Friday, August 20, 2010

സി.പി.എം ഉയര്‍ത്തുന്നത് വര്‍ഗ്ഗരാഷ്ട്രീയമല്ല; വര്‍ഗ്ഗീയ രാഷ്ട്രീയമാണ്


മതമില്ലാതെ മതേതരത്വത്തിന് നിലനില്‍ക്കാനാവില്ല. (തലാല്‍ അസദ്)
ഭിന്നമതത്തെയും സംസ്കാരങ്ങളെയും ജാതികളെയും ഏക മതധാരയിലേക്ക് സ്വീകരിച്ചുകൊണ്ടാണ് മതേതരത്വം അതിന്റെ പ്രകടമായ ഹിംസ നിര്‍വഹിക്കുന്നത്. ഏക മതത്തെയും ജാതിയെയും കുറിച്ചുള്ള ആശങ്കകളും ആശകളും രൂപപ്പെടുത്തുകയും അതിനകത്ത് സ്ഥിതിചെയ്യുന്നതിനെ സംരക്ഷിച്ച് നിര്‍ത്തുകയും അതെല്ലാത്തമുഴുവന്‍ സ്വരങ്ങളെയും അന്യവല്‍കരിക്കുകയുമാണ് മതേതരത്വം ചെയ്യുന്നത് എന്ന് ഏറെ പഠനങ്ങളിലൂടെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ വ്യത്യസ്തങ്ങളായ വായനകളെയും പത്രങ്ങളെയും ഏക ധാരയിലേക്ക് സ്വാംശീകരിക്കുന്നതില്‍ 'ദ ഹിന്ദു' പത്രത്തിനുള്ള പങ്കിനെ കുറിച്ച് എം.എസ് പാണ്ഡ്യന്‍ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെയും കേരളത്തിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വിശേഷിച്ചും സി.പി.എം ചെറുതായി ഉയര്‍ന്നു വന്ന സമരപോരാട്ടങ്ങളെയും സംഘര്‍ഷങ്ങളുടെയും തങ്ങളുടെ അസാമാന്യമായ പുരോഗമന സ്വാംശീകരിണത്തിലൂടെ തങ്ങളുടേതാക്കുകയോ അല്ലെങ്കില്‍ അസന്നിഹിതമാക്കുകയോ ചെയ്തിട്ടുണ്ട്. ബി.ജെ.പിയെക്കുറിച്ചുള്ള സി.പി.എമ്മിന്റെ വിമര്‍ശം അത് തീവ്ര ഹിന്ദുത്വത്തെ പരസ്യമായി പ്രകടിപ്പിക്കുന്നുവെന്നും നാഷനല്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വം സ്വീകരിക്കുന്നുവെന്നുമാണ്. ഗുജറാത്ത് കലാപം നടത്തിയ നരേന്ദ്രമോഡിയും കലാപത്തിന് ശേഷം കാവിസാരിയെടുത്ത് ഗംഗയില്‍ മുങ്ങിയ സോണിയാജിയെയും ഇതിനുദാഹരണമായി അവര്‍ ചൂണിക്കാണിക്കാറുണ്ട്. ബി.ജെ.പിയുടെ സവര്‍ണതയെയും കോണ്‍ഗ്രസിന്റെ ദേശീയതയ്ക്കുമപ്പുറത്ത് സി.പി.എമ്മിന്റെ പുരോഗമന നാട്യത്തില്‍ ഉള്ളടങ്ങിയ സ്വാംശീകരണ ഹിംസയെക്കുറിച്ച് അധികപേരും വേണ്ടത്ര ബോധവാന്മാരായിട്ടില്ല. ഇന്ത്യയില്‍ ഹിംസാത്മകമായി പകര്‍ന്നാടിയ ഫാഷിസ്റ് പ്രചരണങ്ങളും സംഘ് മീഡിയകളുടെ കപടനീതിവിളികളുമുണ്ടായ ഏത് വിവാദകാലത്തും സി.പി.എം നിലയുറപ്പിച്ചിട്ടുള്ളത് ന്യൂനപക്ഷ വിരുദ്ധഭാഗത്തായിരുന്നു. ശരീഅത്ത് വിവാദം മുതല്‍ ബാബരി വിഷയത്തിലും ഒടുവില്‍ കേരളത്തില്‍ അരങ്ങേറിയ മുസ്്ലിം വിരുദ്ധ പ്രചരണങ്ങള്‍ വരെ എടുത്തു പരിശോധിച്ചുനോക്കിയാല്‍ കാവിക്കും ചുവപ്പിനും തമ്മില്‍ ഭിന്നസ്വരങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രവാചകനിന്ദാപരമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍സ്കോളേജിലെ പ്രൊഫ. ജോസഫിന്റെ കൈവെട്ടിമാറ്റിയ നടപടിയെ മതസംഘടനകള്‍ കൂട്ടായും ഒറ്റക്കായും അപലപിക്കുകയും അതിനെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ടായിരുന്നു. ഇസ്്ലാമിക നീതി നടപ്പാക്കാന്‍ കൊതിക്കുന്ന താലിബാനിസ്റുകളുടെ നാടായി കേരളം മാറിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍- എന്ന സി.പി.എമ്മിന്റെ പ്രസ്താവനയിലൂടെ കൈപ്പത്തി വെട്ടിമാറ്റിയതിലൂടെ ഇസ്്ലാമിക നീതിയാണ് നടപ്പാക്കിയതെന്ന് ധ്വനിപ്പിക്കുന്നു. ഇതിനെ ചുവട്പിടിച്ച് യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ നടത്തിയ മതനിരപേക്ഷ കേരളം ജനപക്ഷ രാഷ്ട്രീയം എന്ന കാമ്പയിനിലും എസ്.എഫ്.ഐ കാമ്പസുകളില്‍ നടത്തിയ ഇലക്ഷന്‍ പ്രചരണത്തിലും ഈ യുക്തിയെയായിരുന്നു അവരും വ്യാപകമായി പ്രചരിപ്പിച്ചത്. ഇതിലൂടെ സമൂഹത്തില്‍ പുറമേക്ക് നിലനിന്നിരുന്ന സൌഹൃദങ്ങളിലും രാഷ്ട്രീയ സംവാദങ്ങളിലും മതം ഒരു കീറാമുട്ടിയായി മാറുകയും ഇസ്്ലാം ഒരു കാടത്തമായി നിലനില്‍ക്കുകയും ചെയ്തു. സാമ്പത്തിക സംവരണമെന്ന പിന്നാക്ക വിരുദ്ധമായ പ്രസ്താവനയിലൂടെ ലൌജിഹാദാനന്തര കേരളത്തില്‍ എന്‍.എസ്.എസ് ന്യൂനപക്ഷ വിരുദ്ധ പ്രചരണത്തിന് വീണ്ടും തുടക്കമിട്ടപ്പോള്‍ അതിനെ ആശയപരമായും രാഷ്ട്രീയപരമായും പിന്താങ്ങിയവര്‍ ഇടതുപക്ഷകക്ഷികളായിരുന്നു. ഇതിലൂടെയാണ് സി.പി.എം നിലനിര്‍ത്തിയിരുന്ന (കേരളത്തില്‍) പുകമറകള്‍ക്കപ്പുറത്തുള്ള രാഷ്ട്രീയ അജണ്ടകള്‍ മറനീക്കി പുറത്ത് വരുന്നത്. കിനാലൂരിലെ ജനവിരുദ്ധ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മതമൌലികവാദ സംഘടനകള്‍ നഷ്ടപ്പെടുത്തിയ കോടികളുടെ അഴിമതിയുടെ അധികാരസുഖത്തിനുവേണ്ടി പരസ്യമായ ന്യൂനപക്ഷ പ്രസ്താവനകളിലും വ്യാപകമായ കാമ്പയിനുകളിലൂടെയും സി.പി.എം ഏറെ മുന്നേറുകയാണുണ്ടായത്. സംഘ് പരിവാര്‍ പോലും അമ്പരന്ന് നില്‍ക്കുന്ന തരത്തില്‍ മോഡിക്ക് പഠിക്കാന്‍ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തയ്യാറായി. തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്്ലാമോഫോബിയ ഉല്‍പ്പാദിപ്പിക്കുന്ന പടിഞ്ഞാറിന്റെ അധീശ യുക്തിയെ പിന്താങ്ങുന്ന തരത്തില്‍ കാടിളക്കിയുള്ള ചിന്നംവിളികളായിരുന്നു പുരോഗമന രാഷ്ട്രീയത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. സ്വന്തം പാര്‍ട്ടിയിലുള്ള സ്വത്വവാദികളെയും (മുസ്്ലിംകളായ) വെറുതെവിട്ടില്ല. പാര്‍ട്ടിയുടേത് ശുദ്ധവര്‍ഗ്ഗ രാഷ്ട്രീയമാണെന്നും അതെല്ലാത്ത ഏത് മുസ്ലിം, ദലിത് രാഷ്ട്രീയവും ഭീകരവാദമാണെന്നും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ദലിത് ഭീകരവാദം എന്ന പദാവലി കേരളത്തില്‍ വികസിപ്പിച്ച് കൊണ്ടുവന്ന ഇടതുപക്ഷം ഇന്ത്യയില്‍ ഔദ്യോഗികമായി ആഘോഷിക്കുന്ന ഇസ്്ലാമിക ഭീകരവാദത്തെ ഏറ്റെടുക്കാനും വളര്‍ത്തിയെടുക്കാനും തയ്യാറായി. കൈവെട്ട് കേസ് എന്ന പിടിവള്ളിയിലൂടെ മുസ്്ലിം സമുദായത്തെ സമ്മര്‍ദ്ദത്തിലാക്കനും സമുദായ സംഘടനകളെ ശുദ്ധി തെളിയിക്കല്‍ കര്‍മ്മം നിര്‍വ്വഹിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. ലീഗും ലീഗിന്റെ ഏഴാംകൂലികളായ മതസംഘടനകളും ചേര്‍ന്ന് രാജിവിനേക്കാള്‍ വലിയ രാജഭക്തിതെളിയിച്ചു. അശോക് സിംഗാളിന്റെയും ലീഗ് നേതാക്കളുടെയും ശബ്ദത്തിന് മാറ്റമില്ലാതെ വന്നു. സമുദായം കത്തുന്ന സന്ദര്‍ഭത്തില്‍ കഴുക്കോല്‍ ഊരിയെടുക്കുക എന്നതായിരുന്നു ലീഗ് മിക്കസന്ദര്‍ഭങ്ങളിലും ചെയ്തിരുന്നത്. ആ അബദ്ധം മതസംഘടനകളുടെ പിന്‍ബലത്തോടെ കൂടുതല്‍ ആവേശപൂര്‍വ്വം നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിച്ചതിലൂടെ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദ തന്ത്രമാണ് വിജയം കണ്ടത്. കേരള രാഷ്ട്രീയത്തില്‍ ഭിന്നകൊടികളും ഏക അജണ്ടയും എന്ന ദൌര്‍ബല്യം മുഴച്ച് നിന്നു. ഏവരുടെയും ഏകാത്മകതയിലൂടെ മതേതരത്വം അതിന്റെ നിലനില്‍പ്പിനെ കൂടുതല്‍ സുഖകരമാക്കുകയും ഏകധാരയില്‍ വ്യത്യസ്തങ്ങളായ രാഷ്ട്രീയ ശൈലികളെ കെട്ടിയിടുകയും ചെയ്തതിലൂടെ മതേതരത്വത്തിന്റെ ഉള്ളില്‍ നിറഞ്ഞുനിന്നിരുന്ന (ഭിന്നകൊടികളിലും മുദ്രാവാക്യങ്ങളിലും) മതമാണ് വിജയിച്ചത്. ഈയൊരുപശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് മഅ്ദനിവിഷയത്തെയും നമ്മള്‍ മനസ്സിലാക്കേണ്ടത്. തടിയന്റെവിട നസീര്‍ താന്‍ മഅ്ദനിക്കെതിരെ മൊഴികൊടുത്തിട്ടില്ലെന്ന് പരസ്യമായി പറയുകയും രഹസ്യമായി മഅ്ദനിക്കതിരെ മൊഴികൊടുക്കുകയും ചെയ്ത ദുരൂഹതയില്‍ നിന്നാണ് ബാംഗ്ളൂര്‍ സ്ഫോടനകേസിലെ പ്രതിയായി മഅ്ദനി അവതരിക്കുന്നത്. ഒരു കേസിലെ ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കുമില്ലാത്ത പ്രാധാന്യവും കൊടുംഭീകരവാദവും അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കുന്നതില്‍ സംഘ് മീഡിയകളും കേരള പോലീസും ഒരുപോലെ ജാഗ്രതപാലിച്ചിരുന്നു. മുമ്പ് സൂഫിയാ മഅ്ദനിയുടെ അറസ്റിലും മഅ്ദനിയുടേതന്നെ കോയമ്പത്തൂര്‍ അറസ്റിലും പുലര്‍ത്തിയ മതേതര ജാഗ്രതകാത്ത് സൂക്ഷിക്കുന്നതില്‍ എല്ലാ ഭരണകൂട സംവിധാനങ്ങളും മാധ്യമങ്ങളും ഏറെ സൂക്ഷ്മത പാലിച്ചു! ഒമ്പതരകൊല്ലം നിരപരാധിയായ ഒരാള്‍ (ആയുസ്സിന്റെ വലിയൊരുസമയം) ജയില്‍ വാസത്തില്‍ നിന്നു മോചിതനായി തിരിച്ചുവന്നപ്പോള്‍ ഗവണ്‍മെന്റിന്റെ മുഴുവന്‍ പരിവാരങ്ങളും ഏത് രീതിയിലാണോ ആഹ്ളാദപൂര്‍വ്വംകൊണ്ടാടിയത് അതിനേക്കാള്‍ ആഘോഷപൂര്‍വ്വം വീണ്ടുമൊരു ജയില്‍ വാസത്തിന് അദ്ദേഹത്തെ യാത്രയയച്ചു. അന്‍വാറുശ്ശേരിക്കു ചുറ്റും കര്‍ഫ്യു പ്രഖ്യാപിക്കുകയും അനാഥമക്കളുടെ അന്നം മുടക്കുകയും ദുരൂഹമായ ബാഗുകള്‍ കലാലയത്തിനകത്ത് ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ പോലീസ് സൃഷ്ടിച്ചത് കേവലം ഭീതിതമായൊരു അന്തരീക്ഷം മാത്രമല്ല. നേരത്തെ തന്നെ ഇന്ത്യയിലെ പോലീസിനെക്കുറിച്ചുള്ള ആരോപണമാണ് കമ്മ്യൂണലൈസ് ചെയ്യപ്പെട്ടു എന്നത്. പോലീസിന്റെ കാക്കിക്കുള്ളില്‍ കാവിയാണ് കൂടുതലുള്ളതെന്നും തെളിയിക്കാന്‍ കിട്ടിയ ഏത് സന്ദര്‍ഭത്തിലും അവരത് തെളിയിച്ചിട്ടുണ്ട്. പലസന്ദര്‍ഭങ്ങളിലായി ഇതിനെ അവര്‍ സാധൂകരിച്ചിട്ടുണ്ട്. നിരവധി ഭീകരവിരുദ്ധ നിയമങ്ങളില്‍ അറസ്റ് ചെയ്യപ്പെട്ടവരില്‍ 97 ശതമാനവും മുസ്്ലിം സമുദായത്തില്‍പെട്ടവരാണ്. സ്വതന്ത്രാനന്തര ഇന്ത്യയില്‍ നടന്ന മുവായിരത്തിലധികം വര്‍ഗ്ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടത് 90 ശതമാനവും മുസ്്ലിംകളും കലാപങ്ങളില്‍ അറസ്റ് ചെയ്യപ്പെട്ടവരില്‍ 80 ശതമാനവും ഈ സമുദായത്തില്‍പെട്ടര്‍ തന്നെയായിരുന്നു! ഈ നിയമനിര്‍വ്വഹണത്തിലുള്ള അസന്തുലിതത്വമാണ് വളര്‍ന്ന് വികസിച്ച് ഭീകരതയിലേക്ക് നീങ്ങുന്നത്. നിരന്തരമായി തുടരുന്ന നീതിഷേധങ്ങള്‍, അരക്ഷിതാവസ്ഥ, അവഹേളനം (വിശദമായ വിവരങ്ങള്‍ക്ക് സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നോക്കുക) മുസ്്ലിം സമുദായത്തെ പിന്നാക്കാവസ്ഥയിലേക്കെത്തിക്കുന്നതിന് വളരെവലിയ കാരണമായിട്ടുണ്ട്. ഇതിനെ ക്രമപ്രവൃദ്ധമായി മാറ്റിയെടുക്കുന്നതിനുപകരം ഇസ്്ലാമോഫോബിയയെന്ന ട്രന്‍ഡിന് കീഴടങ്ങാനാണ് ഇന്ത്യയിലെ ഭരണകൂടം തയ്യാറാവുന്നത്. അതിന്റെ മുഴുവന്‍ മെക്കാനിസങ്ങളെയും അതിനനുസരിച്ച് ക്രമപ്പെടുത്താനുള്ള തീവ്രയത്നത്തിലാണ് (മൊസാദിന്റെ സഹായത്തോടെ) കേന്ദ്ര ഭരണകൂടം. സാമ്രാജ്യത്വ വിരോധം, ഇസ്രേയല്‍ വിരോധം തുടങ്ങിയ പദാവലികള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുകയും എന്നാല്‍ പ്രയോഗതലത്തില്‍ അവരോട് രാജിയാവുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് സി.പി.എം കേരളത്തില്‍ ചെയ്തുക്കൊണ്ടിരിക്കുന്നത്. ബാല്‍താക്കറെയും പ്രമോദ് മുത്തലിക്കും നരേന്ദ്രമോഡിയും (നിരവധി കേസുകളില്‍ പ്രതികളായ) വാഴുന്ന ഒരു രാജ്യത്ത് മഅ്ദനി ഭീകരവാദിയാവുന്നതില്‍ പ്രവര്‍ത്തിക്കുന്ന യുക്തി മതേതര ആശങ്കകളെ താങ്ങിനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയാത്തതുകൊണ്ടാണ്. രോഗം ബാധിച്ച് കിടക്കുന്ന മഅ്ദനി അറസ്റ്റിന് വിസ്സമ്മതിക്കുന്നതിനെക്കുറിച്ച് വാചാലാരാവുന്ന സംഘ്ബുജികള്‍ ഗുജറാത്തിലെ ആഭ്യന്തര മന്ത്രി അമിത്ഷാ ഒളിവില്‍ പോയതിനെക്കുറിച്ച മൌനം പാലിക്കുകയും ചെയ്യുന്നു. കര്‍ണ്ണാടകയില്‍ നിന്നും അറസ്റ് വാറണ്ടുള്ളത് കൊണ്ടാണ് മഅ്ദനിയെ അറസ്റ് ചെയ്യാന്‍ ഞങ്ങള്‍ സഹായമൊരുക്കുന്നതെന്ന് ഇപ്പോള്‍ കുമ്പസരിക്കുന്നവര്‍ക്ക് രാഷ്ട്രീയ ഇഛ്ാശക്തിയുണ്ടെങ്കില്‍ കേരളത്തില്‍ നിരവധി കേസുകളുള്ള തൊഗാഡിക്കെതിരെയും മുത്തലിക്കിനെതിരെയും വാറണ്ട് പുറപ്പെടുവിക്കാന്‍ കഴിയുമോ? മഅ്ദനിയുടെ അറസ്റ്റ് കേരളത്തില്‍ രൂപപ്പെട്ടുവരുന്ന സാമുദായിക ധ്രൂവികരണത്തെക്കുറിച്ചും മാധ്യമസദാചാരത്തെക്കുറിച്ചും കൂടുതല്‍ ഗൌരവത്തോടെ ആലോചിക്കേണ്ടിയിരിക്കുന്നു. വിദൂരുമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന സി.പി.എമ്മിന്റെ വര്‍ഗ്ഗീയരാഷ്ട്രീയത്തെ മുതലെടുത്ത് വിളവെടുക്കുന്നത് സംഘ്പരിവാറാണ്. സംഘ്പരിവാറിന്റെ ഭീക്ഷണിക്കുമുന്നില്‍ ആക്ഷന്‍ പ്ളാനുകള്‍ രൂപപ്പെടുത്തുന്നവരായി സി.പി.എമ്മും കേരള പോലീസും മാറിയിരിക്കുന്നു. വര്‍ക്കലയില്‍ ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശിവസേന, സി.പി.എം പോലീസ് എന്നിവരുടെ പങ്ക് വളരെ വ്യക്തമായിരുന്നു. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പേരില്‍ മതനിരപേക്ഷമേനി നടിച്ചവര്‍ മുസ്്ലിംകള്‍ പെരുകുന്നതിലും ഹിന്ദുക്കള്‍ കുറയുന്നതിലും അസ്വസ്ഥരാവുകയും ചെയ്യുന്നതിലൂടെ പ്രഖ്യാപിക്കപ്പെടുന്നത് ശുദ്ധവര്‍ഗ്ഗീയ രാഷ്ട്രീയമാണ്! മതേതര പുരോഗമന വ്യവഹാരങ്ങളെക്കുറിച്ച് ഗൌരവമായ പുനര്‍വായനകളും പുതിയ അന്വേഷണങ്ങളും ബദല്‍ രാഷ്ട്രീയ പ്രവേശനങ്ങളും ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനൊക്കെയും വര്‍ഗ്ഗീയവാദ പദാവലികളില്‍ ഒതുക്കിനിര്‍ത്താന്‍ മാത്രം പാകത്തില്‍ കേരളത്തിലെ സൌഹൃദങ്ങള്‍ക്കും രാഷ്ട്രീയ മേഖലകള്‍ക്കും കനത്ത വിള്ളലുകള്‍ വീണിട്ടുണ്ട്. അതിന്റെ പഴുതുകള്‍ അടക്കാന്‍ എല്ലാവരും ഒന്നിച്ച് അധ്വാനിക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ അഹ്മദാബദുകള്‍ ഇവിടെ ആവര്‍ത്തിക്കപ്പെടും. അത് നികത്താന്‍ സി.പി.എമ്മിനു ബാധ്യതയുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ നാല്പത് ശതമാനത്തോളം മുസ്്ലിം-ക്രസ്ത്യന്‍ വോട്ടുകളുള്ള ഒറ്റ മണ്ഡലത്തിലും സി.പി.എമ്മിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. സി.പി.എമ്മിന്റെ പഴയമാഞ്ചസ്റര്‍ തൊഴിലാളികളുടെ വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെയും പുതിയ വര്‍ഗ്ഗീരാഷ്ട്രീയത്തിന്റെയും പ്രതിശബ്ദങ്ങളാണ് ഇതിലൂടെ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് തുടര്‍ന്ന് കഴിഞ്ഞാല്‍ ചുവപ്പ് കൊടി റയില്‍ വേ സ്റേഷനുകളിലും റോഡ് ഗതാഗത പണികള്‍ നടക്കുന്ന സ്ഥലങ്ങളിലും മാത്രം കാണാന്‍ കഴിയുന്ന ഒരപൂര്‍വ്വ വസ്തുവായി മാറും.

No comments:

Post a Comment