Saturday, January 16, 2010

കല്‍ചീളുകള്‍




സുലൈമാന്‍ ദഗ്ശ്<


എന്തൊരു കൂരിരുട്ട്
വെളിച്ചമില്ല
പ്രാണികളുടെ ശബ്ദം മാത്രം
തടവറയെ നീ ഭയക്കരുത്
ഈ ഇരുട്ടിലും
എന്റെ മുറിവുകള്‍ ജ്വലിക്കുന്നു
അഗ്നിയായി ആളിപ്പടരുന്നു
രക്തം പടരുന്നു
നിഴല്‍ പോലെ
ഇപ്പോള്‍ വീട്ടുക്കാരനും
വഴിതെറ്റിയിരിക്കും
എന്തൊരു കൂരിരുട്ട്!
പ്രാണികളെ പേടിക്കരുത്
പതിയിരിക്കുന്ന ഹിംസ്രജന്തുക്കള്‍
സൂക്ഷിക്കണം
നീ ഇരയാവരുത്
തേറ്റകളില്‍, നീ
കനിവ് തേടരുത്
മരണം നിന്റെ കൂട്ടുകാരനാണ്
നിന്റെ വീട്ടിലെ നിത്യസന്ദര്‍ശകന്‍
പക്ഷേ നമ്മുടെ കുട്ടികളും
മരണത്തിന്റെ മിഠായിപ്പൊതി വാങ്ങുന്നു
ചുവന്ന വീഥിയില്‍
പൂക്കള്‍ വിടര്‍ന്നു
സസ്യങ്ങള്‍ തളിര്‍ത്തു
രക്തത്തിന്റെ സൌന്ദര്യം
ചുറ്റും പടര്‍ന്ന് പന്തലിച്ചു
കുട്ടികള്‍ വലിച്ചെറിയുന്നത്
കല്ലുകളല്ല
കുരുന്നു ഹൃദയങ്ങളാണ്
എന്തൊരു കൂരിരുട്ട്
കടലിന്റെ ക്ഷോഭം
പരുക്കന്‍ കല്ലുകള്‍
രോഷം ഈ ദേശത്തിന്റേതാണ്
ഞങ്ങള്‍ക്ക് രണ്ട് രാത്രികള്‍
ഒരു പകല്‍
എന്നാലും ഞാന്‍
മരിക്കാന്‍ ഒരുക്കമല്ല
ചരിത്രം രേഖപ്പെടുത്താതിരിക്കില്ല
പകല്‍ ഒരു കിനാവായ
ഒരുദിവസം
രണ്ട് രാത്രികളില്‍ ജീവിച്ചവരെ
ഈ പ്രതീക്ഷയുടെ പോരാളികളെ
രക്തം കൊണ്ട് പ്രമേയം
എഴുതുന്നവരെ
എന്തൊരുകൂരിരുട്ട്
വെളിച്ചമില്ല.
പരിഭാഷ: ശിഹാബ് പൂക്കോട്ടൂര്‍
(1952ല്‍ ഫലസ്ഥീനിലെ മഗാര്‍ ഗ്രാമത്തില്‍ ജനനം.
'ഞാന്‍' എന്ന കവിത സമാഹാരത്തില്‍ നിന്ന്)

No comments:

Post a Comment