Friday, January 15, 2010

സമര സാക്ഷ്യങ്ങളുടെ കൊടുങ്കാറ്റ് വീശിയപ്പോള്‍




തങ്ങളുടെ വിദ്യാഭ്യാസ ഭാവിക്ക് മീതെ ഇരുണ്ടുകൂടിയ കാര്‍മേഘങ്ങളെ തുടച്ചുനീക്കാന്‍ അവര്‍ കൊടുങ്കാറ്റായി ആഞ്ഞുവീശി. 'ഇടതുസര്‍ക്കാറിന്റെ വിദ്യാ'ഭാസ'ങ്ങള്‍ അവസാനിപ്പിക്കുക' എന്ന പ്രമേയവുമായി തലസ്ഥാനത്തെ സെക്രട്ടറിയേറ്റിലേക്കും, സംസ്ഥാനത്തെ മുഴുവന്‍ കലക്ട്രേറ്റുകളിലേക്കും എസ്.ഐ.ഒ ആഹ്വാനം ചെയ്ത പ്രതിഷേധ മാര്‍ച്ചുകളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളായിരുന്നു അവര്‍. അത് നിമിഷാര്‍ധങ്ങളില്‍ കത്തിജ്ജ്വലിച്ചതും നിമിഷാര്‍ധങ്ങള്‍ കൊണ്ട് കത്തിയമര്‍ന്നു പോയതുമായ ഒരു സമരജ്വലയായിരുന്നില്ല വര്‍ഷങ്ങളായി നീറിപുകഞ്ഞ് എരിഞ്ഞുയര്‍ന്ന തീജ്വാലയായി മാറുകയായിരുന്നു പ്രതിഷേധമാര്‍ച്ചുകള്‍. ചരിത്രം അടിച്ചേല്‍പ്പിച്ച പരിമിതികളോട് അടിയറവു പറയാന്‍ ഇനിയും തങ്ങള്‍ തയ്യാറല്ലാ എന്ന പ്രകമ്പനമായിരുന്നു അവരുടെ ചലനങ്ങള്‍ നമ്മോട് പറഞ്ഞുകൊണ്ടിരുന്നത്. കൃത്യതയാര്‍ന്ന ചുവടുവെപ്പുകളല്ല ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നത് മറിച്ച് ഉറച്ചതും തെറിച്ചതുമായ കാല്‍വെപ്പുകളാണ് സമൂഹത്തിലെ അധികാരവര്‍ഗ്ഗങ്ങളില്‍ അലോസരവും അസ്വസ്ഥതയും സൃഷ്ടിക്കുന്നത്. ജനകീയ വിദ്യാര്‍ഥി സംഘടനകള്‍ വളര്‍ന്നതിന്റെ പിന്നിലെ ഒരു ഇന്ധനം സമൂഹത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സാധിക്കുന്നു എന്നതായിരുന്നു. സമ്പന്നമായ ചരിത്രമുള്ള ഒരു സമൂഹം ദരിദ്രമായ വര്‍ത്തമാനങ്ങളെ മറികടക്കുന്നത് പുറംതിരിഞ്ഞ് നില്‍ക്കമ്പോഴല്ല ഇടപെടുമ്പോള്‍ മാത്രമാണ്. വിപ്ളവം പേറ്റന്റെടുത്തവര്‍ മാളത്തിലൊളിച്ചപ്പോള്‍ രക്തരൂക്ഷിതമായ കലാപങ്ങളിലൂടെ തെരുവില്‍ അഴിഞ്ഞാടിയവര്‍ എ.സി. റൂമുകളിലുന്ന് വെടിപറഞ്ഞ് അടിയറവ് പറഞ്ഞപ്പോള്‍ കീഴടങ്ങാന്‍ തയ്യാറല്ലാത്ത പ്രക്ഷുബദ്ധതയുടെ പ്രവാഹമായിരുന്നു ജൂലൈ 7,8,9 തിയ്യതികളില്‍ എസ്.ഐ.ഒ സംസഥാന വ്യാപകമായി നടത്തിയ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍. കലക്ട്രേറ്റുകളിലേക്കും ഡി.ഡി ഓഫീസുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കരുത്തരായ പ്രവര്‍ത്തകര്‍ ഇരച്ചുകയറിയപ്പോള്‍ സര്‍വ്വസന്നാഹങ്ങളുള്ള പോലീസുപോലും വിഭ്രാന്തിയിലായി. പക്ഷേ ആ വിഭ്രാന്തിയെ രാഷ്ട്രീയമായി മുതലെടുക്കാന്‍ അവര്‍ ശ്രമിച്ചില്ല. പ്രക്ഷുബദ്ധമായ മനസ്സില്‍ അവര്‍ ജനാധിപത്യത്തിന്റെയും അച്ചടക്കത്തിന്റെയും സഹനത്തിന്റെയും ഉയര്‍ന്ന മൂല്യങ്ങള്‍ അടുക്കിവെച്ചിരുന്നു.
പ്രക്ഷുബദ്ധമായ സിരകള്‍ ശരീരത്തില്‍ മാത്രമല്ല സമൂഹത്തിലും ചൂടുണ്ടാക്കുന്നു. പ്രതിരോധശേഷിയുള്ള ശരീരത്തില്‍ മാത്രമല്ല സമൂഹത്തിലും ഊഷ്മാവിന്റെ അളവ് അല്‍പം കൂടുതലായിരിക്കും. ജനാധിപത്യത്തിന് അടിമപ്പണി ചെയ്യുന്നവരും സംരക്ഷിക്കുന്നവരുമായിരുന്നു മുഖാമുഖം സംഘര്‍ഷത്തിലേര്‍പ്പെട്ടത്. സമരത്തിന്റെ ഫലം തോല്‍വിയോ ജയമോ എന്നല്ല സാമൂഹിക ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ ചാരിതാര്‍ത്ഥ്യമാണ് അവരെ മുന്നോട്ട് നയിച്ചത്. അറസ്റ് വരിക്കാനും റിമാന്റിലാവാനും, അവരെ പ്രേരിപ്പിച്ചത് ഈ കര്‍ത്തവ്യ ബോധമാണ്. സ്വാശ്രയമെന്ന പേരില്‍ സാമൂഹിക നീതിയെ അട്ടിമറിക്കുന്ന അവഗണനകളുടെ ഒരു നീണ്ട ചരിത്രം പറയാനുള്ള കുബേരന്‍മാരുടെയും മാഫിയകളുടെയും തീവെട്ടികൊള്ളക്ക് കടലാസില്‍ ഒപ്പുവെക്കുന്ന , ഉന്നതപഠന ഗവേഷണങ്ങള്‍ പൂത്തുലഞ്ഞ് സര്‍ഗാത്മകതയുടെ വിളനിലമാവേണ്ട സര്‍വ്വകലാശാലകളെ എ.കെ.ജി സെന്ററുകളാക്കി മാറ്റുന്ന, സര്‍ക്കാര്‍ പണം ചെലവഴിച്ച് നിരവധി കമ്മറ്റികളെ ഏര്‍പ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഫയലില്‍ കിടന്ന് ചിതലരിക്കുമ്പോള്‍ തിരിഞ്ഞ് നോക്കാത്ത, ഉച്ചക്കഞ്ഞി വിതരണത്തില്‍ ക്രമക്കേടു നടത്തിയ, അലീഗഢ് സര്‍വ്വകലാശാലയുടെ വിഷയത്തില്‍ ഇഴഞ്ഞുനീങ്ങുന്ന തുടങ്ങിയ നിരവധി കെടുകാര്യസ്ഥതയുടെ സംങ്കേതമായ 'ഇടതുസര്‍ക്കാറിന്റെ വിദ്യാ'ഭാസ'ങ്ങള്‍' ഇനിയും പൊറുപ്പിക്കാനാവില്ല എന്ന നിശ്ചയ ദാര്‍ഢ്യമാണ് അവരെ തെരുവിലെത്തിച്ചത്. ആളും അര്‍ത്ഥവുമെല്ല ആദര്‍ശവും ലക്ഷ്യവുമാണ് ഒരു സമരത്തിന്റെ മാറ്റ് കൂട്ടുന്നതെന്ന് അവര്‍ തെളിയിച്ചു. തങ്ങളുടെ പതാകയില്‍ സാര്‍വ്വലൌകികതയുടെ നീലയും ശാന്തിയുടെ വെള്ളയും മാത്രമല്ല വിപ്ളവത്തിന്റെ കടുംചുവപ്പുമുണ്ടെന്ന് അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു. അവരുടെ മുഖത്തിന് തിളക്കം കൂട്ടിയത് ക്രീമുകളായിരുന്നില്ല തികഞ്ഞ രോഷമായിരുന്നു. അനീതിക്കെതിരെ അധികാരികള്‍ക്കുമുന്നില്‍ രോഷം പ്രകടിപ്പിക്കലാണ് എറ്റവും വലിയ ധര്‍മ്മസമരമെന്ന പ്രവാചക അധ്യാപനത്തിന്റെ ഫോട്ടോസ്റാറ്റ് കോപ്പികള്‍.! അവരുടെ മുഖത്ത് മിന്നിത്തിളങ്ങിയത് ചരിത്രസമ്പന്നമായ ഒരു വിദ്യാര്‍ഥി പോരാട്ടങ്ങളുടെ കാലഘട്ടങ്ങളായിരുന്നു. സ്വാതന്ത്യ്രസമരങ്ങളും എകാധിപത്യഭരണ സമ്പ്രദായത്തിനെതിരെയുള്ള തീക്ഷണമായ ചെറുത്തു നില്‍പ്പുകളും സര്‍ഗാത്മകതയുടെ എഴുന്നള്ളത്ത നടത്തിയിരുന്ന ചരിത്രസന്ദര്‍ഭങ്ങളും അവരുടെ മനസ്സില്‍ മാത്രമല്ല മുഖ ഭാവങ്ങളിലും പ്രകടമായിരുന്നു. പ്രബോധനവും സംസ്ക്കരണവും എന്നാണെന്ന് സയ്യിദ് മൌദൂദി നിരീക്ഷിച്ചതുപോലെ സമരം സമൂഹത്തിലെ മാലിന്യങ്ങളെ മാത്രമല്ല ആന്തരികമായ മാലിന്യങ്ങളെയും കരിച്ചുകളയാന്‍ അവര്‍ പര്യാപ്തമാണെന്ന് അവരുടെ ആവേശങ്ങള്‍ തെളിയിച്ചുക്കൊണ്ടിരുന്നു. ഉള്‍വിശുദ്ധിയുടെ കരുത്ത് തെളിമയാര്‍ന്ന പ്രക്ഷോഭ സമരങ്ങള്‍ ആവിഷ്ക്കരിക്കാന്‍ അവര്‍ക്ക് സാധിച്ചു. അവര്‍ പകര്‍ന്നു നല്‍കിയത് സമരവിജ്ഞാനത്തിന്റെ ശോഭനീയമായ ഏടുകളായിരുന്നു. ബന്നയും, ഖുതുബും, മൌദൂദിയും, സൈനബുല്‍ ഗസ്സാലിയും വായിച്ചറിഞ്ഞ് നെടുവീര്‍പ്പിടുന്നവരായിരുന്നില്ല അവര്‍. സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിയുകയായിരുന്നു അവര്‍. പ്രക്ഷോഭ സമരങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ (വയനാടിലും, തിരുവനന്തപുരത്തും) ജയിലുകളും നിരവധി പ്രവര്‍ത്തകര്‍ (മലപ്പുറം, കോട്ടയം) ലോക്കപ്പുകളും സന്തോഷത്തോടെ ഏറ്റുവാങ്ങിയ. അവരുടെ മുന്നില്‍ വെടിയേറ്റ ഹസനുബന്നയുടെ തക്ബീറും കഴുമരത്തില്‍ പുഞ്ചിരിയോടെ തൂങ്ങിയാടുന്ന സയ്യിദ് ഖുതുബിന്റെ വിശ്വാസവും വധശിക്ഷക്ക് കാത്തിരിക്കുന്ന മൌദൂദിയുടെ നിശ്ചയദാര്‍ഢ്യവും ജയിലുകളില്‍ തലകീഴായി തൂക്കിയിട്ട സൈനബുല്‍ ഗസ്സാലിയുടെ സഹനവും അഹമദ് യാസീന്റെ ആത്മവിശ്വാസവും കോര്‍ത്തിണക്കിയ അപൂര്‍വ്വ സന്ദര്‍ഭ നിമിഷങ്ങളാണ് അവര്‍ക്ക് സമ്മാനിച്ചത്. ചാരുകസേരയിലുരുന്ന് വിപ്ളവം സ്വപ്നം കാണുന്നവരോ അല്ല വെണ്‍കിളിയിട്ട വാതിലിലൂടെ പുറത്തേക്ക് നോക്കി ആത്മഗതം കൊള്ളുവാരോ ആവാന്‍ അവര്‍ തയ്യാറായിരുന്നില്ല. പിന്‍മടക്കമില്ലാത്ത ഉറച്ചവിശ്വാസം!.
ഏതൊരു വിദ്യാര്‍ഥി സംഘടനയും അവരെ തിളം വര്‍ദ്ധിപ്പിക്കുന്നത് ആത്മാര്‍ത്ഥമായ സമരങ്ങളിലൂടെയാണ്. ജനമനസ്സുകളില്‍ അത് സ്ഥാനം പിടിക്കുന്നത് നിസ്വാര്‍ത്ഥമായ സേവനങ്ങളിലൂടെയുമാണ്. സ്വയം നിലനില്‍പ്പൊരുക്കുന്നത് പഠനഗവേഷണങ്ങളിലൂടെയുമാണ്. അത്ഭുതകരമെന്ന് പറയട്ടെ ഈ സംഘടനയുടെ മുദ്രാവാക്യവും അതുതന്നെയാണ്. പഠനം, സമരം, സേവനം.!

No comments:

Post a Comment