Friday, August 20, 2010

സി.പി.എം ഉയര്‍ത്തുന്നത് വര്‍ഗ്ഗരാഷ്ട്രീയമല്ല; വര്‍ഗ്ഗീയ രാഷ്ട്രീയമാണ്


മതമില്ലാതെ മതേതരത്വത്തിന് നിലനില്‍ക്കാനാവില്ല. (തലാല്‍ അസദ്)
ഭിന്നമതത്തെയും സംസ്കാരങ്ങളെയും ജാതികളെയും ഏക മതധാരയിലേക്ക് സ്വീകരിച്ചുകൊണ്ടാണ് മതേതരത്വം അതിന്റെ പ്രകടമായ ഹിംസ നിര്‍വഹിക്കുന്നത്. ഏക മതത്തെയും ജാതിയെയും കുറിച്ചുള്ള ആശങ്കകളും ആശകളും രൂപപ്പെടുത്തുകയും അതിനകത്ത് സ്ഥിതിചെയ്യുന്നതിനെ സംരക്ഷിച്ച് നിര്‍ത്തുകയും അതെല്ലാത്തമുഴുവന്‍ സ്വരങ്ങളെയും അന്യവല്‍കരിക്കുകയുമാണ് മതേതരത്വം ചെയ്യുന്നത് എന്ന് ഏറെ പഠനങ്ങളിലൂടെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ വ്യത്യസ്തങ്ങളായ വായനകളെയും പത്രങ്ങളെയും ഏക ധാരയിലേക്ക് സ്വാംശീകരിക്കുന്നതില്‍ 'ദ ഹിന്ദു' പത്രത്തിനുള്ള പങ്കിനെ കുറിച്ച് എം.എസ് പാണ്ഡ്യന്‍ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെയും കേരളത്തിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വിശേഷിച്ചും സി.പി.എം ചെറുതായി ഉയര്‍ന്നു വന്ന സമരപോരാട്ടങ്ങളെയും സംഘര്‍ഷങ്ങളുടെയും തങ്ങളുടെ അസാമാന്യമായ പുരോഗമന സ്വാംശീകരിണത്തിലൂടെ തങ്ങളുടേതാക്കുകയോ അല്ലെങ്കില്‍ അസന്നിഹിതമാക്കുകയോ ചെയ്തിട്ടുണ്ട്. ബി.ജെ.പിയെക്കുറിച്ചുള്ള സി.പി.എമ്മിന്റെ വിമര്‍ശം അത് തീവ്ര ഹിന്ദുത്വത്തെ പരസ്യമായി പ്രകടിപ്പിക്കുന്നുവെന്നും നാഷനല്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വം സ്വീകരിക്കുന്നുവെന്നുമാണ്. ഗുജറാത്ത് കലാപം നടത്തിയ നരേന്ദ്രമോഡിയും കലാപത്തിന് ശേഷം കാവിസാരിയെടുത്ത് ഗംഗയില്‍ മുങ്ങിയ സോണിയാജിയെയും ഇതിനുദാഹരണമായി അവര്‍ ചൂണിക്കാണിക്കാറുണ്ട്. ബി.ജെ.പിയുടെ സവര്‍ണതയെയും കോണ്‍ഗ്രസിന്റെ ദേശീയതയ്ക്കുമപ്പുറത്ത് സി.പി.എമ്മിന്റെ പുരോഗമന നാട്യത്തില്‍ ഉള്ളടങ്ങിയ സ്വാംശീകരണ ഹിംസയെക്കുറിച്ച് അധികപേരും വേണ്ടത്ര ബോധവാന്മാരായിട്ടില്ല. ഇന്ത്യയില്‍ ഹിംസാത്മകമായി പകര്‍ന്നാടിയ ഫാഷിസ്റ് പ്രചരണങ്ങളും സംഘ് മീഡിയകളുടെ കപടനീതിവിളികളുമുണ്ടായ ഏത് വിവാദകാലത്തും സി.പി.എം നിലയുറപ്പിച്ചിട്ടുള്ളത് ന്യൂനപക്ഷ വിരുദ്ധഭാഗത്തായിരുന്നു. ശരീഅത്ത് വിവാദം മുതല്‍ ബാബരി വിഷയത്തിലും ഒടുവില്‍ കേരളത്തില്‍ അരങ്ങേറിയ മുസ്്ലിം വിരുദ്ധ പ്രചരണങ്ങള്‍ വരെ എടുത്തു പരിശോധിച്ചുനോക്കിയാല്‍ കാവിക്കും ചുവപ്പിനും തമ്മില്‍ ഭിന്നസ്വരങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രവാചകനിന്ദാപരമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍സ്കോളേജിലെ പ്രൊഫ. ജോസഫിന്റെ കൈവെട്ടിമാറ്റിയ നടപടിയെ മതസംഘടനകള്‍ കൂട്ടായും ഒറ്റക്കായും അപലപിക്കുകയും അതിനെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ടായിരുന്നു. ഇസ്്ലാമിക നീതി നടപ്പാക്കാന്‍ കൊതിക്കുന്ന താലിബാനിസ്റുകളുടെ നാടായി കേരളം മാറിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍- എന്ന സി.പി.എമ്മിന്റെ പ്രസ്താവനയിലൂടെ കൈപ്പത്തി വെട്ടിമാറ്റിയതിലൂടെ ഇസ്്ലാമിക നീതിയാണ് നടപ്പാക്കിയതെന്ന് ധ്വനിപ്പിക്കുന്നു. ഇതിനെ ചുവട്പിടിച്ച് യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ നടത്തിയ മതനിരപേക്ഷ കേരളം ജനപക്ഷ രാഷ്ട്രീയം എന്ന കാമ്പയിനിലും എസ്.എഫ്.ഐ കാമ്പസുകളില്‍ നടത്തിയ ഇലക്ഷന്‍ പ്രചരണത്തിലും ഈ യുക്തിയെയായിരുന്നു അവരും വ്യാപകമായി പ്രചരിപ്പിച്ചത്. ഇതിലൂടെ സമൂഹത്തില്‍ പുറമേക്ക് നിലനിന്നിരുന്ന സൌഹൃദങ്ങളിലും രാഷ്ട്രീയ സംവാദങ്ങളിലും മതം ഒരു കീറാമുട്ടിയായി മാറുകയും ഇസ്്ലാം ഒരു കാടത്തമായി നിലനില്‍ക്കുകയും ചെയ്തു. സാമ്പത്തിക സംവരണമെന്ന പിന്നാക്ക വിരുദ്ധമായ പ്രസ്താവനയിലൂടെ ലൌജിഹാദാനന്തര കേരളത്തില്‍ എന്‍.എസ്.എസ് ന്യൂനപക്ഷ വിരുദ്ധ പ്രചരണത്തിന് വീണ്ടും തുടക്കമിട്ടപ്പോള്‍ അതിനെ ആശയപരമായും രാഷ്ട്രീയപരമായും പിന്താങ്ങിയവര്‍ ഇടതുപക്ഷകക്ഷികളായിരുന്നു. ഇതിലൂടെയാണ് സി.പി.എം നിലനിര്‍ത്തിയിരുന്ന (കേരളത്തില്‍) പുകമറകള്‍ക്കപ്പുറത്തുള്ള രാഷ്ട്രീയ അജണ്ടകള്‍ മറനീക്കി പുറത്ത് വരുന്നത്. കിനാലൂരിലെ ജനവിരുദ്ധ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മതമൌലികവാദ സംഘടനകള്‍ നഷ്ടപ്പെടുത്തിയ കോടികളുടെ അഴിമതിയുടെ അധികാരസുഖത്തിനുവേണ്ടി പരസ്യമായ ന്യൂനപക്ഷ പ്രസ്താവനകളിലും വ്യാപകമായ കാമ്പയിനുകളിലൂടെയും സി.പി.എം ഏറെ മുന്നേറുകയാണുണ്ടായത്. സംഘ് പരിവാര്‍ പോലും അമ്പരന്ന് നില്‍ക്കുന്ന തരത്തില്‍ മോഡിക്ക് പഠിക്കാന്‍ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തയ്യാറായി. തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്്ലാമോഫോബിയ ഉല്‍പ്പാദിപ്പിക്കുന്ന പടിഞ്ഞാറിന്റെ അധീശ യുക്തിയെ പിന്താങ്ങുന്ന തരത്തില്‍ കാടിളക്കിയുള്ള ചിന്നംവിളികളായിരുന്നു പുരോഗമന രാഷ്ട്രീയത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. സ്വന്തം പാര്‍ട്ടിയിലുള്ള സ്വത്വവാദികളെയും (മുസ്്ലിംകളായ) വെറുതെവിട്ടില്ല. പാര്‍ട്ടിയുടേത് ശുദ്ധവര്‍ഗ്ഗ രാഷ്ട്രീയമാണെന്നും അതെല്ലാത്ത ഏത് മുസ്ലിം, ദലിത് രാഷ്ട്രീയവും ഭീകരവാദമാണെന്നും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ദലിത് ഭീകരവാദം എന്ന പദാവലി കേരളത്തില്‍ വികസിപ്പിച്ച് കൊണ്ടുവന്ന ഇടതുപക്ഷം ഇന്ത്യയില്‍ ഔദ്യോഗികമായി ആഘോഷിക്കുന്ന ഇസ്്ലാമിക ഭീകരവാദത്തെ ഏറ്റെടുക്കാനും വളര്‍ത്തിയെടുക്കാനും തയ്യാറായി. കൈവെട്ട് കേസ് എന്ന പിടിവള്ളിയിലൂടെ മുസ്്ലിം സമുദായത്തെ സമ്മര്‍ദ്ദത്തിലാക്കനും സമുദായ സംഘടനകളെ ശുദ്ധി തെളിയിക്കല്‍ കര്‍മ്മം നിര്‍വ്വഹിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. ലീഗും ലീഗിന്റെ ഏഴാംകൂലികളായ മതസംഘടനകളും ചേര്‍ന്ന് രാജിവിനേക്കാള്‍ വലിയ രാജഭക്തിതെളിയിച്ചു. അശോക് സിംഗാളിന്റെയും ലീഗ് നേതാക്കളുടെയും ശബ്ദത്തിന് മാറ്റമില്ലാതെ വന്നു. സമുദായം കത്തുന്ന സന്ദര്‍ഭത്തില്‍ കഴുക്കോല്‍ ഊരിയെടുക്കുക എന്നതായിരുന്നു ലീഗ് മിക്കസന്ദര്‍ഭങ്ങളിലും ചെയ്തിരുന്നത്. ആ അബദ്ധം മതസംഘടനകളുടെ പിന്‍ബലത്തോടെ കൂടുതല്‍ ആവേശപൂര്‍വ്വം നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിച്ചതിലൂടെ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദ തന്ത്രമാണ് വിജയം കണ്ടത്. കേരള രാഷ്ട്രീയത്തില്‍ ഭിന്നകൊടികളും ഏക അജണ്ടയും എന്ന ദൌര്‍ബല്യം മുഴച്ച് നിന്നു. ഏവരുടെയും ഏകാത്മകതയിലൂടെ മതേതരത്വം അതിന്റെ നിലനില്‍പ്പിനെ കൂടുതല്‍ സുഖകരമാക്കുകയും ഏകധാരയില്‍ വ്യത്യസ്തങ്ങളായ രാഷ്ട്രീയ ശൈലികളെ കെട്ടിയിടുകയും ചെയ്തതിലൂടെ മതേതരത്വത്തിന്റെ ഉള്ളില്‍ നിറഞ്ഞുനിന്നിരുന്ന (ഭിന്നകൊടികളിലും മുദ്രാവാക്യങ്ങളിലും) മതമാണ് വിജയിച്ചത്. ഈയൊരുപശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് മഅ്ദനിവിഷയത്തെയും നമ്മള്‍ മനസ്സിലാക്കേണ്ടത്. തടിയന്റെവിട നസീര്‍ താന്‍ മഅ്ദനിക്കെതിരെ മൊഴികൊടുത്തിട്ടില്ലെന്ന് പരസ്യമായി പറയുകയും രഹസ്യമായി മഅ്ദനിക്കതിരെ മൊഴികൊടുക്കുകയും ചെയ്ത ദുരൂഹതയില്‍ നിന്നാണ് ബാംഗ്ളൂര്‍ സ്ഫോടനകേസിലെ പ്രതിയായി മഅ്ദനി അവതരിക്കുന്നത്. ഒരു കേസിലെ ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കുമില്ലാത്ത പ്രാധാന്യവും കൊടുംഭീകരവാദവും അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കുന്നതില്‍ സംഘ് മീഡിയകളും കേരള പോലീസും ഒരുപോലെ ജാഗ്രതപാലിച്ചിരുന്നു. മുമ്പ് സൂഫിയാ മഅ്ദനിയുടെ അറസ്റിലും മഅ്ദനിയുടേതന്നെ കോയമ്പത്തൂര്‍ അറസ്റിലും പുലര്‍ത്തിയ മതേതര ജാഗ്രതകാത്ത് സൂക്ഷിക്കുന്നതില്‍ എല്ലാ ഭരണകൂട സംവിധാനങ്ങളും മാധ്യമങ്ങളും ഏറെ സൂക്ഷ്മത പാലിച്ചു! ഒമ്പതരകൊല്ലം നിരപരാധിയായ ഒരാള്‍ (ആയുസ്സിന്റെ വലിയൊരുസമയം) ജയില്‍ വാസത്തില്‍ നിന്നു മോചിതനായി തിരിച്ചുവന്നപ്പോള്‍ ഗവണ്‍മെന്റിന്റെ മുഴുവന്‍ പരിവാരങ്ങളും ഏത് രീതിയിലാണോ ആഹ്ളാദപൂര്‍വ്വംകൊണ്ടാടിയത് അതിനേക്കാള്‍ ആഘോഷപൂര്‍വ്വം വീണ്ടുമൊരു ജയില്‍ വാസത്തിന് അദ്ദേഹത്തെ യാത്രയയച്ചു. അന്‍വാറുശ്ശേരിക്കു ചുറ്റും കര്‍ഫ്യു പ്രഖ്യാപിക്കുകയും അനാഥമക്കളുടെ അന്നം മുടക്കുകയും ദുരൂഹമായ ബാഗുകള്‍ കലാലയത്തിനകത്ത് ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ പോലീസ് സൃഷ്ടിച്ചത് കേവലം ഭീതിതമായൊരു അന്തരീക്ഷം മാത്രമല്ല. നേരത്തെ തന്നെ ഇന്ത്യയിലെ പോലീസിനെക്കുറിച്ചുള്ള ആരോപണമാണ് കമ്മ്യൂണലൈസ് ചെയ്യപ്പെട്ടു എന്നത്. പോലീസിന്റെ കാക്കിക്കുള്ളില്‍ കാവിയാണ് കൂടുതലുള്ളതെന്നും തെളിയിക്കാന്‍ കിട്ടിയ ഏത് സന്ദര്‍ഭത്തിലും അവരത് തെളിയിച്ചിട്ടുണ്ട്. പലസന്ദര്‍ഭങ്ങളിലായി ഇതിനെ അവര്‍ സാധൂകരിച്ചിട്ടുണ്ട്. നിരവധി ഭീകരവിരുദ്ധ നിയമങ്ങളില്‍ അറസ്റ് ചെയ്യപ്പെട്ടവരില്‍ 97 ശതമാനവും മുസ്്ലിം സമുദായത്തില്‍പെട്ടവരാണ്. സ്വതന്ത്രാനന്തര ഇന്ത്യയില്‍ നടന്ന മുവായിരത്തിലധികം വര്‍ഗ്ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടത് 90 ശതമാനവും മുസ്്ലിംകളും കലാപങ്ങളില്‍ അറസ്റ് ചെയ്യപ്പെട്ടവരില്‍ 80 ശതമാനവും ഈ സമുദായത്തില്‍പെട്ടര്‍ തന്നെയായിരുന്നു! ഈ നിയമനിര്‍വ്വഹണത്തിലുള്ള അസന്തുലിതത്വമാണ് വളര്‍ന്ന് വികസിച്ച് ഭീകരതയിലേക്ക് നീങ്ങുന്നത്. നിരന്തരമായി തുടരുന്ന നീതിഷേധങ്ങള്‍, അരക്ഷിതാവസ്ഥ, അവഹേളനം (വിശദമായ വിവരങ്ങള്‍ക്ക് സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നോക്കുക) മുസ്്ലിം സമുദായത്തെ പിന്നാക്കാവസ്ഥയിലേക്കെത്തിക്കുന്നതിന് വളരെവലിയ കാരണമായിട്ടുണ്ട്. ഇതിനെ ക്രമപ്രവൃദ്ധമായി മാറ്റിയെടുക്കുന്നതിനുപകരം ഇസ്്ലാമോഫോബിയയെന്ന ട്രന്‍ഡിന് കീഴടങ്ങാനാണ് ഇന്ത്യയിലെ ഭരണകൂടം തയ്യാറാവുന്നത്. അതിന്റെ മുഴുവന്‍ മെക്കാനിസങ്ങളെയും അതിനനുസരിച്ച് ക്രമപ്പെടുത്താനുള്ള തീവ്രയത്നത്തിലാണ് (മൊസാദിന്റെ സഹായത്തോടെ) കേന്ദ്ര ഭരണകൂടം. സാമ്രാജ്യത്വ വിരോധം, ഇസ്രേയല്‍ വിരോധം തുടങ്ങിയ പദാവലികള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുകയും എന്നാല്‍ പ്രയോഗതലത്തില്‍ അവരോട് രാജിയാവുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് സി.പി.എം കേരളത്തില്‍ ചെയ്തുക്കൊണ്ടിരിക്കുന്നത്. ബാല്‍താക്കറെയും പ്രമോദ് മുത്തലിക്കും നരേന്ദ്രമോഡിയും (നിരവധി കേസുകളില്‍ പ്രതികളായ) വാഴുന്ന ഒരു രാജ്യത്ത് മഅ്ദനി ഭീകരവാദിയാവുന്നതില്‍ പ്രവര്‍ത്തിക്കുന്ന യുക്തി മതേതര ആശങ്കകളെ താങ്ങിനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയാത്തതുകൊണ്ടാണ്. രോഗം ബാധിച്ച് കിടക്കുന്ന മഅ്ദനി അറസ്റ്റിന് വിസ്സമ്മതിക്കുന്നതിനെക്കുറിച്ച് വാചാലാരാവുന്ന സംഘ്ബുജികള്‍ ഗുജറാത്തിലെ ആഭ്യന്തര മന്ത്രി അമിത്ഷാ ഒളിവില്‍ പോയതിനെക്കുറിച്ച മൌനം പാലിക്കുകയും ചെയ്യുന്നു. കര്‍ണ്ണാടകയില്‍ നിന്നും അറസ്റ് വാറണ്ടുള്ളത് കൊണ്ടാണ് മഅ്ദനിയെ അറസ്റ് ചെയ്യാന്‍ ഞങ്ങള്‍ സഹായമൊരുക്കുന്നതെന്ന് ഇപ്പോള്‍ കുമ്പസരിക്കുന്നവര്‍ക്ക് രാഷ്ട്രീയ ഇഛ്ാശക്തിയുണ്ടെങ്കില്‍ കേരളത്തില്‍ നിരവധി കേസുകളുള്ള തൊഗാഡിക്കെതിരെയും മുത്തലിക്കിനെതിരെയും വാറണ്ട് പുറപ്പെടുവിക്കാന്‍ കഴിയുമോ? മഅ്ദനിയുടെ അറസ്റ്റ് കേരളത്തില്‍ രൂപപ്പെട്ടുവരുന്ന സാമുദായിക ധ്രൂവികരണത്തെക്കുറിച്ചും മാധ്യമസദാചാരത്തെക്കുറിച്ചും കൂടുതല്‍ ഗൌരവത്തോടെ ആലോചിക്കേണ്ടിയിരിക്കുന്നു. വിദൂരുമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന സി.പി.എമ്മിന്റെ വര്‍ഗ്ഗീയരാഷ്ട്രീയത്തെ മുതലെടുത്ത് വിളവെടുക്കുന്നത് സംഘ്പരിവാറാണ്. സംഘ്പരിവാറിന്റെ ഭീക്ഷണിക്കുമുന്നില്‍ ആക്ഷന്‍ പ്ളാനുകള്‍ രൂപപ്പെടുത്തുന്നവരായി സി.പി.എമ്മും കേരള പോലീസും മാറിയിരിക്കുന്നു. വര്‍ക്കലയില്‍ ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശിവസേന, സി.പി.എം പോലീസ് എന്നിവരുടെ പങ്ക് വളരെ വ്യക്തമായിരുന്നു. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പേരില്‍ മതനിരപേക്ഷമേനി നടിച്ചവര്‍ മുസ്്ലിംകള്‍ പെരുകുന്നതിലും ഹിന്ദുക്കള്‍ കുറയുന്നതിലും അസ്വസ്ഥരാവുകയും ചെയ്യുന്നതിലൂടെ പ്രഖ്യാപിക്കപ്പെടുന്നത് ശുദ്ധവര്‍ഗ്ഗീയ രാഷ്ട്രീയമാണ്! മതേതര പുരോഗമന വ്യവഹാരങ്ങളെക്കുറിച്ച് ഗൌരവമായ പുനര്‍വായനകളും പുതിയ അന്വേഷണങ്ങളും ബദല്‍ രാഷ്ട്രീയ പ്രവേശനങ്ങളും ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനൊക്കെയും വര്‍ഗ്ഗീയവാദ പദാവലികളില്‍ ഒതുക്കിനിര്‍ത്താന്‍ മാത്രം പാകത്തില്‍ കേരളത്തിലെ സൌഹൃദങ്ങള്‍ക്കും രാഷ്ട്രീയ മേഖലകള്‍ക്കും കനത്ത വിള്ളലുകള്‍ വീണിട്ടുണ്ട്. അതിന്റെ പഴുതുകള്‍ അടക്കാന്‍ എല്ലാവരും ഒന്നിച്ച് അധ്വാനിക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ അഹ്മദാബദുകള്‍ ഇവിടെ ആവര്‍ത്തിക്കപ്പെടും. അത് നികത്താന്‍ സി.പി.എമ്മിനു ബാധ്യതയുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ നാല്പത് ശതമാനത്തോളം മുസ്്ലിം-ക്രസ്ത്യന്‍ വോട്ടുകളുള്ള ഒറ്റ മണ്ഡലത്തിലും സി.പി.എമ്മിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. സി.പി.എമ്മിന്റെ പഴയമാഞ്ചസ്റര്‍ തൊഴിലാളികളുടെ വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെയും പുതിയ വര്‍ഗ്ഗീരാഷ്ട്രീയത്തിന്റെയും പ്രതിശബ്ദങ്ങളാണ് ഇതിലൂടെ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് തുടര്‍ന്ന് കഴിഞ്ഞാല്‍ ചുവപ്പ് കൊടി റയില്‍ വേ സ്റേഷനുകളിലും റോഡ് ഗതാഗത പണികള്‍ നടക്കുന്ന സ്ഥലങ്ങളിലും മാത്രം കാണാന്‍ കഴിയുന്ന ഒരപൂര്‍വ്വ വസ്തുവായി മാറും.

Tuesday, August 17, 2010

മതരാഷ്ട്രീയ ഇടപെടലുകളും പി.ബി വെളിപാടുകളും






ന്യൂനപക്ഷ വര്‍ഗീയവല്‍കരണവും മതരാഷ്ട്രീയ ഇടപെടലുകളും ചെറുത്തുതോല്‍പിക്കാനും ഇതിനെതിരെ ബോധവല്‍കരണ പരിപാടികള്‍ നടത്താനും സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അനുവാദം നല്‍കിയിരിക്കുകയാണല്ലോ. രണ്ട് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ തീരുമാനം മാര്‍ക്സിസ്റ് പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ളത്. പശ്ചിമബംഗാളില്‍ 26 ശതമാനം വരുന്ന മുസ്ലിംകള്‍ പാര്‍ട്ടിയെ കൈവെടിഞ്ഞതിന്റെ ഫലമായി വന്‍ തകര്‍ച്ച നേരിട്ടിരിക്കുന്നു. മതവിഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ വേണ്ടി പാര്‍ട്ടി ഔദ്യോഗിക തിരുത്തല്‍ രേഖ തയാറാക്കുകയും ചെയ്തിരിക്കുന്നു. കേരളത്തില്‍നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളാണ് മതരാഷ്ട്രീയ ഇടപെടലിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുള്ളത്. കിനാലൂരിലെ വ്യവസായത്തിന്റെ പേരില്‍ അടിച്ചേല്‍പിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ തുറന്നെതിര്‍ക്കുന്നതോടെയാണ് പ്രായോഗിക പുരോഗമന രാഷ്ട്രീയത്തില്‍ മതേതര വ്യവഹാരങ്ങള്‍ ബീഭത്സമായി നിറഞ്ഞാടിയത്. വികസന വിരുദ്ധര്‍, വര്‍ഗീയ വാദികള്‍, ഫണ്ടിംഗ് ഏജന്‍സികള്‍ എന്നിങ്ങനെ ഇസ്ലാമിനെക്കുറിച്ച് നേരത്തെയുള്ള നിര്‍മിതികള്‍ കവലകള്‍ തോറും പ്രഭാഷണ വിഷയങ്ങളായി. നേരത്തെ മേമ്പൊടിക്ക് വേണ്ടി ഭൂരിപക്ഷ വര്‍ഗീയത എന്ന്കൂടി ഇവര്‍ ചേര്‍ത്തു പറയാറുണ്ടായിരുന്നു. പക്ഷേ, ഇത്തവണ അടവുനയങ്ങളെല്ലാം കാറ്റില്‍പറത്തി ഇസ്ലാമിക രാഷ്ട്രീയത്തിന്റെ സുനാമി വരവിനെക്കുറിച്ചുള്ള മുന്നറിയിപ്പിലാണ് ഇവര്‍ ബദ്ധശ്രദ്ധരായത്. 'മതം' എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് വളരെ മോശം എന്ന നിര്‍മിതിയാണ്. 'മത'മെന്ന പദത്തിലൂടെ ഇസ്ലാമിനെയും മുസ്ലിംകളെയുമാണ് പൊതുവ്യവഹാരങ്ങള്‍ (ഇടത് പുരോഗമന ചിന്ത) വിവക്ഷിക്കുന്നത്.
2003ലാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരളത്തില്‍ നിലവില്‍ വരുന്നത്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളില്‍ ജനപക്ഷ രാഷ്ട്രീയമെന്ന പ്രഖ്യാപനത്തിലൂന്നിയാണ് ആ സംഘടന ഇടപെട്ടു തുടങ്ങിയത്. ഇതിനുശേഷമുള്ള കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് സാംസ്കാരിക മുനിയാണ്ടികളുടെ ആശങ്കകള്‍ 'മതം പൊതുമണ്ഡലത്തില്‍ ഇടപെടുന്നു' എന്നതായിരുന്നു. ഇവിടെ മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഏതാണെന്ന് വ്യക്തമാണ്. ഇപ്പോള്‍ പിണറായി വിജയനും തോമസ് ഐസകും വി.എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും മതത്തിന്റെ പൊതുവായ രംഗപ്രവേശത്തെ വര്‍ഗീയ വാദമായി ചിത്രീകരിക്കുന്നു. ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ് ഈയാരോപണങ്ങള്‍ ശക്തിപ്പെട്ടു തുടങ്ങിയത്. ആധുനികതയുടെ അപരത്വമായി നിലനില്‍ക്കുന്ന ഇസ്ലാമിനെയാണ് വര്‍ഗീയവാദം എന്നതിലൂടെ പരിചയപ്പെടുത്തുന്നത്.
ഹമാസ് ഫലസ്ത്വീനില്‍ അധികാരത്തിലേറിയതും ലബനാനിലെ ഹിസ്ബുല്ലയുടെ വിജയവും തുര്‍ക്കിയിലെ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ മുന്നേറ്റവും പാശ്ചാത്യ ലിബറല്‍ ചിന്താ പദ്ധതികള്‍ വിലയിരുത്തിയത് പോലെയാണ് ഇന്ത്യയില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹിക ഇടപെടലുകളെ ഉദാര സവര്‍ണ മതേതര കാഴ്ചപ്പാടുകളും വിശകലനം ചെയ്യുന്നത്. 'കഴിഞ്ഞ രണ്ടു മൂന്ന് ദശകങ്ങള്‍ മതരാഷ്ട്രീയത്തിന്റെയും ജാതിരാഷ്ട്രീയത്തിന്റെയും വസന്തകാലമാണ്' (കെ.എന്‍ പണിക്കര്‍: മാര്‍ക്സിസ്റ് സംവാദം ലക്കം 36 പേജ് 21) എന്ന വാദവും ആഗോളവ്യാപകമായ ഇസ്ലാമിന്റെ മുന്നേറ്റത്തെ കൂടി മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ഇസ്ലാമിക രാഷ്ട്രീയത്തിനെതിരെ ഇടതു വിമര്‍ശനങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ന്യൂനപക്ഷ
വര്‍ഗീയവല്‍കരണം
ഒരു രാഷ്ട്രത്തിന്റെ രൂപവത്കരണത്തിനു പിന്നിലുള്ള 'ജനകീയാംഗീകാര'മാണ് രാഷ്ട്രത്തെ ഒരാധുനിക പ്രതിഭാസമാക്കിതീര്‍ക്കുന്നത്. ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളും ഗാതഗത സൌകര്യങ്ങളും അച്ചടിശാലയും റോഡുകളും റെയില്‍വെയും മറ്റുമാണ് ജനങ്ങള്‍ക്കിടയില്‍ യഥാര്‍ഥ ദേശീയബോധം സൃഷ്ടിക്കുന്നതിന് നിമിത്തമായത്. ആധുനികതയും അതിന്റെ അനുബന്ധങ്ങളും നിര്‍മിച്ചെടുത്തതും സുരക്ഷിതമാക്കിയതും വരേണ്യരുടെ അധികാരവും രാഷ്ട്രീയവുമായിരുന്നു. രാഷ്ട്രീയ ആധുനികതയുടെ പടിവാതില്‍ക്കല്‍ എത്തിയിരുന്ന യൂറോപ്പ് ദേശീയതയെ പരിഗണിച്ചത് സംസ്കാരത്തിന്റെയും വംശത്തിന്റെയും സംജ്ഞകളിലായിരുന്നു. ദേശീയ രാഷ്ട്രം എന്നതു സര്‍വപ്രധാനമായി ക്രിസ്തീയമായിരുന്നു. സ്പെയിനിലെ ദേശീയതയുടെ ഏകീകരണം ജൂതന്മാരെ തള്ളിക്കൊണ്ടുള്ള 'നിഷ്കാസനപത്ര'ത്തിലൂടെയായിരുന്നു. ഒന്നുകില്‍ ക്രിസ്ത്യാനികളാവുക അല്ലെങ്കില്‍ നാടുവിടുക എന്നായിരുന്നു ദേശീയ സ്പെയിന്‍ ജൂതന്മാര്‍ക്ക് നല്‍കിയ അന്ത്യശാസനം. ദേശത്തില്‍ ഉള്‍കൊള്ളുകയോ അപരങ്ങളായി നിലനില്‍ക്കുകയോ ചെയ്യുക എന്ന രണ്ട് അധികാര ഘടനകളിലൂടെ മാത്രമായിരുന്നു യൂറോപ്പിലെ മുഴുവന്‍ രാജ്യങ്ങളും ആധുനിക ദേശരാഷ്ട്രം നിര്‍മിച്ചത്. 1499ല്‍ സ്പാനിഷ് സ്റേറ്റ് മുസ്ലിംകള്‍ക്ക് നല്‍കിയതും അതേ സന്ദേശമായിരുന്നു. ന്യൂനപക്ഷങ്ങള്‍/മുസ്ലിംകള്‍ പൊതുവായ വ്യവഹാരങ്ങളോട് ചേരാത്തതിനാല്‍ സ്വയം തന്നെ വര്‍ഗീയമാവാനാണ് അതിനുസാധിക്കുക എന്ന യുക്തി ഇതിലൂടെ ചരിത്രപരമായി അവര്‍ സ്ഥാപിച്ചെടുത്തു. 'അധമവംശങ്ങളെ ഭൂതലത്തില്‍നിന്ന് ഒഴിവാക്കുക വഴി സാമ്രാജ്യവാദം നാഗരികതക്ക് ഒരു സേവനമാണ് ചെയ്തത്' എന്ന ആശയം പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചിന്തയില്‍ വ്യാപകമായി സ്ഥാനം പിടിച്ചിട്ടുണ്ട്.
പ്രകൃതി ശാസ്ത്രങ്ങള്‍, ദര്‍ശനം, നരവംശപഠനം, സാഹിത്യം, സിനിമ തുടങ്ങിയ എല്ലാ രംഗങ്ങളിലും ഈ ആശയം ഒരുപോലെ പ്രകടമായിരുന്നു. യൂറോപ്യന്‍ ആധുനിക മതേതര ചരിത്രം രണ്ട് ഇരകളുടെ ('അധമവംശങ്ങളു'ടെ) ചരിത്രത്തെ ഒന്നിച്ചു കൊണ്ടുവരുന്നു. ആഭ്യന്തര ശത്രുക്കളും/ബാഹ്യശത്രുക്കളുമാ(ജൂതന്മാരും മുസ്ലിംകളും)യിട്ടാണ് ഇതിനെ വിഭജിച്ചത്. യൂറോ കേന്ദ്രിതമായ പൊതുവ്യവഹാരങ്ങളില്‍ ഉള്‍ച്ചേരാന്‍ സാധിക്കാത്ത ഇസ്ലാമിനെ ആധുനികതയെ ചെറുക്കുന്നവരും ശത്രുക്കളുമായി നിര്‍മിച്ചെടുത്തുവെന്ന് മഹ്മൂദ് മംദാനി (ഏീീറ ങൌഹെശാ, ആമറ ങൌഹെശാ) നിരീക്ഷിക്കുന്നുണ്ട്. കറുത്ത വര്‍ഗക്കാരുടെയും മുസ്ലിംകളുടെയും ചരിത്രവും ഇതിനു സമാനമായി ഇന്ത്യയിലും അമേരിക്കയിലും രൂപപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ കോളനികളില്‍ വംശീയതയും വംശനാശവും നടന്നിരുന്നു. കൂട്ടക്കൊല, രോഗങ്ങള്‍, കുടിയൊഴിപ്പിക്കല്‍ എന്നിവയിലൂടെ തദ്ദേശീയ അമേരിക്കക്കാരെ ഏതാണ്ട് പൂര്‍ണമായി ഉന്മൂലനം ചെയ്തതിന് ശേഷമാണ് ദേശീയതയും ആധുനികതയും അമേരിക്കയില്‍ സ്ഥാപനങ്ങളായി നിലവില്‍ വരുന്നത്. ആധുനിക വിരുദ്ധ മതമൌലികവാദത്തിന് (ഇസ്ലാമിന്) അസാധാരണമായ നശീകരണ ശേഷിയുണ്ടെന്നും സ്വന്തം ജീവനുള്‍പ്പെടെ (ചാവേര്‍) അവര്‍ ഹനിക്കുമെന്നും പ്രചരിപ്പിച്ചുകൊണ്ടാണ് അവര്‍ ഭീകരവാദ തിയറി ഉണ്ടാക്കുന്നത്.
ഇടതു പുരോഗമന വാദവും മതവും
ആധുനികതയുടെ നിര്‍മിതികള്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ അതിന്റേതായ വകഭേദങ്ങളോടെ അപരത്വങ്ങളെ നിലനിര്‍ത്തുകയും രാഷ്ട്രീയ/അധികാര ഘടന പ്രത്യേകമായി കേന്ദ്രീകരിക്കുകയും ചെയ്യുന്നു. മതം എന്നുപറയുമ്പോള്‍ ചില പ്രത്യേക വിവക്ഷകളാണ് ഇവിടത്തെ അധികാര ഘടന കല്‍പിച്ചു നല്‍കിയിരിക്കുന്നത്. 'മതം മനുഷ്യവാകാശങ്ങള്‍ ലംഘിക്കുന്നു'വെന്ന കെ.ഇ.എന്നിന്റെ പ്രസ്താവന ഏത് മതത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നിലനില്‍ക്കുന്ന/നിലനിര്‍ത്തിയ പശ്ചാത്തലം വ്യക്തമാക്കിത്തരും. മതം എന്നതിലൂടെ ട്രീറ്റ് ചെയ്യുന്നത് ഇസ്ലാമിനെയും മതേതരം, ആധുനികം തുടങ്ങിയ പദാവലികളിലൂടെ ട്രീറ്റ് ചെയ്യുന്നത് സവര്‍ണ മൂല്യങ്ങളെയു(പുരോഗമനം)മാണ്. രാഷ്ട്രീയപരമായി മതം മോശം എന്നൊരര്‍ഥം ഇവിടെ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. മതത്തിന്റെ ആഗമനം (അധമവംശങ്ങളുടെ ഇടപെടല്‍) രാഷ്ട്രീയ വിശുദ്ധിയെ തകര്‍ക്കുമെന്ന് തന്നെയാണ് ഇടതു/വലതു പുരോഗമനത്തിന്റെ ആവര്‍ത്തനങ്ങളിലൂടെ വ്യക്തമാക്കുന്നത്. ഇടതു മതേതരചിന്തക്ക് ബ്രാഹ്മണിസത്തെ മാറ്റിനിര്‍ത്തി നിരുപാധികമായ ഒരു ചിന്തയെക്കുറിച്ചോ മതത്തെക്കുറിച്ചോ സംസാരിക്കാന്‍ സാധിക്കുകയില്ല. എം.എന്‍ റോയ് (നരേന്ദ്രനാഥ് ഭട്ടാചാര്യ), സി.പി.എമ്മിന്റെ പ്രഥമ ജനറല്‍ സെക്രട്ടറി തീവ്ര ഹിന്ദു ഗ്രൂപ്പില്‍നിന്നാണ് മാര്‍ക്സിസ്റ് പാര്‍ട്ടിയിലേക്ക് കടന്നുവരുന്നത്. വളരെ റേഷനലായ/സുഖലോലുപമായ വലതുപക്ഷത്തെ ഇന്ത്യയിലെ ആധുനികതയെ കേഡര്‍വല്‍കരിക്കുകയാണ് അദ്ദേഹം ചെയ്തത്.* മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെയും സെക്രട്ടറിമാരുടെയും മുഖ്യമന്ത്രിമാരുടെയും ലിസ്റുകള്‍ എടുത്താല്‍ ഈ യുക്തിയിലൂടെ ആരുടെ ദേശവും ആശയവുമായിരുന്നു ഇതുവരെ സംരക്ഷിച്ചുനിര്‍ത്തിയെതെന്ന് ബോധ്യമാവും. സവര്‍ണ വിഭാഗങ്ങളിലുള്ളവര്‍ക്കും സവര്‍ണരാവാന്‍ ശ്രമിക്കുന്നവര്‍ക്കും മാത്രമാണ് ഇതില്‍ സ്ഥാനമുള്ളത്. ഐക്യകേരളത്തില്‍ രൂപപ്പെട്ട കമ്മ്യൂണിസ്റ് മുന്നേറ്റത്തെക്കുറിച്ചുള്ള നിരീക്ഷണവും ഇവിടെ ശ്രദ്ധേയമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ എന്‍.എസ്.എസുമായുള്ള ബന്ധം വിശദീകരിക്കുന്നതും ഇ.എം.എസിനെ മുഖ്യമന്ത്രിയാക്കുന്നതിലും പ്രവര്‍ത്തിച്ച യുക്തിയെക്കുറിച്ച് രാമചന്ദ്രന്‍ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്. എം.എന്റെ (എം.എന്‍ ഗോവിന്ദന്‍ നായര്‍) കുടുംബത്തിന് എന്‍.എസ്.എസുമായുള്ള ബന്ധം, എം.എന്റെ പന്തളത്തെ മുളയ്ക്കല്‍ കുടുംബത്തെയും എം.എന്റെ പിതാവ് ആലപ്പുഴ സനാതന ഹൈസ്കൂളില്‍ പഠിപ്പിച്ചിരുന്ന വി.ആര്‍ നാരായണ പിള്ളയെയും ഒഴിച്ച് നിര്‍ത്തി എന്‍.എസ്.എസിന്റെ ചരിത്രം എഴുതുക തന്നെ സാധ്യമല്ല. ആ ചരിത്രത്തിന്റെ പിന്‍ബലത്തിലാണ് ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ ഇന്റര്‍മീഡിയറ്റിന് തോറ്റ എം.എന്‍ 1928, 29ല്‍ പന്തളം എന്‍.എസ്.എസ് ഹൈസ്കൂളില്‍ അധ്യാപകനായതും ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള കേര കര്‍ഷക സംഘവുമായി നടന്നപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറി ആയതും. (കലഹം കവര്‍ന്ന കാലം 24: മാധ്യമം ആഴ്ച്ചപതിപ്പ്) ഈ യോഗ്യത തന്നെയാണ് ആദ്യത്തെ പാര്‍ട്ടി സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നതിന് പിന്നിലും പ്രവര്‍ത്തിച്ചത്. 1957ലെ കമ്മ്യൂണിസ്റ് വിപ്ളവത്തെ വിലയിരുത്തിക്കൊണ്ടദ്ദേഹം പറയുന്നതും ശ്രദ്ധിക്കുക. "മൂന്ന് വലിയ നായര്‍ നേതാക്കള്‍. എം.എന്‍ ഗോവിന്ദന്‍ നായര്‍, മന്നത്ത് പത്മനാഭന്‍, പട്ടം നാണുപിള്ള, എന്നിവര്‍ സവര്‍ണരെ കോണ്‍ഗ്രസിന്റെ എതിര്‍പക്ഷത്തേക്ക് ധ്രുവീകരിച്ചു. കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ ജയിച്ച ക്രിസ്ത്യാനികള്‍ വെറും നാലുപേര്‍ മാത്രം. ജയിച്ചവരില്‍ 90% ഹിന്ദുക്കളായിരുന്നു. (ബി.ജെ.പി ഒരുകാലത്തും ഈ നാട്ടില്‍ ക്ളെച്ച് പിടിക്കില്ല.'' കമ്മ്യൂണിസ്റ് പാര്‍ട്ടിയുള്ളിടത്ത് വര്‍ഗ്ഗീയ ഫാസിസ്റുകള്‍ വളരുന്നില്ല എന്ന ന്യായത്തെയാണ് ഇത് ചോദ്യം ചെയ്യുന്നത്. അതിനേക്കാള്‍ സുന്ദരമായി ആ അജണ്ട വളരെ 'അച്ചടക്കത്തോടുകൂടി' സി.പി.എം നടപ്പാക്കുന്നുണ്ട്. "സംവരണ മണ്ഡലങ്ങളില്‍ വെറും 25 ശതമാനത്തില്‍ മാത്രമേ കമ്മ്യൂണിസ്റ് പാര്‍ട്ടിക്ക് നിയമസഭാഗംങ്ങള്‍ ഉണ്ടായുള്ളു. അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗം 1957-ല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിക്കൊപ്പമായിരുന്നില്ല. 1957ലെ കമ്മ്യണിസ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവഷിഷ്ടം മാത്രമായരുന്നു. ഇ.എം.എസിന്റെ വിപ്ളവത്തില്‍ അടിസ്ഥാന വര്‍ഗ്ഗം ഉണ്ടായിരുന്നില്ല. മുന്‍കാല പ്രാബല്യത്തോടെ നമുക്ക് ചോദിക്കാം 1957ല്‍ അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്ന് എത്രപേര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായിരുന്നു. നായന്‍മാരുടെ ശിപായി ലഹളയായിരുന്നു 1957''. (കലഹം കവര്‍ന്ന കാലം 24: മാധ്യമം ആഴ്ച്ചപതിപ്പ്) ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അധീശ വ്യവഹാരത്തെ വ്യവസ്ഥാപിതമായി നിലനിര്‍ത്തുന്നതില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ബംഗാളില്‍ സി.പി.എമ്മിന്റെ മുഴുവന്‍ മുഖ്യമന്ത്രിമാരും സെക്രട്ടറിമാരും ബ്രാഹ്മണരായിരുന്നു. കേരളത്തില്‍ 90 ശതമാനം ഇതേ വിഭാഗത്തില്‍ പെട്ടവര്‍ തന്നെയാണ് (ഉന്നതജാതിക്കാര്‍) അധികാര പദവികളിലെത്തിയത്. ജാതി അയിത്തങ്ങള്‍ പ്രകടമായിരുന്ന കാലത്ത് ചിരട്ടയില്‍ ചായകൊടുത്തിരുന്ന അധഃസ്ഥിതര്‍ക്ക് / മുസ്ലിംകള്‍ക്ക് ഇന്നും ചില ചിരട്ട സീറ്റുകള്‍ മാത്രം നല്‍കി അയിത്തം നിലനിര്‍ത്തുകയാണ് ഇടതു പാര്‍ട്ടികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കണ്ണൂരില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സംരക്ഷിച്ചു നിര്‍ത്തുന്നത് ഉന്നത ജാതിക്കാരെയും അവരുടെ മേല്‍ക്കോയ്മയെയുമാണ്. ഒരു ഉന്നതജാതിക്കാരനും വെട്ടേറ്റ് രക്തസാക്ഷിയാകാത്ത ഇത്തരം സംഘര്‍ഷങ്ങള്‍ ആര്‍.എസ്.എസും സി.പി.എമ്മും ഒരുപോലെ ഐക്യപ്പെടുന്നത് ഉന്നതജാതിക്കാരുടെ സുഖസൌകര്യങ്ങള്‍ക്ക് വേണ്ടി താഴ്ന്ന ജാതിക്കാര്‍ സ്വയം ത്യജിക്കണമെന്ന അധീശയുക്തിയിലാണ്.
സോവിയറ്റ് റഷ്യയുടെ തകര്‍ച്ചക്കുശേഷം യൂറോപ്യന്‍ ഇടതുചിന്തയും ഇടതു ചിന്തകരും വ്യത്യസ്ഥതകളെ ഉള്‍കൊള്ളുന്നതിനെക്കുറിച്ചാണ് വാചാലരായത്. വൈവിധ്യമായ ഭാഷ, മത, ജാതി, വര്‍ണ ഗ്രൂപ്പുകളെ അഭിമുഖീകരിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കുന്ന വിശാലമായ ഇടതുബോധത്തെക്കുറിച്ചും ഇടതുവീക്ഷണങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ദൌര്‍ബല്യത്തെ ഇതിലൂടെ പരിഹരിക്കുന്നതിനെക്കുറിച്ചുമാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഹെബര്‍മാസ്, ഏണസ്റോ ലക്ളോവ്, ചാന്റെല്‍ മോഫ് തുടങ്ങിയവര്‍ സമര്‍പ്പിക്കുന്ന സര്‍വരെയും ഉള്‍ക്കൊള്ളുന്ന ഇടതുചക്രവാളമെന്ന (ഘലള വീൃശ്വീി) കാഴ്ച്ചപ്പാട് സോവിയറ്റാനന്തര ഇടതു ചിന്തയുടെ വളര്‍ച്ചയെ കാണിക്കുന്നതാണ്. പക്ഷേ, അവര്‍ പോലും ഇസ്ലാമടക്കമുള്ള യൂറോപ്യന്‍ കുടിയേറ്റ മതസാന്നിധ്യങ്ങളെ ഉള്‍ക്കൊള്ളണമെന്ന് പറയുന്നത്, രസകരമായ ഒരു യുക്തി അവതരിപ്പിച്ചാണ്. നമ്മള്‍ 'ഇടത്' എന്നത് വികസിപ്പിച്ചില്ലെങ്കില്‍, ഇവരെല്ലാം, 'വലതുപക്ഷ'ക്കാരായിത്തീരുമെന്നാണ് ആ യുക്തി! ഇങ്ങനെ 'ചരിത്രത്തിന്റെ ഭാരം' പരിഹാസ്യമായ രീതിയില്‍ നിരന്തരം നവ ഇടതു ചിന്തകര്‍ ഏറ്റെടുക്കുന്നുണ്ടെന്നത്, നമ്മുടെ നാട്ടിലെ 1850 മോഡല്‍ മാഞ്ചസ്റര്‍ തൊഴിലാളിയെ മാത്രം കാണുന്ന സാദാ സഖാക്കള്‍ കാണാത്തത് മുഖ്യമായും മേല്‍ജാതി ഏര്‍പ്പാടാണ് അവരുടെ 'വിപ്ളവ പ്രവര്‍ത്തനം' എന്നതിനാലാണ്.
അപ്പോഴാണ് നമ്മുടെ സവര്‍ണ സഖാക്കള്‍ 'ശുദ്ധ വര്‍ഗരാഷ്ട്രീയ'ത്തെക്കുറിച്ച് വിടുവായത്തം പറയുന്നത്. സാധ്യമായ ബഹുസ്വരതയെ സ്വാംശീകരിക്കുന്നതിലൂടെ ഇടതു വീക്ഷണങ്ങളെ പുഷ്ടിപ്പെടുത്തുന്നതിനെ സംബന്ധിച്ച് ഗൌരവമായ വിലയിരുത്തലുകള്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു. വര്‍ഗരാഷ്ട്രീയത്തിലൂടെ മുസ്ലിംകളെയും അധഃസ്ഥിത ജനവിഭാഗങ്ങളെയും അഭിമുഖീകരിക്കാന്‍ കഴിയില്ലെന്നും ഉന്നതജാതികളുടെ ദേശരൂപവത്കരണത്തിനാണ് ചരിത്രത്തില്‍ വര്‍ഗരാഷ്ട്രീയം സഹായകമായിട്ടുള്ളതെന്നും ബോധ്യമാവുന്നുണ്ട്. ആധുനികത ഇസ്ലാമിനെ അഭിമുഖീകരിക്കുന്നില്ല. ആധുനിക ദേശരാഷ്ട്രവും ലിബറല്‍ ചിന്താപദ്ധതിയും ഇസ്ലാമിനെ അപരമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സ്വാതന്ത്യ്രത്തിനു ശേഷം നടന്ന ദേശീയത രൂപവത്കരണത്തില്‍ മുസ്ലിംകളെ മാറ്റിനിര്‍ത്തുകയും ഹിന്ദു-മുസ്ലിം ഐക്യം എന്നതിലൂടെ ഉന്നതജാതിക്കാരുടെ ചിഹ്നകളെ മുസ്ലിംകള്‍ ചോദ്യം ചെയ്യാതിരിക്കാന്‍ ശ്രമിക്കുകയുമാണ് ഗാന്ധിയടക്കമുള്ളവര്‍ ചെയ്തതെന്ന് ജി. അലോഷ്യസ് നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയില്‍ പുരോഗമന താല്‍പര്യവും മാര്‍ക്സിസ ദര്‍ശനവും വിസ്ഥാപനം ചെയ്തത് മുസ്ലിംകളെയും സ്ഥാപനവല്‍കരിച്ചത് ഉദാര ഹിന്ദുത്വത്തെയുമാണ്.
ഇന്ത്യയിലെ ഇടതുപക്ഷവും മുസ്ലിംകളും
ഇസ്ലാമിന് കമ്യൂണിസവുമായി ആദര്‍ശപരമായ വിയോജിപ്പുകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും അപരമായികണ്ട മോഡേണിറ്റിയുടെ തന്നെ ഭാഗമാകാനാണ് മാര്‍ക്സിസ്റ് പാര്‍ട്ടിക്കും സാധിച്ചത്. അപരിഷ്കൃത ജനവിഭാഗത്തിന്റെ അപരിഷ്കൃത നിയമം എന്നാണ് ശരീഅത്ത് വിവാദകാലത്ത് 'മാര്‍ക്സിസ്റ്' ഇസ്ലാമിനെ വിലയിരുത്തിയത്. പി.ബി കൂടി തീരുമാനിച്ചതായിരുന്നു ശരീഅത്ത് വിവാദത്തില്‍ ഹിന്ദു ഭൂരിപക്ഷത്തെ കൂടെ നിര്‍ത്താന്‍. അപരിഷ്കൃതമായ നിയമമെന്ന മോഡേണിറ്റിയുടെ നിര്‍മിതി തന്നെയായിരുന്നു ഇ.എം.എസും ഉപയോഗിച്ചത്. ഇ.എം.എസിന്റെയും ഹിന്ദുത്വത്തിന്റെയും ഭാഷ ഇക്കാര്യത്തില്‍ ഒരേ പോലെ തോന്നിച്ചു. ഒ.ബി.സിക്ക് 27 ശതമാനം സംവരണം നല്‍കണമെന്ന ശിപാര്‍ശയുള്ള മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെയും പടനയിച്ചത് ഇടതു ചിന്തകരും ബുദ്ധിജീവികളുമായിരുന്നു. ഇന്ത്യയുടെ സാമൂഹിക ഭാവന മുസ്ലിം-ദലിത് വിരുദ്ധമായി വികസിപ്പിച്ചതിന്റെ പിന്നില്‍ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. ഈ വിവാദങ്ങളില്‍നിന്ന് വേണ്ടത്ര ജനപിന്തുണയാര്‍ജിച്ച് രാമജന്മഭൂമി പ്രശ്നം സജീവമാക്കാന്‍ സംഘ്ശക്തികള്‍ക്ക് ആശയപരമായ പിന്‍ബലം നല്‍കിയത് മാര്‍ക്സിസ്റ് പുരോഗമന വൃത്തങ്ങള്‍ കൂടിയായിരുന്നു. ശരീഅത്ത് വിവാദ കാലത്ത് ഏകസിവില്‍കോഡ് വാദം ഉയര്‍ത്തിയതും ഇടതുപക്ഷമായിരുന്നു. ഒരൊറ്റ ജനത ഒരൊറ്റ നിയമം എന്ന് ബാല്‍താക്കറെ പറയുന്നതിനു മുമ്പ് ഇ.എം.എസ് നമ്പൂതിരിപ്പാട് ശരീഅത്ത് വിവാദകാലത്ത് ഇത് വാദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സംഘശക്തികളുടെ നേതൃത്വത്തില്‍ വര്‍ഗീയ കലാപങ്ങള്‍ വ്യാപകമാകാനുള്ള രണ്ട് കാരണങ്ങളായിരുന്നു ശരീഅത്ത് വിവാദവും ഏകസിവില്‍കോഡ് വാദവും അതിനോടനുബന്ധിച്ച് അരങ്ങേറിയ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭവും. ഇന്ത്യയിലെ വര്‍ഗീയ ധ്രുവീകരണത്തില്‍ ഇടത് പാര്‍ട്ടികളുടെ പങ്ക് എത്ര പുരോഗമന മുഖംമൂടിയണിഞ്ഞാലും മറക്കാന്‍ സാധിക്കുകയില്ല. ഇന്ത്യയില്‍ ബാബരിയുടെ തകര്‍ച്ചയോടെ ശക്തിപ്പെട്ടുവന്ന ന്യൂനപക്ഷ പ്രതിരോധങ്ങളെ സ്വീകരിക്കാതിരിക്കാന്‍ കഴിയാത്തവിധം സി.പി.എം സമ്മര്‍ദത്തിലകപ്പെട്ടു. ബാബരിക്ക് മുമ്പ് ഇസ്ലാമിനെ അപരിഷ്കൃതമായും മുസ്ലിംകളുടെ മതനിയമങ്ങളെയും രാഷ്ട്രീയ കൂട്ടായ്മകളെയും വര്‍ഗീയവുമായും വിലയിരുത്തിയിരുന്നവര്‍ 1992ന് ശേഷം രാഷ്ട്രീയ അടവ് നയം പ്രഖ്യാപിച്ചു. മുസ്ലിം പേര് മാറ്റി വന്നാല്‍ നിങ്ങളെ ഞങ്ങള്‍ സ്വീകരിക്കാമെന്ന് സേട്ടു സാഹിബിന് സുര്‍ജിത്ത് വാക്കു കൊടുത്തു. ഐ.എന്‍.എല്‍ രൂപീകൃതമാവുകയും രാഷ്ട്രീയമായി ഇടതുപക്ഷത്തെ 16 വര്‍ഷമായി സഹായിച്ചു കൊണ്ടിരുന്നിട്ടും 'അപരിഷ്കൃത'രെ മുന്നണിയിലെടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഈ അടവ് നയത്തിലൂടെ രൂപപ്പെട്ടതാണ് മുസ്ലിം രാഷ്ട്രീയത്തെ അടുപ്പിക്കുക, അതിനുവേണ്ടി സാമ്രാജ്യത്വ വിരുദ്ധ കാര്‍ഡുകളിറക്കുക എന്നത്. യാസര്‍ അറഫാത്തിനെ ഞമ്മന്റെ ആളാക്കുന്നതും സദ്ദാമിനെ സഖാവാക്കുന്നതും ഇസ്രയേലിന്റെ ചട്ടമ്പിത്തരത്തില്‍ പ്രതിഷേധ പരിപാടി നടത്തുന്നതുമെല്ലാം ഈ അടവുനയത്തിന്റെ രാഷ്ട്രീയ പുറംപൂച്ചുകളായിരുന്നു. സാമ്രാജത്വ വിരോധം രക്തത്തില്‍ ലയിച്ചുചേര്‍ന്നതായിരുന്നുവെങ്കില്‍ പശ്ചിമബംഗാളില്‍ അത് പ്രകടമാകേണ്ടിയിരുന്നു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാത്രം ഫലസ്ഥീനും ഇറാഖും പറയുന്നവര്‍ ഇരട്ടത്താപ്പുതന്നെയാണ് ഈ വിഷയത്തില്‍ പുലര്‍ത്തിയിരുന്നത്. സാമ്രജ്വത ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ധാരളമായി ഉല്‍പ്പാദിപ്പിക്കുന്നത് കൊല്‍ക്കത്തയില്‍ നിന്നാണ്. സോവ്യയറ്റ് റഷ്യ അഫ്ഗാനിസ്ഥാനെ അക്രമിച്ചപ്പോഴും ചൈന ടിബറ്റിനെ കീഴ്പ്പെടുത്തിയപ്പോഴും സാമ്രാജത്വ വിരോധം ഇവര്‍ പ്രകടിപ്പിച്ചിരുന്നില്ല. സോവിയറ്റ് റഷ്യയെ തകര്‍ത്ത അമേരിക്കയോടുള്ള വിദ്വേശം എന്നതിനപ്പുറം ഒരാശയമെന്ന നിലയില്‍ വളര്‍ന്നു വികസിച്ചിട്ടില്ല. തൊണ്ണൂറുകളില്‍ ഉയര്‍ന്ന് വികസിച്ച മുസ്ലിം ഉണര്‍വുകളെ ഹൈജാക്ക് ചെയ്യാനുള്ള സി.പി.എമ്മിന്റെ വെറും വാക്കുകളാണ് സാമ്രാജ്യത്വ വിരോധം. മുപ്പത് വര്‍ഷമായി ബംഗാള്‍ ഭരിക്കുന്ന സി.പി.എം അവിടത്തെ മുസ്ലിം ന്യൂനപക്ഷത്തിന് വേണ്ടി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ മടിച്ചത് (സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നോക്കുക) ചേര്‍ത്തു വായിക്കുക.
വീണ്ടും സി.പി.എം ശരീഅത്ത് വിവാദം പൊടിതട്ടി പുറത്തെടുത്തിരിക്കുന്നു. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ജനകീയ പിന്തുണയും രാഷ്ട്രീയ ഇടപെടലുകളും ശക്തിപ്പെട്ട് വരുന്നതിനാല്‍ അവര്‍ അസ്വസ്ഥരാണ്. ലൌ ജിഹാദ് വിഷയത്തിലും സാമ്പത്തിക സംവരണ വിഷയത്തിലും പ്രതിരോധത്തിലാവേണ്ടിയിരുന്ന മുസ്ലിം സമുദായം ആശയപരമായ കടന്നാക്രമണത്തിലൂടെ അതിനെ നേരിട്ടതിനു പിന്നില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ചിന്തയും മാധ്യമങ്ങളുമുണ്ട് എന്ന അസ്വസ്ഥഭരിതമായ തിരിച്ചറിവുകളാണ് പെരുന്നയില്‍ പോയി പുഷ്പാര്‍ച്ചന നടത്താന്‍ അവരെ പ്രേരിപ്പിച്ചത്. എല്ലാ മുഖംമൂടികളും അഴിച്ചുവെച്ച് സി.പി.എം അതിന്റെ തനിനിറത്തില്‍ വെളിപ്പെട്ടിരിക്കുന്നു. നെഹ്റുവിയന്‍ പ്രൊജക്ടിന്റെ പരാജയത്തിനു ശേഷം ഉയര്‍ന്നുവന്ന മുസ്ലിം/അധഃസ്ഥിത ചോദ്യങ്ങളെ ശരിയായ ദിശയില്‍ അഭിമുഖീകരിക്കാന്‍ കഴിയുന്നവര്‍ക്കാണ് രാഷ്ട്രീയമായി നിലനില്‍പുണ്ടാവുകയുള്ളൂ എന്ന സത്യം അവര്‍ അറിഞ്ഞിരിക്കുന്നത് നന്ന്.

*