്നത് ഇതിലൂടെ വ്യക്തമാണ്.
മതേതര മൂല്യങ്ങള്‍ക്കു ടിപ്പണി നടത്തുന്ന കാരശ്ശേരിയുടെ വീടിന്റെ പേര് 'അമ്പാടി' എന്നാണ്. ദാറുസ്സലാം എന്ന പേരിന് തീവ്രവാദ ചുവയുണ്ടെന്നും അമ്പാടിക്കുള്ളത് മതേതര രുചിയാണെന്നും പറയുന്ന വ്യക്തിയാണ് പര്‍ദക്കെതിരെ കൃമിക്കടിയുമായി രംഗത്ത് വന്നിരിക്കുന്നത്. യുക്തിവാദികളുടെ വീടിന്റെ പേരുകള്‍, അവരുടെ മക്കളുടെ പേരുകള്‍ എന്നിവ ശ്രദ്ധിച്ചാലും ഈ കാര്യം ബോധ്യമാവുന്നതാണ്. മതേതരമെന്ന കുടിലില്‍ വിശ്രമിക്കാന്‍ അവകാശമുള്ളത് ഒരു മതത്തിനു മാത്രമാണെന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും സാധ്യമായ ഒരു സെക്യുലര്‍ ഇടത്തെയാണ് നമ്മള്‍ അന്വേഷിക്കേണ്ടത്. നമ്മുടെ കലാലയങ്ങളില്‍/ സമൂഹത്തില്‍ സര്‍വര്‍ക്കും ഇടപെടാന്‍ പറ്റുന്ന രീതിയില്‍ 'മതേതരം' വികസിച്ചിരുന്നോ? ഇടതു മതേതര വിദ്യാര്‍ഥി സംഘടനകള്‍ പ്രതിനിധാനം ചെയ്തിരുന്ന മൂല്യങ്ങള്‍ ആരുടേതായിരുന്നു? എന്തുകൊണ്ടാണ് കാമ്പസുകളില്‍ ശിരോവസ്ത്രവും മത സംഘടനകളും (ഇവര്‍ ഉദ്ദേശിക്കുന്നത് ഇസ്ലാമിക വിദ്യാര്‍ഥി രാഷ്ട്രീയത്തെയാണ്) വ്യാപകമായത്? ഈ ചോദ്യങ്ങളുടെ വിശകലനത്തിലൂടെ സത്യസന്ധമായി ഒരാള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നത് ഏറെ വികസിച്ച ഒരു രാഷ്ട്രീയത്തിലേക്കാണ്.
ലോകത്ത് പര്‍ദ ആത്മവിശ്വാസത്തിന്റെയും ഫാഷന്റെയും വസ്ത്രമായി ഏറെ പ്രചാരം നേടിയത് ഇറാന്‍ വിപ്ളവത്തിനു ശേഷമാണ്. പര്‍ദ ധരിച്ച സ്ത്രീകള്‍ ഏകാധിപത്യത്തിനെതിരെ പോരാടിയ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിച്ചതോടെയാണ് പര്‍ദ വ്യാപകമാകാന്‍ തുടങ്ങിയത്. പക്ഷേ, ഇന്ത്യയില്‍ ഇത് വ്യാപകമായത് (പ്രത്യേകിച്ചും കേരളത്തില്‍) ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെയാണ്. പര്‍ദക്ക് ഒരു കേവല വസ്ത്രമെന്നതിലുപരി പ്രതിരോധത്തിന്റെ മാനം കൂടിയുണ്ട്. ഈ പ്രതിരോധത്തിനെതിരെയുള്ള അസഹിഷ്ണുതയാണ് പര്‍ദ പേടിയുടെ പിന്നിലെ രാഷ്ട്രീയം. സ്ത്രീ സ്വാതന്ത്യ്രവുമായി ബന്ധപ്പെട്ട ഒരു പ്രശ്നം മാത്രമല്ലയിത്.
ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെയാണ് മുസ്ലിം രാഷ്ട്രീയവും മുസ്ലിംകള്‍ നടത്തുന്ന പത്ര പ്രസിദ്ധീകരണങ്ങളും വര്‍ധിക്കാന്‍ തുടങ്ങിയത്. ദേശനിര്‍മിതിയുടെ അനുബന്ധങ്ങളായ കോണ്‍ഗ്രസ്, കമ്യൂണിസം, ഗാന്ധിസം തുടങ്ങിയ ചരിത്ര വിശകലന രീതികളില്‍നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍നിന്നും വേറിട്ട് സ്വന്തം കാലില്‍ നില്‍ക്കാന്‍ ഏറെ ശ്രമങ്ങള്‍ നടന്ന സന്ദര്‍ഭമായിരുന്നു അത്. മുസ്ലിംകള്‍ നടത്തുന്ന പത്രങ്ങളുടെ സര്‍ക്കുലേഷന്‍ വര്‍ധിച്ചതും ഈ സമയത്തായിരുന്നു. മുസ്ലിം പ്രസിദ്ധീകരണങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, പര്‍ദയുടെ വര്‍ധന ഇവയുടെ അഭാവത്തില്‍ വളര്‍ന്നു വികസിച്ച ദൃശ്യപരതയുടെ ചട്ടകൂടുകള്‍ക്ക് ശക്തമായ ആഘാതമായിരുന്നു ഈ മുന്നേറ്റങ്ങള്‍. ദൃശ്യപ്പെടാന്‍ ചില നിശ്ചിത രൂപങ്ങളാണ് ഇവിടെ നിര്‍മിച്ചിട്ടുള്ളത്. അതിനകത്തുനിന്നും പുറത്ത് കടക്കുന്ന ഏതു പ്രവര്‍ത്തനങ്ങളെയും വസ്ത്രങ്ങളെയും ദേശനിര്‍മിതിയുടെ പുറത്തുള്ള ശരീരങ്ങളായി അപരവത്കരിക്കുന്നതാണ്.
ഒടുവില്‍ ബെല്‍ജിയം ശിരോവസ്ത്രം നിരോധിച്ചപ്പോഴും ഇന്ത്യയിലെ പരമോന്നത നീതിപീഠം പര്‍ദയെ പരാമര്‍ശിച്ചപ്പോഴും നിരത്തിയ കാരണങ്ങള്‍ ഐഡന്റിറ്റി വ്യക്തമല്ല എന്നതായിരുന്നു. ഇന്ത്യയില്‍ ഏറെ സ്വീകാര്യത നേടിയ നെഹ്റുവിയന്‍ പ്രോജക്ട്, കീഴാള ജനവിഭാഗങ്ങളോട് 'ദേശത്തിന്റെ നിര്‍മിതിക്ക് വേണ്ടി ഐഡന്റിറ്റികള്‍ ത്യജിക്കണം' (നെഹ്റു-ഉമാല മൃല വേല ലാുേഹല ീള ങീറലൃി കിറശമ) എന്നാണ് പറഞ്ഞത്. ഐഡന്റിറ്റികള്‍ സ്വയം ത്യജിച്ചവര്‍ ന്യായമായ പ്രതിരോധത്തിന് വേണ്ടി സ്വയം വെളിപ്പെടാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ കലിതുള്ളുന്നവര്‍ യഥാര്‍ഥത്തില്‍ പറയുന്നത് നിങ്ങള്‍ ദൃശ്യപ്പെടാതെ സ്വയം ത്യാഗം ചെയ്യണമെന്നാണ്. അവര്‍ സ്വയം ത്യജിച്ച് നിര്‍മിക്കുന്ന ദേശം ആരുടേതാണെന്ന ചോദ്യത്തോടെ പര്‍ദയും ഇസ്ലാമിക രാഷ്ട്രീയവും ശക്തമായി രംഗത്തുവന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ ശേഷിപ്പുകളില്‍ കെട്ടിപ്പൊക്കിയ അധികാരത്തിന്റെ/ എഴുത്തിന്റെ പൊതു വ്യവഹാരങ്ങളുടെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ്. നിരന്തരം സംശയിച്ചുകൊണ്ടാണ് സ്ഥിരീകരിക്കപ്പെട്ട സ്ഥാനപ്പെടുത്തലുകളെ മാറ്റിമറിക്കാന്‍ ഈ രംഗപ്രവേശത്തിനു സാധിച്ചത്. ഈ രംഗപ്രവേശത്തോടെ ഇന്ത്യയില്‍ രൂപപ്പെട്ടുവന്ന സംഘര്‍ഷമാണ് 'സ്ഥിതി' സംരക്ഷകരെ അലട്ടുന്നത്.
വരേണ്യ സ്ത്രീവാദ ധാരകളുടെ സമന്വയത്തിലൂടെ രൂപപ്പെട്ട കുത്തകാധീശത്വത്തെ അപനിര്‍മിക്കാന്‍ പാരമ്പര്യ മതേതര വീക്ഷണങ്ങള്‍ അപര്യാപ്തമാണ്. അവഗണിത ജനവിഭാഗങ്ങളുടെ ചരിത്ര പ്രവേശനത്തെ സഹായിച്ച ഈ ഇടപെടല്‍ മൂലമാണ് അറുപതുകളില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്ര മാനിഫെസ്റോകളും സമര പ്രതിരോധ പ്രസ്ഥാനങ്ങളും രൂപപ്പെടുത്താന്‍ സാധ്യമായത്. ഇതേസമയം പിന്നാക്ക ജനവിഭാഗങ്ങളിലെ സ്ത്രീകളെ കുറിച്ചുള്ള നേരിയ സൂചനകള്‍ പോലും ഉന്നയിക്കാത്ത കേരളീയ സ്ത്രീവാദങ്ങള്‍ സവര്‍ണ ഉദാര പുരുഷന്മാരോട് ശൃംഗരിക്കുന്നതാണ്. അതുകൊണ്ടാണ് പര്‍ദക്കെതിരെ ഉദാര സ്ത്രീവാദികളും സ്വത്വ രാഷ്ട്രീയ വാദികളും ഏകോപിക്കുന്നത്. ഇസ്ലാമിന്റെ ഉള്ളടക്കങ്ങളിലുള്ള രാഷ്ട്രീയത്തെ ക്രൂരമായി തമസ്കരിക്കുകയും പകരം സാംസ്കാരിക ഇസ്ലാമിനെ പ്രമോട്ട് ചെയ്യുകയും ചെയ്യുന്നതില്‍ ഉദാര മാനവിക രാഷ്ട്രീയം പോലെതന്നെ സ്വത്വ രാഷ്ട്രീവും അപകടകരമായ പ്രവണതകളാണ് പിന്തുടരുന്നത്. ഇസ്ലാം, ഇസ്ലാമിക പ്രസ്ഥാനം എന്നിവയിലുള്ള രാഷ്ട്രീയധ്വനികള്‍ക്ക് പകരം മുസ്ലിം സാമുദായികതയുടെ സാംസ്കാരിക സ്വത്വങ്ങളില്‍ അതിനെ തളച്ചിടാനാണ് സ്വത്വരാഷ്ട്രീയവാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ഉണര്‍വുകളില്‍ 'മതനിരപേക്ഷത'ക്ക് വേണ്ടതിലധികം അസ്വസ്ഥതകളുണ്ടാകുമ്പോള്‍, മതേതരം വേണ്ടത്ര സഹിഷ്ണുത ചില പ്രത്യേക വിഭാഗങ്ങളോട് പുലര്‍ത്തുന്നില്ല എന്നുതന്നെയാണ് മനസ്സിലാവുന്നത്. അവരവരുടെ വാദങ്ങളെ തുറന്നു പ്രചരിപ്പിക്കാനുള്ള പുതിയ രാഷ്ട്രീയ അന്വേഷണങ്ങള്‍ സാധ്യമാകുന്ന ഒരിടം മതനിരപേക്ഷതയുടെ കാവല്‍ക്കാര്‍ തുറന്നിട്ടില്ല. ശിരോവസ്ത്രം ധരിക്കുന്നവര്‍ക്കും നമസ്കരിക്കുന്നവര്‍ക്കും ഇടം കൊടുക്കാന്‍ കഴിയാത്തവിധം ആധിപത്യ മൂല്യങ്ങള്‍ കുടില്‍കെട്ടി താമസമുറപ്പിച്ചതായിരുന്നു നമ്മുടെ മതേതര ദേശനിര്‍മിതി വ്യവഹാരങ്ങള്‍. ശിരോവസ്ത്രം ധരിക്കുമ്പോള്‍ മതേതരമല്ലാതാവുകയും ശിരോവസ്ത്രമില്ലാതാവുമ്പോള്‍ മതേതരമാവുകയും ചെയ്യുന്ന വിവേചനപരമായ യുക്തി തന്നെയാണ് മതേതരത്വം പാലിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെ ലോകത്ത് ഏറ്റവും വിശാലമാക്കിയത് വ്യത്യസ്ത ധാരകളെ ഉള്‍ക്കൊള്ളാനുള്ള അതിന്റെ ശേഷിയായിരുന്നു. പക്ഷേ ആ കരുത്തിനെ ചോര്‍ത്തിക്കളയുന്ന രീതിയിലാണ് പല ജനവിഭാഗങ്ങളെയും അത് ഉള്‍ക്കൊണ്ടിരിക്കുന്നത്. ഈ നാട്യങ്ങള്‍ക്ക് നേരെയുള്ള കൂര്‍ത്ത ചോദ്യങ്ങളാണ് വിശാലമായ ഒരു രാഷ്ട്രീയ മുന്‍കൈക്ക് ശക്തിയേകുന്നത്